Friday 07 August 2020 12:05 PM IST

വ്യക്തിശുചിത്വം പാലിക്കാം, കുഞ്ഞിന്റെ മുഖത്തും കൈകളിലും ഉമ്മ വയ്ക്കരുത്; സുരക്ഷിതമായി മുലയൂട്ടാം, ഈ കോവിഡ് കാലത്തും...

Tency Jacob

Sub Editor

breast-feeding-weekiuytrhvhbj

കുഞ്ഞിനു പ്രകൃതിയൊരുക്കിയ അമൃതാണ് അമ്മയുടെ മുലപ്പാൽ. മുലയൂട്ടൽ ഓരോ കുട്ടിക്കും ജീവിതത്തിനു സാധ്യമായ ഏറ്റവും മികച്ച തുടക്കം നൽകുന്നു. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ, പോഷണ, വൈകാരിക മേഖലകളിൽ മുലയൂട്ടൽ നിർണായകമാണ്. മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടിയുടെ ബുദ്ധിവികാസവും ആശയങ്ങൾ ഗ്രഹിക്കാനുള്ള ശേഷിയും ഐക്യുവും കൂടുതലായിരിക്കുമെന്നു പഠനങ്ങൾ പറയുന്നു.

കുഞ്ഞ് ജനിച്ച് ആദ്യമണിക്കൂറിൽ തന്നെ മുലപ്പാൽ നൽകണം. ആദ്യമുണ്ടാകുന്ന ഇളം മ‍ഞ്ഞനിറമുള്ള പാലായ കൊളസ്ട്രത്തിൽ അടങ്ങിയ ആന്റിബോഡികൾ കുഞ്ഞിനു രോഗപ്രതിരോധശേഷി നൽകുന്നതുകൊണ്ട് അതു നിർബന്ധമായും കൊടുക്കണം. ആദ്യ ആറുമാസം കുട്ടിക്ക് മുലപ്പാൽ അല്ലാതെ മറ്റൊരു ഭക്ഷണവും കൊടുക്കേണ്ടതില്ല. രണ്ടുവയസ്സു വരെ മുലയൂട്ടാം. കുഞ്ഞിനു ആവശ്യമായ എല്ലാ പോഷകങ്ങളും മുലപ്പാലിലടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും മസിലുകളുടെയും വളർച്ചയ്ക്കു വേണ്ട കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ മുലപ്പാലിലുണ്ട്. അതുപോലെ പ്രോട്ടീൻ, ഇരുമ്പ്, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. ആറുമാസത്തിനുശേഷം മുലപ്പാലിനൊപ്പം മറ്റ് ഭക്ഷണസാധനങ്ങളും നൽകാം.

മുലയൂട്ടേണ്ട വിധം

അമ്മയ്ക്കും കുഞ്ഞിനും സൗകര്യപ്രദമായ രീതിയിൽ, ഇരുന്നു വേണം മുലയൂട്ടാൻ. കുഞ്ഞിന്റെ കഴുത്ത് അമ്മയുടെ കൈത്തണ്ടയിൽ വരത്തക്ക വിധം വേണം കു‍ഞ്ഞിനെ എടുക്കാൻ.കുഞ്ഞിന്റെ വയറു അമ്മയുടെ വയറിനോടും കുഞ്ഞിന്റെ നെഞ്ച് അമ്മയുടെ നെഞ്ചിനോടും ചേർന്നിരിക്കണം. മുലഞെട്ടിനു ചുറ്റുമുള്ള കറുത്ത ഭാഗമായ ഏരിയോള കുഞ്ഞിന്റെ വായ്ക്കുള്ളിൽ വരത്തക്ക വിധം വേണം കുഞ്ഞിനെ പിടിക്കാൻ.കുഞ്ഞിന്റെ താടി സ്തനത്തിൽ ചേരണം.അമ്മ കുഞ്ഞിന്റെ മുഖത്തു സ്നേഹത്തോടെ നോക്കികൊണ്ടുവേണം മുലയൂട്ടാൻ. 

അമ്മ കിടന്നു കൊണ്ടു മുലയൂട്ടുന്നതു ശരിയാവുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യാം. ഒരു സ്തനത്തിലെ മുലയൂട്ടിക്കഴിഞ്ഞ് അടുത്തത് കൊടുക്കാം. കുഞ്ഞു വയർ നിറഞ്ഞ് ഉറക്കത്തിലേക്കു വീണാൽ മുലയൂട്ടൽ മതിയാക്കാം.കൃത്യസമയം നോക്കി കുഞ്ഞിനെ മുലയൂട്ടരുത്. കരയുമ്പോൾ കുഞ്ഞിന്റെ ആവശ്യമനുസരിച്ചു വേണം പാൽ കൊടുക്കാൻ.ആദ്യ മാസങ്ങളിൽ രാത്രിയിലും പാൽ കൊടുക്കാം. ദിവസം ആറുപ്രവശ്യം മൂത്രം പോവുകയും കട്ടി കുറ‍ഞ്ഞ രീതിയിൽ മലം പോവുകയും ചെയ്താൽ ആവശ്യത്തിനു പാൽ കിട്ടുന്നുണ്ടെന്നർത്ഥം.

കുഞ്ഞ് പാൽ വലിച്ചു കുടിക്കുമ്പോൾ അല്പം വായുവും അകത്തേക്കു പോവും. തോളിൽ കിടത്തി പതുക്കെ തട്ടികൊടുത്താൽ ആ ഗ്യാസ് പുറത്തു പോവും. പ്രസവശേഷം ഹോസ്പിറ്റലിൽ നിന്നു പോരുന്നതിനു മുൻപു ഡോക്ടർമാരിൽ നിന്നും നഴ്സുമാരിൽ നിന്നും ഇതു പഠിച്ചെടുക്കാം. വീട്ടിലെത്തിയാൽ ഇതേ കാര്യങ്ങൾക്കു വേണ്ടി തൊട്ടടുത്തുള്ള ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകരെയും അങ്കണവാടി അധ്യാപകരും കൃത്യമായ വിവരങ്ങൾ നൽകാൻ സന്നദ്ധരായിട്ടുണ്ട്. 

കുഞ്ഞ് ജനിച്ച് ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ മുലപ്പാൽ നൽകുന്നതും ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകുന്നതും കുഞ്ഞുങ്ങളുടെ മരണം തടയുക മാത്രമല്ല ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു. അമ്മമാരുടെ ആരോഗ്യത്തിനും മുലയൂട്ടൽ ഫലപ്രദമാണ്. ഗർഭാശയം പെട്ടെന്നു ചുരുങ്ങാൻ സഹായിക്കുന്നു. സ്ത്രീകളിൽ സ്തന അണ്ഡാശയ അർബുദം ഒരുപരിധിവരെ തടഞ്ഞു നിറുത്താൻ മുലയൂട്ടുന്നതു കൊണ്ടു കഴിയും.അതുപോലെ ഗർഭധാരണം നടക്കാൻ സാധ്യത കുറവായതുകൊണ്ട് പ്രസവങ്ങൾ തമ്മിലുള്ള ഇടവേള കൂട്ടാനും സഹായിക്കും.കുഞ്ഞിനെ മുലയൂട്ടാൻ മടിക്കുന്ന അമ്മമാർക്ക് ശരിയായ കൗൺസിലിങ് നൽകണം. പോഷണം കിട്ടുന്നതിനു വേണ്ടി അമ്മമാർ കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ചും ശരിയായ അറിവു കൊടുക്കണം. ബേബി ഫൂഡ് കൊടുക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെയും വളർച്ചയേയും അനാരോഗ്യകരമായി ബാധിക്കും. 

കോവിഡ് കാലത്തെ മുലയൂട്ടൽ

രോഗബാധ തടയാനുള്ള പ്രതിരോധമാർഗങ്ങൾ പാലിച്ചാവണം മുലയൂട്ടൽ. മുലയൂട്ടുന്നതിനു മുൻപ് മാസ്ക്ക് ധരിക്കുക. കൈകൾ സോപ്പുപയോഗിച്ച് കഴുകുകയോ,സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുയോ വേണം.ശരീരവൃത്തിയും അതിപ്രധാനമാണ്.രാവിലെയും വൈകീട്ടും കുളിക്കണം. കുഞ്ഞിന്റെ മുഖത്തും കൈകളിലും ഉമ്മ വയ്ക്കുന്നത് ഒഴിവാക്കുക.വീട്ടിലെ മറ്റുള്ളവർ കുഞ്ഞിനെ എടുക്കുന്നതും ലാളിക്കുന്നതും പരമാവധി ഒഴിവാക്കണം. 

മുലയൂട്ടുന്നതിലൂടെ അമ്മയിൽനിന്നു കുഞ്ഞിലേക്ക് ആന്റിബോഡികൾ നേരിട്ട് എത്തുന്നതു കാരണം കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുന്നു. ഇപ്രകാരം രോഗങ്ങൾ ബാധിക്കുന്നത് തടയുന്നു.അതുകൊണ്ട്, കോവിഡ് 19 ബാധിച്ചവരോ, സംശയിക്കുന്നവരോ ലക്ഷണങ്ങൾ ഉള്ളവരോ ആയ അമ്മമാർ ശ്വസന, വ്യക്തി ശുചിത്വം ഉറപ്പു വരുത്തി മുലയൂട്ടണം. ഡോക്ടർ നൽകിയിട്ടുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണം. രോഗി സ്പർശിക്കുന്ന പ്രതലങ്ങൾ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. രോഗം ബാധിച്ചതോ ലക്ഷണങ്ങളോ ഉള്ള കുഞ്ഞുങ്ങൾക്കും പ്രതിരോധ മാർഗങ്ങളും മുൻകരുതലുകളുമെടുത്ത് ഡോക്ടറുടെ നിർദേശത്തോടെ മുലപ്പാൽ നൽകണം.  

വിവരങ്ങൾക്കു കടപ്പാട്: യൂണിസെഫ് കേരള– തമിഴ്നാട് ഓഫീസ് സോഷ്യൽ പോളിസി ചീഫ് ഡോ. പിനാകി ചക്രവർത്തി

Tags:
  • Mummy and Me
  • Parenting Tips