‘എക്കോ’യിലെ നാലുകാലുള്ള കിടിലൻ അഭിനേതാക്കൾ: നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടുള്ള കോമ്പൈ എന്ന ബ്രീഡിനെ അറിയാം The Star Dogs of 'Echo': Understanding the Kombai Breed
Mail This Article
എക്കോ സിനിമ കണ്ടിറങ്ങിയവർക്കിടയിൽ സിനിമയെ കുറിച്ചും നടീനടന്മാരെ കുറിച്ചും പല അഭിപ്രായങ്ങളുണ്ടെങ്കിലും എല്ലാവരും ഒരുമിച്ചു പുകഴ്ത്തിയ ഒരു കൂട്ടം അഭിനേതാക്കൾ അതിലുണ്ട്. ആ സിനിമയിലെ നാലു കാലുകൾ ഉള്ള ഒരുപറ്റം നായ്ക്കൾ! അത്രയ്ക്കും മികച്ച അഭിനയം, അവർ വരുന്ന ഓരോ ഫ്രെയ്മിലും കാണികൾ ആവേശക്കൊടുമുടിയിലെത്തി.
സിനിമ കഴിഞ്ഞ് ഏറ്റും കൂടുതൽ ആളുകൾ ഇന്റർനെറ്റിൽ തിരഞ്ഞത് ഇക്കാര്യം...ഏത് ഇനം നായ്ക്കളാണ് എക്കോയിലെ ഈ മികവുറ്റ പ്രകടനം കാഴ്ച്ച വച്ചത്? ‘കോമ്പൈ’ എന്നാണ് അതിനുത്തരം. ഡോഗ് ട്രെയ്നർ ജിജേഷ് എസിന്റെ ട്രെയ്നിങ്ങിലാണ് അവർ പടത്തിലെ സൂപ്പർഹിറ്റ് അഭിനേതാക്കളായി മാറിയത്. ഇനി കോമ്പൈ ബ്രീഡിനെ കുറിച്ച് കുറച്ച് കാര്യമായി തന്നെ അറിഞ്ഞു വയ്ക്കാം...
നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടുണ്ടായിരുന്നവർ
ഇന്ത്യൻ റോട്ട്വൈലർ എന്നും പോളിഗർ ഡോഗെന്നും ഒക്കെയുള്ള അപരനാമത്തിൽ അറിയപ്പെടുന്ന കോമ്പൈ നായ്ക്കൾ നമിഴ്നാട് സ്വദേശികളാണ്. കോമ്പല്ലുള്ള നായ്ക്കളുടെ ഇനമായതു കൊണ്ടാണ് ഇവയ്ക്ക് ‘കോമ്പൈ’ എന്ന പേര് വന്നത് എന്ന് ഒരു കൂട്ടർ പറയുന്നു. ചങ്കോട്ടയിൽ നിന്നു തേനി(കോമ്പൈ)യിലേക്ക് അന്നാട്ടിലെ കർഷകർ കൂട്ടിക്കൊണ്ടു പോയ നായ്ക്കളാണ് ഇവയെന്നും പറയുന്നു. ആ നാടിന്റെ തനത് ഇനം ആയതു കൊണ്ട് തേനി എന്ന പേര് തന്നെ മാറി ആ നാട് നായ്ക്കളുടെ പേരിൽ അറിയപ്പെട്ടു എന്നാണ് മറ്റൊരു കഥ.
ഒൻപതാം നൂറ്റാണ്ടു മുതൽക്കെ ഇവർ ഇവിടുണ്ടെന്നും അല്ല പതിനഞ്ചാം നൂറ്റാണ്ട് മുതൽക്കെ എന്നും കോമ്പൈയുടെ ഉത്ഭവത്തെ കുറിച്ച് ചരിത്ര ഗവേഷകർക്കിടയിൽ തർക്കമുണ്ട്. ഏതായാലും വനപ്രദേശത്തെ ഇനങ്ങൾ ഇവയെ നായാട്ടിനായും, കാവലിനായും, വിളകളുടെ സംരക്ഷണത്തിനായുമൊക്കെ ഇവയെ വളർത്താൻ തുടങ്ങി. കൂടുതലും ആദിവാസി വിഭാഗങ്ങളാണ് ഇവയെ ആദ്യകാലത്ത് പരിപാലിച്ചിരുന്നതെന്നാണ് ചരിത്ര പഠനങ്ങൾ പറയുന്നത്. മുൻപ് കരടികളെ വേട്ടയാടാൻ ഉപയോഗിച്ചിരുന്നതു കൊണ്ട് ഇവയ്ക്ക് ‘ബേർ ഹൗണ്ട്’ എന്നും പേരുണ്ട്.
ബ്രിട്ടീഷുകാരൊത്തുള്ള പോരാട്ടത്തിൽ നാട്ടുകാർ ഇവയെ അവർക്കെതിരെ ഉപയോഗിച്ചെന്നും ബ്രിട്ടീഷുകാർക്ക് ഇവയിൽ നിന്നും ‘കണക്കിനു കിട്ടി’ എന്നുമുള്ള കഥകളുണ്ട്. അവരാണ് ഈ നായ്ക്കളെ പിന്നീട് പല നാടുകളിലേക്കും കടത്തികൊണ്ടു പോയത്. ഇനി ഇത്തരമൊരു ഇനം വേണ്ട എന്ന ദേഷ്യത്തിൽ ഇവയെ കൊന്നൊടുക്കിയ ചിലരും ബ്രിട്ടീഷുകാർക്കിടയിലുണ്ടായിരുന്നു.
കോമ്പൈകൾ പല തരം
ബുദ്ധിശാലികളായും ധൈര്യശാലികളായും അറിയപ്പെടുന്ന ഈ നായ്ക്കള്‍ ആത്മാർത്ഥയുടെ പര്യായം തന്നെയാണ്. കടുംപിടുത്തവും ഒരൽപ്പം സംരക്ഷണ ത്വര കൂടിയതുമായ ഇനമാണിവ. കറുത്ത മാസ്ക് കൂടുതലുള്ള ഇനം, അത് കുറവുള്ള ഇനം, പുലിക്കുള്ളതു പോലുള്ള വരകളുള്ളവ, ചെവി കൂത്തവയും അങ്ങനെയല്ലാത്തവയും എന്നിങ്ങനെ ഇവരിൽ തന്നെ പലതരമുണ്ട്. എന്നാലും പൊതുവായി കാണുന്ന ചില പ്രത്യേകതകളും ഈ ബ്രീഡിനുണ്ട്: കോമ്പല്ലുകൾ, നിളമുള്ള കാലുകൾ, കണ്ണുകൾക്ക് മുകളിൽ കാണുന്ന കറുത്ത പാടുകൾ, കറുത്ത നഖങ്ങൾ, മുതുകിലും വാലിലുമുള്ള കറുപ്പ്, ദൃഢമായ അസ്ഥികളും പേശികളും, കട്ടിയുള്ള വാൽ, ചെവിയിലെ കറുപ്പ് എന്നിവയാണത്. ഇവ പല തീവ്രതയുള്ള ബ്രൗൺ നിറത്തിലാണ് ഇവയെ സാധാരണമായി കാണാറ്.
പൊതുവേ 20–25 ഇഞ്ച് ഉയരമുള്ള കോമ്പൈയ്ക്ക് 24–28 കിലോയോളമാണ് ഭാരം വരിക. 14–16 വർഷം വരെയാണ് ഇവരുടെ ആയുസ്.
പൊതുവേ നേതൃത്വസ്ഥാനം പിടിക്കാൻ ഇഷ്ടപ്പെടുന്ന ഇവർ ചെറുപ്പം മുതലുള്ള അടുത്ത സഹവാസമില്ലെങ്കിൽ മറ്റു നായ ഇനങ്ങളുമായി അത്ര ഇണക്കത്തിലുമാകാറില്ല.
