മെസ്സിയെ ഇപ്പോഴും മിസ് ചെയ്യുന്നുവെന്ന് പാർവതി; സമ്മാനമായി ടെഡിയെ നൽകി ജയറാം
Mail This Article
‘‘ജനിച്ചു 35ാം ദിവസമാണ് ടെഡിയുടെ വരവ്. ഫീഡിങ് ബോട്ടിലിൽ പാൽ കൊടുക്കും. അമ്മയോടു ചേർന്നു വളർന്നതുകൊണ്ടാണെന്നു തോന്നുന്നു എന്റെ നെഞ്ചോടു ചേർന്നിരുന്നു ഹാർട്ട് ബീറ്റ് കേട്ടുറങ്ങാനാണ് അവനിഷ്ടം. ഈയടുത്തുവരെ വീട്ടിൽ നിറയുന്നൊരു നിശബ്ദതയുണ്ടായിരുന്നു. അവിടേക്കാണ് ഇപ്പോൾ ടെഡി വന്നത്.’’ വീട്ടിലെ പുതിയ നായ്ക്കുട്ടി ടെഡിയെക്കുറിച്ചു പറയുമ്പോൾ പാർവതിക്കു നൂറു നാവാണ്. ഒരുമാസം മുൻപാണ് മെസ്സിയുടെ വേർപാടിൽ വിഷമിച്ചിരുന്ന പാർവതിക്ക് ഒരു ഗോൾഡൻ റിട്രീവർ നായ്ക്കുട്ടിയെ ജയറാം സമ്മാനമായി നൽകുന്നത്. കഴിഞ്ഞ ദിവസം ടെഡിയുടെ വിഡിയോ കാളിദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. എങ്കിലും രണ്ടു വർഷം മുൻപ് തങ്ങളെ വിട്ടുപോയ പ്രിയപ്പെട്ട നായ്ക്കുട്ടി മെസ്സിയുടെ വേർപാടിന്റെ വിഷമം ഇപ്പോഴും പാർവതിയുടെ വാക്കുകളിൽ തൊട്ടറിയാം.
‘‘ ചക്കിയുടെ (മാളവിക) 20ാം പിറന്നാൾ ദിവസം മനോഹരമായി അലങ്കരിച്ച ബാസ്ക്കറ്റിലിരുത്തിയാണ് കണ്ണൻ (കാളിദാസ്) മെസ്സിയെ കൊണ്ടുവന്നത്. അന്നവന് 39 ദിവസം പ്രായമേയുള്ളൂ. മെസ്സി എന്നു പേരിട്ടത് ചക്കിയാണ്. ചക്കി യുകെയിലേക്കു പോയതോടെ ഞാനായി അവന്റെ കൂട്ട്. സത്യത്തിൽ ഞാൻ അവന്റെയല്ല, അവൻ എന്റെ കൂട്ടായിരുന്നു. അവൻ ഞങ്ങളെ വിട്ടു പിരിഞ്ഞെങ്കിലും വീടിന്റെ ഓരോ കോണിലും മെസ്സിയുണ്ട്. ടെഡി വന്നപ്പോൾ കളിപ്പാട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. മെസ്സിയുടെ ടോയ്സ് എടുത്താലോ എന്നു ഞാൻ ചോദിച്ചതേയുള്ളൂ, ചക്കിയും കണ്ണനും ഒരുപോലെ ‘നോ’ പറഞ്ഞു. മെസ്സിയുടേതെല്ലാം അവന്റേതു മാത്രമാണെന്നാണ് അവർ പറയുന്നത്. ദാ, ഈ കളിപ്പാട്ടങ്ങളൊക്കെ മെസ്സിയുടേതാണ്. ആ കോളറിൽ അവന്റെ പേരെഴുതിയിട്ടുണ്ട്. ഇതൊന്നും മറ്റാരും തൊടുന്നത് അവനിഷ്ടമല്ലായിരുന്നു. അവൻ പോയതിനുശേഷം ഞാൻ എല്ലാമെടുത്തു സൂക്ഷിച്ചു വച്ചു.’’ പാർവതിയുടെ കൺകോണിൽ മെസ്സിയുടെ ഓർമകൾ തിളങ്ങി.
‘‘പെട്ടെന്നൊരു ദിവസം എന്റെ ജീവിതത്തിലേക്കു കടന്നു വന്നതാണു മെസ്സി. അതുവരെ ഒരു നായ്ക്കുട്ടിയെ സ്നേഹിക്കുമെന്നോ ഓമനിച്ചുവളർത്തുമെന്നോ സ്വപ്നം പോലും കണ്ടിരുന്നില്ല. പക്ഷേ, അവന്റെ വരവോടെ എന്റെ ലോകം അപ്പാടെ മാറി. മെസ്സി ഞങ്ങളുടെ വീട്ടിലെ അംഗമായിരുന്നു.’’ ’’ പാർവതിയുടെ വാക്കുകളിൽ മെസ്സി നിറഞ്ഞു.
ഒരു പിറന്നാൾ സമ്മാനം
‘‘ചക്കിക്ക് പിറന്നാൾ സമ്മാനമായി ഇംഗ്ലിഷ് റിട്രീവറിനെ നൽകണമെന്നു ഞാനും ജയറാമും തീരുമാനിച്ചിരുന്നു. ഒരുപാട് പപ്പീസിന്റെ ഫോട്ടോ കണ്ടെങ്കിലും ആരും മനസ്സിലേക്കു കയറിയില്ല. പക്ഷേ, മെസ്സിയുടെ ഫോട്ടോ കണ്ടപ്പോഴേ ‘ഇവൻ നമ്മുടെ വീട്ടിലേക്കു വരേണ്ട കുട്ടിയാണ്’ എന്നെനിക്കു തോന്നി. മെസ്സി എന്നു പേരിട്ടത് ചക്കിയാണ്. ഞാൻ എങ്ങോട്ടു തിരിഞ്ഞാലും ഒപ്പം കാണും. അടുക്കളയിൽ, ഗാർഡനിൽ എന്നു വേണ്ട, കുളിക്കാൻ കയറിയാൽപ്പോലും ചെറിയ കുട്ടികൾ അമ്മമാരെ കാത്ത് ബാത്ത്റൂമിനു പുറത്തു നിൽക്കില്ലേ, അതുപോലെയിരിക്കും.
പൂജാമുറിയുടെ ഉള്ളിൽ കയറില്ലെങ്കിലും പുറത്തുണ്ടാകും മെസ്സിക്കുട്ടൻ. ഷോപ്പിങ് കഴിഞ്ഞു വന്നാൽ കിറ്റുകൾ കാറിൽ നിന്നെടുത്തു വച്ചാൽ മാത്രം മതി. അതുള്ളിലേക്കു കൊണ്ടുപോകുന്നത് അവന്റെ ഉത്തരവാദിത്തമാണ്. ഇതൊന്നും പരിശീലിപ്പിച്ചതല്ല. സ്വയം ചെയ്യുന്നതാണ്. രാത്രിയിൽ ഒറ്റയ്ക്കു കിടക്കാൻ പേടിയാണ്. എന്റെ കട്ടിലിനോടു ചേർന്നു നിലത്തു കിടക്കും. നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ അവനു ചവിട്ടു കിട്ടുമെന്നു തീർച്ച.’’
അവനായിരുന്നു ഞങ്ങളുടെ ലോകം
‘‘മെസ്സിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ ദിവസങ്ങൾ ഒരുപക്ഷേ, കോവിഡും ലോക്ഡൗണും വന്ന രണ്ടു വർഷമായിരിക്കും. പ്രിയപ്പെട്ട നാലുപേരേയും അടുത്തു കിട്ടിയതിന്റെ സന്തോഷം അവന്റെ കണ്ണിൽ നോക്കിയാൽ അറിയാമായിരുന്നു. മെസ്സിയുടെ എല്ലാ പിറന്നാളും ഞങ്ങൾ ആഘോഷമാക്കി.
ഒരാഴ്ചയ്ക്കു മുൻപേ ഒരുക്കങ്ങൾ തുടങ്ങും. ഐസ് ക്രീം കൊതിയനാണ് മെസ്സി. അവനുവേണ്ടി പ്രത്യേകം ഡോ ഗ് ഐസ്ക്രീമും മീറ്റ് വച്ചു തയാറാക്കുന്ന ഡോഗ് കേക്കും ഓർഡർ ചെയ്യും. സമ്മാനമായി പുതിയ കളിപ്പാട്ടങ്ങളും ഡ്രസും കിട്ടുന്നതും സന്തോഷമാണ്. ഇടയ്ക്ക് ഒരു ഷോർട്ട്ഫിലിമിലും ആള് അഭിനയിച്ചു.
വർഷത്തിൽ ഒരിക്കൽ ഞങ്ങൾ കുടുംബസമേതം യാത്ര പോകുന്ന പതിവുണ്ട്. ബാഗ് പാക്ക് ചെയ്യുന്നതു കാണുമ്പോഴേ അവന് ടെൻഷനാകും. പോകേണ്ടെന്ന മട്ടിൽ ബാഗിനു മുകളിൽ കയറി കിടക്കും. ബാഗ് ഉണ്ടെങ്കിലല്ലേ പോകൂ എന്നതാണ് ആൾടെ ആറ്റിറ്റ്യൂഡ്.
ഓസ്ട്രേലിയയിലേക്കു പോയപ്പോൾ അവനെ അടുത്തൊരു ഡോഗ് കെയർ ഹോമിൽ ആക്കി. ആ 20 ദിവസവും ഭയങ്കര കരച്ചിലായിരുന്നത്രേ. പിന്നെ കഴിവതും ദീർഘമായ യാത്രകൾ ഒഴിവാക്കിത്തുടങ്ങി.
തൃപ്പൂണിത്തുറയിൽ എന്റെ വീട്ടിലേക്കു പോകാൻ വലിയ ഇഷ്ടമാണ്. അവിടെ എത്തിയാൽ അച്ഛനോ അമ്മയോ അകത്തേക്കു ക്ഷണിക്കണം. എങ്കിലേ ഉള്ളിലേക്കു കയറൂ. അച്ഛൻ തമാശയായി പറയും, ‘കണ്ടില്ലേ അവന്റെ അന്തസ്സ്’ എന്ന്.’’
സ്നേഹമാണ്, മെസ്സി
‘‘മെസ്സിക്കു മുഖം വളരെ പ്രഷ്യസ് ആണ്. മുഖത്തു തൊടുന്നതോ ഉമ്മ വയ്ക്കുന്നതോ ഒന്നും അവന് ഇഷ്ടമല്ല. പൊതുവേ ഗ്രൂമിങ്ങിന് പോകാൻ വലിയ ആവേശമാണെങ്കിലും വേനൽക്കാല ഗ്രൂമിങ് താൽപര്യമില്ല. അതിനൊരു കാരണമുണ്ട്. സമ്മറിൽ രോമം മുഴുവൻ കളയും. ഒരിക്കൽ ഗ്രൂമിങ് കഴിഞ്ഞെത്തിയപ്പോൾ കുട്ടികളാരോ ‘അയ്യേ, മെസ്സി എന്താ ഇങ്ങനെ ഇരിക്കുന്നേ’ എന്നു ചോദിച്ചു കളിയാക്കി. അതൊട്ടും ഇഷ്ടമായില്ലെന്നു മാത്രമല്ല, രണ്ടാഴ്ച ഡിപ്രഷൻപോലെ ആയിരുന്നു.
അതിനുശേഷം ഗ്രൂമിങ് കഴിഞ്ഞു വന്നാല്‍ ഞങ്ങൾ ‘സുന്ദരനായല്ലോ, മിടുക്കനായല്ലോ....’ എന്നൊക്കെ പറയും. അ തൊക്കെ മെസ്സിക്കുട്ടനു സന്തോഷമാണ്. ഞങ്ങളെ വിട്ടുപോകുമ്പോൾ മെസ്സിക്ക് ഏഴു വയസ്സായിരുന്നു.
ചെറിയ പനി വന്നതാണ്. വളരെ പെട്ടെന്നുതന്നെ രോ ഗം കരളിനെ ബാധിച്ചു. ഏറ്റവും നല്ല വെറ്ററിനറി ഹോസ്പിറ്റലിൽ ചികിത്സ നൽകിയെങ്കിലും ഒരു മാസത്തിനുള്ളിൽ അവൻ പോയി. ഞങ്ങളുടെ ഹൃദയത്തിന്റെയൊരു ഭാഗം പറിച്ചെടുത്തുകൊണ്ടായിരുന്നു ആ വേർപാട്. ഇപ്പോള്‍ രണ്ടു വർഷമായി.’’ പാർവതിയുടെ കണ്ണുകൾ നിറഞ്ഞു.
ആശ്വാസമായി എത്തിയ ടെഡി
‘‘ഒരു മാസം മുന്‍പ് ഷൂട്ടുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ പോയപ്പോൾ നായ്ക്കുട്ടികളുള്ള ഒരു കുടുംബത്തെ ജയറാം പരിചയപ്പെട്ടു. മെസ്സി പോയതുമായി ഞാൻ പൊരുത്തപ്പെട്ടതേയില്ലെന്ന് അവരോടു പറഞ്ഞപ്പോൾ എനിക്കു സമ്മാനമായി അവർ ഒരു വൈറ്റ് റിട്രീവറിനെ കൊടുത്തുവിടുകയായിരുന്നു.’’ പാർവതി പറഞ്ഞു.
