ADVERTISEMENT

നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ ഹൃദയംനുറുങ്ങുന്ന കുറിപ്പുമായി സംവിധായകനും സത്യൻ അന്തിക്കാടിന്റെ മകനുമായ അനൂപ് സത്യൻ. ശ്രീനിവാസന്റെ മരണം, അച്ഛൻ സത്യൻ അന്തിക്കാട് വിളിച്ചുപറഞ്ഞ വൈകാരിക നിമിഷം അനൂപ് സത്യൻ കുറിപ്പിൽ വിവരിക്കുന്നു.

അനൂപ് സത്യന്റെ കുറിപ്പ് –

ADVERTISEMENT

‘ശ്രീനി പോയി’.

ഇത്‌ മാത്രം പറഞ്ഞ്‌ ഒരു സെക്കന്‍റ് കഴിഞ്ഞ്‌ അച്ഛൻ ഫോൺ കട്ട്‌ ചെയ്തു.

ADVERTISEMENT

ഈയിടെ പെട്ടെന്നെങ്ങാനും ശ്രീനിയങ്കിൾ ഹോസ്പിറ്റലിൽ അഡ്മിറ്റാകുമ്പോൾ അഛന്റെ കോൾ വരാറുണ്ട്‌. ‘ഒന്നു പോയി നോക്കു’ എന്ന് പറഞ്ഞ്‌.

ഞാൻ പോകും. വിമലാന്റിയെ കാണും. ആന്റി ‘ഇപ്പൊ കുഴപ്പമൊന്നുമില്ല’ എന്ന് പറഞ്ഞു എന്നെ അങ്കിളിന്റെ അടുത്ത്‌ കൊണ്ടു പോകും. ഞാൻ അച്ഛൻ പറഞ്ഞോർമ്മയുള്ള അവരുടെ പഴയ കഥകളെന്തെങ്കിലും പറഞ്ഞിരിക്കും. തിരിച്ചു പോകുന്ന വഴി അച്ഛനെ വിളിച്ച്‌ അന്നത്തെ കാര്യം പറയും. ‘ക്ഷീണമുണ്ട്‌. പക്ഷെ അങ്കിൾ ഓക്കെയാണ്‌. വിമലാന്റി എന്റെ കല്ല്യാണക്കാര്യം എടുത്തിട്ടപ്പോൾ, കറക്റ്റ്‌ ടൈമിൽ ബ്ലഡ്‌ എടുക്കാൻ വന്ന നഴ്സിനെ പിടിച്ചു നിർത്തി എനിക്ക്‌ കല്ല്യാണം ആലോചിച്ചു. നഴ്സിനും എനിക്കും നാണം വന്നു’. അച്ഛൻ ചിരിച്ചു കൊണ്ട് ഇത്‌ പോലെയുള്ള മറ്റൊരു സംഭവം പറയും. ‌

ADVERTISEMENT

ഈ സമയത്താണ്‌ ഞാൻ ഏറ്റവും കൂടുതൽ ശ്രീനിയങ്കിളിന്റെ കൂടെയിരുന്നിട്ടുള്ളത്‌. അച്ഛന്റെ കൂടെ ഉദയംപേരൂർ ഉള്ള വീട്ടിൽ വെച്ചും,‌ പിന്നെ ഹോസ്പിറ്റലിൽ ആകുന്ന സമയങ്ങളിലും. ആരോഗ്യം മോശമായ കാലമാണ്‌, സംസാരിക്കുന്നത്‌ ബുദ്‌ധിമുട്ടിയാണ്‌. പക്ഷേ ചില കാര്യങ്ങളും കഥകളും അങ്കിൾ ഓർത്തെടുത്ത്‌ പറയുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട്‌, ഈ സ്ട്രോക്കിനും ഹാർട്ട്‌ ഇഷ്യൂസിനും പിടി കൊടുക്കാത്ത ഒരു ശ്രീനിവാസൻ ഇപ്പോഴും മുന്നിലിരിക്കുന്നയാളിലുണ്ടെന്ന്.

രണ്ടാഴ്ച്ച മുൻപാണ്‌ ഞാൻ അവസാനമായി അങ്കിളിനെ കണ്ടത്‌. ഒന്നു വീണപ്പോൾ കാലിൽ ചെറിയൊരു പൊട്ടൽ ഉണ്ടായി അഡ്മിറ്റായതാണ്‌. സ്നേഹം ഒരു ഡിസ്റ്റൻസിൽ കാണിക്കുന്നയാളാണ്‌. പക്ഷേ അന്ന് ഞാൻ അടുത്തിരുന്നപ്പോൾ എന്റെ കൈ പിടിച്ചിരുന്നാണ്‌ സംസാരിച്ചത്‌. ‘ജീവിതത്തിൽ അനുഭവിച്ചതിൽ ഏറ്റവും വലിയ വേദനയാണ്‌, കഴിഞ്ഞ മൂന്നു മണിക്കൂറിൽ ഞാൻ അനുഭവിച്ചത്‌’ എന്നു പറഞ്ഞു.

അതിനി ഉണ്ടാവില്ലല്ലോ എന്നു സ്വയം പറഞ്ഞ്‌ ഞാൻ ഇപ്പോൾ സമാധാനിക്കുന്നു.

എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ക്രിപ്റ്റ്‌ റൈറ്റർ ശ്രീനിയങ്കിളാണ്‌. എന്റെ ആദ്യ സിനിമ ഞാൻ എഴുതിയത്‌ അദ്ദേഹത്തിന്റെ ഒരു സ്ക്രിപ്റ്റ്‌ ബുക്ക്‌ അപ്പുറത്ത്‌ തുറന്നു വെച്ചിട്ടാണ്‌. ഏറ്റവും കൂടുതൽ അറിയുന്നത്‌ അച്ഛനിൽ നിന്നും കേട്ട സിനിമക്കപ്പുറത്ത്‌ ഉള്ള ശ്രീനിവാസനെയാണ്‌.

ലൈഫിലെ ഏതൊരു മൊമന്റിനും ഒരു അച്ഛൻ-ശ്രീനിയങ്കിൾ കഥയുണ്ട്‌. അതോർത്തെടുത്ത്‌ പറയാൻ അഛനൊരു സെക്കന്‍റ് മതി. ഇന്ന് രാവിലെ വിളിച്ച കോളിലൊഴികെ...

‘ശ്രീനി പോയി’..... അതിന്റെ കൂടെ പറയാൻ വേറൊന്നും ഇല്ല.

Anoop Sathyan's Heartfelt Note on Sreenivasan's Demise:

Sreenivasan's death is mourned by many. Anoop Sathyan shares a heartfelt note about the actor and director, recalling his father Satyan Anthikad's emotional phone call.

ADVERTISEMENT