ADVERTISEMENT

മലയാള സിനിമയിൽ പകരക്കാരില്ലാത്ത പ്രതിഭയാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം മരണത്തിന്റെ വാതിലിനപ്പുറം മറയുന്നത്. ശ്രീനിവാസനൊപ്പമുളള തന്റെ സൗഹൃദനിമിഷങ്ങൾ അടയാളപ്പെടുത്തി ‘വനിത’യുടെ സീനിയർ എഡിറ്റോറിയൽ കോഡിനേറ്റർ വി.ആർ.ജ്യോതിഷ് എഴുതിയ കുറിപ്പ് വായിക്കാം –

മദ്യപിക്കുമ്പോൾ മാത്രം ഭ്രാന്താവുകയും അപ്പോൾ തെരുവിൽ നിന്ന് പ്രസംഗിക്കുകയും തെരുവു നാടകം കളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്ന ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ. ഞങ്ങൾ അദ്ദേഹത്തെ റേഡിയോ വിശ്വംഭരൻ എന്നു വിളിച്ചു. എഞ്ചിനീയറിങ് ബിരുദം ഉണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം എന്നാണു കേഴ്‌വി. അന്നത്തെക്കാലത്ത് റേഡിയോ ഉൾപ്പെടെയുള്ള ഏത് ഉപകരണവും നന്നാക്കാൻ ഞങ്ങളുടെ നാട്ടുകാർക്കുള്ള ഏക ആശ്രയം അദ്ദേഹമായിരുന്നു.

ADVERTISEMENT

‌ഉന്മാദത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ മുരുക്കുംപുഴ എന്ന ഞങ്ങളുടെ ചെറിയ സ്റ്റേഷനിലെത്തി മരണത്തിലേക്കുള്ള ടിക്കറ്റെടുത്തു വിശ്വംഭരൻ. ‘മരണം, പേര് വിശ്വംഭരൻ’ എന്ന് ടിക്കറ്റ് ചോദിച്ചപ്പോൾ ഫ്ലാറ്റ്ഫോം ടിക്കറ്റ് കൊടുത്തത്രേ സ്റ്റേഷൻ മാസ്റ്റർ. ആദ്യം നാട്ടുകാർ ട്രാക്കിൽ നിന്നു പറഞ്ഞു വിട്ട വിശ്വംഭരൻ ആരും കാണാതെ വീണ്ടും ട്രാക്കിലെത്തി. കണ്ണൂരിലേക്ക് പാഞ്ഞ എക്സ്പ്രസ് തീവണ്ടിയെ ഒരു കെ.എസ്.ആർ.ടി.സി ബസിനു കൈ കാണിക്കുന്ന ലാഘവത്തോടെ വിശ്വംഭരൻ കൈ കാണിച്ചു. അതായിരുന്നു കാണികൾക്കു വേണ്ടിയുള്ള വിശ്വംഭരന്റെ അവസാനത്തെ തെരുവു നാടകം. ആ നാടകത്തിന്റെ പര്യവസാനം കാണാൻ മുരുക്കംപുഴയുടെ റെയിൽവേ ട്രാക്കിൽ എത്തിയെങ്കിലും ഞങ്ങളെ പൊലീസുകാർ തിരിച്ചയച്ചു. വിശ്വംഭരനെ മാതൃകയാക്കിക്കൊണ്ട് അന്നു മുതൽ ഞാൻ തീവണ്ടികളെ ആരാധിച്ചു തുടങ്ങി. അതിനു കാരണമുണ്ടായിരുന്നു,

ആത്മഹത്യ ചെയ്യണം എന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും വിചാരിക്കാത്തവർ മനുഷ്യരല്ല എന്ന് ഏതെങ്കിലും മഹാൻമാർ പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് അറിഞ്ഞു കൂടാ. എന്നാൽ വിശ്വംഭരൻ അത് എപ്പോഴും പറയുമായിരുന്നു. അങ്ങനെ ചിന്തിക്കാത്തവർ മനുഷ്യരല്ല എന്ന്. അങ്ങനെ വിശ്വംഭരന്റെ വാക്കുകൾ പിൻപറ്റി ഒന്നല്ല ഒരുപാടു വട്ടം ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുക ഞങ്ങളിൽ ചിലരുടെ വിനോദമായിരുന്നു. വിദ്യാഭ്യാസം എന്ന ഭാരവും തൊഴിലില്ലായ്മ എന്ന യാഥാർത്ഥ്യവും നേർവഴി നയിക്കാൻ ആരുമില്ലാത്തതിന്റെ അരാജകാവസ്ഥയും തെരുവിലെ ചുമട്ടുതൊഴിലാളിപ്പണിയും കൂടിക്കലർന്ന ദശാസന്ധിയിലായിരുന്നു അത്തരം ചില ചിന്തകൾ മനസിലൂടെ കടന്നുപോയത്.

ADVERTISEMENT

അങ്ങനെ തീവണ്ടികളെ ആരാധിച്ചു നടന്ന കാലത്ത് പോത്തൻകോട് സാബു തിയേറ്ററിന്റെ നയന മനോഹരമായ വെള്ളിത്തിരയിൽ വച്ച് ചില സിനിമകൾ കണ്ടു. ‘ജീവിതത്തെ ഇങ്ങനെയൊന്നും സ്നേഹിക്കേണ്ടതില്ലെന്നും ദാരിദ്ര്യവും ഇല്ലായ്മയുമൊക്കെ കോമഡികളല്ലേ ചേട്ടാ...’ എന്നു പറഞ്ഞു തരുന്ന സിനിമകളായിരുന്നു അതെല്ലാം. അങ്ങനെ രണ്ടു പേരുകൾ ജീവിതത്തോടൊപ്പം കൂട്ടി വച്ചു. സത്യൻ അന്തിക്കാടും ശ്രീനിവാസനും. യേശുദാസിന്റെ ശബ്ദത്തിനോടു തോന്നിയ ആരാധന ശ്രീനിവാസന്റെ എഴുത്തിനോടും തോന്നി.

പിന്നീട് അധികം വൈകാതെ എഴുത്ത് തൊഴിലായി കിട്ടി. കടത്തിണ്ണയിൽ നിന്ന് കസേരയിലേക്കുള്ള പ്രമോഷൻ.

ADVERTISEMENT

അങ്ങനെ കസേരകൾ മാറി മാറി ‘വനിത’ മാസികയിൽ ഒരു കസേര കിട്ടിയ കാലം. അവിടെ ഞാൻ എഴുതിയ ചില ഫീച്ചറുകളിൽ ശ്രീനിവാസൻ അദൃശ്യനായി പ്രത്യക്ഷപ്പെട്ടു. ചില സിനിമാസ്റ്റോറികളിൽ അദ്ദേഹത്തിന്റെ കമന്റുകൾ ഉൾപ്പെടുത്തി. അതു വെറും ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ.

പിന്നീടൊരു ദിവസം ബാലരമയുടെ എഡിറ്റർ പ്രദീപ് കുമാർ വിളിച്ചു പറഞ്ഞു. ശ്രീനിവാസൻ പോത്തൻകോട് ശാന്തിഗിരി ആശുപത്രിയിലുണ്ട്. ‘മനോരമ ആഴ്ചപ്പതിപ്പി’നു വേണ്ടി ഒരു ഇന്റർവ്യൂ. അങ്ങനെ അദ്ദേഹത്തോടൊപ്പം ശ്രീനിവാസനെ കണ്ടു. സംസാരിച്ചു. ആശ്രമത്തിലെ ഔഷധത്തോട്ടത്തിലൂടെ യാത്ര ചെയ്തു. ആ യാത്ര പിന്നെയും നീണ്ടു. ‘ഉദയനാണു താരം’ എന്ന സിനിമ ഇറങ്ങിയ സമയത്ത് അദ്ദേഹത്തോടൊപ്പം മോഹൻലാലിനെ കാണാൻ പോയി. ഒറ്റപ്പാലത്തായിരുന്നു ലൊക്കേഷൻ. ഒരു രാത്രി മുഴുവൻ ഞങ്ങൾ സംസാരിച്ചിരുന്നു. പിന്നെ ‘സന്ദേശ’ത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ... ഇതിനിടയ്ക്കും എത്രയോ അഭിമുഖങ്ങൾ...സ്നേഹ സന്ദർശനങ്ങൾ.

ഇടയ്ക്ക് അസുഖമായതിനു ശേഷം അദ്ദേഹം ഒരു അഭിമുഖത്തിനിരുന്നത് എന്നോടൊപ്പമാണ്, ‘വനിത’യിൽ. അനിഷ്ട വാക്യങ്ങളിൽ പ്രകോപിതരാവുന്നവർ അത് വായിച്ചു തെറി വിളിക്കുന്നുണ്ട്. ഒട്ടേറെപ്പേർ നല്ല വാക്കു പറയുന്നുണ്ട്. അതൊന്നും നമ്മുടേതല്ല....

ബഹുമാനപ്പെട്ട ശ്രീനിയേട്ടാ...

യേശുദാസിന്റെ ശബ്ദത്തോട് ഇന്നും ആരാധനയുണ്ട്. അതുപോലെ മലയാളികൾ എപ്പോഴും പറഞ്ഞു നടക്കുന്ന ശ്രീനിവാസൻ ഡയലോഗുകളോടും ആരാധനയുണ്ട്. ഈ ജീവിതമെന്നൊക്കെ പറയുന്നത് വെറും കോമഡിയല്ലേ എന്ന വലിയ പാഠം പഠിപ്പിച്ചതിന്...

എങ്കിലും ശ്രീനിയേട്ടാ...മദ്യപിക്കുമ്പോൾ ഉന്മാദിയാവുന്ന റേഡിയോ വിശ്വംഭരനെ മറക്കാനാവുന്നില്ല. മംഗലാപുരത്തേക്ക് കൂകിപ്പായുന്ന പഴയ കണ്ണൂർ എക്സ്പ്രസിനേയും മറക്കാനാവുന്നില്ല..

സ്നേഹത്തോടെ...

Remembering Srinivasan: An Era Ends:

Srinivasan, an irreplaceable talent in Malayalam cinema, has passed away. This is a recollection of moments shared with him by V.R. Jyothish, a Senior Editorial Coordinator at 'Vanitha'.

ADVERTISEMENT