ADVERTISEMENT

ഓട്ടം... ആ മുഖഭാവം... ഒടുവിലെ എരിഞ്ഞടങ്ങൽ.. നരിവേട്ട എന്ന സിനിമയിൽ ഉള്ളുപൊള്ളിക്കുന്ന പല രംഗങ്ങളിലൊന്ന് താമി എന്ന സമരനായകന്റെ നായ പ്രക്ഷോഭത്തിൽ മരണം വരിക്കുന്നതായിരുന്നു.

ആ രംഗങ്ങൾ ഗ്രാഫിക്സ് ആണെന്നു പറഞ്ഞാൽ ലക്കി സമ്മതിക്കില്ല. ‘‘തീ പിടിക്കുന്ന അവസാന രംഗം ഗ്രാഫിക്സ് ആണ് ബ്രോ.. പക്ഷേ ബാക്കിയൊക്കെ ഞാൻ കഷ്ടപ്പെട്ട് അഭിനയിച്ചതാ..’’ അവൻ കുരച്ചറിയിക്കും.

ADVERTISEMENT

‘‘നീളമുള്ള രംഗമായിരുന്നതിനാൽ ലക്കി ചെയ്യുമോ എന്നു സംശയമായിരുന്നു. ചെയ്യാതിരുന്നാൽ പൂർണമായും ഗ്രാഫിക്സ് ചെയ്യാം എന്നു തീരുമാനിച്ചിരുന്നു. പക്ഷേ, എന്റെ ലക്കിക്കുട്ടൻ ഒറ്റ ടേക്കിന് ഷോട്ട് ഓക്കെയാക്കി.’’ ട്രെയിനർ എസ്. വി. അരുൺ പറയുന്നു.

പത്തു വർഷമായി നായകളെ സിനിമയിൽ അഭിനയിക്കാൻ പരിശീലിപ്പിക്കുകയാണ് തിരുവനന്തപുരം ആറ്റുകാൽ സ്വദേശി എസ്. വി. അരുൺ. ഭാര്യ ബിന്ദുവിനും മകൾ അഞ്ചു വയസ്സുകാരി ആര്യനന്ദക്കുമൊപ്പം കരമനയിൽ താമസിക്കുന്നു.

ADVERTISEMENT

ലക്കിനു കിട്ടിയവൻ ലക്കി

ഡോഗ് ട്രെയിനിങ്ങിൽ ഞാൻ പച്ചപിടിച്ചു വരുന്ന കാലം. ബ്രീഡ് ഡോഗ്സിനെ പരിശീലിപ്പിച്ച് അഭിനയിപ്പിച്ച് അത്യാവശ്യം പേരൊക്കെ നേടിയിരിക്കുമ്പോഴാണ നാടൻ നായയെ വേണം എന്ന ആവശ്യം വരുന്നത്. നാടൻ നായ ഇല്ലാത്തതിന്റെ പേരിൽ നാലഞ്ചു പ്രധാന സിനിമകൾ നഷ്ടപ്പെട്ടു. നാടൻ നായകൾക്ക് പൊതുവേ ‘കോൺഫിഡൻസ്’ കുറവാണ്. ആളും ബഹളവും പേടിയാണ്. ഇതൊക്കെ കൂളായി കൈകാര്യം ചെയ്യാൻ പറ്റുന്ന മിടുക്കരാണെങ്കിലേ പരിശീലിപ്പിച്ച് അഭിനയിപ്പിക്കാൻ സാധിക്കൂ. നല്ല ലുക്കും അത്യാവശ്യം.

ADVERTISEMENT

അങ്ങനെയിരിക്കെ ‘എൻഫോഴ്സ് കെ 9’ എന്ന എന്റെ ഡോഗ് ട്രെയിനിങ് സ്ക്കൂളിനു മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴുത്തിലൊരു കോളറുമൊക്കെ കെട്ടി ഒരു കുഞ്ഞനതാ കിടക്കുന്നു. നാടൻ നായകൾ പൊതുവേ കൂട്ടമായാണ് നടക്കുക. ഇവനാകട്ടേ സധൈര്യം നെഞ്ചും വിരിച്ച് ഒറ്റയ്ക്കു നടക്കുന്നു. ലുക്കും കൊള്ളാം. എന്നാൽ, ഇവനെയങ്ങു പരിശീലിപ്പിച്ചാലോ എന്ന ചിന്തയായി. ലക്കിന് കിട്ടിയവനായതിനാൽ ‘ലക്കി’ എന്നു പേരും വച്ചു.

‘ബ്രോ’ എന്ന ഷോർട്ട് ഫിലിമിലാണ് ലക്കി ആദ്യമായി അഭിനയിക്കുന്നത്. നരിവേട്ടയാണു ലക്കിയുടെ ഏറ്റവും മികച്ച വർക്ക്.

എന്റെ നായ പരിശീലന കഥ തുടങ്ങുന്നത് നിമ്മി എന്ന ഡാഷ് ഹണ്ട് ഡോഗിനെ ഒരു സുഹൃത്തു സമ്മാനമായി തരുന്നതോടെയാണ്. നാടൻ നായ്ക്കളോട് അലിവോടെ പെരുമാറിയിരുന്ന എന്റെ ജീവിതത്തിലേക്കു നിമ്മി വരുന്നതു വരെ ഡോഗ് ബ്രീഡുകളെക്കുറിച്ചു കാര്യമായൊന്നും അറിയുമായിരുന്നില്ല. നിമ്മിയെ സിനിമയിൽ കാണുന്ന നായ്ക്കളെപ്പോലെ പരിശീലിപ്പിക്കണം എന്ന് ആഗ്രഹമായി. പത്രപരസ്യത്തിൽ നിന്ന് നായ്ക്കളെ പരിശീലിപ്പിക്കുന്ന ഒരാളെ ഗുരുവായി കണ്ടെത്തി.

പഠനം ശരിക്കും കോമഡിയായിരുന്നു. രാവിലെ ഞാൻ ബൈക്കുമെടുത്തു ചെല്ലുമ്പോൾ ആശാൻ നല്ലയുറക്കമായിരിക്കും. ആശാനെ വിളിച്ചുണർത്തി പല്ലു തേപ്പിച്ചു കുളിപ്പിച്ച് ഒരുക്കി ബൈക്കിനു പിന്നിൽ കയറ്റി പരിശീലനം ആവശ്യപ്പെടുന്നവരുടെ വീടുകളിലെത്തിച്ചാലേ പരിശീലനം നടക്കൂ. സ്ഥലത്തെത്തിയാൽ ആശാൻ ‘ഓൺ’ ആകും. പരിശീലനം തുടങ്ങുകയും ഞാൻ കണ്ടു പഠിക്കുകയും ചെയ്യും. തിരികെ ആശാനെ വീട്ടിലെത്തിക്കുന്നതോടെ ഡ്യൂട്ടി തീരും. അന്നു ഭാവിയിൽ ഇതെന്റെ തൊഴിലാകും എന്നു വിചാരിച്ചതേയില്ല.

ശാസ്ത്രീയമായി പരിശീലനം നേടിയെങ്കിലും ട്രെയിനിങ് സ്കൂൾ തുടങ്ങാനുള്ള പണമൊന്നും കയ്യിലില്ലായിരുന്നു. ആ സമയത്ത് ദൈവദൂതനെപ്പോലൊരാൾ എത്തി. തന്റെ സുഹൃത്തിനായി നായ്ക്കുട്ടിയെ വാങ്ങാൻ നിർദേശം തേടി വന്ന പ്രശാന്ത് എന്ന യുവാവ് അഞ്ചു ലക്ഷം രൂപ മുടക്കി ട്രെയിനിങ് സെന്റർ കെട്ടിത്തന്നു. ഞാൻ വാടകയ്ക്ക് എടുത്ത സ്ഥലത്ത്. ഒരു എഗ്രിമെന്റും ഇല്ലാതെ പ്രശാന്ത് ചെയ്ത സഹായം ഓർക്കുമ്പോൾ കണ്ണു നിറയും. ഇങ്ങനെയും മനുഷ്യരുണ്ടു ലോകത്ത്.

റെക്സ് എന്ന ഹീറോ

എനിക്കേറ്റവും പേരു നേടിത്തന്നത് ‘റെക്സ്’ എന്ന എന്റെ ഗോൾഡൺ റിട്രീവറാണ്. അവൻ അഭിനയിച്ച ‘ചിക്കുട്ടാ’ പ രസ്യം കാണാൻ യുട്യൂബ് പരതുന്നവർ ഇപ്പോഴുമുണ്ട്. പൗഫെക്റ്റ്ലി മെയ്ഡ് എന്ന പെറ്റ് ഫുഡ് കമ്പനിക്കു വേണ്ടി ത യാറാക്കിയ പരസ്യത്തോടെ റെക്സിന് ഇന്ത്യയിലൊട്ടാകെ ആരാധകരെ ലഭിച്ചു.

എന്റെ ആദ്യ വർക്കായ സാമൂഹ്യപാഠമെന്ന ഷോർട്ട് ഫിലിമിൽ റെക്സ് ആണ് അഭിനയിച്ചത്. അമ്മയെ വൃദ്ധസദനത്തിലാക്കുന്ന കുടുംബം പട്ടിയെ കാണാനില്ലെന്ന് പരസ്യം ചെയ്യുന്നു. അമ്മയെ താമസിപ്പിച്ചിരിക്കുന്ന വൃദ്ധ സദനത്തിൽ നായയുണ്ടെന്നു വിവരം കിട്ടുന്നതോടെ അവിടെ ചെല്ലുന്നുവെങ്കിലും നായ് കുടുംബത്തിന്റെ കൂടെ ചെല്ലാൻ കൂട്ടാക്കുന്നില്ല. നായക്ക് അമ്മയോടുള്ള സ്നേഹം മക്കളുടെ കണ്ണു തുറപ്പിക്കുന്നു ഇതായിരുന്നു കഥ. ‘തെരി ’ എന്ന സൂപ്പർ ഹിറ്റ് തമിഴ് സിനിമയുടെ ഹിന്ദി റീമേക്ക് ബേബി ജോൺ, പീസ് സിനിമയിലെ ബ്രാഡി എന്ന കഥാപാത്രം, അരമനൈ എ ന്ന തമിഴ് സിനിമ, പൗർണമി തിങ്കൾ എന്ന സീരി യൽ തുടങ്ങിയവയൊക്കെ പിന്നീട് റെക്സ് അ ഭിനയിച്ചു. ബ്രോ എന്ന ഷോർട് ഫിലിമിലെ ‘ബ്രോ’ എന്ന കഥാപാത്രം ചിക്കുട്ടാ പരസ്യം പോലെ മികച്ചതായി. റെക്സിന് ഒരു തവണ കാര്യങ്ങൾ മനസിലാക്കിക്കൊടുത്താൽ പിന്നെ ആക്‌ഷൻ പറഞ്ഞാൽ മാത്രം മതി അവൻ ഗംഭീരമാക്കും.

നരിവേട്ട ഷൂട്ട് നടക്കുന്ന സമയത്ത് പെട്ടെന്ന് റെക്സിനെ കാണണമെന്നു തോന്നി. അവൻ കിഡ്നി സംബന്ധമായ ചികിത്സയിലായിരുന്നു. ലക്കിയെ സഹായിയെ ഏൽപിച്ച് ഞാൻ വയനാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു. ഞാനെത്തുമ്പോഴേക്ക് അവൻ ഈ ലോകത്തുനിന്നു പോയിരുന്നു. അവസാന യാത്രയിൽ ഞാൻ അരികെയുണ്ടാകണമെന്ന് അവൻ ആഗ്രഹിച്ചിട്ടുണ്ടാകും. അ വന്റെ മനസ്സാണ് എന്നെ വീട്ടിലേക്കു വിളിച്ചു വരുത്തിയത്.

നളൻ, ഒരു സ്വഭാവനടൻ

ലക്കിയെ പോലെ കലക്കനായി അഭിനയിക്കുന്ന എന്റെ രാജപാളയം ബ്രീഡ് ആണ് നളൻ. ദിലീഷ് പോത്തൻ നായകനായ ഓ ബേബിയിലെ അവന്റെ പെർഫൊമെൻസ് കണ്ടാൽ മികച്ച സ്വഭാവ നടൻ എന്ന അംഗീകാരം ആരും നൽകും.

വേട്ടനായ ആയിട്ടാണ് അതിൽ നളൻ അഭിനയിച്ചത്. ക്ലൈമാക്സിൽ ദിലീഷ് പോത്തന്റെ കഥാപാത്രത്തെ സംരക്ഷിച്ച് സ്വയം വെടിയേൽക്കുന്ന രംഗം അവൻ ഗംഭീരമാക്കി.

തുടക്കത്തിൽ വെടിയേറ്റു വീണാൽ മതിയെന്നാണു നിശ്ചയിച്ചിരുന്നത്. വെടിയേറ്റു പിടഞ്ഞു മരിക്കുന്നതായി എടുത്താലോ എന്ന ആശയം ഡയറക്ടർ പറഞ്ഞതോടെ ഞാൻ നളനെ തയാറാക്കി. ‘നളാ... ആക്‌ഷൻ...’ എന്നു പറയുമ്പോൾ അവൻ ദിലീഷ് പോത്തന് നേരെ വരുന്ന വെടിയുണ്ട ചാടി ഏൽക്കും. ‘പ്ലേ’ എന്നു പറയുമ്പോൾ നിലത്തു കിടന്നു പിടയും. ‘സ്ലീപ്പ്’ എന്ന കമാന്റ് കിട്ടുന്നതോടെ മരിച്ചത് പോലെ കിടക്കും. അവന്റെ പെർഫൊമെൻസ് കണ്ട് സെറ്റിലുള്ളവരെല്ലാം അതിശയിച്ചു പോയി. ‘നീയാണെടാ മോനെ, നടൻ’ എന്നു ഞാനും പറഞ്ഞു. റെക്സിനെ ഇഷ്ടപ്പെട്ടു പല നടന്മാരും മോഹവില പറഞ്ഞെങ്കിലും കൊടുത്തില്ല.

വീട്ടിൽ വളർത്തുന്ന നായകളെ അനുസരിപ്പിക്കുന്നതിനായുള്ള ഡോഗ് ട്രെയിനിങ്, വീട്ടുകാർക്ക് അത്യാവശ്യ യാത്രയോ മറ്റോ ചെയ്യേണ്ടി വരുമ്പോൾ നായകളെ സംരക്ഷിക്കുന്ന ഹോസ്റ്റൽ, എന്നിവ അക്കാദമിയിൽ ചെയ്യുന്നുണ്ട്. അക്കാദമിയെക്കുറിച്ച് കൂടുതൽ ആളുകളെ അറിയിക്കുക എന്ന ലക്ഷ്യമിട്ട് ഗോൾഡൻ റിട്രീവർ (റെക്സ്), ലാബ്രഡോർ (ടോണി), റോട്ട് വീലർ (ടോബി), ബെൽജിയം മെലനോയ്സ് (അരീക്ക), സെയിന്റ് ബർണാഡ് (അർജുൻ) എന്നീ അഞ്ചു ബ്രീഡ് നായകളെ പരിശീലിപ്പിച്ച് ഡെമോൺസ്ട്രേഷൻ പ്രോഗ്രാമുകൾ ചെയ്തതിനു ശേഷമാണ് സിനിമകൾ ലഭിച്ചു തുടങ്ങിയത്. 2016 ൽ സാമൂഹ്യപാഠം എന്ന ഷോർട് ഫിലിമിലൂടെയാണ് എന്റെ നായകളുടെ അഭിനയജീവിതത്തിന് തുടക്കമാകുന്നത്. ജയറാം അഭിനയിച്ച ‘ഗ്രാന്റ് ഫദർ’ ആയിരുന്നു ആദ്യ സിനിമ.

അർജുൻ & അരീക്ക

റിങ് മാസ്റ്റർ എന്ന ദിലീപ് സിനിമ കണ്ടപ്പോൾ അതിലെ നായ എന്റേതായിരുന്നെങ്കിൽ എന്നു സ്വപ്നം കണ്ട കാലമുണ്ടായിരുന്നു. ഇന്ന് ആ സ്വപ്നം സത്യമായിരിക്കുകയാണ്. റിങ് മാസ്റ്ററിന്റെ തമിഴ് പതിപ്പിൽ നായികയുടെ ഗാർഡിയൻ നായയായ ടോബിയുടെ റോൾ ചെയ്യുന്നത് എന്റെ സെയിന്റ് ബർനാഡ് ബ്രീഡ് അർജുനാണ്. ഉട ൻ റിലീസാകുന്ന റെയ്ച്ചൽ എന്ന ചിത്രത്തിൽ ബെ ൽജിയം മെലനോയ്സ് അരീക്ക അഭിനയിക്കുന്നുണ്ട്.

ജീത്തു ജോസഫ് ചിത്രത്തിൽ ബ്രൂസും അരീക്കയും ചെറി യ റോൾ ചെയ്യുന്നുണ്ട്. ലക്കി നാദിർഷയുടെയും വിഷ്ണു ഉ ണ്ണികൃഷ്ണന്റെയും ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. ഷറഫുദ്ദീനും ജഗദീഷും അഭിനയിക്കുന്ന അസീസ് നെടുമങ്ങാടിന്റെ ‘മധുവിധു’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത് എന്റെ പുതുമുഖം ഇംഗ്ലീഷ് മാസ്റ്റിഫ്, റോക്കിയാണ്.

English Summary:

Dog training for movies is gaining popularity in Kerala, with trainers like SV Arun providing expert training. The focus keyword, dog training, highlights the story of dogs like Lucky and Rex who have starred in Malayalam movies.

ADVERTISEMENT