ADVERTISEMENT

നിലാവിനു അത്രമേൽ ഭംഗി തോന്നുന്നതു കുട്ടനാട്ടിലെത്തുമ്പോഴാണ്. ശാന്തമായ കായലിന്റെ മുഖപടം പോലെ പ്രതിഫലിക്കുന്ന നിലാവ്. അത്തരം കാഴ്ചകളുടെ ശ്രുതിയിൽ പിറന്നതാണു ജോബ് കുര്യന്റെ പാട്ടുകൾ. അതുകൊണ്ടാകാം വർഷങ്ങൾക്കു മുൻപിറങ്ങിയ ‘എന്നിലെ ചുടുതാളമായ് ഒരു യാത്രയായ്... പദയാത്രയായ്.’ ‘കണ്ണോടു കണ്ണായിടാം... മെയ്യോടു മെയ്യായിടാം...’ എ‌ന്നീ പാട്ടുകളൊക്കെ ഇന്നും പ്രിയഗാനങ്ങളായി തുടരുന്നത്.
റിയാലിറ്റി ഷോയിലൂടെ ഗായകനായി മലയാളികളുടെ മനംകവർന്ന ജോബ്കുര്യൻ സംഗീതസംവിധായകനായപ്പോൾ പിറന്നതു ഹൃദയം തൊടുന്ന ഒരുപിടി പാട്ടുകൾ. പാട്ടുവഴികളിലെ വിശേഷങ്ങൾ കേട്ടു ജോബിനും കുടുംബത്തിനുമൊപ്പം.

പാട്ടിലെ ഈ വെറൈറ്റി ടച്ചിന്റെ രഹസ്യമെന്താണ്?

ADVERTISEMENT

കുട്ടനാടാണു ജന്മദേശം. കണ്ണും മനസ്സും നിറച്ച കാഴ്ചക ൾ. ജീവിതാനുഭവങ്ങൾ അതൊക്കെയാണ് എന്റെ പാട്ടുകളുടെ ഈണം. അതിൽ ഓട്ടോ ട്യൂൺ ചേർക്കേണ്ട കാര്യമില്ലല്ലോ. മണ്ണിൽ പണിയെടുത്തു ജീവിതം കെട്ടിപ്പെടുത്ത അച്ഛനെ കണ്ടാണു ഞാൻ വളർന്നത്.

ഞാൻ പാടിയ മാണിക്യ ചിറകും, ചില്ലുറാന്തൽ വിളക്കും, ആരാന്നേയുമൊക്കെ കേൾക്കുമ്പോൾ, ‘ചേട്ടാ... സിനിമയയിൽ ഇനിയും കൂടുതൽ പാടിക്കൂടേ’ എന്നു പലരും ചോദിക്കാറുണ്ട്. ആ പാട്ടുകളെല്ലാം എനിക്കു കിട്ടിയ ലോട്ടറികളാണ്. എങ്കിലും സ്വന്തം ആത്മാംശവും ക്രിയേറ്റിവിറ്റിയുമുള്ള പാട്ടുകൾ കൂടുതൽ ചെയ്യണമെന്നാണ് ആഗ്രഹം.

ADVERTISEMENT

പാട്ടു കേട്ടു മാത്രം പരിചയമുള്ള യാതൊരു സംഗീത പാരമ്പര്യവുമില്ലാത്ത ഒരച്ഛന്റെയും അമ്മയുടേയും മകൻ ഗായകനായി മാറിയത് ആദ്യത്തെ ഭാഗ്യം. സംഗീതമെന്നതു മാർക്കിട്ടോ ജഡ്ജ് ചെയ്തോ അളക്കാനുള്ളതല്ല എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന എന്നെ നിങ്ങളെല്ലാവരും റിയാലിറ്റി ഷോയിലൂടെ അംഗീകരിച്ചുവെന്നതു രണ്ടാമത്തെ ഭാഗ്യം.

പിന്നെയുമുണ്ടല്ലോ ഒരു ഭാഗ്യം കൂടി ?

അതു സത്യമാണ് കേട്ടോ. സൂപ്പർ സ്റ്റാർ നൽകിയ രണ്ടാം സ്ഥാനം മാത്രമല്ല. പാട്ടിനൊപ്പം മനോഹരമായൊരു കൂട്ടും എനിക്കു കിട്ടി, അതാണ് ആതിര. സൂപ്പർ സ്റ്റാറിലെ സഹമത്സരാർഥിയായ കണ്ണൂരുകാരി. ഒരു നഷ്ടപ്രണയത്തിന്റെ പേരിൽ എന്നെ സമാധാനിപ്പിക്കാൻ വന്നതാ കക്ഷി. പിന്നാലെ ഞങ്ങൾ നല്ല കൂട്ടായി.

job-kurian-file-2-
ADVERTISEMENT

ഒരു സുപ്രഭാതത്തിൽ കക്ഷി എലിമിനേറ്റായി പോയപ്പോൾ വല്ലാത്ത വിഷമം. രണ്ടു ധ്രുവങ്ങളിലാകും മുൻപേ ഞാനെന്റെ പ്രണയം തുറന്നു പറഞ്ഞു.

മനസ്സിൽ ഇഷ്ടം നിറഞ്ഞു നിന്നെങ്കിലും ഒരു മാസ് ഡയലോഗ് കൂ ടി ഒപ്പം പറഞ്ഞു.

ഉടനെ മറുപടി വേണ്ട. തീരുമാനമെടുക്കാനുള്ള പക്വതയും ബോധ വും വരുന്നതു വരെ സമയമെടുത്തു പറഞ്ഞാൽ മതി. അങ്ങനെ ഞങ്ങളുടെ സൗഹൃദം മനോഹരമായി മുന്നോട്ടു നീങ്ങി.

പക്ഷേ, അതിനു പ്രണയത്തിന്റെ ഈണമുണ്ടെന്നു ഞങ്ങൾ ര ണ്ടാൾക്കും അറിയാമായിരുന്നു. അതു സഫലമായി ഇന്നും തുടരുന്നു. ഒപ്പം രണ്ടുപേർ കൂടി വന്നു. മക്കൾ സിറിലും ജേക്കബും.

ആതിരയുടെ സ്കൂളിൽ ചീഫ് ഗസ്റ്റായി പോയെന്നൊരു കഥ കേട്ടിട്ടുണ്ട് ?

സൂപ്പർസ്റ്റാറിൽ വിജയിച്ച ശേഷം കണ്ണൂരിലെ ആതിരയുടെ സ്കൂളിൽ പോയിരുന്നു. കക്ഷി അന്നു യൂണിഫോമൊക്കെ ഇട്ടു സുന്ദരിക്കുട്ടിയായി നിൽപാണ്. ഞങ്ങൾക്കിടയിലെ നോട്ടങ്ങളും ചിരിയും കണ്ടപ്പോൾ അന്ന് ഒപ്പമുണ്ടായിരുന്ന ബാലു ചേട്ടൻ (ബാലഭാസ്കർ) കയ്യോടെ പൊക്കി. ‘എടാ... നിങ്ങൾ തമ്മിലെന്താ’ എന്നു ചോദിച്ചു. ‘‘അതൊരു കൊച്ചു കുട്ടിയല്ലേ ചേട്ടാ’’ എന്നായിരുന്നു കള്ളചിരിയോടെ എന്റെ മറുപടി.

17 വയസ്സൊന്നും ‘കൊച്ചുകുട്ടി കാറ്റഗറിയിൽ ഉൾപ്പെടുത്തില്ല’ എന്നു ബാലുച്ചേട്ടന്റെ കമന്റ് പിന്നാലെയെത്തി. ബാലുചേട്ടന്റെ ചിരിയും വർത്തമാനവും സംഗീതവുമൊക്കെ ഇന്നും മനസ്സിലുണ്ട്. വേർപാടിനു വർഷങ്ങളുടെ പ്രായമെത്തിയാലും ചിലരെ നമുക്കു മറക്കാനാകില്ലല്ലോ.

മക്കൾക്കുള്ള താരാട്ടു പാട്ടും ജനപ്രീതി നേടിയല്ലോ?

എന്റെ പാട്ടുകൾക്കെല്ലാം ജീവിതത്തോടു ചേർന്നു നിൽക്കുന്നവരുടെ രൂപം കൂടിയുണ്ട്. ഇപ്പോൾ ഇൻസ്റ്റഗ്രാം റീലുകളിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന കണ്ണോട് എ ന്നു തുടങ്ങുന്ന ഗാനം ആതിരയെ മനസ്സിൽ കണ്ടു സംഗീതം നൽകിയതാണ്. അതിന്റെ പിന്നണിയിൽ എനിക്കൊപ്പം മൃദുല വാരിയരായിരുന്നു.

അതിലെ പ്രണയം മുഴുവൻ ജീവിതത്തിലും കരിയറിലും എന്റെ മാനേജറായും ജീവിതപങ്കാളിയായുമൊക്കെ നിറഞ്ഞു നിൽക്കുന്ന ആതിരയെക്കുറിച്ചുള്ളതാണ്. മക്കൾക്കു വേണ്ടിയൊരുക്കിയ താരാട്ടും അങ്ങനെ തന്നെ. ഞങ്ങളുടെ ആന്റി രജനി എനിക്കു നൽകിയ സമ്മാനമാണു താരാട്ടിലെ വരികൾ. ഇടയ്ക്കൊക്കെ അവർക്കു വേണ്ടി ഒരുക്കിയ പാട്ടാണെന്നു മക്കളോടു പറയാറുണ്ട്.

job-file-3
ജോബ്കുര്യൻ, ഭാര്യ ആതിര, മക്കൾ സിറിൽ, ജേക്കബ്

ശരിക്കും ആതിരയാണു പാട്ടുവഴിയിലെ റിയല്‍ മാനേജർ?

പാട്ടുകാരി കൂടിയായ ഒരാളെ ജീവിതപങ്കാളിയായും മാനേ ജരായും കിട്ടുന്നതു ഡബിൾ ധമാക്കയല്ലേ. അതു മാത്രമല്ല, സംഗീത പരിപാടികളിൽ ഗായികമാരുടെ ഷോർട്ടേജ് വന്നാൽ ആതിര പാട്ടുപാടിയും സഹായിക്കും. എന്റെ ഉ ല്‍കണ്ഠാ പ്രശ്നങ്ങളും കംപോസിങ്ങിനിടയിലെ സമ്മർദവുമൊക്കെ മാനേജ് ചെയ്യുന്നത് ആതിരയാണ്. പാട്ടിനു വേണ്ടി ഞാൻ ഉഴിഞ്ഞുവച്ച വർഷങ്ങളിൽ സ്വകാര്യ കമ്പനിയിലെ അവളുടെ വരുമാനം ആശ്വാസമായിട്ടുണ്ട്.

ആ കിട്ടുന്ന സ്നേഹവും കരുതലും പലിശ സഹിതം ഞാൻ തിരികെ നൽകാറുമുണ്ട്. വേദികളിൽ നിന്നും വേദികളിലേക്കു തിരക്കുപിടിച്ച് ഓടാൻ ആഗ്രഹിക്കുന്നില്ല. ജീവിതം ഭദ്രമാക്കുന്ന ഒന്നോ രണ്ടോ ഷോകൾ മതി. പിന്നെയുള്ള സമയം കുടുംബത്തിനൊപ്പം ചെലവിടാനാണ് ഇഷ്ടം.

 സംഗീത ആൽബം നിഴലിനെ കുറിച്ചു പറയൂ?

ആഗ്രഹിച്ചും കൊതിച്ചും മനസ്സിൽ പണ്ടേ കുറിച്ചിട്ട വലിയൊരു സ്വപ്നമാണത്. പക്ഷേ, ഒരാളുടെ അസാന്നിധ്യം ആ പാട്ടിനെ അപൂർണമാക്കുന്നു. നെടുമുടി വേണു അങ്കിളിനെ ആയിരുന്നു ആ പ്രോജക്ടിൽ ലീഡ് ആക്ടറായി സങ്കൽപിച്ചിരുന്നത്. ഞാൻ മ്യൂസിക്കൽ വിഡിയോയുടെ കാര്യം പറഞ്ഞപ്പോൾ ‘നമുക്ക് നോക്കാടാ... ഇപ്പോൾ എനിക്ക് ഒട്ടും മേലാ... ഞാനൊന്ന് ആശുപത്രിയിൽ പോയി വരട്ടെ’ എന്നായിരുന്നു വേണുഅങ്കിളിന്റെ മറുപടി. പക്ഷേ, ആ യാത്ര പറയൽ ഒടുവിലത്തേതായി പോയി. ടി.ജി. രവി സാറാണ് പിന്നീട് ആ റോളിലേക്കു വന്നത്.

‘വേണൂന് പകരം വേണു തന്നെ, ഞാനൊരു കൈ നോക്കാം...’ എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. ഒടുവിൽ നിഴൽ പൂർത്തിയാകുമ്പോൾ ടി. ജി. രവി സാർ എന്നെ കെ ട്ടിപ്പിടിച്ച് ‘നന്നായിട്ടുണ്ടെടാ’ എന്നു പറഞ്ഞു. അതൊരു വലിയ അംഗീകാരമാണ്.

സംഗീത വഴിയിൽ സ്വാധീനിച്ചവർ?

അവസരം തന്നവരെല്ലാം എനിക്കു ഗുരുക്കൻമാരാണ്. ദീപക് ദേവ്, ബിജിബാൽ അവരോടൊക്കെ സ്നേഹവും കടപ്പാടുമുണ്ട്. പക്ഷേ, സ്വന്തം ക്രിയേറ്റിവിറ്റിയിലും കഴിവിലും വിശ്വാസം അർപ്പിച്ചുള്ള സംഗീതം ചെയ്യാനുള്ള ആത്മവിശ്വാസം നൽകിയത് റെക്സ് വിജയനാണ്. ‘കാശ് വരും, ഫെയിം വരും എന്നു കരുതി കവർ മ്യൂസിക്കുകളിൽ കുരുങ്ങി കരിയർ നശിപ്പിക്കരുത്’ എന്നു പറഞ്ഞതു റെക്സ് ചേട്ടനാണ്.

‘ഇനിയും അത്തരം പാട്ടുകളാണ് നീ ഒരുക്കുന്നതെങ്കിൽ വർക് ചെയ്യാന്‍ വരില്ലെന്ന്’ ഒരിക്കൽ ചേട്ടൻ പറഞ്ഞു. അ തെന്റെ വാശിയെ ഉണർത്തി. ഇന്നു കാണുന്ന നിഴലും, പ ദയാത്രയും, ഭാവവും എമ്പ്രാനുമൊക്കെ അങ്ങനെ പിറവി കൊണ്ടതാണ്. ആഗ്രഹങ്ങൾ ഇനിയും ബാക്കിയാണ്. കോക്ക് സ്റ്റുഡിയോ പോലെ വലിയ മ്യൂസിക്കൽ ബാനറുകളുടെ കീഴിൽ വർക് ചെയ്യണമെന്നൊക്കെയുണ്ട്. കാത്തിരിക്കുകയാണു ഞാൻ.

English Summary:

Job Kurian's songs are deeply rooted in the beauty of Kuttanad and personal experiences. The article explores his musical journey, influences, and the love story with his wife, Athira, along with insights into his popular songs and future aspirations.

ADVERTISEMENT