ബാല്യകൗതുകങ്ങൾ മുറിക്കു പുറത്തു വച്ച് അടുക്കളയിൽ കയറിയ കുട്ടികൾ തയാറാക്കിയത് പ്രഫഷനൽ ഷെഫിനെ അദ്ഭുതപ്പെടുത്തിയ വിഭവങ്ങൾ. പഞ്ചനക്ഷത്ര റസ്റ്ററന്റുകളിലെ രുചിക്കൂട്ട് ചേരുവ ചോരാതെ ഒരുക്കിയ കുട്ടികൾ മാർക്ക് ഇടാൻ എത്തിയവരെ അമ്പരപ്പിച്ചു. പാചകകലയിൽ കൈപ്പുണ്യം തെളിയിച്ച് എറണാകുളം പടമുകൾ സ്വദേശിനി നെദിയ അബ്ദുൾ റിയാസ് ‘ലിറ്റിൽ ഷെഫ്’ സ്ഥാനം നേടി.
മിൽക്കി മിസ്റ്റും യുണിബിക്ക് കേക്കും ചേർന്ന് ഇടപ്പള്ളിയിലെ ലുലുമാളിലാണ് ‘വനിത ലുലു ഫൺട്യൂറ ലിറ്റിൽ ഷെഫ്’ മത്സരം നടത്തിയത്. വിവിധ ഘട്ടങ്ങളിലായി പങ്കെടുത്ത മുന്നൂറ്റൻപതു മത്സരാർഥികളിൽ നിന്നു ഫൈനൽ ലിസ്റ്റിലെത്തിയ അഞ്ചു പേരാണ് അന്തിമഘട്ടത്തിൽ കൈപ്പുണ്യത്തിന്റെ മാറ്റുരച്ചത്.
ഇടപ്പള്ളി ലുലു മാളിന്റെ നാലാം നിലയിലെ ഫൺട്യൂറ ഏരിയയിൽ പ്രത്യേകം സജ്ജീകരിച്ച ഹാളിലാണു പാചക മത്സരത്തിന്റെ ഫൈനൽ റൗണ്ട് നടത്തിയത്. ഫൈനൽ പട്ടികയിൽ ഇടംനേടിയവർ ഉച്ച കഴിഞ്ഞു മൂന്നു മണിയോടെ ഹാളിലെത്തി. പിന്നീടുള്ള ഓരോ മിനിറ്റുകളും പ്രഫഷനൽ കിച്ചനിലെ ഒരുക്കങ്ങൾ പോലെ കൃത്യതയുള്ളതായിരുന്നു. ഇൻഡക്‌ഷൻ കുക്കറും പാത്രങ്ങളും മേശപ്പുറത്തു നിരന്നു. പ്രഫഷനൽ ഷെഫുമാരുടെ വേഷവും ഹെഡ് ക്യാപും ധരിച്ച് മത്സരാർഥികളെത്തി.
നിരയായി മൂന്നു പേർ. ഇരു വശങ്ങളിലുമായി രണ്ടു പേർ. സ്റ്റാർട്ട് പറഞ്ഞതോടെ പച്ചക്കറി നുറുക്കലും അരി കഴുകലും മേമ്പൊടികൾ ഒരുക്കലുമൊക്കെയായി ആകെപ്പാടെ അടുക്കള മൂഡ്. മക്കളുടെ ഓരോ നീക്കങ്ങളും ആകാംക്ഷയോടെ നോക്കിക്കൊണ്ട് മാതാപിതാക്കൾ അക്ഷമരായി പുറത്തു കാത്തു നിന്നു.
ലുലു മാളിന്റെ ഗ്രൗണ്ട് ഫ്ളോറിൽ വച്ചായിരുന്നു മത്സരാർഥികളെ പ്രഖ്യാപിക്കൽ. മാളിന്റെ നടുത്തളത്തിൽ ഒരുക്കിയ പ്രത്യേക വേദിയിൽ മത്സരാർഥികളെത്തി. ഓരോരുത്തരും തയാറാക്കിയ വിഭവങ്ങൾ അവർക്കു മുന്നിൽ നിരന്നു. അപ്പോഴേക്കും വേദിക്കു ചുറ്റും കാഴ്ചക്കാർ നിറഞ്ഞു. മാളിലെത്തിയ ജനക്കൂട്ടം നാലു നിലകളിലായി നിലയുറപ്പിച്ച് ഈ വേദിയിലേക്ക് നോക്കി നിന്നു. ലിറ്റിൽ ഷെഫ് സ്ഥാനം ആരു നേടും?
മത്സരത്തിന്റെ സെലിബ്രിറ്റി ജഡ്ജായി എത്തിയിരുന്ന നടൻ ഇർഷാദ് അലി വേദിയിൽ എത്തി. ലുലു മാരിറ്റ് ഹോട്ടലിലെ എക്സിക്യൂട്ടീവ് ഷ്യൂ ഷെഫ് ആഷിശ് കുമാർ, ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ എക്സിക്യൂട്ടീവ് ഷെഫായ ഖാലിഷ് എന്നിവർ കുട്ടികൾ തയാറാക്കിയ വിഭവങ്ങൾ രുചിച്ച് മാർക്ക് നിശ്ചയിച്ചു. ലിറ്റിൽ ഷെഫ് സ്ഥാനം നേടിയത് എറണാകുളം പടമുകൾ സ്വദേശിനി നെദിയ അബ്ദുൾ റിയാസ്. രണ്ടാം സ്ഥാനത്ത് തോപ്പുംപടി സ്വദേശി മുഹമ്മദ് അദിനാൻ. തൃക്കാക്കര സ്വദേശിനി നെഷ്വ്വ മറിയം ഷാഹിറിനു മൂന്നാം സ്ഥാനം.
കുരുന്നു പ്രായത്തിൽ തന്നെ പാചകകലയിൽ നൈപുണ്യം തെളിയിച്ചവരെ നടൻ ഇർഷാദ് അലി പ്രശംസിച്ചു. മത്സരത്തിൽ പങ്കെടുത്ത മറ്റു രണ്ടു പേരേയും അദ്ദേഹം അഭിനന്ദിച്ചു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നെദിയ അബ്ദുൾ റിയാസിന് 50,000 രൂപയുടെ ക്യാഷ് അവാർഡും ലുലു ഫൺട്യൂറ നൽകുന്ന ഫലകവും നടൻ ഇർഷാദ് അലി കൈമാറി.
രണ്ടും മൂന്നും സ്ഥാനം നേടിയ വിജയികൾക്ക് 25,000 , 10,000 എന്നിങ്ങനെ ക്യാഷ് അവാർഡും ഫലകവും നൽകി. ഇതോടൊപ്പം മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.
ലുലു ഫൺട്യൂറ ജനറൽ മാനേജർ എം. അംബികാപതി, മിൽക്കി മിസ്റ്റ് മാർക്കറ്റിങ്ങ് ആൻഡ് സെയിൽസ് ജനറൽ മാനേജർ ആർ. ജഗദീശൻ, യുണിബിക്ക് എറണാകുളം റീജിയൻ ഡിസ്ട്രിബ്യൂട്ടറുമാരായ പി.എ മനാഫ്, സി.എ ബിബിൻ എന്നിവർ പങ്കെടുത്തു.