‘പപ്പയുടെ ക്ലിനിക്കിൽ വരുന്നവരൊക്കെ കുട്ടി ഡോക്ടർ എന്നാണ് വിളിച്ചിരുന്നത്’: ഓര്മ പങ്കുവച്ച് മമിത ബൈജു Mamitha Baiju: A Doctor's Daughter's Path to Stardom
Mail This Article
ഡോക്ടർ ആവാനായിരുന്നു ആഗ്രഹം. പക്ഷേ, ഒരു മിനി കൂപ്പറും ഓടിച്ച് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ചേക്കേറുകയായിരുന്നു മമിത ബൈജു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ വന്ന പ്രേമലുവിൽ നായികയായതോടെ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻ ബേസുള്ള നടിയായി മാറി നമ്മുടെ മമിത.
കോട്ടയം കിടങ്ങൂരിൽ വേഴമ്പശ്ശേരിൽ വീട്ടിലെ ഡോ. ബൈജുവിന്റെയും മിനിയുടെയും മകൾ സിനിമയിലേക്കു വന്നത് തികച്ചും യാദൃച്ഛികമായി. സർവോപരി പാലാക്കാരൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ മമിത ഒൻപതാം ക്ലാസിൽ പഠിക്കുന്നു. ഫാഷൻ കമ്പനി നടത്തിയ പേജന്റ് വോക്കിൽ പങ്കെടുത്തു. ഒന്നു രണ്ടു പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. അതായിരുന്നു മമിതയുടെ ക്യാമറ പരിചയം. പിന്നീട് പത്തിലേറെ സിനിമകൾ.
കുറുമ്പുള്ള കൗമാരക്കാരിയായി, പെങ്ങളായി പല വേഷങ്ങളിലൂടെ മമിത മലയാളികളുടെ മനസ്സിലേക്കു കുടിേയറി. എന്നാൽ പബ്ലിസിറ്റിയൊന്നും വലിയ കാര്യമാക്കാറില്ല മമിത. കോട്ടയത്തും എറണാകുളത്തുമൊക്കെ ഇരുചക്രവാഹനത്തിൽ കറങ്ങാൻ ഒരു മടിയുമില്ല മമിതയ്ക്ക് ഇപ്പോഴും. ആൾക്കാർ തിരിച്ചറിഞ്ഞു ക്യാമറയുമായി വരുമ്പോഴേക്കും ഒരു ചെറുചിരിയോടെ അവർക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യാനും മടിയില്ല.
എറണാകുളത്തെ ഒരു കഫേയിൽ സ്കൂട്ടറിലാണു കൂട്ടുകാരിയോടൊപ്പം മമിത വന്നത്. ഈ അഭിമുഖത്തിനായി.
ഡോക്ടർമാർ മക്കളെ എങ്ങനെയും ഡോക്ടറാക്കാൻ ശ്രമിക്കുന്ന ഈ കാലത്ത് ഡോക്ടറുടെ മകൾ എങ്ങനെയാണു സിനിമയിൽ വന്നത്?
ഞാനൊരു ഡോക്ടറാവണം എന്നായിരുന്നു പപ്പയുടെയും ആഗ്രഹം. എന്നാൽ ആറേഴു സിനിമകൾ കഴിഞ്ഞപ്പോൾ ഡോക്ടർ മോഹം ഞാനങ്ങ് ഉപേക്ഷിച്ചു. പപ്പയ്ക്ക് ആദ്യം അതിൽ വിഷമമുണ്ടായിരുന്നു. പിന്നെ പപ്പയും അത് ഉൾക്കൊണ്ടു. കാരണം എന്താണെന്നാൽ സിനിമാരംഗം പപ്പയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. സിനിമാ സംവിധായകൻ ആവുക ആയിരുന്നു പപ്പയുടെ സ്വപ്നം. പക്ഷേ, വീട്ടിലെ സാമ്പത്തികസാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. മാത്രമല്ല പപ്പ നന്നായി പഠിക്കുന്ന ആളായിരുന്നതുകൊണ്ട് പഠിച്ച് ഡോക്ടറായി. മെഡിക്കൽ കോളജിൽ ജോലി ചെയ്തു. അതിനുശേഷം അമൃത ആശുപത്രിയിൽ റിസർച്ച് ചെയ്തു. അതിനുശേഷമാണ് ഞങ്ങളുടെ നാട്ടിൽ തന്നെ സ്വന്തം ക്ലിനിക്ക് തുടങ്ങിയത്. സിനിമ ആഗ്രഹിച്ച് ഡോക്ടർ ആയ ആളാണു പപ്പ. ഡോക്ടറാവാൻ ആഗ്രഹിച്ച് സിനിമാരംഗം തിരഞ്ഞെടുത്ത ആളാണു ഞാൻ.
ക്ലിനിക്കിലെ കുഞ്ഞുഡോക്ടറായിരുന്നു എന്നു കേട്ടിട്ടുണ്ട്?
കുഞ്ഞായിരുന്നപ്പോഴേ ഞാൻ പപ്പയുടെ ക്ലിനിക്കിൽ പോയിരിക്കും. അവിടെ വരുന്നവർക്കൊക്കെ എന്നെ വലിയ ഇഷ്ടമായിരുന്നു. ‘കുട്ടി ഡോക്ടർ’ എന്നാണ് അവർ വിളിച്ചിരുന്നത്.
അന്നൊക്കെ ഞാൻ വിശ്വസിച്ചിരുന്നത് ഞാനും ഡോക്ടർ ആണെന്നാണ്. കുറച്ചുകൂടി മുതിർന്നാൽ എനിക്കും രോഗികളെ പരിശോധിക്കാമെന്നും മരുന്നു കൊടുക്കാെമന്നുമൊക്കെ കരുതി. പിന്നീടാണ് ഡോക്ടറാവാൻ പഠിക്കണമെന്നൊക്കെ മനസ്സിലാവുന്നത്.
അപ്പോഴും ഡോക്ടറാവാൻ തന്നെയായിരുന്നു താത്പര്യം. രോഗം ഭേദമായ പലരും വന്ന് അച്ഛനോട് നന്ദി പറയുന്നതും ഇമോഷണലായി സംസാരിക്കുന്നതും കണ്ടിട്ടുണ്ട്. ഈ ജോലിക്ക് സേവനമുഖം കൂടിയുണ്ടല്ലോ അതും ആകർഷിച്ചു. മാത്രമല്ല മെഡിക്കൽ പിജിക്കു പഠിക്കേണ്ട വിഷയങ്ങൾ പോലും ഞാൻ കണ്ടുവച്ചു.
പക്ഷേ, വിധിച്ചത് അതല്ലായിരുന്നു. ഓർക്കുമ്പോൾ ഈ ജീവിതമൊരു ഭാഗ്യമായാണ് തോന്നുന്നത്. എന്റെ അച്ഛനും അമ്മയും കഷ്ടപ്പെട്ടതിന്റെ ഫലം. പക്ഷേ, ഈ ഗ്ലാമറൊക്കെ ശാശ്വതമാണെന്നു വിശ്വസിക്കുന്ന ആളല്ല ഞാൻ.
അമ്മയാണോ പ്രേത്സാഹനം?
കുടുംബത്തിന്റെ മൊത്തം സപ്പോർട്ട് ഉണ്ട്. എങ്കിലും കൂടുതൽ പ്രോത്സാഹിപ്പിച്ചത് അമ്മയാണ്. ഞാൻ പറഞ്ഞില്ലേ അമ്മയ്ക്കു സാധിക്കാതെ പോയ ആഗ്രഹങ്ങളായിരുന്നു എന്നിലൂടെ അമ്മ സാധിച്ചതെന്ന്.
എനിക്കു ഡാൻസിനു സമ്മാനം കിട്ടണമെന്നും ആ ഫോട്ടോ പത്രത്തിൽ അച്ചടിച്ചു വരണമെന്നും അമ്മ ആഗ്രഹിച്ചു. സ്കൂൾ യുവജനോത്സവത്തിലൂടെ അതു നടന്നു.
മഞ്ജു വാരിയരിൽ നിന്ന് ഞാനൊരു അവാർഡ് വാങ്ങണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. മഴവിൽ മനോരമയിലൂടെ അതു സാധിച്ചു.
‘വനിത’യുെട കവർഫോട്ടോയായി എന്റെ ചിത്രം വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. കാരണം വർഷങ്ങളായി അമ്മ വനിതയുടെ വായനക്കാരിയാണ്. ഇപ്പോഴിതാ വനിതയിലൂടെ അതും സാധിക്കുന്നു. യഥാർഥത്തിൽ ഇതൊക്കെ അമ്മ എന്റെ കുട്ടിക്കാലത്തേ കൊതിച്ചിരുന്ന കാര്യങ്ങളാണ്.
കഥാപാത്രങ്ങളോടുള്ള ഈ ആത്മാർഥതയാണോ ഇത്രയും ആരാധകരെ സൃഷ്ടിച്ചത്?
അതു പപ്പയിൽ നിന്നു പഠിച്ച പാഠമാണ്. എന്തു ജോലി െചയ്താലും വളരെ ആത്മാർഥമായി ചെയ്യണമെന്നാണ് പപ്പ പഠിപ്പിച്ചിട്ടുള്ളത്.
തീരെ ചെറിയ കുട്ടികളും അമ്മൂമ്മമാരുമൊക്കെ കാണാ ൻ വരുന്നതാണ് ഏറെ സന്തോഷം. എന്റെ സമപ്രായക്കാരൊക്കെ ആരാധന കൊണ്ടു വരുന്നതാവും. പക്ഷേ, ഇവർ അങ്ങനെയല്ലല്ലോ? ഉള്ളിലുള്ള ഇഷ്ടം കൊണ്ടു വരുന്നതല്ലേ?
പ്രേമലുവിൽ മിനി കൂപ്പർ ഓടിച്ച് മറ്റുള്ളവരെ ഞെട്ടിക്കുന്നതുപോലെ നന്നായി വണ്ടി ഓടിക്കാറുണ്ടോ?
റീനുവിനെപ്പോലെ അമിതവേഗത്തിൽ വണ്ടി ഓടിക്കുന്ന ആളല്ല ഞാൻ. മിതമായ സ്പീഡിലേ ഓടിക്കു.
ചേട്ടൻ മിഥുൻ കാനഡയിലെ പഠനം കഴിഞ്ഞ് ഇപ്പോൾ നാട്ടിൽ എന്നോടൊപ്പമുണ്ട്. ഞങ്ങൾ എറണാകുളത്താണു താമസം. ഇടയ്ക്കിടയ്ക്കു കിടങ്ങൂരേക്കു പോകും. ഫോക്സ്‌വാഗൻ ടൈഗൂൺ ആണ് എന്റെ വാഹനം. അതിലാണു യാത്ര. പിന്നെ, കാർ മാത്രമല്ല സ്കൂട്ടറും ബൈക്കും ഓടിക്കാൻ ഇഷ്ടമാണ്.
( 2024 സെപ്റ്റംബര്‍- ഒക്ടോബര്‍ ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ )
