‘എന്നോട് ഈ രീതിയിൽ സംസാരിക്കരുത്’ എന്നു മുഖത്തു നോക്കി പറയാനുള്ള ആർജ്ജവം ഓരോ സ്ത്രീയും കാണിക്കണം’: മഞ്ജു പത്രോസിന്റെ വാക്കുകൾ ചർച്ചയാകുന്നു Actress Manju Pathrose Urges Women to Uphold Dignity Online
Mail This Article
പലപ്പോഴും യൂട്യൂബേഴ്സ് സ്ത്രീകളോട് ഡബിൾ മീനിങ്ങിലും ബഹുമാനമില്ലാതെയും സംസാരിക്കുന്നത് കാണാറുണ്ടെന്നും എന്നാൽ മറ്റൊരാൾക്ക് നമ്മോട് ഇത്തരം രീതിയിൽ സംസാരിക്കാനുള്ള ധൈര്യം നമ്മളായിട്ട് നൽകരുതെന്നും നടി മഞ്ജു പത്രോസ്. നമ്മോട് എന്ത് സംസാരിക്കണം, എത്രത്തോളം സ്വാതന്ത്ര്യം എടുക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം നമുക്ക് മാത്രമാണ്. ഒരാൾ മോശമായി പെരുമാറിയാൽ പിന്നീട് അത് ആവർത്തിക്കാൻ ഇടം കൊടുക്കാത്ത രീതിയിൽ കൃത്യമായ അതിർവരമ്പുകൾ നിശ്ചയിക്കണമെന്നും മഞ്ജു സോഷ്യല്‍ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.
‘എങ്ങനെയും ജീവിക്കാൻ പാടില്ല. വനിതാ ദിനത്തോടനുബന്ധിച്ച് നമുക്ക് സ്വയം ഓർമിപ്പിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ അന്തസ്സ് ആണ്. ആണായാലും പെണ്ണായാലും സ്വന്തം അന്തസ്സ് പണയപ്പെടുത്തിക്കൊണ്ട് നമ്മൾ ജീവിക്കേണ്ടതില്ല. ലോകത്തിന് മുന്നിൽ തലയുയർത്തിപ്പിടിച്ച് തന്നെ നിൽക്കണം. സോഷ്യൽ മീഡിയയിൽ പലപ്പോഴും കാണുന്ന ചില പ്രവണതകൾ ഏറെ വിഷമകരമാണ്. ചില യൂട്യൂബേഴ്സ് സെലിബ്രിറ്റികളോടോ സാധാരണക്കാരോടോ ഒക്കെ മോശം രീതിയിലോ ഡബിൾ മീനിങ്ങിലോ സംസാരിക്കുന്നത് കാണാറുണ്ട്. എന്നാൽ മറ്റൊരാൾക്ക് നമ്മോട് എങ്ങനെ സംസാരിക്കണം എന്ന കാര്യത്തിൽ കൃത്യമായ ഒരു അതിർവരമ്പ് നിശ്ചയിക്കേണ്ടത് നമ്മൾ തന്നെയാണ്. അത്തരത്തിൽ സംസാരിക്കാനുള്ള ധൈര്യം നമ്മളായിട്ട് ആർക്കും നൽകരുത്.
നമ്മോട് എന്ത് സംസാരിക്കണം, എത്രത്തോളം സ്വാതന്ത്ര്യം എടുക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം നമുക്ക് മാത്രമാണ്. അത് ആണായാലും പെണ്ണായാലും. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കണ്ട ഒരു വിഡിയോയിൽ, ഒരു സ്ത്രീ കാറിൽ കയറുമ്പോൾ പുറകിൽ നിന്ന് പരിഹാസരൂപേണ സംസാരിച്ച യൂട്യൂബേഴ്സിനു മറുപടി നൽകാതെ ചിരിച്ചു തള്ളുന്ന കാഴ്ച കണ്ടു. അതെനിക്ക് വലിയ വിഷമം തോന്നി. അത്തരം സാഹചര്യങ്ങൾ ഉണ്ടാക്കി കൊടുക്കരുത് എന്നതാണ് പ്രധാനം. ഒരാൾക്ക് നമ്മളോട് മോശമായി സംസാരിക്കാൻ പേടി തോന്നണം. അത് അവരെ തല്ലിയിട്ടോ വഴക്കിട്ടിട്ടോ ഉണ്ടാക്കേണ്ട പേടിയല്ല, മറിച്ച് നമ്മുടെ പെരുമാറ്റത്തിലൂടെയും ഉറച്ച നിലപാടുകളിലൂടെയും നേടിയെടുക്കേണ്ട ബഹുമാനമാണ്. അതു കുറച്ചുളള സന്തോഷം മതി നമുക്ക്.
നമുക്ക് പിന്നാലെ നമ്മുടെ മക്കളും കുടുംബവുമുണ്ട്. നമ്മളെക്കുറിച്ച് അവർക്ക് അഭിമാനം തോന്നുന്ന രീതിയിലായിരിക്കണം നമ്മുടെ ഓരോ പ്രവർത്തിയും. വഴിയിൽ കൂടി പോകുന്ന ആരായാലും എന്തും സംസാരിക്കാനുള്ള സ്വാതന്ത്യം നൽകരുത്. സോഷ്യൽ മീഡിയയുടെ ഈ കടന്നുകയറ്റ കാലത്ത്, പരിധിവിട്ട ചോദ്യങ്ങളുമായോ ബഹുമാനമില്ലാത്ത സംസാരവുമായോ ആര് വന്നാലും അവിടെത്തന്നെ തടയാൻ നമുക്ക് സാധിക്കണം. ഒരാൾ മോശമായി സംസാരിച്ചാൽ പിന്നീട് അത് ആവർത്തിക്കാൻ അയാൾക്ക് ഇടം കൊടുക്കരുത്. ‘എന്നോട് ഈ രീതിയിൽ സംസാരിക്കരുത്’ എന്ന് മുഖത്ത് നോക്കി പറയാനുള്ള ആർജ്ജവം ഓരോ സ്ത്രീയും കാണിക്കണം. കുറച്ചു നേരത്തെ സന്തോഷത്തേക്കാൾ വലുതാണ് നമ്മുടെ ആത്മാഭിമാനം എന്ന് ഉറച്ചു വിശ്വസിക്കുക.
വലിയ രീതിയിലുളള കടന്നു കയറ്റമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾക്ക്. വട കഴിച്ചിട്ടുണ്ടോ എന്ന് യാതൊരു മര്യാദയുമില്ലാതെ ചോദിക്കുമ്പോൾ ആ ചോദ്യം കേട്ട് ആസ്വദിച്ച് മറുപടി പറയുന്നതു കാണുമ്പോൾ എനിക്ക് ഭയങ്കര ബുദ്ധിമുട്ട് തോന്നുന്നു. അതൊരിക്കലും അനുവദിച്ചു കൊടുക്കരുത്’.– മഞ്ജു പത്രോസ് പറഞ്ഞു.