‘ആദ്യം ഭര്‍ത്താവിനെ നഷ്ടപ്പെട്ടു, മൂന്നു തവണ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു’: ഇനിയീ ജോലിക്കില്ലെന്ന് 74 കാരി പ്രേമ! Three Explosions, One Survivor: Prema Courageous Battle
Mail This Article
തറവാട്ടു കുടുംബ ക്ഷേത്രത്തിലെ കളംപാട്ട് ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി പ്രേമ ഉച്ചയോടെ വേലൂരിലെത്തിയപ്പോഴേക്കും അതുവരെ ജോലി ചെയ്തിരുന്ന മുണ്ടത്തിക്കോട്ടെ വെടിക്കട്ടുപുര സ്ഫോടനത്തിൽ കത്തിയമർന്നിരുന്നു. അപകടം പ്രേമയുടെ അടുത്തെത്തി വഴിമാറുന്നത് ഇത് മൂന്നാം തവണയാണ്. ആദ്യ രണ്ട് അപകടങ്ങളിൽ ഭർതൃസഹോദരനെയും ഭർത്താവിനെയും നഷ്ടമായി; അവസാനത്തേതിൽ സുഹൃത്തുക്കളെയും.
വേലൂർ മണിമലർക്കാവ് ക്ഷേത്രത്തിനടുത്ത് നെല്ലിക്കൽ വീട്ടിൽ പ്രേമ മുണ്ടത്തിക്കോട്ടെ വെടിക്കെട്ടുപുരയിൽ പടക്കക്കെട്ടു ജോലിയാണ് മറ്റു സ്ത്രീകൾക്കൊപ്പം ചെയ്തിരുന്നത്. വെടിക്കെട്ടു ജോലികൾ ചെയ്യുന്ന കുടുംബത്തിലേക്കാണ് 53 വർഷം മുൻപ് പ്രേമ വിവാഹം കഴിഞ്ഞെത്തിയത്. പിന്നീട് പ്രേമയും അതേ ജോലികൾ പഠിച്ചു. സീസണുകളിൽ ഭർത്താവിനെ പടക്കനിർമാണശാലയിൽ സഹായിക്കും. അല്ലാത്തപ്പോള്‍ നാട്ടു പണിക്കു പോകും.
1996 വേലൂർ മണിമലർക്കാവ് ക്ഷേത്രത്തിനു സമീപത്തെ വെടിക്കെട്ട് നിർമാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ഭർത്താവിന്റെ അനുജൻ തങ്കപ്പന്‍ മരണപ്പെട്ടു. അന്ന് മരിച്ചത് ആറു പേര്‍, ജോലി കഴിഞ്ഞ് വീട്ടിലേക്കു പോയ പ്രേമ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 2003ൽ വീണ്ടും ഇതേ സ്ഥലത്തെ പടക്കനിർമാണ ശാലയില്‍ സ്ഫോടനമുണ്ടായി. നാലുപേർ സംഭവ സ്ഥലത്തും പ്രേമയുടെ ഭർത്താവ് വേലായുധൻ ഒരാഴ്ച കഴിഞ്ഞ് ആശുപത്രിയില്‍ വച്ചും മരണപ്പെട്ടു. അന്നത്തെ ദിവസം ജോലി കുറവായതിനാൽ പ്രേമ പണിക്കെത്തിയിരുന്നില്ല.
ഭർത്താവിന്റെ മരണശേഷം രണ്ടു കുട്ടികളടങ്ങുന്ന കുടുംബം പുലർത്താൻ പ്രേമ വീണ്ടും പടക്കശാലയിൽ ജോലിക്ക് പോയി തുടങ്ങുകയായിരുന്നു. മുണ്ടത്തിക്കോട് ഉണ്ടായ ദുരന്തത്തോടെ ഈ തൊഴിൽ അവസാനിപ്പിക്കുകയാണെന്നും 74 വയസ്സുകാരി പ്രേമ പറയുന്നു.