ADVERTISEMENT

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരണപ്പെട്ടു. സംഭവത്തില്‍ ഗുരുതരമായ ചികിത്സാപ്പിഴവ് നടന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. നാദാപുരം കല്ലാച്ചി വാണിമേൽ നെല്ലിയുള്ള പറമ്പത്ത് എൻ.പി. റീജിത്ത് (46) ആണ് വ്യാഴാഴ്ച പുലർച്ചെ 4.45 ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചത്. 

2025 ഓഗസ്റ്റ് ആറിനാണ് വൃക്കയിലെ കല്ലു നീക്കാനായി റീജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഈ വർഷം ഏപ്രിലിൽ രണ്ടാം ശസ്ത്രക്രിയയും ചെയ്തിരുന്നു. ഇടതു വൃക്കയിലാണ് കല്ലെന്നു പരിശോധനയിൽ കണ്ടെത്തിയതെങ്കിലും വലതു വൃക്കയിലാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. 

ADVERTISEMENT

ശസ്ത്രക്രിയയ്ക്കു ശേഷവും ആഴ്ചകളോളം പഴുപ്പും വേദനയും തുടർന്നു. റീജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതെല്ലാം സാധാരണമാണെന്നു പറഞ്ഞ് ഡോക്ടർമാർ വിട്ടയക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ആരോഗ്യനില വഷളായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചപ്പോഴാണ് മുൻപ് നടത്തിയ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതായി അറിഞ്ഞതെന്നും കുടുംബം വിശദീകരിച്ചു. 

സാമ്പത്തിക പരാധീനതകളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ തുടർചികിത്സ സാധ്യമാകാതെ വന്നതോടെ വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റിജീത്തിനെ കൊണ്ടുവരുകയായിരുന്നു. റിജീത്തിന്റെ ഇടതുവൃക്കയിൽ ഏപ്രിൽ ഒന്നിന് വീണ്ടും ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വേണ്ടെന്ന് കുടുംബം പറഞ്ഞെങ്കിലും അനുമതിയില്ലാതെയാണ് നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. 

ADVERTISEMENT

എന്നാൽ റിജീത്തിനെ പരിശോധിക്കാന്‍ ‍‍ഡോക്ടര്‍മാര്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് യൂറോളജി വിഭാഗം മേധാവിയെ നേരിൽ കണ്ടു 5000 രൂപ കൈമാറിയതായി ഭാര്യാസഹോദരൻ കെ.കെ. ഷിബു മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു ശേഷമാണ് ചികിത്സ പുനരാരംഭിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. തുടർ ചികിത്സയ്ക്കിടെയാണ് റീജിത്തിന്റെ മരണം.

എന്നാൽ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് യൂറോളജി വിഭാഗം മുൻ മേധാവി ഡോ. വേണുഗോപാൽ പ്രതികരിച്ചു. റിജിത്തിന്റെ രണ്ടു വൃക്കയിലും കല്ലുണ്ട്. പണം വാങ്ങിയിട്ടില്ല. വീട്ടിൽ കൺസൾട്ടിങ്ങും ഇല്ല. രോഗനിർണയം സംബന്ധിച്ച് സിടി സ്കാൻ ഉൾപ്പെടെ എല്ലാ പരിശോധനാ ഫലങ്ങളുമുണ്ടെന്നും ഡോ. വേണുഗോപാൽ വിശദീകരിച്ചു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം തുടങ്ങി. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് ഇൻ ചാർജ് യൂറോളജി വിഭാഗം മേധാവിയോട് റിപ്പോർട്ട് തേടി. ഡിഎംഒയുടെ സാന്നിധ്യത്തിൽ റീജിത്തിന്റെ പോസ്റ്റ്മോർട്ടം നടത്താനും നടപടി സ്വീകരിച്ചു. 

ADVERTISEMENT
Kidney Surgery Gone Wrong: Family Alleges Malpractice:

Medical negligence is alleged following the death of a patient at Kozhikode Medical College hospital after undergoing kidney stone surgery. Relatives claim a significant surgical error led to the death of N.P. Rejeeth, 46, who was admitted for a keyhole surgery to remove kidney stones.

ADVERTISEMENT