‘രണ്ടു ദിവസം മുൻപ് അവിടെ മലയാളി അസോസിയേഷന്റെ ഓണാഘോഷമായിരുന്നു. അന്ന് കളിച്ചുചിരിച്ച് ഒന്നിച്ചു ആഘോഷിച്ചവരാണ്. പെട്ടെന്ന് എന്തുപറ്റി എന്നറിയില്ല. ആകെ ഷോക്കായി ഇരിക്കുവാണ്.’- യുഎസിൽ സുഹൃത്തായ യുവതി കൊലപ്പെടുത്തിയ തൃശൂർ സ്വദേശിനി അഞ്ജനയുടെ അടുത്ത ബന്ധു പറയുന്നു.
അഞ്ജനയെയും തിരുവനന്തപുരം സ്വദേശിനി ആൻ മേരി മാത്യുവിനെയുമാണ് അടുത്ത സുഹൃത്തായ മലയാളി യുവതി അനില കൊലപ്പെടുത്തിയത്. അഞ്ജനയും ആനും അനിലയും ഉറ്റസുഹൃത്തുക്കളായിരുന്നെന്ന് അഞ്ജനയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
"കൊലപാതക കാരണം എന്താണെന്നറിയില്ല. അനിലയുടെ വീടോ മറ്റ് വിവരങ്ങളോ ഞങ്ങൾക്കും കൃത്യമായി അറിയില്ല. കഴിഞ്ഞ അഞ്ച് വർഷത്തോളമായി മൂന്നുപേരും അടുത്ത സുഹൃത്തുക്കളാണെന്നു മാത്രം അറിയാം. അഞ്ജന ആറു വർഷമായി കുടുംബത്തോടെ കാലിഫോർണിയയിലാണ്. അധ്യാപികയായാണ് ജോലി ചെയ്യുന്നത്. ഭർത്താവ് വിജീഷ് സോഫ്റ്റ്‌വെയർ എൻജിനീയറാണ്. മകൾ വാമികയ്ക്ക് ആറു വയസുണ്ട്.
വിവരം അറിഞ്ഞതോടെ നോർക്കയുമായി ബന്ധപ്പെട്ടിരുന്നു. അവർ യുഎസ് എംബസിയുമായി സംസാരിക്കുന്നുണ്ട് എന്നാണ് പറഞ്ഞത്. നോർക്ക സിഇഒയ്ക്ക് മെയിൽ അയച്ചിട്ടുണ്ട്. ഒരു കെട്ടിടത്തിലെ വിവിധ ഫ്ലാറ്റുകളിലായിരുന്നു മൂന്നുപേരും താമസിച്ചിരുന്നത്. രണ്ടു ദിവസം മുൻപ് ഓണാഘോഷങ്ങളിൽ വലിയ സന്തോഷത്തോടെ മൂന്നുപേരും പങ്കെടുത്തിരുന്നു. അതിനുശേഷം സിനിമയ്ക്ക് പോയെന്നും പറഞ്ഞിരുന്നു. ഒറ്റ ദിവസം കൊണ്ട് എന്താണുണ്ടായതെന്ന് അറിയില്ല. പ്രശ്നങ്ങൾ എന്തെങ്കിലും ഉള്ളതായി വീട്ടുകാരോടും പറഞ്ഞിട്ടില്ല. ആകെ ഷോക്കിലാണ്."- ബന്ധു പറഞ്ഞു.
തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം 22 കാക്കനാട് ലെയ്ൻ മറ്റത്ത് ഹൗസിൽ ആൻ മേരി മാത്യു എന്നിവരാണ് മരിച്ചത്. കോട്ടയം ചിങ്ങവനം സ്വദേശി പള്ളത്ര ജേക്കബ്ബിന്റെ ഭാര്യയാണ് ആൻ. ജേക്കബും വിദേശത്താണ്.
ആനിനെ ഫ്‌ളാറ്റിലെ മുറിയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്‌ളാറ്റിന്റെ താഴേക്ക് വിളിച്ച് വരുത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. കൊല്ലപ്പെട്ട രണ്ടുപേരുടെയും പ്രതിയായ യുവതിയുടെയും കുടുംബം ഒരേ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. വിലങ്ങല്ലൂർ സ്വദേശി വീജിഷാണ് അഞ്ജനയുടെ ഭർത്താവ്. അദ്ദേഹം അവിടെ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.