എരിവും പുളിയും മധുരവും ചേർന്ന നല്ല കലക്കൻ മാങ്ങാക്കറി തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം. ഒരു പറ ചോറുണ്ണാൻ ഈ ഒരു കറി മാത്രം മതി...
പച്ചമാങ്ങ ഒഴിച്ചുകറി
1.പച്ചമാങ്ങ – രണ്ട്
2.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
3.ചുവന്നുള്ളി – 150 ഗ്രാം
4.പച്ചമുളക് – നാല്
ഇഞ്ചി – ഒരു ചെറിയ കഷണം
കറിവേപ്പില – ഒരു തണ്ട്
5.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
6.വെള്ളം – ഒന്നരക്കപ്പ്
ശർക്കര – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
7.തേങ്ങ ചിരകിയത് – ഒരു കപ്പ്
ചുവന്നുള്ളി – 4
വെളുത്തുള്ളി – അഞ്ച് അല്ലി
ജീരകം – ഒരു ചെറിയ സ്പൂൺ
8.വെളിച്ചെണ്ണ – ഒരു ചെറിയ സ്പൺ
ഉലുവ – കാൽ ചെറിയ സ്പൂൺ
കടുക് – ഒരു ചെറിയ സ്പൂൺ
ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്
വറ്റൽമുളക് – നാല്
കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙പച്ചമാങ്ങ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙ചട്ടി ചൂടാക്കി വെളിച്ചെണ്ണ ചൂടാക്കണം.
∙ഇതിലേക്ക് ചുവന്നുള്ളി ചേർത്തു വഴറ്റുക.
∙വഴന്നു വരുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙ഇതിലേക്കു പൊടികളും ചേർത്തു വഴറ്റണം.
∙വെള്ളവും ശർക്കരയും ഉപ്പും ചേർത്തു മൂടിവച്ചു വേവിക്കണം.
∙തിളച്ചു മാങ്ങ നന്നായി വെന്തു വരുമ്പോൾ ഒരു സ്പൂൺ കൊണ്ട് മാങ്ങ ഉടച്ചു കൊടുക്കണം.
∙ഏഴാമത്തെ ചേരുവ നന്നായി അരച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കണം. ആവശ്യമെങ്കൽ അൽപം വെള്ളം കൂടി ചേർക്കാം. തിളയ്ക്കുന്നതിനു മുൻപു വാങ്ങാം.
∙എട്ടാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വിളമ്പാം.