Thursday 23 August 2018 02:18 PM IST : By സ്വന്തം ലേഖകൻ

മധുരമൂറും ചിയ പുഡിങ് രണ്ടു തരത്തിൽ തയാറാക്കാം

chia-pudding

പുഡിങ് മധുരം ഇഷ്ടപ്പെടുന്ന കുട്ടികൾക്കും മുതിർന്നവർക്കും രുചികരമായി തയാറാക്കാവുന്നൊരു ചിയ പുഡിങ് കൂട്ടെങ്ങനെയെന്നു നോക്കാം. സൗത്ത് അമേരിക്കയിലും മെക്സിക്കോയിലും ധാരാളമായി കാണപ്പെടുന്ന സാൽവിയ ഹിസ്പാനിക്കയെന്ന ചെടിയുടെ വിത്താണ്. വെള്ളത്തിൽ കുതിർത്തു കഴിയുമ്പോൾ ഒരു ജെൽ കോട്ടിങ്ങും ഇതിനു കാണും. ബേക്കിങിൽ മുട്ട ചേർക്കുന്നതിനു പകരം ചിയ സീഡ്സ് ഉപയോഗിക്കാവുന്നതാണ്. ഒരു ടേബിൾസ്പൂൺ ചിയാ സീഡ് ഒരു വലിയ മുട്ടയ്ക്ക് പകരം ഉപയോഗിക്കാം.

ചിയ പുഡിങ് ചേരുവകൾ

ചിയ സീഡ്സ് – 1 കപ്പ്
പാൽ – ഒന്നര കപ്പ്
തേൻ – 1 ടീസ്പൂൺ
വാനില എക്‌സ്ട്രാക്ട് – 1 ടീസ്പൂൺ
ചോക്ലേറ്റ് ഉരുക്കിയത് – 2 ടേബിള്‍ സ്പൂണ്‍
സ്ട്രോബെറി അരിഞ്ഞത് – ആവശ്യത്തിന്
അല്‍മണ്ട് ഫ്ളേക്‌സ്
ഫ്രഷ് ക്രീം
സീസണൽ ഫ്രൂട്ട്സ്
തൈര് – അര കപ്പ്
തേൻ – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ഒരു കപ്പ് ചിയ സീഡ്സും ഒന്നര കപ്പ് പാലും നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്കു ഒരു ടീസ്പൂണ്‍ തേന്‍ ഒരു ടീസ്പൂണ്‍ വാനില എക്‌സ്ട്രാക്ട് ഇവ ചേര്‍ത്തിഴക്കി നന്നായി മൂടി ആറു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. തണുത്തതിനു ശേഷം ഇത് പുറത്തെടുത്ത് 2 ടേബിള്‍ സ്പൂണ്‍ ഉരുക്കിയ ചോക്ലേറ്റ് ചേര്‍ത്തിളക്കുക. ഇത് ഒരു ഗ്ലാസില്‍ കുറച്ചു അരിഞ്ഞു വച്ച സ്‌ട്രോബെറി ഇട്ട് വിളമ്പുക. ഇതിനു മുകളില്‍ അല്പം കൂടി സ്‌ട്രോബെറിയും അല്‍മണ്ട് ഫ്ളേക്‌സും ഫ്രഷ് ക്രീമും ചേര്‍ത്ത് കഴിക്കാം.

വിത്ത് സീസണൽ ഫ്രൂട്ട്സ്


മിക്‌സിയില്‍ സീസണല്‍ ഫ്രൂട്‌സും അര കപ്പ് തൈരും 2 ടേബിള്‍സ്പൂണ്‍ തേനും അരച്ചെടുക്കുക. ഗ്ലാസിലേക്കു ഫ്രിഡ്ജില്‍ നിന്നെടുത്ത ചിയാ മിശ്രിതം ഒഴിച്ച് അതിനു മുകളില്‍ അരച്ചെടുത്ത സീസണല്‍ ഫ്രൂട്ട്സ് ഒഴിച്ച് കഴിയ്ക്കാം.