Thursday 26 July 2018 05:06 PM IST : By സ്വന്തം ലേഖകൻ

ഇനി വയറു കേടാക്കേണ്ട, രുചികരമായ ചിക്കൻ കട്ലറ്റ് വീട്ടിൽ തയാറാക്കാം (വിഡിയോ)

Chicken-Cutlet

നിങ്ങൾ ചിക്കൻ കട്ലറ്റ് ബേക്കറിയിൽ നിന്ന് വാങ്ങിയാണോ കഴിക്കാറുള്ളത്? ഇങ്ങനെ കഴിച്ചിട്ടുള്ളവർക്കറിയാം പലപ്പോഴും അത് നമ്മുടെ വയറു ചീത്തയാക്കും. എന്നാൽ ഇനി മുതൽ രുചികരമായ ചിക്കൻ കട്ലറ്റ് വളരെ എളുപ്പത്തിൽ വീട്ടിൽതന്നെ ഉണ്ടാക്കാം. തയാറാക്കുന്നത് ഇങ്ങനെ;

ചേരുവകൾ

ചിക്കൻ - 300 ഗ്രാം
പുഴുങ്ങിയ ഉരുളക്കിഴങ്ങ് - 1
സവാള - നേരിയതായി അരിഞ്ഞത് - 1
പച്ചമുളക് - 2
വെളുത്തുള്ളി - 2 ഇതൾ
ഇഞ്ചി - ചെറിയ കഷ്ണം
കുരുമുളക് പൊടി - 2 ടി സ്പൂൺ
മുട്ടയുടെ വെള്ള - 1
കോൺഫ്ലോർ - 2 ടി സ്പൂൺ
ബ്രഡ് പൊടി - കാൽ കപ്പ്
മല്ലി ചപ്പ് - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചിക്കൻ ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ഒരു കുക്കറിൽ വേവിക്കുക. വേവിച്ചു കഴിഞ്ഞതിനുശേഷം ഇറച്ചി മാത്രം എല്ലിൽ നിന്നും അടർത്തി മാറ്റിവയ്ക്കുക. ഇത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് ക്രഷ് ചെയ്തു എടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് അരച്ച മിശ്രിതം വഴറ്റി എടുക്കുക. അതിലേക്ക് അരിഞ്ഞുവച്ച ഉള്ളി ചേർത്ത് നന്നായി വഴറ്റുക. അതിനുശേഷം ചിക്കനും, കുറച്ചു കുരുമുളക് പൊടിയും ചേർത്ത് വീണ്ടും വഴറ്റുക. അവസാനമായി പുഴുങ്ങിയതിനുശേഷം ക്രഷ് ചെയ്തുവച്ച ഉരുളക്കിഴങ്ങ് ചേർക്കുക. തീ അണച്ചതിനുശേഷം കുറച്ചു മല്ലി ചപ്പു ചേർത്ത് നന്നായി മിക്സ് ചെയ്യുക. തണുത്തതിനുശേഷം വഴറ്റിയ മിശ്രിതം രണ്ടു കൈകളും ഉപയോഗിച്ച് കട്ലറ്റിന്റെ ആകൃതിയിൽ പരത്തി എടുക്കുക. മുട്ടയുടെ വെള്ള നല്ലവണ്ണം ഒരു സ്പൂൺ കൊണ്ട് അടിച്ചതിനുശേഷം കുറച്ചു വെള്ളം ചേർത്ത് കലക്കിയ കോൺഫ്ലോർ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. പരത്തി വച്ച കട്ലറ്റ് മുട്ടയുടെ വെള്ളയിൽ മുക്കി ബ്രഡ് പൊടി എല്ലാഭാഗത്തും ആക്കിയതിനുശേഷം എണ്ണയിൽ പൊരിച്ചു എടുക്കുക.

റെസിപ്പി: മിനു അഷീജ്