Friday 29 June 2018 04:43 PM IST : By സ്വന്തം ലേഖകൻ

പ്രാതലിന് രുചികരമായ മാംഗ്ലൂർ ബണ്ണും കട്ടി ചട്ണിയും

manglore-bun

മാംഗ്ലൂർ ബൺ എന്ന പേരു കേൾക്കുമ്പോൾ തന്നെയറിയാം ആളൊരു മംഗലാപുരം സ്വദേശിയാണെന്ന്. മംഗലാപുരത്ത് പോയിട്ടുള്ളവർ ഒരിക്കലെങ്കിലും ഈ വിഭവത്തിന്റെ രുചിയറിഞ്ഞിട്ടുണ്ടാകും. പ്രാതലായി എല്ലാ ഹോട്ടലുകളിലും മാംഗ്ലൂർ ബൺ ലഭിക്കും. അവിടെ കിട്ടുന്ന വളരെ സ്പെഷ്യലായ ഒരു വിഭവം കൂടിയാണിത്. നമുക്കിത് വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം;

ചേരുവകൾ

മൈദ - ഒരു കപ്പ് (150 ml )
റോബസ്റ്റ പഴം  - ഒന്ന്
തൈര് - മൂന്നു ടേബിൾ സ്പൂൺ
ബേക്കിങ് സോഡ - അര ടീ സ്പൂൺ
പഞ്ചസാര - ഒന്ന് മുതൽ രണ്ടു വരെ ടേബിൾ സ്പൂൺ
ജീരകം - അര ടീ  സ്പൂൺ
നെയ്യ്  - അര ടീ  സ്പൂൺ
എണ്ണ  മുക്കി പൊരിക്കാൻ ആവശ്യമായത്
ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാർ എടുത്ത് അതിൽ റോബസ്റ്റ പഴം, തൈര്, പഞ്ചസാര എന്നിവ ചേർത്ത് നല്ലവണ്ണം ബ്ലെൻഡ് ചെയ്യുക (ചേരുവ 1). വേറെ ഒരു വലിയ പത്രം എടുത്ത് അതിൽ മൈദ, ജീരകം, ഉപ്പ്, ബേക്കിങ് സോഡ എന്നിവ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക (ചേരുവ 2). ആദ്യം ബ്ലെൻഡ് ചെയ്തുവച്ച പഴം (ചേരുവ 1), മൈദ മാവിൽ (ചേരുവ 2) ചേർത്ത് കൈ കൊണ്ട് നല്ല പോലെ കുഴയ്ക്കുക. കുറച്ചു നെയ് ഒഴിച്ച് വീണ്ടും നല്ലപോലെ കുഴയ്ക്കുക അതിനുശേഷം കുഴച്ചെടുത്ത മാവ് ഒരു ചെറിയ പാത്രത്തിൽ ഇട്ടു അതിനുമുകളിൽ നെയ് തടവി അടച്ചുവയ്ക്കുക. ഏകദേശം ആറു മുതൽ എട്ടു മണിക്കൂർ വരെ അടച്ചുവയ്ക്കണം. എട്ടു മണിക്കൂർ കഴിഞ്ഞതിനുശേഷം അടപ്പു എടുത്തുമാറ്റി വീണ്ടും നല്ലതു പോലെ കുഴയ്ക്കുക.

മുഴുവൻ മാവും ഉപയോഗിച്ച് മീഡിയം വലുപ്പത്തിൽ ഉള്ള ബോൾ ഉണ്ടാക്കുക. ഇനി ഈ മീഡിയം വലുപ്പത്തിൽ ഉള്ള ബോൾ ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് പരത്തി എടുക്കുക. പരത്തുമ്പോൾ പലകയിൽ പറ്റിപ്പിടിക്കാതിരിക്കാൻ മൈദ ഉപയോഗിക്കാവുന്നതാണ്. പരത്തിവച്ച മൈദാ മാവ് ഓരോന്ന് ആയി രണ്ടുഭാഗവും എണ്ണയിൽ പൊരിച്ചു എടുക്കുക. മുക്കി പൊരിച്ച് എടുക്കുമ്പോൾ, മാംഗ്ലൂർ ബൺ പൂരി പോലെ ലയർ ആയി പൊങ്ങിവരുന്നത് ആയിരിക്കും. മാംഗ്ലൂർ ബൺ സാധാരണ ചട്ണിയുടെ കൂടെയാണ് കഴിക്കുക. നല്ല ടേസ്റ്റി ആയ ഈ മാംഗ്ലൂർ ബൺ നിങ്ങളും ഉണ്ടാക്കിനോക്കൂ... വിഡിയോ കാണാം;

റെസിപ്പി: മിനു അഷീജ്