Friday 30 August 2024 03:17 PM IST : By Deepthi Philips

ആരെയും കൊതിപ്പിക്കും സദ്യ സ്പെഷ്യൽ ഇഞ്ചി പച്ചടി, ഞൊടിയിടയിൽ തയാറാക്കാം!

inchiiiiii

എല്ലാ ദിവസവും ഉച്ചയൂണിന് ഒരേ രുചിയുള്ള കറികൾ കഴിച്ച് മടുത്തവരായിരിക്കും മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ച് നോക്കാവുന്ന ഒരു കറിയാണ് ഇഞ്ചി പച്ചടി. ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഈ ഒരു ഇഞ്ച് തൈര് ഉപയോഗിക്കാവുന്നതാണ്.

ചേരുവകൾ

1.നല്ല കട്ടിയുള്ള തൈര് നല്ലതുപോലെ അടിച്ചെടുത്തത് - 1 & 1/2 കപ്പ്

2.ഇഞ്ചി മീഡിയം സൈസിലുള്ള 2 കഷണം

3.തേങ്ങ - 1/2 കപ്പ്

4.പച്ചമുളക് എരുവിന് അനുസരിച്ച്

5.കറിവേപ്പില - ഒരു തണ്ട്

6.താളിച്ചിടാൻ ആവശ്യമായ എണ്ണ - 1ടേബിൾസ്പൂൺ

7.കടുക് - 1 ടീസ്പൂൺ

8.വറ്റൽ മുളക് - 2

9.ചെറുതായി അരിഞ്ഞെടുത്ത ഇഞ്ചി - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

∙തൈര് കട്ടയില്ലാതെ മയത്തിൽ അടിച്ചു വയ്ക്കുക.

∙മിക്സിയുടെ ജാറില്‍ മീഡിയം വലിപ്പത്തിൽ അരിഞ്ഞുവെച്ച ഇഞ്ചി കഷണങ്ങൾ ഇട്ടുകൊടുക്കുക.

∙അതിലേക്ക് തേങ്ങയും, പച്ചമുളകും, കറിവേപ്പിലയുടെ രണ്ട് ഇലയും, ഒരു ടീസ്പൂൺ തൈരും കൂടി ചേർത്ത് മയത്തിൽ അരച്ചെടുക്കുക.

∙നന്നായി അരഞ്ഞു വന്നാൽ രണ്ട് ടീസ്പൂൺ തൈര് കൂടി അതിലേക്ക് ഒഴിച്ച് മിക്സിയുടെ ജാറിലിട്ട് അടിച്ചെടുക്കാവുന്നതാണ്. ഈയൊരു കൂട്ട് അടിച്ചുവച്ച തൈരിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

∙കറിയുടെ കൺസിസ്റ്റൻസി ആവശ്യാനുസരണം വെള്ളമൊഴിച്ച് മാറ്റിയെടുക്കാവുന്നതാണ്.

∙ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തു കൊടുക്കാം.

∙ഒരു ചെറിയ പാൻ ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുകും, ചെറുതായി അരിഞ്ഞെടുത്ത ഇഞ്ചിയും, ഉണക്കമുളകും, കറിവേപ്പിലയും ഇട്ടുകൊടുക്കുക. താളിപ്പ് കറിയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.