Thursday 19 March 2020 04:56 PM IST

കുർബാനയില്ല, അന്ത്യ ചുംബനമില്ല, അടക്കിന് അടുത്ത ബന്ധുക്കൾ മാത്രം; ഭയവും ശൂന്യതയും നിറയുന്ന ഇറ്റലി; ഫാ. അലക്സാണ്ടർ ചാവേലി പറയുന്നു

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

father-cover

മുഖാവരണമിട്ടും കൈകൾ കഴുകിയും പുതിയ ശുചിത്വപാഠങ്ങളിലൂടെ, ഒട്ടേറെ മുൻകരുതലുകളുടെ കരുത്തിൽ, മലയാളി ഒാരോ ദിവസത്തെയും മറികടക്കുന്ന കാഴ്ചയാണ് ഇന്നു നാം കാണുന്നത്. കൊറോണാ രോഗഭീതി നമ്മുടെ മനസ്സിനെയും ശരീരത്തെയും അത്രമേൽ ഉലച്ചു കളഞ്ഞിരിക്കുന്നു. ഈ സമയത്ത് കൊറോണ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇറ്റലിയിലെ മലയാളികളും വലിയ ഭയാശങ്കകളിലൂടെ ഒാരോ ദിവസത്തെയും നേരിടുകയാണ്. വാതിലിനപ്പുറത്ത് നിലയുറപ്പിച്ച് ഏതു നിമിഷവും ജീവിതത്തിലേക്കു കടന്നു വരാവുന്ന അപകടകാരിയായ ഒരു പ്രതിയോഗിയെപ്പോലെ കൊറോണ എന്ന അണുവിനെ ഭയന്ന് ഇറ്റലിയിൽ കഴിയുന്ന ഒട്ടേറെ മലയാളി സഹോദരങ്ങളുണ്ട്. ഇറ്റലിയിലെ കൊറോണക്കാലത്തെ ജീവിതത്തിന്റെ ഒരു നേർചിത്രം പങ്കു വയ്ക്കുന്നത് 22 വർഷമായി ഇറ്റലിയിൽ സ്ഥിരതാമസമാക്കിയ മലയാളി മിഷണറി വൈദികനായ റവ. ഫാ. അലക്സാണ്ടർ ചാവേലിയാണ്. പാലാ ചേർപ്പുങ്കൽ സ്വദേശിയായ ഫാ. അലക്സാണ്ടർ വർഷങ്ങളായി ഇറ്റലിയിൽ മിഷനറി വൈദികനാണ്. (മിഷനറീസ് ഒാഫ് കംപാഷൻ). ഹർഷാരവങ്ങൾ നിറഞ്ഞ ഇറ്റലിയുടെ പഴയ മുഖം മനസ്സിലുള്ളതു കൊണ്ട് ഇറ്റലിയിലാകെ നിറയുന്ന ശൂന്യതയും ഭയവും അദ്ദേഹത്തിന് നോവു നിറയ്ക്കുന്ന കാഴ്ചകളാകുന്നു.

തിരികെ ഇറ്റലിയിലേക്ക്

സെന്റർ ഒാഫ് ഇറ്റലിയിൽ നിന്ന് 23 കി.മീ. അകലെയുള്ള റോക്കാ സിനിബാൽഡാ എന്ന പ്രദേശത്തെ റിയേത്തി എന്ന സ്ഥലത്താണ് ഫാ. അലക്സാണ്ടർ താമസിക്കുന്നത്. ഈ സ്ഥലത്ത് എണ്ണൂറോളം പേർ താമസിക്കുന്നുണ്ട്. ‘‘പാലായിൽ നിന്ന് ഞാൻ ഫെബ്രുവരി 21ന് ഇറ്റലിയിലേക്കു തിരിച്ചു വരുമ്പോൾ ഇവിടെ കൊറോണ അധികം പേരെ ബാധിച്ചിരുന്നില്ല. എന്നാൽ ഫെബ്രുവരി അവസാനമായപ്പോൾ നോർത്തേൺ ഇറ്റലിയിൽ രോഗം കൂടുതലായി വ്യാപിച്ചു. ആ സമയത്ത് എനിക്ക് പനിയും ജലദോഷവും ചുമയും ഉണ്ടായിരുന്നു. കൊറോണ ആണോ എന്ന് ചെറിയ ഭയവുമുണ്ടായിരുന്നു. പെട്ടെന്നു തന്നെ ഡോക്ടറെ കണ്ടു. പരിശോധനയിൽ രോഗമില്ലെന്നു തെളിഞ്ഞു. ഡോക്ടർ പനിക്കും ചുമയ്ക്കും മരുന്നു തന്നു വിട്ടു. രണ്ടാഴ്ചയ്ക്കു ശേഷം പൂർണമായി സുഖം പ്രാപിച്ചു– ഫാ. അലക്സാണ്ടർ പറയുന്നു.

fr-1

കൊറോണ വ്യാപകമായ ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇ‌റ്റലിയെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. ചൈന കഴിഞ്ഞാൽ ഏറ്റവുമധികം കൊറോണാ രോഗ ബാധിതരുള്ളത് യൂറോപ്യൻ രാജ്യമായ ഇറ്റലിയിലാണ്. നോർത്തേൺ ഇറ്റലിയിൽ ഒതുങ്ങി നിന്ന രോഗം ഇറ്റലിയുടെ മറ്റു ഭാഗങ്ങളിലേക്കും കടന്നെത്തുകയാണ്. രോഗികളുടെ എണ്ണം അനുദിനം കൂടുകയും ദിവസവും ആളുകൾ മരിക്കുകയും ചെയ്യുന്നു. ‘‘എല്ലാവരും കൊറോണ വൈറസ് ബാധിതരായല്ല മരിക്കുന്നത്. പ്രായാധിക്യത്തെ തുടർന്നു മരിക്കുന്നവരും കൊറോണ വൈറസ്ബാധിതരായി നിലവിലുള്ള രോഗം ഗുരുതരമായി മരിക്കുന്നവരും ഉണ്ട്. നോർത്തേൺ ഇറ്റലിയിൽ പ്രത്യേകമായി മിലാൻ, വെനീസ് എന്നീ നഗരങ്ങളെ രോഗം കൂടുതലായി ബാധിച്ചിരിക്കുന്നു. ഇറ്റലി ഒരു ടൂറിസ്റ്റ് കേന്ദ്രമായതിനാൽ വിവിധ രാജ്യങ്ങളിൽ നിന്ന് നിരവധി ആളുകൾ ഇവിടുത്തെ നഗരങ്ങൾ സന്ദർശിക്കാനെത്തുന്നുണ്ട്. അങ്ങനെയാണ് ഈ രോഗം ഇത്ര വ്യാപകമായത്’’ – ഫാ. അലക്സാണ്ടർ വിശദമാക്കുന്നു.

സുരക്ഷിതരാക്കാൻ നിർദ്ദേശങ്ങൾ

രോഗം സർവവ്യാപിയാകാതിരിക്കുന്നതിന് ഇറ്റലിയിലെ ഗവൺമെന്റ് എല്ലാ വിധ മുൻകരുതലുകളുമെടുത്തിട്ടുണ്ട്. ഇറ്റലിയിലെ പ്രധാന ദേവാലയങ്ങളും സ്കൂളുകളും ഒാഫിസുകളും മ്യൂസിയവും എല്ലാം അടച്ചിട്ടിരിക്കുകയാണ്. ആളുകൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത് എന്നാണ് കർശന നിർദേശം. അതിനാൽ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. വീടുകളിൽ നിന്ന് പുറത്തു പോകുന്നതിന് അധികാരികളുടെ അനുവാദം ആവശ്യമാണ്. ആശുപത്രികൾ, ഫാർമസികൾ, സൂപ്പർമാർക്കറ്റുകൾ എല്ലാം പ്രവർത്തിക്കുന്നുണ്ട്. റോമിലെ സൂപ്പർ മാർക്കറ്റുകളിൽ ക്യൂ നിൽക്കണം. ആദ്യം ആറു പേരെ മാത്രമേ അകത്തേയ്ക്ക് കടത്തി വീടൂ. അവർ പുറത്തിറങ്ങുമ്പോൾ അടുത്ത ആറു പേരെ കടത്തി വിടും. എല്ലാ സൂപ്പർമാർക്കറ്റുകളിലും കൈകൾ അണുവിമുക്തമാക്കുന്നതിനുള്ള ലിക്വിഡ് പുറത്തു വച്ചിട്ടുണ്ടാകും. കൈകൾ കഴുകി ഗ്ലൗസ് ധരിച്ചു വേണം അകത്തു കടക്കാൻ. മാത്രമല്ല, നിർബന്ധമായും മാസ്‌ക് ധരിക്കണം. ഷോപ്പിങ് കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും കൈകൾ വൃത്തിയാക്കി സ്വന്തം വാഹനങ്ങളിൽ വീടുകളിലേക്കു മടങ്ങണം. വീട്ടിലെത്തി വീണ്ടും കൈകൾ കഴുകി വൃത്തിയാക്കിയിട്ടേ മറ്റു ജോലികളിലേക്കു കടക്കാവൂ. ഈ മുൻ കരുതലുകളൊക്കെ ഇവിടെയുള്ളവർ കൃത്യമായി പാലിക്കുന്നുമുണ്ട്. മിക്കയിടങ്ങളിലും ആളുകൾക്കാവശ്യമായ സാധനങ്ങൾ ഒാൺലൈൻ സർവീസുകൾ വഴി ലഭ്യമാക്കുന്നുണ്ട്. റോമിൽ പോസ്റ്റ് ഒാഫിസ്, ബാങ്ക് ഇവിടങ്ങളിലെല്ലാം ആളുകൾ ഒരു മീറ്റർ അകലത്തിൽ നിൽക്കണം എന്നും നിർദേശിക്കുന്നുണ്ട്.

fr-2

നിറയുന്നുണ്ട് ശൂന്യത

രോഗബാധിതരെ ആശുപത്രികളിൽ പ്രത്യേക വിഭാഗത്തിലും രോഗം സംശയിക്കുന്നവരെ കർശനമായ നീരീക്ഷണത്തിലും വയ്ക്കുന്നു. ഈ രോഗത്തിനു മരുന്ന് കണ്ടുപിടിക്കാത്തതിനാൽ ഇവിടെ ജനങ്ങൾ വലിയ ഭയത്തിലും ആശങ്കയിലുമാണ് കഴിയുന്നത്. ഇറ്റലിയിലെ പ്രധാന എയർപോർട്ടുകളിൽ ഒട്ടേറെ വിമാനക്കമ്പനികൾ സർവീസ് റദ്ദാക്കിയിട്ടുണ്ട്. റോമിലും വത്തിക്കാനിലുമൊക്കെ ആളുകളുടെ തിരക്കായിരുന്നു കുറച്ചു നാൾ മുൻപ് വരെ. എന്നാൽ കൊറോണ വൈറസ് ഭീതി ഉയർന്നതോടെ ഈ സ്ഥലങ്ങളിലെ റെയിൽവേ സ്‌റ്റേഷൻ, ബസ് സ്‌റ്റേഷനുകൾ, മെട്രോ എന്നിവിടങ്ങളിൽ ആളുകളെ വിരളമായേ കാണാനാകുന്നുള്ളൂവെന്ന് ഫാ. അലക്സാണ്ടർ പറയുന്നു. പല സ്ഥലത്തും ടാക്സികൾ പോലും സർവീസ് നിർത്തിവച്ചിരിക്കുകയാണ്.

fr-3

ഭീതിയോടെ അവർ

‘‘ ഞാൻ താമസിക്കുന്ന സ്ഥലത്ത് മലയാളികൾ ആരും ഇല്ല. എന്നാൽ റോമിൽ പരിചയമുള്ള കുറേപ്പേരുണ്ട്. അവർ എല്ലാവരും സുരക്ഷിതരാണ്. റോമിൽ കുറേയാളുകളെ കൊറോണ ബാധിച്ച നിലയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്. എന്നാൽ അതിൽ മലയാളികൾ ആരും ഇല്ല. എന്റെ ഒരു സ്നേഹിതൻ റോമിലുണ്ട്. അദ്ദേഹം ഒരു നഴ്സാണ്. അദ്ദേഹം വർഷങ്ങളായി കുടുംബത്തോടെ റോമിൽ താമസിക്കുകയാണ്. അവർ താമസിക്കുന്നതിനടുത്തായി കുറേ കൊറോണാബാധിതരുണ്ട്. അതു കൊണ്ട് ഇവർ വളരെ ഭയത്തോടെയാണ് കഴിയുന്നത്. ജോലിക്കു പോകുമ്പോൾ വഴിയിലും ഹോസ്പിറ്റലിലുമെല്ലാം പൊലീസ് പരിശോധനയും ഉണ്ട്. അദ്ദേഹം ജോലി ചെയ്യുന്ന ഹോസ്പിറ്റലിലും കൊറോണ രോഗികളാരുമില്ല എന്നു പറയുന്നു. എങ്കിലും തന്റെ കുട്ടികൾക്കും ഭാര്യയ്ക്കുമൊക്കെ രോഗം പകരുമോ എന്ന ആശങ്കയും അദ്ദേഹത്തിന്റെ സംസാരത്തിൽ വ്യക്തമാകുന്നുണ്ട് ’’ .

fr-4

റോമിൽ പത്തു വർഷമായി ജോലി ചെയ്യുന്ന എന്റെ മറ്റൊരു സുഹ‍ൃത്തുണ്ട്. അവിടെ താമസിക്കുന്നവർക്കും രോഗമില്ല എന്നാണദ്ദേഹം പറഞ്ഞത്. അവിടെയുള്ളവരും വലിയ ഭീതിയോടെ വീട്ടിൽ ഇരിക്കുകയാണ്.അവിടെ കടകളെല്ലാം അടച്ചതു കൊണ്ട് സാധനങ്ങൾ വാങ്ങാനും ദൂരെപ്പോകണം. സാധനങ്ങൾ വാങ്ങി സ്‌റ്റോക് ചെയ്യുകയാണ് എല്ലാവരും ചെയ്യുന്നത്. അവർക്കും ജോലിക്കു പോകുന്നതിനുള്ള അനുവാദം ഇല്ല. രണ്ടാഴ്ചയോളമായി അദ്ദേഹം ജോലിക്കു പോകുന്നില്ല. ജോലിക്കു പോകാത്ത ദിവസങ്ങളിലെ ശമ്പളവും നൽകുന്നില്ല എന്നാണദ്ദേഹം പറഞ്ഞത്’’ .

cemetry

ദേവാലയങ്ങളും അടച്ചു

ഞങ്ങൾ മൂന്ന് വൈദികരാണ് ഈ ഹൗസിൽ ഉള്ളത്. ഇപ്പോൾ ദേവാലയങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ ഞങ്ങൾ കുർബാന അർപ്പിക്കാൻ പോകുന്നില്ല. രോഗം വർധിക്കാതിരിക്കുന്നതിന് ഗവൺമെന്റിന്റെ ശക്തമായ മുൻകരുതലുകൾക്കും നിർദേശങ്ങൾക്കും കത്തോലിക്കാ സഭ എല്ലാ സഹകരണവും നൽകുന്നുണ്ട്. ഇവിടുത്തെ ദേവാലയങ്ങളെല്ലാം താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. തിരുനാൾ , വിവാഹം തുടങ്ങിയ എല്ലാ ചടങ്ങുകളും ആഘോഷങ്ങളും നിർത്തലാക്കിയിരിക്കുകയാണ്. മൃതസംസ്കാര ചടങ്ങുകളിൽ പള്ളിയിൽ കുർബാന ഉണ്ടായിരിക്കുകയില്ല. ആൾക്കൂട്ടത്തെ ഒഴിവാക്കുന്നതിനാണീ മുൻകരുതൽ. മൃതസംസ്കാരചടങ്ങിൽ മരിച്ചയാളുടെ ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമാണു സിമിത്തേരിയിലെത്തുക. ശുശ്രൂഷകൾക്കു ശേഷം എല്ലാവരും പെട്ടെന്നു തന്നെ മടങ്ങിപ്പോകും. ദേവാലയങ്ങൾ അടച്ചതിനെക്കുറിച്ച് ദൈവത്തിനു പോലും കൊറോണയെ ഭയമാണെന്ന മട്ടിലുള്ള ചില പ്രചരണങ്ങൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നിന്നു കേൾക്കാനിടയായി. തികച്ചും വിവേകരഹിതമായ പ്രതികരണം എന്നേ അതേക്കുറിച്ചു പറയാനുള്ളൂ. കൂടുതൽ ആളുകൾ ഒരുമിച്ചു കൂടുമ്പോൾ രോഗം പകരുന്നതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനല്ലേ ഈ മുൻകരുതലുകൾ? – ഫാ. അലക്‌സാണ്ടർ ചോദിക്കുന്നു.

അപ്രതീക്ഷിതമായി വന്ന ഒരു രോഗത്തിന്റെ നിഴൽ ഇറ്റലിയിലാകെ പരന്നു കഴിഞ്ഞു. പ്രതീക്ഷ നിറയുന്ന നാളുകൾ കാത്ത് നമുക്കു പ്രിയപ്പെട്ടവരും അവിടെയുണ്ട്. മനസ്സു കൊണ്ട് അവരോടു ചേർന്നു നിൽക്കാം. ധൈര്യം പകരാം. അതല്ലേ നമുക്കു ചെയ്യാനാകൂ.