Wednesday 06 May 2020 08:15 PM IST : By സ്വന്തം ലേഖകൻ

കൺമണിക്കൊരു കരുതൽ; കൊറോണ കാലം ഗർഭിണികൾ ശ്രദ്ധിക്കേണ്ടത്

pregnant-final

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഗർഭിണികളുടെ കൂട്ടായ്മ. 250 തോളം പേരുള്ള  മൂന്നു ഗ്രൂപ്പുകൾ. ഈ ആശുപത്രിയിൽ രെജിസ്റ്റർ ചെയ്യപ്പെടുന്ന എല്ലാ ഗർഭിണികളെയും ഈ ഗ്രൂപ്പിൽ ചേർക്കുന്നു. ആശുപത്രിയിലെ കൺസൽറ്റൻ്റ് ഗൈനക്കോളജിസ്റ്റ് ഡോക്ടർ എൻ. ആർ റീനയാണ് നേതൃത്വം നൽകുന്നത്.  മറ്റ് ഗൈനക്കോളജിസ്റ്റുമാരായ ഡോക്ടർ ഷൈമ , ഡോക്ടർ രശ്മി എൻ. ആർ , ലേഡി ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ തുടങ്ങിയവർ വളരെ കാര്യക്ഷമമായി ഇതിൽ പ്രവർത്തിക്കുന്നു. 

ഗർഭിണികളെയും അടുത്ത ബന്ധുക്കളെയും ബോധവൽക്കരിക്കാനായി ഉണ്ടാക്കിയ കൂട്ടായ്മയാണിത്. എല്ലാ പ്രസവങ്ങൾക്കും അടുത്ത ബന്ധുക്കളിൽ ഒരാളെയും ഒപ്പം നിർത്തുന്നു. ഗർഭിണി പ്രസവമുറിയിൽ കയറുന്നതു മുതൽ പ്രസവം കഴിഞ്ഞ് അമ്മയേയും കുഞ്ഞിനെയും പുറത്തേക്ക് കൊണ്ടു വരുന്നതു വരെ മുഴുവൻ സമയവും  ബന്ധുക്കളിൽ ഒരാളിൻറെ സാമീപ്യം  അവർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. അതിനു വേണ്ടുന്ന തയ്യാറെടുപ്പുകളും  നിർദ്ദേശങ്ങളും  അവർക്കു നൽകുകയും ഭക്ഷണ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അവർക്കു പറഞ്ഞു കൊടുക്കുകയുമാണ്  ഈ കൂട്ടായ്മയുടെ ലക്ഷ്യം. തലവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ അജയകുമാറിൻറെ നേതൃത്വത്തിൽ ആരംഭിച്ച കൺമണി കൂട്ടായ്മ വിജയകരമാണെന്ന് മനസ്സിലായതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടങ്ങാനിരിക്കെയാണ് ലോക്ക്ഡൌൺ വന്നെത്തിയത്. അങ്ങനെയാണ് വാട്സാപ്പ് കൂട്ടായ്മയിലൂടെ കാര്യങ്ങൾ നടത്താൻ തുടങ്ങിയത്. ആശുപത്രി സൂപ്രണ്ട്, ഡോക്ടർ സുനിൽ കുമാർ, ശിശുരോഗ വിദഗ്ദ്ധർ, മനോരോഗ വിദഗ്ദ്ധൻ തുടങ്ങിയവരുടെ നിർലോഭമായ സഹകരണം ഈ കൂട്ടായ്മക്ക് ലഭിക്കുന്നുണ്ട്. 

 എന്നാൽ ലോക്ക്ഡൌൺ തുടങ്ങിയതോടെ അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കാൻ വേണ്ട നടപടികൾ ഗ്രൂപ്പ് ആവിഷ്കരിച്ചു. പരിശോധന റിപ്പോർട്ടുകൾ ഗ്രൂപ്പിലിട്ടാൽ ഡോക്ടർമാർ നോക്കി വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പിലൂടെ നൽകുന്നു. ആശുപത്രി സന്ദർശനം അനിവാര്യമാണെങ്കിൽ അതിനു വേണ്ട നിർദ്ദേശം നൽകുന്നു. 

പ്രധാന സംശയങ്ങൾ

1. കൊറോണ വൈറസ് ഗർഭിണികളെ എങ്ങനെയാണ് ബാധിക്കുന്നത്?

കൊറോണ വൈറസ് ഗർഭിണിണികളിൽ പനി, ചുമ എന്നതിൽ കവിഞ്ഞ് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ഇതുവരെ കാണ്ടെത്തിയിട്ടില്ല. സാധാരണ ജനങ്ങളിലേതു പോലെ ശ്വാസ കോശങ്ങൾക്കു തന്നെയാണ് ഗർഭിണികളിലും കൂടുതൽ പ്രശ്നങ്ങളുണ്ടാകുന്നത്. എന്നാൽ ഏഴു മാസം കഴിഞ്ഞ ഗർഭിണികളിൽ ഗർഭ പാത്രം മേൽവയറിലേക്ക് എത്തുന്നതിനാൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഏറുന്നതു കൊണ്ട് കോവിഡ് രോഗം വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കേണ്ടതാണ്.

 

2.  കൊറോണ രോഗം വരാതിരിക്കാൻ ഗർഭിണികൾ എന്തെല്ലാം ചെയ്യണം?

👉 കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. കൈകൾ വൃത്തിയാക്കാൻ സാനിറ്റൈസറും ഉപയോഗിക്കാം. 

👉 കൈകൾ കഴുകാതെ മുഖത്ത് സ്പർശിക്കരുത്

👉 ശാരീരിക അകലം പാലിക്കുക. മറ്റ് വ്യക്തികളുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണം. പനി , ചുമ എന്നിവ ഉള്ളവരുമായി അടുത്തിടപഴകരുത്.

👉 ഒത്തു ചേരലുകൾ ഒഴിവാക്കുക. ഹോട്ടലുകൾ, കളി സ്ഥലങ്ങൾ, ബ്യൂട്ടി പാർലറുകൾ, ആഘോഷങ്ങൾ, ഉൽസവങ്ങൾ എന്നിവ ഒഴിവാക്കുക.

👉 പൊതു ഗതാഗതം ഉപയോഗിക്കാതിരിക്കുക

👉ഡോക്ടർമാർ ഉൾപ്പെടെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുവാൻ ഫോൺ, ഇൻറർനെറ്റ് തുടങ്ങിയ മാദ്ധ്യമങ്ങൾ ഉപയോഗിക്കുക

3. ഗർഭിണികൾ കോവിഡ് രോഗബാധിതരുമായി സമ്പർക്കത്തിൽ വരികയോ സമ്പർക്കം പുലർത്തി എന്ന് സംശയം വരികയോ ചെയ്താൽ എന്താണ് ചെയ്യേണ്ടത്?

👉  കോവിഡ് രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നു എങ്കിൽ , നിങ്ങൾ ഡോക്ടറുമായി ഫോണിൽ ബന്ധപ്പെടുക. 

👉 അല്ലെങ്കിൽ അടുത്തുള്ള ആശാ വർക്കർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, അംഗൻവാടി ടീച്ചർ ഇവരിൽ ആരെയെങ്കിലും ബന്ധപ്പെടുക. 

👉 അതുമല്ലെങ്കിൽ ദിശ ഹെൽപ് ലൈൻ നമ്പറായ 1056 ൽ വിളിക്കുക.  ലഭിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രം പ്രവർത്തിക്കുക. ഒരിക്കലും മുൻ കൂട്ടി അറിയിക്കാതെ OP ൽ പോകരുത്. നിങ്ങളിൽ നിന്ന് മറ്റാർക്കും രോഗം വരാതെ നോക്കാനുള്ള മുൻകരുതലാണിത്. 

👉  അതു പോലെ തന്നെ പ്രധാനമാണ് ശരിയായ രീതിയിൽ മാസ്ക് ധരിക്കുക എന്നതും. വായും മൂക്കും പൂർണ്ണമായി മറയത്തക്ക വിധത്തിലാണ് മാസ്ക് ധരിക്കേണ്ടത്. 

👉  ഒരു കാരണവശാലും സംസാരിക്കുന്ന സമയത്ത് മാസ്ക് വായിൽ നിന്ന് മാറ്റരുത്.

👉  മാസ്കുകൾ 6 മണിക്കൂറിൽ ഒരിക്കൽ മാറ്റേണ്ടതാണ്.

👉. ബ്ലീച്ചിങ്ങ് ലായനിയിൽ 20 മിനിറ്റ് മുക്കി വച്ചതിനു ശേഷം കഴുകി  ഉണക്കിയ മാസ്കുകൾ വീണ്ടും ഉപയോഗിക്കാവുന്നതാണ്. 

👉 പൊതു ഗതാഗതം ഉപയോഗിക്കരുത്. സ്വന്തം വാഹനത്തിലോ, ആശുപത്രിയിൽ നിന്നുള്ള വാഹനത്തിലോ ആണ് യാത്ര ചെയ്യേണ്ടത്. 

👉 ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരോടും കുടുംബാഗംങ്ങളോടും ശാരീരിക അകലം പാലിക്കണം

👉 ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് സ്രവ പരിശോധന, ഹോം ക്വാറൻറൈൻ, ആശുപത്രി പ്രവേശനം മുതലായവക്ക് വിധേയയാകണം. 

4. ഹോം ക്വാറൻറൈൻ ആയ ഗർഭിണി ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

👉 ഹോം ക്വാറൻറൈൻ ആണെങ്കിൽ സർക്കാർ നിർദേശിച്ച കാലാവധി കുടുംബാഗംങ്ങളുമായി ഇടപഴകാതെ ഒരു മുറിയിൽ തന്നെ കഴിയണം. 

👉 റൂമിൽ നിന്ന് പുറത്ത് ഇറങ്ങരുത്. വായു സഞ്ചാരമുള്ളതും ശുചിമുറുകളുള്ളതുമായ മുറിയാണ് അഭികാമ്യം.

👉 വൃദ്ധരായവർ, മറ്റ് രോഗങ്ങളുള്ളവർ എന്നിവരുമായി സമ്പർക്കം പാടില്ല.

👉 ആഹാരം കഴിക്കുന്ന പാത്രങ്ങൾ, വസ്ത്രങ്ങൾ, ടവൽ തുടങ്ങിയവ മറ്റാരും ഉപയോഗിക്കരുത്. 

👉 മാസ്ക് എല്ലായ്പോഴും ഉപയോഗിക്കുകയും 6 മണിക്കൂർ കഴിയുമ്പോൾ മാറ്റുകയും വേണം. മാറ്റുന്ന മാസ്കുകൾ 1% ബ്ലീച്ച് ലായനിയിൽ 20 മിനിറ്റ് മുക്കി വച്ചതിനു ശേഷം കത്തിച്ചു കളയണം.

👉 സന്ദർശകരെ അനുവദിക്കരുത്

👉 വീട്ടിലുള്ള ഒരാൾ മാത്രമായിരിക്കണം ഗർഭിണിക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കേണ്ടത്. ഈ വ്യക്തിയും ശാരീരിക അകലം പാലിക്കേണ്ടതാണ്. ഈ വ്യക്തി കൈയ്യുറയും മാസ്കും ധരിക്കേണ്ടതും കൈകൾ ഇടക്കിടെ കഴുകേണ്ടതുമാണ്. ഗർഭിണിക്ക് രോഗലക്ഷണങ്ങൾ വന്നാൽ ആരോഗ്യ പ്രവർത്തകരെ അറിയിച്ചു ലഭിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

ഒപ്പം ഈ വ്യക്തി ഹോം ക്വാറൻ്റൈനിലാവുകയും വേണം

👉  ക്വാറൻറൈനിലുള്ള ഗർഭിണി ഉപയോഗിക്കുന്ന മേശ, മറ്റ് പ്രതലങ്ങൾ , ടോയ്ലറ്റ് തുടങ്ങിയവ 1% ബ്ലീച്ച് ലായനി ഉപയോഗിച്ച് ഇടക്കിടെ തുടച്ചു വൃത്തിയാക്കണം. 

👉 ക്വാറൻറൈനിലുള്ള വ്യക്തിയുടെ തുണികൾ സോപ്പുപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം

👉 ഗർഭിണികൾ സാധാരണ ചെയ്തിരുന്ന വ്യായാമങ്ങൾ ക്വാറൻ്റൈൻ സമയത്ത് വീട്ടിലിരുന്ന് തന്നെ ചെയ്യേണ്ടതാണ്.

5. . ഗർഭിണി ആയ യുവതിക്ക് കൊറോണ സ്ഥിരീകരിച്ചാൽ എന്തു ചെയ്യും

👉 കോവിഡ് രോഗം സ്ഥിരീകരിച്ചാൽ ജില്ലയിലെ കോവിഡ് ആശുപത്രുയിലായിരിക്കും തുടർന്നുള്ള ചികിത്സകൾ. രോഗം ഭേദമാകുന്നതിനു മുമ്പ് പ്രസവം വേണ്ടി വന്നാൽ അതിനുള്ള  അനുബന്ധ സൌകര്യങ്ങളെല്ലാം കോവിഡ് ആശുപത്രിയിൽ ഉണ്ടാകും. ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജുകളും, ജില്ലാ ആശുപത്രികളുമാണ് പൊതുവെ കോവിഡ് ആശുപത്രികളായി മാറ്റപ്പെട്ടിരിക്കുന്നത്. 

പ്രത്യേകം സജ്ജീകരിച്ച പ്രസവം മുറികളിൽ എല്ലാ കരുതലോടും കൂടിയിള്ള പരിചരണം ലഭ്യമാകും

👉 അമ്മയുടെ ഓക്സിജൻ്റെ തോത് നോക്കുക, കുഞ്ഞിൻറെ അനക്കം അറിയുക ഇവയെല്ലാം ഒഴിവാക്കാനാകാത്തതാണ്

👉 കോവിഡ് രോഗ ബാധിതരിൽ സുഖ പ്രസവത്തിന് തടസ്സമില്ല. സുഖ പ്രസവം നടക്കാതിരിക്കുകയോ , ശ്വാസകോശത്തിന്റെ പ്രവർത്തന തകരാറു കൊണ്ട് ഓക്സിജൻ കിട്ടാതെ വരികയോ ചെയ്യുന്ന അവസരങ്ങളിലാണ്    സിസ്സേറിയൻ വേണ്ടി വരുന്നത്. 

6.  ഗർഭിണിക്ക് കോവിഡ് രോഗം വന്നാൽ മുലയൂട്ടാൻ കഴിയുമോ?

👉 ഇതു വരെയുള്ള വിവരങ്ങൾ വച്ച് മുലപ്പാലിലൂടെ കോവിഡ് രോഗം പകരുന്നതായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സ്പർശനത്തിലൂടെയും ഉമിനീർ കണങ്ങളിലൂടെയും അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് രോഗം പകരാം.

👉 മുലയൂട്ടുന്നതിനു മുമ്പ് കൈകൾ സോപ്പുപയോഗിച്ച് കഴുകുക. 

👉 കുഞ്ഞിൻ്റെ മുഖത്തോട്ട് ശ്വാസം വിടുകയോ, തുമ്മുകയോ, ചുമക്കുകയോ ചെയ്യരുത്.

👉 മുലയൂട്ടുന്ന സമയത്ത് മാസ്ക് ധരിക്കണം

👉 അല്ലെങ്കിൽ ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് പാൽ പിഴിഞ്ഞെടുത്ത് രോഗബാധയില്ലാത്ത മറ്റൊരാൾ വഴി കുഞ്ഞിന് പാൽ നൽകാം ( ബ്രസ്റ്റ് പമ്പ് ഉപയോഗിക്കുന്നതിന് മുമ്പ് കൈകളും സ്തനങ്ങളും വൃത്തിയി കഴുകണം)

7.  ഗർഭിണിക്ക് കോവിഡ് രോഗബാധയുണ്ടായാൽ ഗർഭസ്ഥ ശിശുവിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാം?

👉 ഗർഭസ്ഥ ശിശുവിന് ചുറ്റുമുള്ള ആമ്നിയോട്ടിക് ഫ്ലൂയിഡ്, പൊക്കിൾ കൊടിയിൽ നിന്ന് എടുക്കുന്ന രക്തം, നവജാത ശിശുവിൻ്റെ തൊണ്ടയിൽ നിന്നുള്ള സ്രവം എന്നിവയിൽ കൊറോണ വൈറസിൻ്റെ സാന്നിധ്യം ഇതു വരെ കണ്ടെത്താനായിട്ടില്ല. അതു കൊണ്ടു തന്നെ അമ്മയിൽ നിന്ന് ഗർഭസ്ഥ ശിശുക്കളിലേക്ക് രോഗം പകരുന്നതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. അബോർഷൻ, ജന്മനാലുള്ള വൈകല്യം എന്നിവയും കോവിഡ് രോഗം കൊണ്ട് ഉണ്ടാകുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല.