Friday 05 March 2021 11:07 AM IST : By സ്വന്തം ലേഖകൻ

ചെവിയിൽ മൂളലുണ്ടോ? കേൾവിക്കുറവിന്റെ ലക്ഷണമാകാം: ഇഎൻടി വിദഗ്ധർ പറയുന്നതു കേൾക്കൂ

ear4543

നമ്മുടെ ചുറ്റുമുള്ള ആളുകളുമായി ഫലപ്രദമായി ബന്ധപ്പെടുന്നതിനും ആശയവിനിമയം നടത്തുന്നതിനും അന്ത്യന്താപേക്ഷിതമായിട്ടുള്ളതാണ് കേള്‍വി. 2018ല്‍ ലോക ജനസംഖ്യയുടെ 6ശതമാനം ആളുകള്‍ക്ക് കേള്‍വിക്ക് തകരാര്‍ സംഭവിച്ചതായി ഡബ്ലിയു എച്ച് ഒയുടെ കണക്കുകള്‍ പറയുന്നു. 6 ശതമാനത്തില്‍ 93 ശതമാനം മുതിര്‍ന്നവും 7 ശതമാനം കുട്ടികളുമാണ്. ഏകദേശം 65 വയസ്സിനു മുകളില്‍ പ്രായമുള്ള മൂന്നിലൊന്ന് ശതമാനം ആളുകള്‍ക്കും കേള്‍വിക്കുറവ് അനുഭവപ്പെടുന്നു. 2030 ആകുന്നതോടെ ഇത് 630 ദശലക്ഷമായി ഉയരുമെന്നും 2050ല്‍ ഇത് 900 ദശലക്ഷത്തിലധികമാകുമെന്നും ലോകാരോഗ്യ സംഘടന പ്രവചിക്കുന്നു.

ലോക ശ്രവണദിനം

ലോകത്തെ മുഴുവന്‍ ആശങ്കപ്പെടുത്തുന്ന കണക്കാണിത്. അതുകൊണ്ട് തന്നെ ജനങ്ങളില്‍ ഇതിനുള്ള അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും മാര്‍ച്ച് 3ന് ലോക ശ്രവണദിനമായി ആചരിച്ചു വരുന്നു. ശ്രവണ പരിചരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ പ്രതിരോധ നടപടികള്‍, അവബോധ ക്ലാസ്സുകള്‍, വിവിധ പരിപാടികള്‍ എന്നിവ ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്നു. ഇത്തവണത്തെ ലോക ശ്രവണദിനത്തിന്റെ പ്രമേയം 'എല്ലാവര്‍ക്കും ശ്രവണപരിചരണം- ശ്രവണ പരിശോധന, പുനരധിവാസം, ആശയവിനിമയം' എന്നതാണ്. ശ്രവണ നഷ്ടം തടയുന്നതിനുള്ള നടപടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രവണ പരിചരണം മെച്ചപ്പെടുത്തുന്നതിനുമായി ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ 2007 മാര്‍ച്ച് 3 മുതലാണ് പരിപാടികള്‍ സംഘടിപ്പിച്ച് തുടങ്ങിയത്. വിദ്യാഭ്യാസം, തൊഴില്‍, ആശയവിനിമയം എന്നിവ സുഗമമാക്കുന്നതിന് ആളുകളുടെ മുഴുവന്‍ കഴിവുകളും നേടാന്‍ ആളുകളെ സഹായിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

കേൾവിക്കുറവിന് കാരണം

സാധാരണയായി പ്രായവുമായി ബന്ധപ്പെട്ടും ചെവിയിലുണ്ടാകുന്ന അണുബാധ മൂലവുമാണ് കേള്‍വി നഷ്ടപ്പെടാറുള്ളത്. അതുപോലെ പ്രസവാനന്തര അണുബാധ, മെനിഞ്ചൈറ്റിസ്, കാന്‍സര്‍ ചികിത്സയ്ക്കുള്ള കീമോതെറാപ്പിക് മരുന്നുകള്‍, ചില ആന്റിബയോട്ടിക്കുകള്‍ എന്നിവയെല്ലാം കേള്‍വിക്കുറവിന് കാരണമാകുന്ന ഘടകങ്ങളാണ്. അതുപോലെ ദീര്‍ഘകാലമായുള്ള മൊബൈല്‍ ഉപയോഗം, ഇയര്‍ ഫോണ്‍, വിനോദത്തിനായി ഉപയോഗിക്കുന്ന പോര്‍ട്ടബിള്‍ സംഗീത ഉപകരണം എന്നിവയുടെ ഉപയോഗം കൗമാരക്കാരിലും മുതിര്‍ന്നവരിലും കൂടുന്ന പ്രവണത ആശങ്ക ഉയര്‍ത്തുന്നതാണ്.

ഈ ലക്ഷണങ്ങൾ ഉണ്ടോ?

നിങ്ങള്‍ക്ക് ടിവിയിലോ മൊബൈലിലോ ശബ്ദം കൂട്ടിവെക്കേണ്ടി വരാറുണ്ടോ

നിങ്ങള്‍ ഒരു സംഭാഷണത്തില്‍ മറ്റുള്ളവര്‍ പറയുന്ന ഏതെങ്കിലും ഭാഗം വിട്ടുപോകാറുണ്ടോ

നിങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞ കാര്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടാറുണ്ടോ

നിങ്ങള്‍ക്ക് ചെവിയില്‍ ഒരു മൂളല്‍ പോലെ അനുഭവപ്പെടാറുണ്ടോ

ഇത്രയും നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍ നിങ്ങള്‍ കേള്‍വി പരിശോധനകള്‍ നടത്തേണ്ടതാണ്. ഏറ്റവും സാധാരണമായ കേള്‍വി പരിശോധനയാണ് പ്യൂര്‍ട്ടോണ്‍ ഓഡിയോഗ്രാം. ഏകദേശം 15 മിനിറ്റോളം സമയമെടുക്കുന്ന ഈ പരിശോധനയ്ക്ക് രോഗിയുടെ സഹകരണം ആവിശ്യമാണ്. അതുകൊണ്ട് തന്നെ 4 വയസ്സിനു താഴെ പ്രായമുള്ള കുട്ട'ികള്‍ക്കും ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും ഈ പരിശോധന നടത്താന്‍ കഴിയില്ല. അങ്ങനെയുള്ളവര്‍ക്ക് ഒ.എ.ഇ(ഓട്ടോ അക്വസ്റ്റിക് എമിഷന്‍) ബെറ (ബ്രെയ്ന്‍സ്‌റ്റെം ഇവോക്ഡ് റെസ്‌പോസ് ഓഡിയോമെട്രി) എന്നീ പരിശോധനകള്‍ ചെയ്യാവുന്നതാണ്.

കുട്ടികളിൽ

ഒാേട്ടാ അക്വസ്റ്റിക് എമിഷന്‍ ടെസ്റ്റ് എല്ലാ നവജാത ശിശുക്കളിലും ചെയ്യുന്നത് വഴി കുട്ടികളിലെ ശ്രവണവൈകല്യം നേരത്തെ കണ്ടുപിടിക്കുവാന്‍ സാധിക്കും. ഇങ്ങനെ കേള്‍വി വൈകല്യം സ്ഥിരീകരിക്കുന്ന കുട്ടികളില്‍ ആറാം മാസം മുതല്‍ ഹിയറിംഗ് എയ്ഡ് ഫിറ്റിംഗ്, ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി പോലുള്ള ചികിത്സ തുടങ്ങുന്നു. കുട്ടികളില്‍ ശ്രവണ വൈകല്യം സ്‌കൂളില്‍ മോശം പ്രകടനത്തിനും അശ്രദ്ധയ്ക്കും കാരണമാകുന്നു. ഇങ്ങനെയുള്ള കുട്ടികളിലെ ശ്രവണവൈകല്യം പരിശോധിക്കുകയും മാതാപിതാക്കള്‍ വേണ്ട രീതിയില്‍ ചികിത്സ നടത്തേണ്ടതുമാണ്.

പ്രതിരോധിക്കാം

ഉത്സവങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം, പടക്ക ഉപയോഗം എന്നിവയുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുത്തുന്നതും തൊഴില്‍ സ്ഥലങ്ങളില്‍ ജോലിക്കാരുടെ സംരക്ഷണത്തിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും ശ്രവണ നഷ്ടം സംഭവിക്കുന്നത് തടയുന്നതിനായി സഹായിക്കുന്നു. സാധാരണഗതിയില്‍ 60 വയസ്സിന് മുകളിലുള്ളവരില്‍ കേള്‍വിക്കുറവ് പ്രകടമാകാറുണ്ട്. അതിനാല്‍ പ്രായമായ ആളുകളെ പതിവായി ഓഡിയോഗ്രാം പോലുള്ള ശ്രവണ പരിശോധനകള്‍ക്ക് നടത്തുകയും ആശയവിനിമയത്തെ ബാധിക്കുന്ന രീതിയില്‍ കേള്‍വി ശക്തി കുറവാണെങ്കില്‍ ശ്രവണസഹായികള്‍ ഉപയോഗിക്കേണ്ടതുമാണ്. ചെവിയില്‍ അണുബാധയുള്ള ആളുകളില്‍ അണുബാധ മറ്റു ഭാഗങ്ങളിലേക്ക് ബാധിക്കുന്നതിനും കേള്‍വി മുഴുവനായി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. ഇത്തരം ആളുകളില്‍ അണുബാധ തടയുന്നതിനായി ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.

ഒരു പരിധിവരെ കേള്‍വിക്കുറവുള്ള ആളുകള്‍ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ ഒഴിവാക്കുകയും കേള്‍വി ശക്തി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. ഏതൊരു ശ്രവണ സംബന്ധമായ പ്രശ്‌നങ്ങളും സമയബന്ധിതമായി പരിഹരിക്കേണ്ടതാണ്. ഒരു ഇഎന്‍ടി സര്‍ജനെ സമീപിച്ച് കേള്‍വി ശക്തി പരിശോധിക്കാവുന്നതാണ്. ചെവിയുടെ ചില അസുഖങ്ങള്‍ മരുന്നുകൊണ്ട് ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. ഭൂരിഭാഗം ശ്രവണവൈകല്യങ്ങളും ശസ്ത്രക്രിയയിലൂടെയോ, ഹിയറിങ് എയ്ഡ്, കോക്ലിയാര്‍ ഇംപ്ലാന്റ് എിവയിലൂടെയോ പരിഹരിക്കാന്‍ കഴിയുന്നതാണ്. കേള്‍വിശക്തി ഏറ്റവും വിലപ്പെട്ടതാണ്. അതിനെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്.

ഡോ.സന്തോഷ് കുമാര്‍ & ഡോ. ദീപക് ജനാര്‍ധന്‍

ഇ.എന്‍.ടി. ഡിപ്പാര്‍ട്ട്‌മെന്റ്

മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്‌

Tags:
  • Manorama Arogyam
  • Health Tips