Monday 22 March 2021 03:36 PM IST : By സ്വന്തം ലേഖകൻ

അമർനാഥ് യാത്ര ജൂൺ 28 മുതൽ ഓഗസ്റ്റ് 22 വരെ, ഏപ്രിൽ 1 മുതൽ റജിസ്ട്രേഷന്‍ ആരംഭിക്കുന്നു

amay1

കശ്മിർ ഹിമാലയത്തിൽ സമുദ്ര നിരപ്പിൽ നിന്ന് 3880 മീറ്റർ ഉയരത്തിലുള്ള അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള വാർഷിക തീർഥാടനം 2021 ജൂൺ 28 ന് ആരംഭിക്കും. ആഷാഢ ചതുർഥി മുതൽ‌ ശ്രാവണ പൂർണിമ വരെ നീളുന്നതാണ് അമർനാഥ് ഗുഹയിലെ ഹിമലിംഗ ദർശനം. 56 ദിവസം നീണ്ടു നിൽക്കുന്ന ഈ വർഷത്തെ തീർഥാടനം ഓഗസ്‌റ്റ് 22നാണ് അവസാനിക്കുക. തീർഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള റജിസ്ട്രേഷൻ ഏപ്രിൽ 1 മുതൽ ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ശ്രീ അമർനാഥ് ഷ്രൈൻ ബോർഡിന്റെ നേതൃത്വത്തിൽ യാത്ര സംഘടിപ്പിക്കുന്നത്.

amay2

13 വയസ്സിനും 75 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അമർനാഥ് യാത്രയ്ക്ക് റജിസ്റ്റർ ചെയ്യാം. പഞ്ചാബ് നാഷനൽ ബാങ്ക്, ജമ്മു ആൻഡ് കശ്മീർ ബാങ്ക്, യെസ് ബാങ്ക് എന്നീ ബാങ്കുകളുടെ നിശ്ചിത ബ്രാഞ്ചുകളിൽ വേണം റജിസ്ട്രേഷൻ നടത്താൻ. കേരളത്തിൽ പഞ്ചാബ് നാഷനൽ ബാങ്കിന്റെ കോഴിക്കോട് ബ്രാഞ്ചിലും ജമ്മു ആൻഡ് കശ്മീർ ബാങ്കിന്റെ എറണാകുളം, തിരുവനന്തപുരം ബ്രാഞ്ചുകളിലുമാണ് റജിസ്ട്രേഷൻ സൗകര്യം ഉള്ളത്. അപേക്ഷിക്കുന്ന ക്രമത്തിലാണ് മുൻഗണന ലഭിക്കുക. ശ്രീഅമർനാഥ് ഷ്രൈൻ ബോർഡിന്റെ സൈറ്റിൽ നൽകിയിട്ടുള്ള മാതൃകയിൽ വേണം അപേക്ഷിക്കാൻ. സൈറ്റിൽ കൊടുത്തിരിക്കുന്ന അംഗീകൃത ഡോക്ടർമാരുടെ പട്ടികയിലുള്ളവർ നൽകുന്ന കംപൽസറി ഹെൽത്ത് സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിശ്ചിതദിവസം തീർഥാടനം നടത്താനുള്ള യാത്രീ പെർമിറ്റ് ലഭിക്കും. അഞ്ചോ അതിലധികമോ തീർഥാടകരുടെ ഗ്രൂപ്പായി റജിസ്ട്രേഷൻ ചെയ്യണമെങ്കിൽ സൗകര്യം ഷ്രൈൻ ബോർഡിൽ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് www.shriamarnathjishrine.com സന്ദർശിക്കുക.

amay3

പഹൽഗാം, ബാൽതാൽ പാതകൾ ഓരോന്നിലും ദിവസേന 10000 യാത്രികർക്കു വീതം യാത്രാനുമതി ലഭിക്കും. മുൻ വർഷങ്ങളിൽ 7500 പേരേ വീതമാണ് പ്രവേശിപ്പിച്ചിരുന്നത്. 2.5 ലക്ഷം മുതൽ3 ലക്ഷം തീർഥാടകർ വരെ പ്രതിവർഷം ദർശനം നടത്താറുള്ള അമർനാഥ് ഗുഹയിലേക്ക് 2019ലും 2020 ലും തീർഥാടനം പൂർണതോതിൽ നടന്നിരുന്നില്ല. കടുത്ത ശൈത്യവും കാറ്റും ഓക്സിജന്റെ ലഭ്യതക്കുറവും ഉൾപ്പടെ പ്രതികൂല സാഹചര്യങ്ങളുള്ള പ്രദേശങ്ങളിലൂടെയാണ് യാത്രികർ സഞ്ചരിക്കേണ്ടത്. അതിനാൽ മികച്ച ശാരീരിക ക്ഷമത സഞ്ചാരികൾക്ക് ആവശ്യമാണ്.

ഹിന്ദു, ബുദ്ധമത വിഭാഗത്തിൽ പെട്ടവർ ഏറെ പാവനമായി കരുതുന്ന ഒട്ടേറെ സ്ഥാനങ്ങളുള്ള ഹിമാലയത്തിൽ ശിവ ഭക്തരുടെ പുണ്യധാമങ്ങളിൽ പ്രധാനപ്പെട്ടതാണ് അമർനാഥ് ഗുഹ. മഹാദേവൻ തന്റെ അമരത്വത്തിന്റെ രഹസ്യം പാർവതിക്കു പറഞ്ഞുകൊടുത്തത് ഈ ഗുഹയിൽ വച്ചാണെന്നു വിശ്വസിക്കുന്നു. ശിവപാർവതിമാരുടേയും ഗണപതിയുടേയും സാന്നിധ്യമുണ്ടെന്നു വിശ്വസിക്കുന്ന ഗുഹയ്ക്കുള്ളിൽ സ്വാഭാവികമായി രൂപപ്പെടുന്ന ഹിമലിംഗത്തിന്റെ ദർശനമാണ് തീർഥാടനകാലത്തിന്റെ സവിശേഷത. 75 അടി ഉയരവും 40 അടി നീളവുമുള്ള ഗുഹയിൽ 5 അടിയിൽ ഏറെ വലുപ്പമുള്ള ഹിമലിംഗമാണ് രൂപപ്പെടാറുള്ളത്.

amay4

ശ്രീനഗറിൽ നിന്ന് 141 കിലോ മീറ്റർ അകലെ ലിഡർ താഴ്‌വരയിലാണ് അമർനാഥ് ഗുഹ. ജമ്മുവിൽ നിന്ന് പഹൽഗാം വഴിയും ബാൽതാൽ വഴിയും അമർനാഥ് ഗുഹയിലേക്ക് എത്താം. പഹൽഗാവിൽ നിന്ന് ചന്ദൻവാരി, പിസു ടോപ്, ശേഷ്നാഗ്, പഞ്ചതരണി വഴിയുള്ള പാതയിൽ ചന്ദൻവാരി മുതൽ 32 കിലോ മീറ്റർ കാൽനടയായിട്ടോ കുതിരപ്പുറത്തോ സഞ്ചരിക്കണം. ബാൽതാൽ, ഡൊമൈൽ, ബരാരി വഴിയുള്ള രണ്ടാമത്തെ പാതയിൽ 14 കിലോ മീറ്റർ ട്രെക്കിങ് റൂട്ടാണ്. ഹെലികോപ്ടർ യാത്രയ്ക്കുള്ള സൗകര്യവും ശ്രീഅമർനാഥ് ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ഒരുക്കുന്നുണ്ട്.

Tags:
  • Travel Stories
  • Manorama Traveller
  • Travel India