Tuesday 16 February 2021 12:36 PM IST : By Text : Arun Ezhuthachan

മാഘപൗർണമിയിലെ വർണോത്സവം; കേരളസാഹിത്യ അക്കാദമി അവാർഡിലേക്ക് അരുൺ എഴുത്തച്ഛൻ നടത്തിയ യാത്ര

veeedcd334 Photo : Nikhil Raj

യാത്രാവിവരണ വിഭാഗത്തിൽ ‘വിശുദ്ധപാപങ്ങളുടെ ഇന്ത്യ’ എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. അവാർഡിലേക്ക് സഞ്ചരിച്ച വഴികളിലൊന്ന് മനോരമ ട്രാവലർ 2017 ഫെബ്രുവരിയിൽ ഫീച്ചർ ചെയ്തത്...

YELLAMMA_06

മാഘപൗർണമിയിലെ വർണോത്സവം

കർണാടകയിലെ ദാവൻഗരെയിലെ ഉച്ചംഗിദുർഗ ക്ഷേത്രത്തിലാണ് മാഘപൗർണമി ഉത്സവം. 1982ൽ നിരോധനം വരുന്നതു വരെ ദേവദാസിയാക്കൽ ചടങ്ങ് നടന്നത് ഇവിടെയാണ്. 

YELLAMMA_09

കഴിഞ്ഞ മാഘപൗർണമിക്ക് ഞങ്ങൾ ഉച്ചംഗിയിൽ എത്തിയപ്പോൾ അന്തരീക്ഷത്തിലെങ്ങും ‘ഹുദാ... ഹുദാ... ’ മന്ത്രധ്വനി മാത്രം. അ ലങ്കരിച്ചു പൂജിച്ച യെല്ലമ്മാദേവി വിഗ്രഹവുമായി, കൈകളിൽ പച്ചവളകളുമായി അവർ ഉച്ചംഗിദുർഗ ക്ഷേത്രത്തിലെത്തും, ദേവദാസികൾ. കഥകളിൽ വർണിക്കുന്നതു പോലെ നർത്തകികളും സുന്ദരികളുമായ കഥാപാത്രങ്ങളല്ല ഇവർ. ജാതിവ്യവസ്ഥയുടെ ഉച്ഛനീചത്വങ്ങളിലകപ്പെട്ട്, ദേവിക്ക് മുത്തു കെട്ടി ദാസിയാകേണ്ടി വന്ന ഹതഭാഗ്യർ. സമൂഹത്തിലെ പ്രമാണിമാർക്ക് അവർ ദാസികളാക്കപ്പട്ടു. അവരുടെ കമ്പം തീർന്നപ്പോൾ ക്രമേണ ഈ സ്ത്രീകളിൽ പലരും ലൈംഗികത്തൊഴിലിലേക്ക് തള്ളപ്പെട്ടു. ജീവിതാവസാനം ഭിക്ഷാടകരായി മാറി പലരും. 1982ൽ കർണാടകയിൽ ദേവദാസിയാക്കൽ ചടങ്ങ് നിയമം കൊണ്ട് നിരോധിച്ചു. എങ്കിലും, നിയമത്തിന്റെ കണ്ണുവെട്ടിച്ച് മാഘപൗർണമിയിൽ ഇപ്പോഴും രഹസ്യമായി ദേവദാസിയാക്കൽ ചടങ്ങ് നടക്കുന്നുണ്ട് എന്നു കേട്ടറിഞ്ഞാണ് ഞങ്ങൾ ഉച്ചംഗിയിലേക്കു തിരിച്ചത്. 

yellabb5443

ഉച്ചംഗിയിലെ കാഴ്ചകൾ 

പൂജിച്ച് അലങ്കരിച്ച യെല്ലമ്മാദേവി വിഗ്രഹം, ശ്രീകോവിലിന്റെ പുറംചുവരിൽ അടിക്കാനുള്ള പഴം, തേങ്ങ, പഴയ പച്ചവളകൾ ഉപേക്ഷിച്ച് അണിയാനുള്ള പുതിയ പച്ചക്കുപ്പി വളകൾ തുടങ്ങിയവയുള്ള താലവുമേന്തിയാണ് ദേവദാസികൾ ഉച്ചംഗിദുർഗ ക്ഷേത്രത്തിലേക്ക് എത്തുന്നത്. പാറപ്പുറത്തുള്ള ആനഒണ്ട എന്ന കുളത്തിൽ കുളിച്ച് അവർ ദേവിസന്നിധിയിലേക്ക് പോകും. പണ്ട്, മാഘപൗർണമിയിൽ പെൺകുട്ടികളെ ആനഒണ്ടയിൽ കുളിപ്പിച്ച് വർണപ്പൊടികൾ‌ ചാർത്തിയാണ് ദേവദാസിയാക്കാൻ ക്ഷേത്രത്തിലേക്ക് ആനയിച്ചിരുന്നത്. ഇന്ന് ചടങ്ങുകൾ നിരോധിച്ചെങ്കിലും ആനഒണ്ടയിലെ കുളി ഇപ്പോഴും തുടരുന്നു.

YELLAMMA_13

ദേവദാസിയാക്കപ്പെട്ടത് ഭാഗ്യമാണെന്ന് ഇടയ്ക്കിടെ പറയുമ്പോഴും പുതിയ പെൺകുട്ടികൾ ദേവദാസികളാക്കപ്പെടരുത് എന്ന് ഇവിടെയെത്തുന്ന ഓരോ ദേവദാസിയും ആവശ്യപ്പെടുന്നു; ആഗ്രഹിക്കുന്നു. ഏറെ ചികഞ്ഞു ചോദിക്കുമ്പോൾ ദേവദാസിയായതിന്റെ ‘ഭാഗ്യ’ത്തിനപ്പുറം മറഞ്ഞിരിക്കുന്ന ദുരിതങ്ങളുടെ കഥ അവർ കെട്ടഴിക്കുന്നു. തങ്ങളുടെ ജീവിതത്തെ ഇരുളിലാഴ്ത്തിയതെങ്കിലും പഴയ മാഘപൗർണമിയെ ദേവദാസികൾക്ക് മറക്കാനാവുന്നില്ല. ദേവദാസിയാക്കപ്പെട്ടത് യെല്ലമ്മാദേവി തന്ന ഭാഗ്യമെന്ന് ഉറക്കെ പ്രഖ്യാപിച്ച് അവർ ഇന്നും മാഘപൗർണമി നാളിൽ ഉച്ചംഗിയിലെത്തുന്നു. യെല്ലമ്മാദേവിയുടെ വിഗ്രഹവും ദേവിയെ പൂജിക്കാനുള്ള പഴവും മറ്റുമായി ‘‘ഹുദാ ഹുദാ’’ എന്ന മന്ത്രം ഉച്ചത്തിൽ വിളിച്ചു കൊണ്ടാണ് പഴയ ദേവദാസികൾ ക്ഷേത്ര ശ്രീകോവിലിലേക്ക് ഒാടിയെത്തുന്നത്.

YELLAMMA_07

യെല്ലമ്മയുടെ നടയിൽ

ജീവിതത്തിന്എന്നന്നേക്കുമായി കറുപ്പു പകർന്ന ആ തെളിച്ചമുള്ള രാവിൽ അവർ കൂട്ടമായും യെല്ലമ്മയുടെ നടയിലേക്കെത്തുന്നു. ചിലർ നിറം കെട്ട ജീവിതത്തിന്റെ പരിദേവനങ്ങൾ കെട്ടഴിക്കാൻ. ചിലർ ദേവദാസിയെന്ന അംഗീകാരം ഒന്നു കൂടി ഉറപ്പിക്കാൻ. ചിലരാകട്ടെ, എന്തിനെന്നു പോലും അറിയാതെ പഴയ ദിവസത്തിന്റെ ഓർമ പുതുക്കാൻ വേണ്ടി മാത്രം. ക്ഷേത്രവഴിയിൽ കാലം ഭിക്ഷാടകരാക്കിയ ദേവദാസികളെയും കണ്ടു. ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നിറയെ വർണപ്പൊടികൾ വിൽക്കുന്ന കച്ചവടക്കാർ. നിറങ്ങളുടെ ഉത്സവം കൂടിയാണിത്. പണ്ട്, പെൺകുട്ടികളെ വർണം ചാർത്തിയായിരുന്നു ദേവിയുടെ നടയ്ക്കിരുത്തി ദേവദാസിയാക്കിയിരുന്നത്.

YELLAMMA_04

ഇന്ന് ദേവീവിഗ്രഹത്തിൽ ചാർത്താനാണ് ഈ പൊടികൾ. ദേവദാസികളല്ലാത്തവരും ആരാധനയ്ക്കായി ഉച്ചംഗിയിലെത്തും. ദൂരെ ദേശങ്ങളിൽ നിന്ന് കുടുംബസമേതം കാളവണ്ടികളിലാണ് ആളുകൾ ക്ഷേത്രത്തിലേക്കു വരുന്നത്. രണ്ടും മൂന്നും ദിവസത്തേക്കുള്ള ആഹാരസാധനങ്ങളും പലവ്യഞ്ജനവുമൊക്കെയായാണ് അവർ ക്ഷേത്രത്തിലേക്ക് വരുന്നത്. മേഘപൗർണമിക്കും അതിനു മുമ്പുള്ള രണ്ടു ദിവസങ്ങളിലുമായി ആയിരക്കണക്കിന് സ്ത്രീകളാണ് ഇവിടെയെത്തുന്നത്. ക്ഷേത്രപരിസരങ്ങളിൽ ദേവദാസികളാക്കാൻ പെൺകുട്ടികളെ കൊണ്ടു വരുന്നില്ലെന്ന് ഉറപ്പാക്കാനായി എൻജിഒകളുടെ സന്നദ്ധപ്രവർത്തകരുണ്ട്. മൈക്കിലൂടെ അങ്ങനെ ചെയ്യുന്നത് നിയമ വിരുദ്ധ പ്രവർത്തനമാണെന്ന ഒാർമപ്പെടുത്തലുമുണ്ട്.    

YELLAMMA_12

ജില്ലാ ആസ്ഥാനമായ ദാവൻഗരെയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഉച്ചംഗി. ഇവിടെ താമസ സൗകര്യമില്ല. ദാവൻഗരെയിൽ താമസിച്ച് ടാക്സി മാർഗം ഉത്സവം കാണാൻ പോകുന്നതാവും ഉചിതം.  ഇക്കുറി ഫെബ്രുവരി 10ന്ആണ് മാഘപൗർണമി. ഒൻപതിനു രാത്രിയിലും 10നു പുലർച്ചെയുമായി ദേവദാസികൾ യെല്ലമ്മ ക്ഷേത്രം കയ്യടക്കും. ദേവദാസികളല്ലാത്തവരും ക്ഷേത്രത്തിലെത്തും മാഘപൗർണമി നാളിൽ. എങ്കിലും ഈ ഉൽസവം ഒരർഥത്തിൽ ദേവദാസികളുടേതു തന്നെയാണ്. ദേവദാസികളുടെ ജീവിതത്തെ അമാവാസിയിലേക്കു തള്ളിയിട്ട ഒരു പൗർണമിയെ പിന്നെയും പിന്നെയും കൊണ്ടാടാനാണ് അവരുടെ നിയോഗം. 

yellamma33fggg

How to Reach 

YELLAMMA_02

കേരളത്തിൽ നിന്ന് മംഗളുരുവിലെത്തിയും ബെംഗ്‌ളുരുവിലെത്തിയും ദാവൻഗരെയിലേക്ക് പോകാം. ബെംഗ്‌ളുരുവിൽ നിന്ന് ട്രെയിൻ ഉണ്ട്. ട്രെയിൻ മാർഗം 320 കിലോമീറ്റർ ദൂരമുണ്ട്. റോഡ് മാർഗം 270 കിലോമീറ്റർ. മംഗളുരുവിൽ നിന്ന് നേരിട്ട് ട്രെയിൻ ഇല്ല. ഇവിടെ നിന്ന് ദാവൻഗരെയിലേക്ക് റോഡ് മാർഗം 310 കിലോമീറ്റർ ദൂരമുണ്ട്. ദാവൻഗരെയിൽ നിന്ന് ഉത്സവം  നടക്കുന്ന ഉച്ചംഗിയിലേക്ക് 30 കിലോമീറ്റർ ദൂരമുണ്ട്. ഉച്ചംഗിയിൽ താമസ സൗകര്യമില്ല. ദാവൻഗരെയിൽ താമസിച്ച് ടാക്സി മാർഗം ഉത്സവം കാണാൻ പോകുന്നതാണ് ഉചിതം. മാഘപൗർണമിയുടെ തലേന്ന്, ഉച്ചംഗിയിലെത്തിയാൽ ഉത്സവത്തിരക്ക് പൂർണമായി കാണാം.

YELLAMMA_16
Tags:
  • Manorama Traveller
  • Travel India