Monday 16 March 2020 04:53 PM IST : By Text : Ajith Unnikrishnan

കൊടുംവേനലിലും പച്ചപ്പിന്റെ നനുത്ത തണുപ്പും നീരുറവയും; കഥകൾ ഉറങ്ങുന്ന ചാമക്കാവും മാടായിക്കാവും ഒന്നു കണ്ടുവരാം...

kaavu556 Photo : Ajith Unnikrishnan

വെയിൽ വരട്ടിയെടുക്കുന്ന നമ്മുടെ സ്വന്തം നാട്. പച്ചപ്പ് അനുദിനം കരിഞ്ഞുണങ്ങുന്ന നാടിന്റെ ഹരിത പ്രതീക്ഷകളാണ് കാവുകൾ. നാടു കത്തിയുണങ്ങുമ്പോഴും കാവുകൾക്കുള്ളിലും പരിസരങ്ങളിലും പച്ചപ്പിന്റെ നനുത്ത തണുപ്പുണ്ടാവും. നീരുറവകളുണ്ടാവും.

അമ്മദൈവങ്ങൾ കുടിയിരിക്കുന്ന അമ്മക്കാവുകളും നാഗത്താന്മാർ കുടികൊള്ളുന്ന സർപ്പക്കാവുകളും കേരളത്തിന്റെ മിക്ക പ്രദേശങ്ങളിലുമുണ്ട്. എന്നാൽ, തെയ്യങ്ങൾ കുടികൊള്ളുന്ന കാവുകള്‍ ഉത്തരകേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. തീ കത്തുന്ന ഭൂമിയെന്നു (Land of Burning fire) പോർച്ചുഗീസുകാർ വിളിച്ച മാടായിപ്പാറ കടന്നു മാടായിക്കാവിലേക്ക് നമുക്ക് പോകാം.  

madayi-kavu

മാടായി, ചരിത്രവും ഐതിഹ്യവും

പണ്ടു പണ്ട് മാടായിയുടെ പ്രതാപകാലത്ത് വിദേശ സഞ്ചാരികളായ ടോളമിയും ഫാഹിയാനും മാടായി സന്ദർശിച്ചിരുന്നു. കോലത്ത് രാജാവിന്റെ ആസ്ഥാനമായിരുന്നു മാടായി. 8-ാം നൂറ്റാണ്ടിൽ ഏഴിമല ഭരിച്ചിരുന്ന മൂഷിക സാമ്രാജ്യത്തിന്റെ ഒരു ശാഖയായിരുന്നു കോലത്തിരി രാജ്യം. ഏകദേശം 1200 വർഷങ്ങൾക്കു മുൻപ് ഈ രാജവംശത്തിന്റെ ഒരു ശാഖ മാടായിയിലേക്ക് കുടിയേറി. മാടായി അക്കാലത്തെ ഒരു പ്രധാന തുറമുഖവും വാണിജ്യ കേന്ദ്രവുമായിരുന്നു. മാടായി പഴയകാലത്ത് മാരാഹി, മടയേലി, ഹിലിമാറാവി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെട്ടിരുന്നു. വെള്ളം നീങ്ങി ഉയർന്നു വന്ന കരഭാഗത്തിന് മാട് എന്നു പറയാറുണ്ട്. മാടായി പ്രദേശം ഒരു കാലത്ത് കടലായിരുന്നുവത്രെ. കടൽവെള്ളം നീങ്ങി മാട് ആയിമാറിയ പ്രദേശമായതുകൊണ്ടാണ് മാടായി എന്ന് ഈ ഗ്രാമത്തെ വിളിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

ഏറെ പ്രത്യേകതയുള്ളതാണ് മാടായിക്കാവിന്റെ ഭൂമിശാസ്ത്രം. അറുന്നൂറു ഏക്കറോളം പരന്നു കിടക്കുന്ന പീഠഭൂമിയായ മാടായിപ്പാറയുടെ വടക്ക് കിഴക്ക് ഭാഗത്തായാണ്‌ മാടായിക്കാവ്. ലാറ്ററൈറ്റ് (ചെങ്കല്‍) പാറകള്‍ കൊണ്ട് നിറഞ്ഞ പ്രദേശമാണ് ഇവിടം. നിരവധി സുഷിരങ്ങള്‍ ഉള്ള ചെങ്കല്‍ പാറകള്‍ ഇവിടെ പെയ്യുന്ന മഴവെള്ളം മുഴുവന്‍ ഉള്ളിലേക്ക് വലിച്ചെടുക്കുകയും പാറകളുടെ ഉള്ളിലുള്ള അരുവികളില്‍ സദാസമയവും വെള്ളം കിട്ടുകയും ചെയ്യുന്നു.

മാടായിപ്പാറ ഉൾപ്പെടുന്ന പ്രദേശം വിദേശാധിപത്യ കാലത്ത് പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്നു. മാടായിപ്പാറയുടെ അരികുകളിലെ പറങ്കിമാവുകൾ ഇവർ നട്ടുപിടപ്പിച്ചതാണെന്ന് പറയപ്പെടുന്നു. 1765-68 കാലഘട്ടത്തിൽ ഹൈദരാലിയും പട്ടാളവും തമ്പടിച്ചിരുന്ന സ്ഥലമാണു മാടായിപ്പാറയിലെ പാളയം മൈതാനം. ഇവിടെ ജൂതക്കുളം എന്നറിയപ്പെടുന്ന ഒരു കുളമുണ്ട്. ഏതു വേനലിലും ഒരിക്കലും വറ്റാത്ത ആ കുളം ജൂതന്മാര്‍ നിര്‍മിച്ചതാണ്. ഭാരതത്തില്‍ ആദ്യ ജൂത കുടിയേറ്റം നടന്നത് മാടായിലാണ്. എന്നാൽ അതിന്റെ ശേഷിപ്പുകളൊന്നും ഇന്നിവിടില്ല.

Madayippara-Springhs

കഠിനമായ വേനലും ശക്തമായ മഴക്കാലവും ഈ പീഠഭൂമിയുടെ പ്രത്യേകതയാണ്. വേനല്‍ക്കാലത്ത് ഇവിടത്തെ പുല്ലുകള്‍ കരിഞ്ഞുണങ്ങി തീപിടുത്തം ഉണ്ടാവും. പണ്ട് പറങ്കികള്‍ ഈ പ്രദേശത്തെ Land of Burning fire എന്ന് പറയാറുണ്ടായിരുന്നു. ഈ പാറയുടെ കിഴക്ക് ഭാഗത്തുള്ള സ്ഥലം എരിപുരം എന്നാണ് അറിയപ്പെടുന്നത്. മഴക്കാലം കഴിഞ്ഞാല്‍ മാടായിപ്പാറ മുഴുവന്‍ കാക്കപ്പൂവും കൃഷ്ണപ്പൂവും നിറഞ്ഞ പൂക്കളുടെ പരവതാനി പോലെ ആയിരിക്കും.
മാടായിപ്പാറയ്ക്ക് പടിഞ്ഞാറ് ഒരു വള്ളിക്കെട്ടിന് പുറകിലാണ് മാടായിക്കാവ്. പീഠഭൂമിയില്‍ നിന്നും വരുന്ന ശക്തമായ കാറ്റില്‍ മരങ്ങള്‍ക്ക് സ്വാഭാവികമായും വളരാന്‍ കഴിയില്ല. അതിനാല്‍ നിരവധി വള്ളികള്‍ ഉള്ള ഉയരം കുറഞ്ഞ മരങ്ങളാണ് കാവിന് ചുറ്റും. വള്ളിച്ചെടികളാണ് മരങ്ങളെ വളരാന്‍ സഹായിക്കുന്നത്. മാടായിക്കാവിന്നു വടക്കായി വടുകുന്ദ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നു. വടുകുന്ദ ശിവക്ഷേത്രം നിർമിച്ചത് കോലത്തിരി രാജാക്കന്മാരാണെന്ന് കരുതപ്പെടുന്നു. മധ്യകാലഘട്ടത്തിലാണ് ഈ ക്ഷേത്രത്തിന്റെ നിർമാണം. ഈ ക്ഷേത്രക്കുളവും ഒരിക്കലും വറ്റാറില്ല. ഒരുപാടു സവിശേഷതയുള്ള ജൈവസസ്യ ലോകമാണ് മാടായിക്കാവിലേത്. ഇവിടെ മാത്രം കാണുന്ന കൃഷ്ണകേസരം, മാടായിച്ചൂത്, ഹോമിയോപ്പതിയിൽ മരുന്നായി ഉപയോഗിക്കുന്ന കൽമരം, കാർക്കോട്ടി അഥവാ മോതിരക്കണ്ണി, ഈഴച്ചെമ്പകം,  ആവൽ, കുറ്റിച്ചെടിയായ പാണൽ തുടങ്ങിയവ ഇവിടത്തെ സസ്യജാലങ്ങളിൽ ചിലതാണ്.   

kavujbfvjfnbh

മാടായിക്കാവും തെയ്യങ്ങളും

മാടായിക്കാവിലെ അമ്മ ദേവത എത്തിച്ചേര്‍ന്ന പ്രദേശങ്ങളില്‍ എല്ലാം ആ ഗ്രാമങ്ങളുടെ പേരി ല്‍ വ്യത്യസ്ത തെയ്യങ്ങളായി കെട്ടിയാടിക്കുന്നു. ഏതാണ്ട് എഴുപതോളം പേരുകളില്‍ അറിയപ്പെടുന്ന അമ്മദേവതയാണ് മാടായിക്കാവിലമ്മ. കാവിനു വടക്ക് ഭാഗത്താണ് തെയ്യം കെട്ടുക. വലിയ മുടിയുള്ള തെയ്യമാണ്‌ തായ്പരദേവത എന്ന മാടായിക്കാവിലമ്മ.  കാരിഗുരുക്കൾ പുലിവേഷം മറഞ്ഞ് പുലി മറഞ്ഞ തൊണ്ടച്ചൻ തെയ്യമായത് മാടായിക്കാവിലാണെന്നാണ് വിശ്വാസം. മാടായിക്കാവിനു കിഴക്കായി കാവിന്റരികത്ത് പള്ളിയറ എന്ന പള്ളിയറയില്‍ കതിവനൂര്‍ വീരന്‍ തെയ്യവും  കുരിക്കള്‍ തെയ്യവും കെട്ടിയാടുന്നു.

പ്രകൃതിയുമായി ബന്ധപ്പെടുത്തിയതാണ്‌ മാടായിക്കാവിലെ ആരാധനാക്രമം. മാടായിക്ക് പരിസരങ്ങളിലുള്ള സ്ഥലങ്ങളിലെല്ലാം തെയ്യാട്ടം നടക്കുമ്പോള്‍ ഇവിടെ നിന്നാണ് ദീപവും തിരിയും കൊണ്ട്പോകുന്നത്. മാടായിക്കാവിലമ്മ ഇവിടെ നിന്നാണ് പെരിയാട്ട് കടിഞ്ഞിപ്പള്ളി നമ്പ്യാരുടെ കൂടെ വെള്ളൂരിലെ ചാമക്കാവില്‍ എത്തിയത് എന്നും ഐതിഹ്യമുണ്ട്. തായ്പരദേവത, ചുഴലി ഭഗവതി, ക്ഷേത്ര പാലകന്‍, സോമേശ്വരി, കാളരാത്രി, മാഞ്ഞാളിയമ്മ, വട്ടുവ ചേകോന്‍, മാരിത്തെയ്യങ്ങള്‍ എന്നിവയാണ് മാടായിക്കാവിലെ തെയ്യങ്ങൾ. ഇടവമാസം പത്താം തീയതിയോടെയാണ് ഇവിടെ തെയ്യാട്ടം നടക്കുന്നത്.

Papilio-Buddha

ചാമക്കാവിലെ വിശേഷങ്ങള്‍

പുഴകളാലും തോടുകളാലും ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ഗ്രാമമാണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിന് സമീപമുള്ള വെള്ളൂര്. വെള്ളൂച്ചേരിക്കല്ല് എന്നായിരുന്നു ഈ ഗ്രാമം പണ്ട് അറിയപ്പെട്ടിരുന്നത്. ഈ ഗ്രാമത്തിലെ തെയ്യങ്ങള്‍ക്കെല്ലാം അധീശദേവതയായി കരുതപ്പെടുന്ന ചാമക്കാവിലമ്മയുടെ ആസ്ഥാനമാണ് ചാമക്കാവ്. വെള്ളൂര്‍ സർക്കാർ ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപമാണ് ഈ കാവ്. പതിനൊന്നര എക്കറോളം വ്യാപിച്ചുകിടന്ന നുറ്റാണ്ടുകൾ പഴക്കമുള്ള ഈ കാവിന്റെ നാലേക്കറോളം സ്ഥലത്താണു് പിന്നീടു വെള്ളൂർ സർക്കാർ ഹൈസ്കൂൾ നിർമിച്ചത്. ചേരമാന്‍ പെരുമാള്‍ പണ്ട് പെരിയാടനെന്ന ഒരു സൈന്യാധിപനെ ആ പ്രദേശത്തിന്റെ സംരക്ഷണത്തിനു നിയോഗിച്ചു. അദ്ദേഹത്തിന്റെ  സന്തതി പരമ്പരയിലുള്ളവര്‍ ( പെരിയാട്ടു തറവാട്ടുകാര്‍) അവിടെ സ്ഥാപിച്ച നാല്‍പത്തീരടി കളരിയുമായി അനുബന്ധിച്ച് ഉണ്ടായിരുന്ന എഴുത്തു പള്ളിക്കൂടമാണ് വെള്ളൂരിലെ ആദ്യ സ്കൂളായി മാറിയത്. മാടായിക്കാവിലെ തിരുവര്‍ക്കാട്ടമ്മതന്നെയാണ് ചാമക്കാവിലമ്മ എന്ന് വിശ്വസിക്കപ്പെടുന്നു. പെരിയാട്ടു തറവാട്ടിലെ ഒരു കാരണവര്‍ക്ക് ദിവസവും മാടായിക്കാവു വരെ പോയി ഭഗവതിയെ ദര്‍ശിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മാടായിക്കാവിലമ്മ കാരണവരുടെ കളരിയിലും ചാമാക്കാവിലും പ്രത്യക്ഷയായി എന്നാണ് ഐതിഹ്യം.

Skittering-Frog

ഈ ചെറുവനത്തിനകത്ത് വൈദികാരാധനാരീതി പിന്തുടരുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചാമക്കാവ് ഭഗവതി, കേളംകുളങ്ങര ഭഗവതി, പഞ്ചുരുളി, പരവക്കാളി, വിഷ്ണുമൂര്‍ത്തി, വേട്ടയ്ക്കൊരു മകന്‍, കാവില്‍ തെയ്യം തുടങ്ങിയ കോലങ്ങള്‍ ഇവിടെ അരങ്ങേറുന്നു. നാല്‍പത്തീരടി കളരിയിലും ചാമാക്കാവിലും കെട്ടിയാടിക്കുന്ന ചാമക്കാവ് ഭഗവതി എന്ന തിരുവര്‍ക്കാടു ഭഗവതിയുടെ വലിയ തിരുമുടിക്കോലം ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. വലിയ മുടിത്തെയ്യം എന്നും ഈ ഭഗവതിയുടെ കോലത്തെ പറയാറുണ്ട്.ക്ഷേത്ര ഉത്സവവും തെയ്യം കെട്ടും നടക്കുന്ന അപൂർ‌വം ക്ഷേത്രങ്ങളിലൊന്നാണ് ഇവിടം. ഈ അമ്പലത്തിനു പ്രദക്ഷിണം പതിവില്ല എന്ന പ്രത്യേകത കൂടിയുണ്ട്.

_MG_3833

കഥകളുറങ്ങുന്ന കാവ്

ദേവാസുര യുദ്ധത്തില്‍ ധാരാളം അസുരന്മാര്‍ മരിച്ചു വീണ ഭൂമിയാണ്‌ ഇതെന്നും. അതിനാല്‍ അശുദ്ധി മാറ്റുവാന്‍ അടിക്കാട് വെട്ടി ചാമ എന്ന ധാന്യം വിതയ്ക്കുമായിരുന്ന കാടായതിനാല്‍ ഇതിനു ചാമക്കാവ് എന്ന പേരു വന്നു എന്ന് വിശ്വസിക്കുന്നു.ചാമാക്കാവിലമ്മ അവിടെ വന്നതിനുശേഷം അവിടെ ചാമയ്ക്ക് പകരം കാട്ടുചെടികളും മറ്റുമരങ്ങളും മുളച്ച് വരികയുണ്ടായി എന്നാണ് ഐതിഹ്യം. ബ്രാഹ്മണര്‍ക്ക് ഭക്ഷണം കൊടുക്കുവാന്‍ കാവിന്‍റെ തെക്കേ അതിര്‍ത്തിയില്‍  ഒരു അഗ്രശാല ഉണ്ടായിരുന്നതായി പറയപ്പെടുന്നു.ആ അഗ്രശാലയോടു അനുബന്ധിച്ച് കാവിന്റെ കിഴക്ക് ഭാഗത്തായി നിർമിച്ച ഒ രു കുളം ഇപ്പോഴും നികന്നു പോയിട്ടില്ല.

ഇവിടെ കെട്ടിയാടിക്കുന്ന പഞ്ചുരുളി തെയ്യത്തിന്‍റെ കഥ രസമുള്ളതാണ്‌. ചാമക്കാവ് ഇടതൂര്‍ന്ന വനമായിരുന്ന സമയത്ത് ഇതുവഴി ഒരു ഗര്‍ഭിണി വഴിതെറ്റി വന്നു. അവരെ സുരക്ഷിതമായി വീട്ടിലെത്തിക്കാന്‍ ചാമക്കാവിലമ്മ വനദുര്‍ഗയ്ക്ക് നിർദേശം നല്‍കി. വരാഹരൂപത്തിലുള്ള (കാട്ടുപന്നി) ദേവതയാണ് വനദുര്‍ഗ അഥവാ പഞ്ചുരുളി. പഞ്ചുരുളി കാവിനകത്തു വച്ച് ആ ഗര്‍ഭിണിയെ കൊന്നു രക്തം കുടിക്കുകയുണ്ടായി. ഇതറിഞ്ഞ ചാമക്കാവിലമ്മ പഞ്ചുരുളിയുടെ നാക്ക് പിഴുതു കാവിന്‍റെ തെക്കുഭാഗത്തേക്ക് എറിഞ്ഞു. അവിടെ പിന്നീട് ഒരു പള്ളിയറ നിർമിച്ചു പഞ്ചുരുളിയെയും വിഷ്ണുമൂർത്തിയെയും കുടിയിരുത്തി എന്നാണു ഐതിഹ്യം.

ഇവിടെയുള്ള മരങ്ങളുടെ പ്രധാന പ്രത്യേകത മരങ്ങള്‍ക്ക് ഒന്നും തന്നെ വലിയ ഉയരം ഇല്ല എന്നതാണ്. അപൂർവം സമയങ്ങളില്‍ മാത്രം പൂക്കുന്ന കാശാവ് ചെടികള്‍ ഇവിടെ ധാരാളം കാണാം. ഉയരം കുറഞ്ഞ മരങ്ങള്‍ ഈ ചെറുവനത്തില്‍ ഇടതൂര്‍ന്നു വളരുന്നു. മരോട്ടി, കാട്ടുമരോട്ടി,കാച്ചിൽ, മൈലാഞ്ചി, കാട്ടുനാരകം, നാരകം, ആത്ത. വഴന, അശോകം,. ചമ്പകം, ആത്ത, അരണമരം, കാരപ്പൂമരം,ഗരുഡക്കൊടി, വട്ടപ്പെരുവലം, ചെത്തി, മുള്ളിലം, കരണ്ടവള്ളി, കാർത്തോട്ടി, പാണൽ തുടങ്ങി അനവധി ഔഷധ സ സ്യങ്ങള്‍ ചാമക്കാവിലുണ്ട്.കാവിനു കിഴക്ക് ഭാഗത്ത്കുളത്തിനു സമീപം ധാരാളം കൃഷ്ണകിരീടം, വളര്‍ന്നു നില്‍ക്കുന്നത് കാണാം. ഈ വനത്തില്‍ ആകെയുള്ള രണ്ടു വലിയ മരങ്ങള്‍ പേരാല്‍ മരങ്ങളാണ് അവ കാവിന്റെ കിഴക്കേ അതിരിലുമാണ്. ചിത്രശലഭങ്ങള്‍ മുതല്‍ വിഷസര്‍പ്പങ്ങള്‍ വരെ പൂര്‍ണമായ ഭക്ഷ്യ ശൃംഖല ഇവിടെ സഹവര്‍ത്തിക്കുന്നു.

Utricularia-Carnivrous-plant-Kakkappoo

എത്ര കൊടും വേനലിലും ഇവിടത്തെ കാലാവസ്ഥ ആദ്രമായിരിക്കും. മഴക്കാലം തുടങ്ങിയാല്‍ ഇവിടെ പുതിയ ജീവിതങ്ങള്‍ നാമ്പെടുക്കും. ആദ്യത്തെ മഴയില്‍ തന്നെ തവളകള്‍ കാവിന്റെ കിഴക്കു ഭാഗത്തു കുളത്തിനു പരിസരങ്ങളിലായി പ്രത്യക്ഷപ്പെടും. പേക്കാച്ചിത്തവള, മണവാട്ടിത്തവള, ചാട്ടക്കാരൻ തവള തുടങ്ങിയ ഉഭയജീവികളെയും നമുക്ക് ഇവിടെ കാണാം. വയനാടന്‍ കരിയിലത്തവളയെ കഴിഞ്ഞ മഴക്കാലത്ത് ഇവിടെ കണ്ടെത്തി. ഇവയെ കൂടാതെ പച്ചിലപ്പാമ്പ്, ചേര, മൂര്‍ഖന്‍  അണലി, വില്ലൂന്നി വിഭാഗത്തില്‍ പെട്ട വിഷമില്ലാത്ത ബ്രോൺസ് ബാക്ക് മരപാമ്പ്,  അപൂർവമായി മാത്രം കാണപ്പെടുന്ന സതേൺ ബ്രോൺസ് ബാക്ക് മരപ്പാമ്പ് എന്നിവ ഈ കാവിലുണ്ട്.

മഴക്കാലം കഴിഞ്ഞാല്‍ ഇവിടെ പൂക്കളും ശലഭങ്ങളും സജീവമാകും. കേരളത്തിലെ ഏറ്റവും മനോഹരമായ ചിത്രശലഭമായ ബുദ്ധമയൂരി ഒാഗസ്റ്റ്‌, നവംബര്‍ മാസങ്ങളില്‍ ഇവിടെ ധാരാളമായി കാണാം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പൂമ്പാറ്റയായ ഗരുഡ ശലഭം, ക്ലിപ്പര്‍, വഴനശലഭം, മരോട്ടി ശലഭം, കൃഷ്ണശലഭം, നീലക്കുടുക്ക, വഴനപ്പൂമ്പാറ്റ, നാരകക്കാളി, നാട്ടുറോസ്‌, ചക്കരശലഭം, നാരകശലഭം ചുട്ടിക്കറുപ്പൻ, ചോക്‌ലേറ്റ് ആല്‍ബട്രോസ്, നാടോടി, വരയൻ കോമാളി, പാണലുണ്ണി കുഞ്ഞിവാലൻ തുടങ്ങിയ ശലഭങ്ങളെ ഇവിടെ ഓണക്കാലത്തു കാണാം. പഞ്ചുരുളി, നാഗം, ശാസ്താവ് എന്നിവരാണ് കാവിലെ വനപലകരായ ദേവതകള്‍. ഒരു കാലത്ത് ഇടതൂര്‍ന്ന വനപ്രദേശമായിരുന്ന ഇവിടം കാലാന്തരത്തില്‍ റോഡുകളും വഴികളും കാരണം കുറച്ചൊക്കെ നശിച്ചതായി കാണാം. എങ്കിലും ജൈവ വൈവിധ്യം ഏറെയുള്ള ഈ കാവ് ഇന്നും സംരക്ഷിച്ചു വരുന്നു.

ഉത്തരകേരളത്തിലെ 17 നദികളില്‍ പന്ത്രണ്ടും ഉത്ഭവിക്കുന്നത് മാടായിപ്പാറ പോലെയുള്ള ചെങ്കല്‍ കുന്നുകളില്‍ നിന്നാണ്. വരും തലമുറയ്ക്ക് വേണ്ടി ജലം സംഭരിച്ചു വയ്ക്കുന്ന ചെങ്കല്‍ കുന്നുകളും കാവുകളും സംരക്ഷിക്കുക എന്നത് നമ്മളോരോരുത്തരുടെയും കടമയാണ്. ഈ യാത്രയുടെ ലക്ഷ്യവും. കാത്തു സംരക്ഷിക്കണം ഈ മണ്ണിലെ കാവുകൾ.

_MG_3853

കാവു തീണ്ടല്ലേ, കുളം വറ്റും

വിശ്വാസപരമായ കാരണങ്ങള്‍ കൊണ്ട് സ മൂഹം തന്നെ ജനവാസ മേഖലകളിൽ സംരക്ഷിക്കുന്ന ചെറുവനപ്രദേശങ്ങള്‍ ആണ് കാവുകള്‍. ഇംഗ്ലിഷില്‍ Sacred Grooves എന്ന് അറിയപ്പെടുന്ന കാവുകളെ ഹിന്ദിയില്‍ ദേവ് ഭൂമി  എന്ന് വിളിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാവുകള്‍ ഉള്ളത് ഹിമാചല്‍ പ്രദേശിലാണ്. ഏകദേശം അയ്യായിരത്തോളം. കേരളത്തില്‍ ഇന്ന് രണ്ടായിരത്തോളം കാവുകള്‍ ഉണ്ടെന്നാണ് കണക്ക്. കേരളത്തിലെയും കര്‍ണാടകയിലേയും കാവുകളില്‍ മാത്രം ഏകദേശം ആയിരത്തില്‍ അധികം നാട്ടുദേവതകള്‍ (folk deities) ആരാധിക്കപ്പെടുന്നു. കേരളത്തിൽ പ്രധാനമായും ഭഗവതിക്കാവുകളും സർപ്പക്കാവുകളുമാണ് വ്യാപകമായി കാണുന്നത്. തെയ്യങ്ങൾ കുടികൊള്ളുന്ന കാവുകൾ വടക്കെ മലബാറിലാണുള്ളത്.

കാവ്, കോട്ടം, പള്ളിയറ എന്നിവയാണ് പ്രധാന തെയ്യാരാധാനാ കേന്ദ്രങ്ങള്‍. കാവുകളോട് അനുബന്ധിച്ചുള്ള കളരികളിലെ ആയോധനാപഠന പാരമ്പര്യത്തിനും ബുദ്ധമതവുമായി സാമ്യം കാണാം. ബൗദ്ധ ദ്രാവിഡ ആരാധനാ മൂര്‍ത്തികളായ അമ്മ ദൈവങ്ങളും ശാസ്താവും കരുമകനും പിന്നീട് വൈഷ്ണവ–ശൈവമൂർത്തികളായി മാറി എന്നു വിശ്വസിക്കുന്നവരും ഉണ്ട്.

വിശ്വാസങ്ങൾക്കുമപ്പുറം കാവുകൾ ഒരു നാടിന്റെ കാലാവസ്ഥയുടെ റെഗുലേറ്ററുകളായിരുന്നു. കാവു തീണ്ടല്ലേ, കുളം വറ്റും എന്ന മുത്തശ്ശിപ്പഴമൊഴി ഒരു യാഥാർഥ്യമായി മാറിക്കഴിഞ്ഞു. നാടിനു വേണ്ടി അവശേഷിക്കുന്ന കാവുകളെ സംരക്ഷിക്കാം.

kavyjnvfnb

എത്തിച്ചേരാൻ

മാടായിക്കാവ്

കണ്ണൂരില്‍ നിന്നും പഴയങ്ങാടി - പയ്യന്നൂര്‍  റൂട്ടിലാണ്‌ മാടായി. തളിപ്പറമ്പ് നിന്നു എഴോം വഴിയും ഇവിടെ എത്താം. കണ്ണൂരില്‍ നിന്നും പഴയങ്ങാടി വഴി മാടായിക്കാവില്‍ എത്താം.

വെല്ലൂർ ചാമക്കാവ്

കണ്ണൂരു നിന്ന് പഴയങ്ങാടി– വളപട്ടണം– പിലാശ്ശേരി– പാപ്പിനിശ്ശേരി റോഡ് വഴി വെല്ലൂർ. അവിടെ നിന്ന് ഇടതു തിരിഞ്ഞ് ചാമക്കാവ്.

കണ്ണൂർ –തളിപ്പറമ്പ്– പയ്യന്നൂർ– വെല്ലൂർ. അവിടെ നിന്ന് ഇടതു തിരിഞ്ഞ് ചാമക്കാവ്.

_MG_3769
Tags:
  • Manorama Traveller
  • Kerala Travel