Thursday 04 March 2021 04:10 PM IST : By സ്വന്തം ലേഖകൻ

നെഞ്ചിൽ തുളയിടുന്ന വിശ്വാസം, വേദന മറന്ന് മനുഷ്യർ; തമിഴ്നാട്ടിലെ ‘ദസറ’ ഇതാണ്

Dhasara-2 ഫോട്ടോ: മനൂപ് ചന്ദ്രൻ

ഇടനെഞ്ചിൽ ആഴ്ന്നിറങ്ങിയ വിശ്വാസത്തിനു മുന്നിൽ അവർ ശരീരത്തിന്റെ വേദന മറന്നു. പച്ചമാംസം തുളച്ചിറങ്ങിയ ചങ്ങലയുടെ കൂർത്തമുനകളെ പൂവിതളിലെന്ന പോലെ തൊട്ടു തലോടി. വലതു കവിളത്തു നിന്നു വായിലൂടെ ഇടതു കവിളിലേക്ക് ചൂഴ്ന്നിറങ്ങിയ ശൂലത്തിന്റെ മൂർച്ഛയെ അവർ ഭയപ്പെട്ടില്ല. നാവിൽ കർപ്പൂരം കത്തിച്ചപ്പോഴും തീക്കനൽ കയ്യിലെടുത്തപ്പോഴും നിലവിളിച്ചില്ല. ആർപ്പു വിളിച്ചും ഹർഷാരവും നടത്തിയും ജനം അവർക്കു ചുറ്റും ആനന്ദനൃത്തം ചവിട്ടി. കാതടപ്പിക്കുന്ന ഡപ്പാൻകൂത്ത് സംഗീതവും ആൾത്തിരക്കിൽ പടർന്നു പൊങ്ങിയ പൊടിയും അന്തരീക്ഷം ചൂടുപിടിപ്പിച്ചു. ഇതു ദസറ, തമിഴ്നാട്ടിലെ അപൂർവമായ ആഘോഷം.

തെക്കേ ഇന്ത്യയിൽ, നമ്മുടെ അയൽ സംസ്ഥാനമായ കേരളത്തിൽ ഇതുപോലൊരു ഉത്സവം വേറെയില്ല. ദസറ എന്നാണ് ഈ ഉത്സവത്തിന്റെ പേര്. തൂത്തുക്കുടി തിരുച്ചെന്തൂരിനു സമീപം കുലശേഖര പട്ടണം ഗ്രാമത്തിലെ മൂത്താരമ്മന്‍ ക്ഷേത്രത്തിൽ എല്ലാ വർഷവും ഈ ഉത്സവം നടത്തുന്നു. തിന്മയ്ക്കു മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന വിജയദശമിയുടെ ഭാഗമാണ് മൂത്താരമ്മന്‍ ക്ഷേത്രത്തില്‍ ദസറ.

തിരുച്ചെന്തൂരിലെ ദസറ മലയാളികള്‍ക്കു സുപരിചിതമല്ല. എന്നാല്‍, ആന്ധ്രയില്‍ നിന്നുള്ള ഒട്ടേറെയാളുകള്‍ എല്ലാ വര്‍ഷവും മുത്താരമ്മന്‍ ക്ഷേത്രത്തില്‍ വരുന്നുണ്ട്. സമീപത്ത് ഹോട്ടലുകളും റസ്റ്ററന്റും ഉണ്ട്. താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഉത്സവം തുടങ്ങുന്നതിനു ഒരു മാസം മുന്‍പ് ബുക്ക് ചെയ്യണം. മുത്താരമ്മൻ ക്ഷേത്രത്തിലെ ദസറ കാണാനും ഫോട്ടോ എടുക്കാനുമായി കുലശേഖര പട്ടണം സന്ദർശിച്ച മനൂപ് ചന്ദ്രൻ അവിടെ സാക്ഷ്യം വഹിച്ച ദൃശ്യങ്ങളുടെ യാത്രാ വിവരണം മനോരമ ട്രാവലറുമായി പങ്കുവച്ചു.

‘‘പ്രധാന റോഡില്‍ നിന്നു അന്‍പതു മീറ്റര്‍ നടന്നപ്പോള്‍ ക്ഷേത്രവീഥിയുടെ സൗന്ദര്യം തെളിഞ്ഞു. തിക്കിത്തിരക്കി ഒഴുകുകയാണ് ജനം. ക്യാമറ കയ്യിലെടുക്കാന്‍ പേടിച്ചു. ഉദ്ദേശം മൂന്നു കി.മീ. അതേ അവസ്ഥയില്‍ നടക്കേണ്ടി വന്നു. അത്രയും ജനത്തെ ഉള്‍ക്കൊള്ളാനുള്ള വിസ്താരം ആ വഴിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍, ആര്‍പ്പു വിളിച്ചും പാട്ടുപാടിയും തിരക്ക് ആസ്വദിക്കുന്നവരെ കണ്ടു. അലങ്കാര വിളക്കുകളിലും ഭക്തിഗാനത്തിലും ക്ഷേത്ര സാന്നിധ്യം തിരിച്ചറിഞ്ഞു.

ക്ഷേത്രമുറ്റത്തും പന്തലിലും സ്ത്രീകളുടെ തിരക്ക്. മതില്‍ക്കെട്ടിനു ചുറ്റും കുട്ടികളും മാതാപിതാക്കളും. മുറ്റം നിറയെ യുവത്വം. ദേവീ ദേവന്മാരുടെ രൂപങ്ങളുമായി വരുന്നവരാണ് മൂത്താരമ്മന്‍ ദസറയുടെ ചിത്രം. അഞ്ചു മണിക്കൂര്‍ ക്യാമറയുമായി അര്‍ക്കൊപ്പം പ്രദക്ഷിണം നടത്തി.

Dhasara-MAIN-PHOTO

കൊട്ടിന്റെയും മേളത്തിന്റെയും ഇടയില്‍ നിന്ന് അല്‍പം മാറി ഒരു കടയില്‍ കയറി വിശപ്പടക്കി. ക്ഷേത്രോത്സവത്തെ കുറിച്ച് ആളുകള്‍ വാതോരാതെ വര്‍ത്തമാനം പറയുന്നതു കേട്ടു. നേരത്തേ മുറി ബുക്ക് ചെയ്ത് താമസിക്കാന്‍ എത്തിയവരാണെന്നു മനസ്സിലായി.

ജനത്തിരക്കും പൊടിയില്‍ മുങ്ങിയ അന്തരീക്ഷവും ക്ഷീണമുണ്ടാക്കിയപ്പോള്‍ തിരിച്ചു നടന്നു. ക്ഷേത്ര ദര്‍ശനം നടത്തിയവരുടെ നിര കണ്ടു. ദേവീദേവന്മാരുടെ രൂപങ്ങളുണ്ടാക്കി ക്ഷേത്രത്തില്‍ പ്രദര്‍ശനം നടത്തിയ ശേഷം കടലില്‍ നിമജ്ജനം ചെയ്യലാണ് മൂത്താരമ്മന്‍ ക്ഷേത്രത്തിലെ ആഘോഷച്ചടങ്ങ്. ദര്‍ശനം കഴിഞ്ഞ് ടാബ്ലോ രൂപങ്ങള്‍ സംഘങ്ങളായി തീരത്തേക്കു നീങ്ങി. വഴിയോരത്തു കാലു കുത്താന്‍ ഇടമില്ല. അതിനിടയിലൂടെ ആവേശപ്പാച്ചില്‍...

ഉത്സവക്കാഴ്ചയെ വരവേല്‍ക്കാന്‍ വിരിപ്പൊരുക്കിയ പോലെ കടല്‍ത്തീരം. ഉത്സവത്തിനു മാത്രമേ അവിടെ ജനത്തിരക്കുണ്ടാവാറുള്ളൂ. ദര്‍ശനം നടത്തിയ ടാബ്ലോ രൂപങ്ങളുമായി് തീരത്തിറങ്ങിയവര്‍ ആര്‍പ്പു വിളിച്ച് ശില്‍പങ്ങള്‍ കടലില്‍ നിമജ്ജനം ചെയ്തു. ചിലര്‍ അതിനൊപ്പം കടലില്‍ മുങ്ങിക്കുളിച്ചു. പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ചു നിര്‍മിച്ച വിഗ്രഹങ്ങള്‍ തിരമാലകളില്‍ ഒഴുകുന്നതു കണ്ടു.

ഉത്സവത്തിന്റെ ഭാഗമായി ചില ആളുകള്‍ തീരത്ത് അഗ്നിയൊരുക്കി അതിനു ചുറ്റുമിരുന്നു കീര്‍ത്തനം ആലപിക്കാറുണ്ട്. ചിലര്‍ അഗ്നിക്കു ചുറ്റും നൃത്തം ചെയ്യും. മുത്താരമ്മന്‍ ദര്‍ശനത്തിന്റെയും വിഗ്രഹ നിമജ്ജനത്തിന്റെയും സന്തോഷ പ്രകടനമാണ് തീരത്തെ ആഘോഷം.

Dhasara-3
Tags:
  • Manorama Traveller