സഞ്ചാരം എന്ന ലഹരി ആസ്വദിക്കാനുള്ള കാത്തിരിപ്പ് നീളും. ടൂറിസം രംഗത്ത വിദഗ്ധർ 2021 ജനുവരിയാണ് വിനോദസഞ്ചരങ്ങൾ സജീവമാകാൻ സാധ്യത കാണുന്ന സമയം. അതും 2020 നവംബറിൽ ആന്റി കൊറോണ വാക്സിൻ കണ്ടുപിടിച്ചാൽ മാത്രം. യാത്ര സുരക്ഷിതമാണെന്ന വിശ്വാസം ജനങ്ങൾക്ക് ഉണ്ടായാൽ മാത്രമേ ഈ രംഗത്ത് പഴയ തിരക്ക് പുനരാരംഭിക്കുകയൊള്ളു എന്നാണ് രാജ്യാന്തര ടൂറിസം ഏജൻസികൾ വിലയിരുത്തുന്നത്.
ഹാപ്പിയല്ലാത്ത 2020
വിനോദ സഞ്ചാര മേഖലയിൽ നഷ്ടത്തിന്റെ കണക്കുകൾ എഴുതിച്ചേർത്ത വർഷം – 2020. ലോകമാകെ ടൂറിസം ഡെസ്റ്റിനേഷനുകൾ കൊവിഡ് 19നെ പ്രതിരോധിക്കാൻ ഗെയിറ്റുകൾ പൂർണമായും അടച്ചിട്ടത് പന്ത്രണ്ടാഴ്ച. ഏപ്രിൽ ആദ്യവാരം മുതൽ ജൂൺ അവസാനം വരെ ടൂറിസം മേഖലയ്ക്കു നഷ്ടം 245 ബില്യൺ പൗണ്ട്. 2009ൽ ലോക സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയ നഷ്ടത്തിന്റെ മൂന്നിരട്ടി – യുണൈറ്റഡ് നാഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) റിപ്പോർട്ട് ചെയ്തു.
നഷ്ടം കോടികൾ
കേരളത്തിന്റെ ടൂറിസം കേന്ദ്രങ്ങൾക്കു നഷ്ടമായത് പണം ഒഴുകുന്ന സീസൺ – വിഷു, ഈസ്റ്റർ, റംസാൻ, മധ്യവേനൽ അവധി. ടൂറിസം കേന്ദ്രങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ, തീം പാർക്ക്, റസ്റ്ററന്റ്, തെരുവോര കച്ചവടം, റിസോർട്ട്, ഹോം േസ്റ്റ, ഹൗസ് ബോട്ട്, ടൂറിസ്റ്റ് ബസ്/ ടാക്സി – നട്ടുച്ചയ്ക്ക് സൂര്യൻ അസ്തമിച്ച പോലെ എല്ലാം ഇരുട്ടിലായി. 195 രാജ്യങ്ങളിൽ സമാനമായ നഷ്ടം സംഭവിച്ചു. ട്രാവൽ, റിക്രിയേഷൻ, ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ നട്ടെല്ലൊടിഞ്ഞു. ഇവന്റുകൾ പൂർണമായും റദ്ദായി. രാജ്യത്ത് ‘അൺലോക്ക്’ പ്രക്രിയ നടപ്പാവാൻ ഒരു വർഷം മതിയാവില്ലെന്നാണ് ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്സിന്റെ കണക്കുകൂട്ടൽ. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ ഈ അഭിപ്രായത്തോടു യോജിക്കുന്നു. ക്രുയിസ്, അഡ്വഞ്ചർ, മെഡിക്കൽ, സ്പോർട്സ്, ഇക്കോ ടൂറിസം, സിനിമ, ഗ്രാമീണ ടൂറിസം, സിറ്റി ടൂർ – എന്നിവയാണ് ഇന്ത്യയുടെ ടൂറിസം മേഖല. ഈ മേഖലകളിൽ നിന്ന് 2018ൽ ഇന്ത്യയുടെ വരുമാനം 16.91 ലക്ഷം കോടിയായിരുന്നു. അത്രയും തുകയോ അതിൽ കൂടുതലോ കൊവിഡ് 19 വ്യാപനത്തെ തുടർന്ന് 2020ൽ നഷ്ടമായി.
മാർച്ച് ഇരുപത്തഞ്ചു മുതൽ ജൂലൈ മുപ്പതു വരെ ലോകമാകെ ഡെസ്റ്റിനേഷനുകൾ പൂർണമായും അടഞ്ഞു കിടന്നു. മറ്റു വരുമാനമില്ലാത്ത ഇരുപതു ദ്വീപ് രാഷ്ട്രങ്ങൾ (Small Island Developing States) മാത്രമാണ് ഇതിനിടെ യാത്രാ വിലക്കു നീക്കിയത്. വലിയ റിസ്ക് ഏറ്റെടുത്തിട്ടും അവിടെ പറന്നിറങ്ങിയത് ഒന്നോ രണ്ടോ വിദേശികൾ മാത്രം. ഇതു കണ്ടപ്പോൾ വിനോദസഞ്ചാര മേഖലയിൽ ഉണർവുണ്ടാകാൻ ആറു മാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് രാജ്യാന്തര ടൂറിസം ഏജൻസികൾ നടുക്കം പ്രകടിപ്പിച്ചു. ‘‘ലോകത്ത് മൊത്തം വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കണക്കു നോക്കിയാൽ നാൽപതു ശതമാനം യാത്രാ വിലക്കു നീക്കി. എൺപത്തേഴു ഡെസ്റ്റിനേഷനുകൾ പ്രവർത്തനം ആരംഭിച്ചു. അവിടെയെല്ലാം ‘ട്രെൻഡ് ഓഫ് സ്‌ലോ’ വ്യക്തമാണ് – യുഎൻഡബ്ല്യുടിഒ റിപ്പോർട്ട് ചെയ്തു.
മഹാമാരിയുടെ ഭീഷണി നിലനിൽക്കെ വാതിൽ തുറന്ന രാഷ്ട്രങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ വിലയിരുത്തിയ ശേഷം തീരുമാനമെടുക്കാം എന്നതാണ് ഒട്ടുമിക്ക രാജ്യങ്ങളുടെയും നിലപാട്. ഇതിനിടെയാണ് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തതിനെ തുടർന്ന് സ്പെയിനിൽ വൈറസ് രണ്ടാംഘട്ട വ്യാപനം ഉണ്ടായത്. ബ്രിട്ടൻ ഉൾപ്പെടെ യൂറോപ്പിലെ മറ്റു രാഷ്ട്രങ്ങൾ അതോടെ ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നു പിന്മാറി. ഈ സാഹചര്യങ്ങൾ വിലയിരുത്തിയ യുഎൻഡബ്ല്യുടിഒ ‘ട്രെൻഡ് ഓഫ് സ്‌ലോ’ തുടരുമെന്ന് വ്യക്തമാക്കി.
നവംബറിൽ വൈറസ് നിയന്ത്രണ വിധേയമായാൽ 2021 ജനുവരിയിൽ ടൂറിസം മേഖലയിൽ ഉണർവു പ്രതീക്ഷിക്കാം. എങ്കിലും പൂർണമായി പഴയ സ്ഥിതിയിലേക്കു മടങ്ങി പോകാൻ മാസങ്ങൾ വേണ്ടി വന്നേക്കാം. കൊവിഡ് ബാധിക്കാതെ യാത്ര ചെയ്യാമെന്ന് ആളുകൾക്കു ബോധ്യപ്പെടണം. യാത്ര സുരക്ഷിതമെന്നു തെളിയിക്കപ്പെടണം – യുഎൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ബോധ്യമാകണം സുരക്ഷ
കൊവിഡ് വൈറസ് കനത്ത ആഘാതം ഏൽപ്പിച്ച യൂറോപ്പിലെ നാൽപത്തൊന്നു ശതമാനം രാജ്യങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ലോകത്ത് ടൂറിസം പുനരാരംഭിക്കാനുള്ള നേതൃസ്ഥാനം അവർ ഏറ്റെടുത്തതായി യുഎൻഡബ്ല്യുടിഒ അഭിനന്ദിച്ചു. ‘‘പക്ഷേ, വൈറസിനെതിരേ നീക്കത്തിൽ മറ്റു രാജ്യങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കാതെ സഞ്ചാരികളുടെ ലോകം ഉണരുന്നതെങ്ങനെ?’’ യൂറോപ്പിലെ ട്രാവൽ ബിസിനസ് നിയന്ത്രിക്കുന്ന ഏജൻസികൾ ചോദിക്കുന്നു. പൊതു ഗതാഗതം, എന്റർടെയ്ൻമെന്റ് പാർക്കുകൾ, മ്യൂസിയം, ബീച്ച്, ചരിത്ര സ്മാരകങ്ങൾ, ക്രുയിസ് ഷിപ്പ്, ഷോപ്പിങ് മാൾ, സ്ട്രീറ്റ് ഫൂഡ്, പബ്ബ്, റസ്റ്ററന്റ്, ഹോട്ടൽ – ഇവിടെയെല്ലാം സാമൂഹിക അകലം പാലിച്ച് സന്ദർശകരെ നിയന്ത്രിക്കുന്നതിലുള്ള വെല്ലുവിളി ടൂർ ഏജന്റുമാർ മറച്ചു വയ്ക്കുന്നില്ല.
‘‘ഉത്തരവാദിത്ത ടൂറിസത്തിന്റെ മാനദണ്ഡങ്ങളിൽ ഇനി സഞ്ചാരികളുടെ ആരോഗ്യ സുരക്ഷയും ഉൾപ്പെടുത്തണം. സുരക്ഷിതരെന്ന് സഞ്ചാരികൾക്ക് ബോധ്യപ്പെടണം. അതിനൊപ്പം ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ സംരക്ഷിക്കപ്പെടണം. എല്ലാ രാജ്യങ്ങളും സഹകരണത്തോടെ നീങ്ങിയാൽ മാത്രമേ അതു സാധ്യമാകൂ. ’’ യുഎൻഡബ്ല്യുടിഒ സെക്രട്ടറി ജനറൽ സൂറാബ് ചൂണ്ടിക്കാട്ടി.