Tuesday 23 June 2020 04:00 PM IST : By Bijoy Karottu

മേൽക്കൂരയില്ലാത്ത മാർബിൾ ചത്വരത്തിനുള്ളിലെ കബറിടം

J1

ഷാജഹാന്റെയും മുംതാസിന്റെയും അനശ്വര പ്രണയസാക്ഷ്യമായി താജ് മഹൽ... എന്നാൽ താജ് മഹലിന്റെ അനുഭവത്തിൽ ഇവർ ഇരുവരും അല്ലാതെ മറ്റൊരു വനിതയുടെ ഓർമയിൽ സഞ്ചരിക്കുകയാണ് യാത്രികനായ ബിജോയ് കരോട്ട്. ആ വനിത മറ്റാരുമല്ല, ഷാജഹാൻ തന്റെ പത്നിമാരെയൊക്കെ മാറ്റി നിർത്തി മുഗൾ ഇന്ത്യയുടെ പാദുഷ ബീഗമായി വാഴിച്ച ജഹനാര ബീഗം...

ജഹനാര
ജഹനാര എന്ന ഉർദു വാക്കിന് ജീവിക്കുക, പുഷ്പിക്കുക എന്നെല്ലാമാണ് അർത്ഥം.
ജഹനാര ബീഗം… ജനനം അജ്മീറിൽ ആയിരുന്നു. സൂഫി വര്യനായ ഖ്വാജ മൊഹിയുദ്ദിൻ ചിസ്തിയുടെ പുണ്യ ചിന്തകളാൽ ധന്യമായ മണ്ണിൽ. ഷാജഹാൻ ചക്രവർത്തിയുടെയും മുംതാസ് ബീഗത്തിന്റെയും ആദ്യത്തെ മകൾ ആയിരുന്നു ജാനി എന്ന ഓമനപ്പേരിൽ വിളിക്കപ്പെട്ട ജഹനാര. മുഹമ്മദ്‌ ദാരയുടെയും, ഷാ ഷൂജയുടെയും, റോഷ്നാര ബീഗത്തിന്റെയും, ഔറംഗസേബിന്റെയും, മുറാദ് ബക്ഷിന്റെയും, ഗൗഹാര ബീഗത്തിന്റെയും മൂത്ത സഹോദരി.
മുഗൾ ഇന്ത്യയുടെ പ്രഥമവനിത-പാദുഷ ബീഗം- ആയി ഷാജഹാൻ ചക്രവർത്തി ജഹനാരയെ വാഴിച്ചു. പിതാവ് ഷാജഹാന് മറ്റു മൂന്നു ഭാര്യമാർ കൂടിയുണ്ടായിരുന്നുവെങ്കിലും സാമ്രാജ്യത്തിന്റെ ചക്രവർത്തിനി സ്ഥാനമേറ്റെടുത്തത് സൗന്ദര്യം, പാണ്ഡിത്യം, പക്വത, കലാസാഹിത്യപ്രേമം, വാസ്തുശില്പ വൈദഗ്ധ്യം എന്നിവയാൽ അനുഗ്രഹീതയായ ജഹനാരയായിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനായ ചക്രവർത്തിയുടെ മൂത്ത മകൾ. രാജ്യത്തിന്റെ ബീഗം പാദുഷ. ആഡംബരങ്ങളും ആർഭാടങ്ങളും സമൃദ്ധിയും.
പക്ഷേ ജഹനാരയുടെ ഹൃദയത്തിൽ ഒരു വിഷാദഛായയിൽ അങ്കുരിച്ച ആത്മീയ പാത തെളിഞ്ഞിരുന്നു. മുഗൾ രാജകുമാരിമാർ വിവാഹം ചെയ്യാൻ പാടില്ല എന്ന നിയമം അക്ബർ നടപ്പിൽവരുത്തിയിരുന്നു, താൻ രാജാവായാൽ ഈ നിയമം ഇല്ലാതാക്കാമെന്ന് സഹോദരന്മാരിൽ മൂത്തവനായ മുഹമ്മദ്‌ ദാര ജഹനാരക്ക് ഉറപ്പുകൊടുത്തിരുന്നു.
തന്റെ പതിനാലാമത്തെ കുഞ്ഞിനു ജന്മം കൊടുക്കുന്നതിനൊപ്പം മുംതാസ് മഹലിന്റെ വിയോഗം സംഭവിച്ചു. അന്ന് ജഹനാരയ്ക്ക് പതിനേഴു വയസ്സ് മാത്രം പ്രായം. കൗമാരക്കാർ സുന്ദര സ്വപ്‌നങ്ങൾ കാണുന്ന പ്രായത്തിൽ ബീഗം പാദുഷ പദവിയിൽ ജഹനാര ഭരണ നിർവഹണത്തിലും വേദാന്തത്തിലും പഠനത്തിലും ആധ്യാത്മികതയിലും മുഴുകി. മുംതാസ് മഹലിന്റെ മരണത്തിൽ നിന്നുണ്ടായ ദുഃഖത്തിൽ നിന്നും പിതാവ് ഷാജഹാൻ വിമുക്തനാവുന്നവരെ കൊട്ടാരത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ജഹനാരയുടെ ചുമലിലായിരുന്നു.
കൊട്ടാരത്തിൽ സ്ത്രീകൾക്ക് വേണ്ടി പ്രത്യേകം സജ്ജമാക്കിയിരുന്ന സ്ഥലം 'ഹറം' എന്നാണ് അറിയപ്പെട്ടിരുന്നത്. സ്ത്രീകൾക്കു ഹറത്തിനു പുറത്തുകടക്കാനുള്ള അനുവാദമോ സ്വാതന്ത്ര്യമോ ഉണ്ടായിരുന്നില്ല. പ്രഥമവനിതയുടെ ചുമതലയ്ക്കു പുറമേ, ഹറത്തിന്റെയും രാജകീയ മുദ്രയുടെയും(സീൽ) ചുമതല ജഹനാരയ്ക്കായിരുന്നു. മുഗൾ ഇന്ത്യയിൽ രാജകീയമുദ്രയുടെ സൂക്ഷിപ്പുകാരിയായി നിയമിക്കപ്പെട്ട ആദ്യവനിതയാണ് ജഹനാര. മുംതാസിന്റെ മരണം കാരണം വിവാഹം നീട്ടിവെച്ചിരുന്ന സഹോദരനും കിരീടാവകാശിയും ആയ ദാര ഷിക്കോയുടെ വിവാഹം മുൻകൈയ്യെടുത്ത് നടത്തിയത് ജഹനാരയായിരുന്നു. ഇളയ സഹോദരന്റെ വിവാഹം നടത്തികൊടുക്കേണ്ടി വന്ന അവിവാഹിതയായ കൗമാരക്കാരി ചക്രവർത്തിനി. ഷാജഹാന്റെ പിന്നീടുള്ള ജീവിതത്തിൽ അദ്ദേഹം ജഹനാരയുടെ ഉപദേശമനുസരിച്ചായിരുന്നു രാജഭരണം നടത്തിയിരുന്നത്.

അച്ഛനോടൊപ്പം താജ് മഹലിൽ
ഷാജഹാന്റെ പിന്തുടർച്ചാവകാശിയായി മുഗൾ ചക്രവർത്തി കിരീടത്തിനായുള്ള തർക്കത്തിൽ ജഹനാര ദാര രാജകുമാരനോടൊപ്പം നിന്നപ്പോൾ, സഹോദരി റോഷ്നാര ഔറംഗസേബിനെ പിന്തുണക്കുകയായിരുന്നു ചെയ്തത്. തന്റെ മൂത്ത സഹോദരനും കിരീടാവകാശിയുമായ ദാരയെ ക്രൂരമായി തലയറുത്ത് കൊന്ന ഔറംഗസേബ്, ദാരയുടെ തല ഒരു പേടകത്തിൽ വെച്ച് ആഗ്ര കോട്ടയിൽ തടവിൽ പാർപ്പിച്ചിരുന്ന ഷാജഹാൻ ചക്രവർത്തിക്ക് കൊടുത്തയച്ചതും, കബന്ധം ഹുമയൂൺ കുടീരത്തിലെ അറിയപ്പെടാത്ത ഏതോ ഗുഹയിൽ തള്ളിയതും അധികാര തർക്കത്തിലെ രക്തരൂക്ഷിതവും അധാർമ്മികവുമായ ഏട്.
ജഹനാരയുടെ ആധ്യാത്മിക വീക്ഷണത്തിന് ഏറെ സംഭാവന ചെയ്തത് സൂഫി ചര്യയെ മുറുകെ പിടിച്ച, ഹിന്ദു-ഇസ്ലാം ആധ്യാത്മിക വഴികളിലെ ഏകതകൾ തിരഞ്ഞ് ഏകദേശം അൻപത് ഉപനിഷത്തുകൾ 'സിർ ഇ അക്ബർ' എന്ന പേരിൽ പേർഷ്യൻ ഭാഷയിലേക്കു തർജമ ചെയ്ത, പണ്ഡിതനും മതേതര നവോത്‌ഥാന വീക്ഷണങ്ങളും പുലർത്തിയിരുന്ന സഹോദരൻ 'മുഹമ്മദ്‌ ദാര' ആയിരുന്നു. ഇന്ത്യയുടെ ആദ്യ പണ്ഡിത മതേതര ചക്രവർത്തി ആകേണ്ടിയിരുന്ന ദാരയുടെ ശിരച്ഛേദവും ജഹനാരയുടെ അഭിലാഷ ധ്വംസനവുമാണ് യഥാർത്ഥത്തിൽ മുഗൾ പെരുമയുടെ അപചയത്തിന്‌ തുടക്കം കുറിച്ചത്.
ദാര സ്ഥാപിച്ച ലൈബ്രറി ഡൽഹിയിലെ ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സർവകലാശാലയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ ഇന്നും ഒരു മ്യൂസിയം ആയി പ്രവർത്തിച്ചു വരുന്നു എന്നതിൽ നിന്നു തന്നെ ദാരയുടെ കൊലപാതകം ഇന്ത്യയുടെ പുരോഗമനത്തിൽ വരുത്തിയ ആഘാതം മനസിലാക്കാം. അപ്പോൾ പണ്ഡിതയായ ജഹനാരയ്ക്ക് നേരിട്ട നഷ്ടം എത്ര വലുതാണ് എന്നോർക്കുക.
ലോകത്തിലെ ഏറ്റവും സമ്പന്നൻ ആയിരുന്ന ഷാജഹാൻ ചക്രവർത്തി ജീവിതത്തിലെ അവസാന എട്ട് വർഷങ്ങൾ സ്വന്തം മകന്റെ തടവിൽ ആയിരുന്നു. ഔറംഗസേബ് ചക്രവർത്തിയായി സ്ഥാനമേറ്റെടുത്തപ്പോൾ, ജഹനാര ഷാജഹാനെ തടവിലിട്ടിരുന്ന കോട്ടയിലേക്കു പോവുകയും, പിതാവിന്റെ മരണം വരെ അദ്ദേഹത്തെ ശുശ്രൂഷിക്കുകയും ചെയ്തു. യമുനാ തീരത്തെ തടങ്കൽ കോട്ടയുടെ മട്ടുപ്പാവിൽ നിസ്സഹായനായ ഷാജഹാൻ ചക്രവർത്തിയും ചക്രവർത്തിനിയായ മകൾ ബീഗം പാദുഷ എന്ന ജഹനാരയും നിലാവുള്ള അനേകം രാത്രികളിൽ നിശബ്ദമായി താജ് മഹലിലെ ദീപ്ത സ്മരണകളിലേക്ക് നോക്കി നിന്നിട്ടുണ്ടാകാം. മുഗൾ നിയമങ്ങൾ സ്ത്രീകൾക്ക്‌ കല്പിച്ചിരുന്ന വിലക്കുകൾ പലതിനും മീതെയായിരുന്നു ജഹനാരയുടെ ചിന്തകൾ.
സൂഫിസം ആത്മീയപാതയായി തിരഞ്ഞെടുത്ത ജഹനാര, ഖ്വാജ മൊഹിയുദ്ദിൻ ചിസ്തിയുടെ ശിഷ്യയാണ് താനെന്നും താൻ 'ഫക്കീറ' എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നു എന്നും പ്രഖ്യാപിച്ചു. സൂഫിസാഹിത്യത്തിലെ ക്ലാസിക്കുകളാണ് വിദുഷിയായ ജഹനാര എഴുതിയ മൊഹിയുദ്ദീൻ ചിസ്തിയുടെയും മുല്ലാ ഷായുടെയും ജീവചരിത്രങ്ങൾ. സൂഫി സാഹിത്യത്തിൽ നിരവധി പരിഭാഷകളും നിരൂപണങ്ങളും ജഹനാര നടത്തി. വിലപിടിപ്പുള്ള തന്റെ സ്വകാര്യ സ്വത്തുക്കളൊക്കെ അവർ അർഹരായവർക്ക് സംഭാവന ചെയ്തു.

നിലാവിൽ തെളിഞ്ഞ ചാന്ദ്നി ചൗക്ക്
നിലാവുദിച്ച ഏതോ രാത്രിയിൽ ജഹനാരയുടെ മനസ്സിൽ രൂപം കൊണ്ട ചന്ദ്രബിംബം തിളങ്ങുന്ന ചത്വരവും അനുബന്ധ നിർമ്മിതികളും ആയിരുന്നു പുരാതന ഡൽഹിയിലെ ചാന്ദ്നിചൗക്ക്‌. ജഹനാര രാജ്യത്തിന് നിർമ്മിച്ച് നൽകിയ സുന്ദരമായ പേരോടു കൂടിയ വ്യാപാര വാണിജ്യ കേന്ദ്രം. ആളൊഴിഞ്ഞ നിലാവുള്ള രാത്രിയിൽ ചാന്ദ്നി ചൗക്കിൽ നിശബ്ദമായിരുന്നാൽ പാടിത്തീരാത്ത ഒരു ഗസലിന്റെ ഈണം പോലെ ജഹനാരയുടെ ആത്മാവിന്റെ സംഗീതവും അകലെയെവിടെയോ കാലടികളിൽ നിന്നുതിരുന്ന പാദസരകിലുക്കവും കേൾക്കാം. സൂഫിവര്യൻ നിസാമുദ്ദീൻ ഔലിയയുടെ ദർഗയ്ക്കു സമീപത്താണ് ജഹനാരയുടെ ഖബർ. നിസാമുദ്ദീൻ ഔലിയയുടെ ശിഷ്യനും കവിയുമായ അമീർ ഖുസ്രുവിന്റെ ശവകുടീരവും ഉർദു കവി മിർസാ ഗാലിബിന്റെ ശവകുടീരവുമൊക്കെ ഇവിടെയുണ്ട്.
ഖവാലികളും മെഹ്ഫിലുകളും ഒഴുകിയിറങ്ങുന്ന സംഗീത സാന്ദ്രമായ അന്തരീക്ഷം ഇന്നും പാടുന്നത് ജഹനാരയ്ക്കു വേണ്ടിയാണ്. ജീവിച്ചിരിക്കേ തന്നെ ജഹനാര തനിക്കായി ആർഭാടമില്ലാത്ത ഒരു ഖബർ നിർമിച്ചു. "പച്ചസസ്യങ്ങൾ കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും തന്റെ ഖബറിടം മൂടരുതെന്നും" അവർ നിർദേശിച്ചു. ആ വരികൾ ഖബറിടത്തിൽ ഇങ്ങനെ കൊത്തിവെച്ചിരിക്കുന്നു.
"Allah is the Living, the Sustaining.
Let no one cover my grave except with greenery,
For this very grass suffices as a tomb cover for the poor.
The mortal simplistic Princess Jahanara,
Disciple of the Khwaja Moin-ud-Din Chishti,
Daughter of Shah Jahan the Conqueror
May Allah illuminate his proof.
1092 [1681 AD]"
"ദരിദ്രയുടെ ഖബറിടം മൂടുന്നതിന് ഈ പുല്ല് തന്നെ ധാരാളം" എന്ന് മുഗൾ സാമ്രാജ്യത്തിന്റെ ബീഗം പാദുഷ. സ്വയം ദരിദ്രയെന്ന് വിശേഷിപ്പിച്ച ചക്രവർത്തിനി.
നിലാവു പോലും മെഹ്ഫിലുകൾ ആയിമാറുന്നു. പ്രകൃതി പാടുകയാണ് ജാനിക്കുവേണ്ടി. ജഹനാരാ നീ സമ്പന്നയാണ്. നിന്റെ മാതാ പിതാക്കളുടെ മാർബിൾ കുടീരങ്ങളെക്കാൾ തിളക്കം, നിന്റെ ഓർമ്മകൾക്ക് മുകളിൽ നീ വിരിച്ച പച്ചപ്പിനുണ്ട്. പച്ചപ്പാണ് ജീവൻ. ജാനി ഇന്നും ജീവിക്കുന്നു. ജീവിതത്തിൽ പൊരുതുന്ന ഓരോ പെൺകുഞ്ഞും നീയാണ്. ജീവിക്കുന്ന ജഹനാര. പുഷ്പിക്കുന്ന ജഹനാര. എല്ലാ വിജയവും നിന്റേതാണ്.
നീയാണ് ഏറ്റവും സമ്പന്നയായ ചക്രവർത്തിനി. മേൽക്കൂരയില്ലാത്ത മാർബിൾ ചത്വരത്തിനുള്ളിൽ ജഹനാരയുടെ കബറിടം. നിലാവിൽ തിളങ്ങുന്ന പച്ചപ്പ്‌.

Tags:
  • Travel Stories
  • Manorama Traveller
  • Travel India