Thursday 26 March 2020 02:54 PM IST : By സ്വന്തം ലേഖകൻ

'ക്യാമറയിൽ ആ ചിത്രം പകർത്തിയതിന്റെ അമ്പരപ്പ് ഇന്നും വിട്ടുമാറിയിട്ടില്ല'; അപൂർവ ഫ്രെയ്മുകൾ തേടുന്ന കൗഷിക്കിന്റെ കഥ!

kaushik77565

പ്രവാസി മലയാളിയായ കൗഷിക് വിജയന്റെ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി സോഷ്യമീഡിയയിലും രാജ്യാന്തര ഫൊട്ടോഗ്രഫി കൂട്ടായ്മകളിലും വലിയ ഹിറ്റാണ്. എന്നാൽ ഫൊട്ടോഗ്രഫർ എന്ന നിലയിലുള്ള ജീവിതം ഒരു എളുപ്പമുള്ള ക്ലിക്ക് ആയിരുന്നില്ല... 

ചിറകടിച്ചുയരുന്ന ചിത്രങ്ങൾ

പച്ചപ്പിന്റെ തണൽ പുതയ്ക്കുന്ന കാടുകളിലും വെയിൽ തിളക്കത്തിന്റെ ചൂടില്‍ ഉരുകുന്ന മണലാരണ്യത്തിലും ഒരുപോലെ മികച്ച ഫ്രെയ്മുകൾ തേടുന്ന ഫൊട്ടോഗ്രാഫറാണ് കൗഷിക് വിജയൻ. അപൂർവമായ ചിത്രങ്ങളിലൂടെ സോഷ്യൽമീഡിയയിൽ ഒട്ടേറെ ആരാധകരെ ലഭിച്ച കൗഷിക് വിജയൻ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയാണ് തന്റെ പാഷനെന്ന് മനസ്സിലാക്കുന്നത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്. പ്രവാസ ജീവിതത്തിനിടയിൽ വീണുകിട്ടുന്ന അവധിക്കാലവും ഒഴിവുനേരങ്ങളും പക്ഷികളെയും മൃഗങ്ങളെയും പ്രകൃതിയെയും കാണാൻ ഓടി നടന്നു. നല്ല ചിത്രങ്ങൾ പകർത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി മാസം ഏഷ്യൻ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ ഓഫ് ദ് മന്ത് അംഗീകാരവും ലഭിച്ചു ഈ പ്രവാസി മലയാളിയ്ക്ക്. 

Dark-Fronted-Babbler--Gavi

മൃഗങ്ങളിലെ സഹജീവി സ്നേഹം 

‘‘ശബരിമലക്കാടുകളിലൂടെയുള്ള ഒരു പ്രഭാതയാത്രയിൽ വഴിയരികിലേക്ക് ഒരുപറ്റം കുരങ്ങുകൾ മലയിറങ്ങി വരുന്നത് കണ്ടു. കാറൊതുക്കിയിട്ട് ക്യാമറയുമായി വെളിയിലേക്കിറങ്ങി. മലയിറങ്ങുന്ന കുരങ്ങന്മാരിൽ ഒരുവൻ അവിടെ വലിയൊരു മരത്തോട് ചേർന്നു നിൽക്കുന്ന മരക്കുറ്റിയിലേക്ക് ചാടി ഇരിപ്പായി. മരത്തിനു മുകളിലൂടെ ചാടി വന്ന മറ്റൊരുവനും ഇതു കണ്ട് അവിടെ ഇരിക്കാൻ തോന്നിയിരിക്കണം, അവനും ആ മരക്കുറ്റിയിലേക്ക് ചാടി. പക്ഷേ, അതിനു ചാട്ടം പിഴച്ചു, കുറ്റിയിൽത്തട്ടി താഴെ കൊക്കയിലേക്ക് മറിയുന്നതാണ് കണ്ടത്. ഒരു ഞൊടിയിടയിൽ മരക്കുറ്റിയിൽ ഇരിക്കുന്ന കുരങ്ങന്റെ കൈകൾ ചലിച്ചു, വീഴുന്ന കുരങ്ങനെ ചാടിപ്പിടിച്ച് വാരിപ്പുണർന്നു. ഒരു കൊച്ചുകുഞ്ഞിനെ രക്ഷിക്കുംപോലെ ആ കുരങ്ങനെ ജീവിതത്തിലേക്ക് തിരികെ വലിച്ചെടുക്കുകയായിരുന്നു അത്. 

Bonnet-Macaque-Monkey--gavi-forest

ക്യാമറയിൽ ആ ചിത്രം പകർത്തിയ എന്റെ അമ്പരപ്പ് ഇന്നും വിട്ടുമാറിയിട്ടില്ല.  കാരണം ആ മൃഗങ്ങളിൽക്കണ്ട സ്നേഹം, കരുതൽ, സംരക്ഷണം ഒക്കെ ചിന്തിപ്പിക്കുന്നതായിരുന്നു. അതാണ് മനുഷ്യൻ ഇനിയും മനസ്സിലാക്കേണ്ടതും.’’  ഫൊട്ടോഗ്രഫിയിൽ സ്വന്തമായി ധാരാളം പരീക്ഷണങ്ങൾ ചെയ്യുകയും ചെയ്യുന്ന കൗഷിക് വിജയൻ തന്റെ മികച്ച ഫൊട്ടോകളിലൊന്നായി കണക്കാക്കുന്ന ഒരു ചിത്രത്തിന്റെ പിന്നിലെ കഥ പങ്കുവെച്ചുകൊണ്ട് തികച്ചും വ്യത്യസ്തമായ ചില ഫ്രെയിമുകളുടെ ലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോയത്. കാടും കാട്ടുമൃഗങ്ങളുമില്ലാത്തിടത്ത് പക്ഷികൾ ക്യാമറയ്ക്കു വിരുന്നൊരുക്കും. ഫൊട്ടോഗ്രാഫർക്കു വേണ്ടത് ക്ഷമയും സദാ തുറന്നിരിക്കുന്ന കണ്ണുകളും ചെവികളും മാത്രം എന്നാണ് കൗഷിക് അഭിപ്രായപ്പെടുന്നത്.

Bonnet-Macaque-Monkey--gavi-forest-..

കാടിന്റെ മക്കളുടെ ചിത്രങ്ങൾക്കായുള്ള അലച്ചിൽ തുടങ്ങുംമുൻപ്തന്നെ മലയണ്ണാനെ(Malabar giant squirrel) കണ്ടിട്ടുണ്ട്. അതിന്റെ അസാധാരണമായ വലിപ്പവും വ്യത്യസ്തമായ നിറവും ഭംഗിയും ഒക്കെ ആരെയും ആകർഷിക്കും. ചിത്രങ്ങൾക്കായി കാട്ടിലേക്ക് പോയിത്തുടങ്ങിയപ്പോൾ സ്വാഭാവികമായും മലയണ്ണാനെയും തേടി. ഫൊട്ടോഗ്രഫി കമ്പവുമായി ആദ്യം നാട്ടിലെത്തിയപ്പോൾ ഏറെ കാത്തിരിപ്പിനും അലച്ചിലിനുംശേഷമാണ് ഒരു മലയണ്ണാനെ ക്യാമറയുടെ മുന്നിൽ കിട്ടിയത്. പക്ഷേ, അപ്പോഴെടുത്ത ചിത്രം ഒട്ടും തൃപ്തികരമായില്ല.  അടുത്ത അവധിക്കാലത്ത് മലയണ്ണാന്റെ ചിത്രങ്ങൾ ലക്ഷ്യമിട്ടുതന്നെ ഇറങ്ങിയപ്പോൾ ഒട്ടേറെ തവണ അവയെ കണ്ടുമുട്ടാനും ക്യാമറയിൽ പകർത്താനുമായി. ഇപ്പോൾ മുപ്പതിലധികം മലയണ്ണാനുകളുടെ പല സന്ദർഭങ്ങൾ രേഖപ്പെടുത്തുന്ന ഒട്ടേറെ ചിത്രങ്ങൾ സ്വന്തമാണ്. 

Western-Reef-Egreat-.-Saudi

ക്ഷമയുടെ മുകളിൽ വിരിയിച്ചെടുക്കുന്ന ചിത്രങ്ങൾ

വനപ്രദേശങ്ങളും മരങ്ങളും ചെടികളുമൊക്കെയുള്ള തന്റെ ജന്മനാടായ പത്തനംതിട്ട വിട്ട് ഉപജീവനത്തിനായി മണലാരണ്യത്തിൽ കഴിയുമ്പോൾ അവിടെ സ്ഥിരമായി കാണപ്പെടുന്നതും തണുപ്പുകാലത്ത് യൂറോപ്പിൽനിന്നും ദേശാടനത്തിനെത്തുന്നവയുമായ പക്ഷികളിലേക്ക് തന്റെ ക്യാമറാക്കണ്ണു തുറക്കാനാണ് കൗഷിക് വിജയൻ ശ്രമിച്ചത്. പൊതുസ്ഥലങ്ങളിൽ ഫൊട്ടോഗ്രഫി വിലക്കുള്ള സൗദി അറേബ്യയിൽ  അത്തരം വിലക്കുകളും ചൂടും തണുപ്പും വകവയ്ക്കാതെ വാരാന്ത്യ അവധിദിനങ്ങളൊക്കെയും ക്യാമറയും കയ്യിലെടുത്ത് ഇറങ്ങുക പതിവാക്കി. എടുത്ത ചിത്രങ്ങൾ സ്വന്തമായി വിശകലനം ചെയ്ത് പിഴവും പോരായ്മയും മനസ്സിലാക്കിയാണ് മുന്നോട്ട് പോയത്. പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ ഇവ പോസ്റ്റ് ചെയ്തതോടെ ഒട്ടേറെപ്പേർ ഈ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നു എന്നു ബോധ്യമായി. പല രാജ്യാന്തര മാധ്യമങ്ങളും ഫൊട്ടോഗ്രഫി സംഘടനകളും ഇവ ശ്രദ്ധിക്കുകയും പല അംഗീകാരങ്ങളും നൽകുകയും ചെയ്തു. 

Heart--Spotted-Woodpecker--Gavi-forest

പരിമിതികളേറെയുണ്ടായിട്ടും സ്വപ്രയത്നവും ആത്മാർത്ഥമായ സമർപ്പണവും കൊണ്ട് അവയെ മറികടന്ന് കുറേ നല്ല ചിത്രങ്ങൾ പകർത്തിയ ആ ഫൊട്ടോഗ്രാഫർ തന്റെ ക്യാമറയിലേക്ക് കൂടുതലും കടന്നുവന്നത് പക്ഷികളുടെ ചിത്രങ്ങളാണെന്ന് ഓർക്കുന്നു. പക്ഷേ അവ നേരിട്ട് ചിത്രമായി പറന്നുവന്നതല്ല, ക്ഷമയുടെയും സഹനത്തിന്റെയും മുകളിൽ അടയിരുന്ന് വിരിയിച്ചെടുത്തവയാണ്.  ഇത്തരത്തിൽ നീണ്ട ഒരു കാത്തിരിപ്പിന്റെ പ്രതിഫലമാണ് സൗദിയിൽവച്ച് മൂങ്ങകളുടെ വിഭാഗത്തിൽപ്പെട്ട റെഡ് ബെയ്ക്ക്ഡ് ഷ്രിക്ക് (Red baked Shrike) എന്ന പക്ഷി ക്യാമറയിലേക്ക് നോക്കിയെന്നോണം പറക്കുന്ന സവിശേഷമായൊരു ചിത്രം ലഭിച്ചത്. 

മറ്റൊരിക്കൽ രണ്ടു ബുൾബുൾപക്ഷികൾ (White eared bulbul) ഒരിടത്തിരിക്കുന്നതുകണ്ട് അവയുടെ എന്തെങ്കിലുമൊരു ചലനം പകർത്താനായി കാത്തുനിന്നു. അൽപനേരത്തിനു ശേഷം നൃത്തത്തിനിടയിൽ ചുവടുകൾ വച്ചകലുന്ന നർത്തകരെപ്പോലെ രണ്ടു വശങ്ങളിലേക്കും ആ പക്ഷികൾ പറന്നുയരുന്ന മനോഹരമായൊരു ചിത്രമാണ് ക്യാമറയിൽ പതിഞ്ഞത്.

White-eared-Bulbul--Saudi-

ചിത്രമെടുക്കാൻ പോകുമ്പോൾ പക്ഷികളുടെ  മനസ്സിൽ ഈ ക്യാമറയുമായി വരുന്നവനൊരു കുഴപ്പക്കാരനല്ലെന്ന തോന്നൽ ഉണ്ടാക്കാനാകണം. അതിന് ആദ്യം അവ കാണുംവിധം വളരെ ദൂരെ ഇരുന്ന് നിരീക്ഷിക്കണം. അവയുടെ ശ്രദ്ധമാറുന്ന നിമിഷങ്ങളിൽ ഓരോ ചുവടുവീതം അടുത്ത് അടുത്ത് ചെല്ലാം. അങ്ങനെ എടുത്ത ഒരു ചിത്രമാണ് കൊക്കുകളുടെ ഇനത്തിൽപ്പെട്ട തിരമുണ്ടി (Western reef egret) എന്ന കിളി മീൻ പിടിക്കുന്ന ചിത്രം. ഇത്തരത്തിലുള്ള ക്ഷമയും ജാഗ്രതയും ചിത്രങ്ങൾക്ക് ഏറെ വ്യത്യസ്തത പകരുമെന്ന് ഉറപ്പാണ്.

Malabar-Gaint-Squirrel

കണ്ണും കാതും തുറന്നുവയ്ക്കൂ...

പ്രകൃതി ധാരാളം ഫൊട്ടോഫ്രെയ്മുകളാൽ സമ്പന്നമാണ് എപ്പോഴും. അതിൽ നമുക്കു വേണ്ടത് അന്വേഷിക്കുക, കാത്തിരിക്കുക, കിട്ടുന്ന അവസരങ്ങൾ ഭംഗിയായി ഉപയോഗിക്കുക അതാണ് വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയുടെ ഒരു അടിസ്ഥാനതത്ത്വം.

സൗദിയിലെ തണുപ്പുള്ള ഒരു പ്രഭാതത്തിൽ സ്ഥിരമായി ചിത്രമെടുക്കാൻ പോകുന്ന  സ്ഥലത്ത്, അവിചാരിതമായി ശ്രദ്ധയിൽപ്പെട്ട കാഴ്ചയാണ് ഷ്രിക്ക് (Shrike bird) എന്ന പക്ഷി പാമ്പിനെ തിന്നുന്നത്. ഒരു കുരുവിയെക്കാളും അല്പം വലുത് എന്നുമാത്രം പറയാവുന്ന ഈ കിളി പാമ്പിനെയും എലിയെയും ഓന്തിനെയുമൊക്കെ പിടിച്ച് കൂർത്ത കമ്പുകളിൽ കുത്തിയിറക്കി കൊന്നാണ് ഭക്ഷിക്കുന്നത്. അപൂർവമായ ഈ സന്ദർഭം പകർത്താൻ പ്രകൃതി ഒരുക്കിത്തന്ന അവസരമായിരുന്നു അത്. 

Shrike-bird-_-Snake-kill--Saudi

ഒരു ഒഴിവുദിവസം ഫൊട്ടോഗ്രാഫർമാരായ സുഹൃത്തുക്കൾക്കൊപ്പം സൗദിയിലെ പുതിയൊരു സ്ഥലത്ത് ചിത്രങ്ങളെടുക്കാനിറങ്ങി. അവിടെ കുറച്ച് ഒട്ടകങ്ങളെ ക്യാമറയിലാക്കി നിൽക്കുമ്പോഴാണ് ഒരു ചെടിയിൽ ചരൽക്കിളി (Stonechat)  ഇരിക്കുന്നതു കണ്ടത്. വ്യത്യസ്തമായൊരു ഫ്രെയിം സൃഷ്ടിക്കാൻ, ഒട്ടകങ്ങളെ ആ കിളി ഇരിക്കുന്നതിന്റെ പിന്നിലേക്ക് കൊണ്ടുവന്നാണ് ആ ചിത്രം എടുത്തത്.

Red-backed-Shrike--SAUDI

മറ്റൊരിക്കൽ, നാട്ടിൽ വന്ന സമയത്ത് കാട്ടിലലയുമ്പോൾ ഇതുവരെ ചിത്രമെടുത്തിട്ടില്ലാത്ത ഒരു കിളിയെക്കണ്ട് ഫോട്ടോ എടുക്കാൻ തയ്യാറായി. എന്നാൽ ആ നിമിഷം അത് പറന്നുപോയി, അതേസമയം മറ്റൊരു കിളി എനിക്ക് തൊട്ടടുത്തെന്നോണം വന്നിരുന്നു. ഞാനതിനെ ഭംഗിയായി പകർത്തുകയും ചെയ്തു. പിന്നീട് ഒരു സുഹൃത്തിനെ ആ ചിത്രം കാണിച്ചപ്പോളാണ് അതിന്റെ പ്രാധാന്യം മനസ്സിലായത്. പൊടിച്ചിലപ്പൻ  (Dark fronted babbler) എന്ന ഈ കിളി അപൂർവമായ ഒന്നല്ലെങ്കിൽപോലും അതിനെ ഫൊട്ടോയിൽ പകർത്താൻ വളരെ വിരളമായേ സാധിക്കാറുള്ളത്രെ. പറന്നുപോയതിനെ ഓർത്ത് വിലപിക്കാതെ തക്കസമയത്ത് ഉചിതമായി പ്രതികരിച്ചതിനാൽ മാത്രം കിട്ടിയതാണ്  ആ ചിത്രം. 

Stone-chat--Saudi

പറക്കും ചിത്രങ്ങൾ

പക്ഷികളുടെ ഫൊട്ടോഗ്രഫിയിൽ ഏറെ വെല്ലുവിളികളുള്ളത് അവ പറക്കുന്ന ചിത്രങ്ങൾ വ്യക്തതയോടെ എടുക്കുന്നതിനാണ്. പലപ്പോഴും മരക്കൊമ്പിലും മറ്റും ഇരിക്കുന്നവ പറക്കുന്നതും പ്രതീക്ഷിച്ച് ക്യാമറ സെറ്റ് ചെയ്ത് ഒരുവശത്ത് കാത്തിരിക്കുമ്പോഴാകും അവ മറുവശത്തേക്ക് പറക്കുന്നത്. കുറച്ചുകാലത്തെ പരിചയം കൊണ്ട് ഇവയുടെ സ്വഭാവത്തെപ്പറ്റി ചില ധാരണ ഉണ്ടാക്കാനാകും എന്നേയുള്ളു. ഫൊട്ടോഗ്രഫി പരിശീലിച്ചു തുടങ്ങിയ കാലത്തൊരിക്കൽ സൗദിയിൽവച്ച് അപ്രതീക്ഷിതമായി മാനത്ത് പറക്കുന്നതു കണ്ട ഒരു താലിപ്പരുന്തിന്റെ (Osprey Eagle) മികച്ച ചിത്രം പകർത്താനായത് ആത്മവിശ്വാസം നൽകി.  പിന്നീട് സൗദിയിൽ സാധാരണകാണപ്പെടുന്ന വിശറിവാലൻ പുള്ളിന്റെയും (Common kestrel) നാട്ടിലെത്തുമ്പോൾ കൊറ്റികളുടെയുമൊക്കെ  പറക്കൽ ചിത്രീകരിക്കാൻ ശ്രമിക്കുക പതിവാക്കി. അങ്ങനെയാണ് ഫൊട്ടോഗ്രഫിയുടെ ആ മേഖലയിൽ വൈദഗ്ധ്യം നേടിയത്. അതേപോലെതന്നെയാണ് കുരങ്ങുകളുടെ ചിത്രവും. അവയുടെ വികൃതികൾ കാത്തിരുന്ന് ചിത്രീകരിക്കാനായാൽ നമുക്ക് പലപ്പോഴും ലഭിക്കുന്നത് വളരെ ജീവനുള്ള, കൗതുകമുണർത്തുന്ന ചിത്രങ്ങളായിരിക്കും.

ഇത്തരത്തിൽ ഓരോ ഫോട്ടോയും പകർത്തുന്ന സാഹചര്യം വ്യത്യസ്തമായിരിക്കും, ചിലതിന്റെ പിന്നില്‍ രസകരമായ കഥകളുമുണ്ടാകും. പക്ഷെ, അത് ഫൊട്ടോഗ്രാഫർ പങ്കുവെച്ചില്ലെങ്കിൽ ആരും അറിയില്ല എന്നതാണ് സത്യം.

ബാലൻസിങ് ആക്ട്

kaushik-Vijayan

ഫൊട്ടോഗ്രഫിയിലുള്ള താൽപര്യംകൊണ്ട് പ്രവാസജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ കൗഷിക് വിജയൻ ഒരു ചെറിയ ക്യാമറ മേടിച്ച് ജീവിതമുഹൂർത്തങ്ങളെ പകർത്തി തുടങ്ങി. എങ്കിലും നീണ്ട പത്തുവർഷങ്ങൾക്കുശേഷമേ ഒരു ഡിഎസ്എൽആർ ക്യാമറ സ്വന്തമാക്കാനായുള്ളു. അതിനുശേഷം യാദൃച്ഛികമായി വീട്ടുമുറ്റത്തെ വാഴക്കൂമ്പിലിരിക്കുന്ന അണ്ണാന്റെ ചിത്രം പകർത്തിയതിന്റെ രസത്തിൽനിന്നാണ് വന്യജീവികളുെടയും പക്ഷികളുടെയും ചിത്രങ്ങൾ പകർത്തുന്നതിന്റെ ആവേശവും സാധ്യതകളും തിരിച്ചറിഞ്ഞത്. പ്രവാസജീവിതത്തിനിടയിൽ പക്ഷികളുടെ ചിത്രങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും നാട്ടിലെത്തുന്ന അവധിക്കാലത്ത് കേരളീയ വനങ്ങളിലേക്ക് പോകുകയുമാണ് പതിവ്.

പത്തനംതിട്ട ജില്ലയിലെ വിവിധ വനപ്രദേശങ്ങളിലും മൂന്നാറിലും ആണ് കൂടുതലും സഞ്ചരിച്ചിട്ടുള്ളത്. പിന്നെ ഗൾഫ് നാടുകളിൽ ഒഴിവുസമയം നോക്കിയുള്ള ചില യാത്രകളും. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഉത്തരഖണ്ഡിലെ കോർബറ്റ് നാഷനൽ പാർക്കിലേക്കും മഹാരാഷ്ട്രയിലെ തഡോബയിലേക്കും മധ്യപ്രദേശിലെ പെഞ്ച് കാടുകളിലേക്കും ഒക്കെ   കടുവയും ആനയും പുലിയും കാട്ടുപോത്തും പോലുള്ള വന്യമൃഗങ്ങളുടെ ചിത്രങ്ങൾക്കായി സഞ്ചരിക്കാൻ സാധിച്ചത്.  ജീവിതത്തിന്റെ ഫോക്കസും ഫ്രെയിമും ബാലൻസ് ചെയ്യുന്നതിനൊപ്പം തന്റെ പാഷനായ ഫൊട്ടോഗ്രഫിയെയും കൂടെക്കൂട്ടുകയാണ് കൗഷിക് വിജയൻ. 

Tags:
  • Manorama Traveller
  • Wild Destination