Tuesday 04 May 2021 01:09 PM IST : By സ്വന്തം ലേഖകൻ

അദ്ഭുതങ്ങളുടെ നാട്ടിലെ പാലം താങ്ങുന്ന കൈകൾ

goldenbridgev

വിസ്മയങ്ങളുടെ നാടാണ് വിയറ്റ്നാം. തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ ജീവിതചിലവ് ഏറ്റവും കുറഞ്ഞ രാജ്യം. പ്രകൃതിയോടിണങ്ങി ചേരുന്ന രീതിയിൽ നിർമിക്കുന്ന വിസ്മയങ്ങളാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്ന ഘടകം. അക്കൂട്ടത്തിലെ ഏറ്റവും പുതിയ കാഴ്ചയാണ് ഗോൾഡൻ ബ്രിജ്. സമൂഹമാധ്യമങ്ങളിലൂടെ ഹിറ്റായി മാറിയ ഗോൾഡൻ ബ്രിജ് 2018 ജൂണിലാണ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്.

ഗോൾഡൻ ബ്രിജ്

goldenbridgev1

കാടിനു നടുവിലായി ഭീമാകാരമായ രണ്ടുകരങ്ങൾ താങ്ങി നിർത്തുന്ന പാലം, ഗോൾഡൻ ബ്രിജ്. സമുദ്രനിരപ്പിൽ നിന്ന് 1400 മീറ്റർ ഉയരത്തിൽ നിർമിച്ച ഈ പാലത്തിന് 150 മീറ്റർ നീളമുണ്ട്. ഗിൽഡഡ് റെയിലിങ് ഫ്രെയിമിൽ നിന്നാണ് ഗോൾഡൻ ബ്രിജ് എന്ന് പേരു വന്നത്. ‘പാം ഓഫ് ജയന്റ്സ്’ എന്നാണ് ബ്രിജ് താങ്ങുന്ന കൈകൾ അറിയപ്പെടുന്നത്. വിയറ്റ്നാമിലെ സൺ വേൾഡ് ബാ നാ ഹിൽസ് അമ്യൂസ് മെന്റ് പാർക്കിലാണ് ഈ പാലവും കൈകളുമുള്ളത്. പാർക്കിലെത്തുന്ന സഞ്ചാരികൾക്ക് പൂന്തോട്ടങ്ങൾക്കും കേബിൾ കാർ സ്റ്റേഷനുമിടയിലുള്ള വഴി സുഗമമാക്കാനാണ് പാലം നിർമിച്ചത്. രണ്ടു വലിയ കൈകൾ താങ്ങി നിർത്തുന്ന പാലം കാണുമ്പോൾ ആദ്യമൊരു അമ്പരപ്പുണ്ടാകുമെങ്കിലും സുരക്ഷിതമായി പാലം കടക്കുന്നതോടെ ദൈവത്തിന്റെ കരങ്ങളാണോ അതെന്ന സംശയമുണ്ടാക്കുമെന്ന് സഞ്ചാരികൾ അഭിപ്രായപ്പെടുന്നു. അതിനാൽ ഗോൾഡൻ ബ്രിജിനെ താങ്ങി നിർത്തുന്ന കരങ്ങളെ ‘ദൈവത്തിന്റെ കൈ’കൾ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.

ഡാ നാങ്ങിന്റെ വിസ്മയം

goldenbridgev2

തെക്ക്- മധ്യ വിയറ്റ്നാമിന്റെ വിനോദ സഞ്ചാര തലസ്ഥാനമാണ് ഡാ നാങ്. 1919 ൽ ഫ്രഞ്ചുകാരാണ് ഡാ നാങ്ങിൽ ആദ്യമായി പാലം നിർമിക്കുന്നത് ഡാ നാങ് സിറ്റി സെന്ററിൽ നിന്ന് 45 മിനിറ്റ് യാത്രയുണ്ട് ബാ നാ ഹിൽസ് റിസോർട്ടിലേക്ക്. ഇവിടെയാണ് ഗോൾഡൻ ബ്രിജ് സ്ഥിതി ചെയ്യുന്നത്. ഫൈബർ ഗ്ലാസ്, വയർ മെഷ് എന്നിവയുപയോഗിച്ചാണ് കൈകൾ രൂപകൽപന ചെയ്തിരിക്കുന്നത്. രാവിലെ എട്ടു മുതൽ വൈകിട്ട് 6.30 വരെയാണ് പ്രവേശന സമയം. മനോഹരമായ സൂര്യാസ്തമയം കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations
  • Wild Destination