Wednesday 12 February 2020 04:06 PM IST : By Easwaran Seeravally

മാനന്തവാടിയിൽ നിന്ന് തിരുനെല്ലിയിലേക്ക് കാനന വഴിയിലൂടെ... മനോഹര കാഴ്ചകളൊരുക്കി 32 കിലോമീറ്റർ ബസ് യാത്ര!

Thirunelli
Photo: Harikrishnan

കാനനപാതയിൽ സഞ്ചരിക്കാൻ ഇഷ്ടമില്ലാത്തവരുണ്ടോ? തനിയെ പോകാനോ സ്വന്തം വാഹനത്തിൽ പോകാനോ പറ്റാത്തവർക്ക് നമ്മുടെ സ്വന്തം കെഎസ്ആർടിസിയിൽ പോകാം. വയനാട്ടിൽ തിരുനെല്ലിക്കാടുകളിലൂടെ... മാനന്തവാടിയിൽനിന്ന് തിരുനെല്ലിയിലേക്ക് പോകുന്ന കാടിനുള്ളിലെ മനോഹരമായ വഴിയിലൂടെ. മുപ്പത്തിരണ്ട് കിലോ മീറ്റർ നീളുന്ന യാത്രയ്ക്ക് വേണ്ടത് ഒരു മണിക്കൂറിൽ ചില്വാനം സമയവും.

ആർആർഇ 852

മാനന്തവാടി–തിരുനെല്ലി ക്ഷേത്രം കെഎസ്ആർടിസി ബസ് ആർ ആർ ഇ 852ഡിപ്പോയിൽനിന്ന് എടുക്കുമ്പോൾ സമയം പുലർച്ചെ ആറ് മണി. ബസിൽ കാര്യമായി ആൾക്കാർ ഇല്ല. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം തലേന്ന് രാത്രി പെയ്ത മഴയുടെ കുളിരിൽ പുതച്ചുകിടക്കുകയാണെന്ന് തോന്നുന്നു ഈ ചെറുപട്ടണം. വഴിയും തെരുവോരങ്ങളും സജീവമായി തുടങ്ങിയിട്ടില്ല. ഏതായാലും കാടിന്റെ ഭംഗി ചുരുങ്ങിയ ചെലവിൽ ആസ്വദിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ബസ്സിന്റെ ഒരു സൈഡ് സീറ്റ് നോക്കി ഇടം പിടിച്ചു.

Thet-Junction

കോഴിക്കോട്–മാനന്തവാടി റോഡിലുള്ള ടൗൺ സ്‌റ്റാൻഡ് ലക്ഷ്യമിട്ടാണ് ഡിപ്പോയിൽനിന്ന് ഇറങ്ങിയ ബസ് നീങ്ങിയത്. മാനന്തവാടിയിൽനിന്ന് തിരുനെല്ലിയിലേക്കുള്ള ആദ്യ ബസാണിത്. യാത്രക്കാർ കൂടുതലും കയറുക ടൗൺ സ്‌റ്റാൻഡിൽനിന്നുതന്നെ. കമ്പിളി പുതപ്പ് കൊണ്ടുനടന്നു വിൽക്കുന്നവരും ക്ഷേത്രത്തിലേക്കുള്ളവരും തിരുനെല്ലിയിലെ നാട്ടുവൈദ്യനെ കാണാൻ പോകുന്നവരും ഒക്കെയായി കുറച്ചുപേർ... കണ്ടക്ടർ ഡബിൾ ബെൽ കൊടുത്തതോടെ ആനവണ്ടി മുന്നോട്ടെടുത്തു.

മാനന്തവാടി നഗരം ചുറ്റിയപ്പോഴേക്കും വണ്ടിയിൽ കുറച്ച് ആളുകളായി. വയനാടുവഴി മൈസൂരിലേക്കും കുടകിലേക്കും നീളുന്ന പാതയിലൂടെയാണ് ആർ ആർ ഇ 852 കുതിക്കുന്നത്.

_C3R9954

ഒണ്ടയങ്ങാടി

പത്ത് പതിനഞ്ച് മിനിറ്റിനുള്ളിൽ ഒണ്ടയങ്ങാടി എത്തി. നഗരം വിട്ടശേഷമുള്ള ആദ്യത്തെ സ്‌റ്റോപ്പാണ്. തൃശ്ശിലേരി ക്ഷേത്രത്തിൽ പോകണമെങ്കിൽ ഇവിടിറങ്ങണം. തിരുനെല്ലി പാപനാശിനിയിൽ ബലികർമങ്ങൾക്ക് പോകുന്നവർ അതിനു മുൻപായി തൃശ്ശിലേരി ശിവക്ഷേത്രത്തിൽ തൊഴുത് നെയ്‍വിളക്ക് വെക്കണമെന്നാണ് ആചാരം.

മുന്നോട്ടുള്ള പാതയിൽ വീടുകളും ജനവാസ മേഖലകളും കുറഞ്ഞു വരുന്നു. ഇടതുവശത്ത് ഒരു കാടിന്റെ ഫീൽ... രണ്ട് ചെറിയ വനപ്രദേശങ്ങളിലൂടെയാണ് ഈ ഭാഗത്ത് വഴി കടന്നു പോകുന്നത്. ആദ്യം വരുന്നത് താഴെ അൻപത്തിനാലും പിന്നീട് മേലേ അൻപത്തിനാലും. അൽപംകൂടി മുന്നോട്ട് ചെന്നപ്പോഴേക്കും ഇടതു ഭാഗത്ത് കാടായി... തേക്കാണ് അധികവും. വലതു വശത്ത് ഇടയ്ക്കിടയ്ക്ക് വീടുകളും ചെറിയ ജനവാസ കേന്ദ്രങ്ങളും.

_C3R9979

കാട്ടിക്കുളം

വീണ്ടും ഒരു അഞ്ചാറ് കിലോ മീറ്റർ സഞ്ചരിച്ചപ്പോൾ കാട്ടിക്കുളം എത്തി. തിരുനെല്ലി പഞ്ചായത്തിന്റെ ആസ്ഥാനമാണ് കാട്ടിക്കുളം. ഒരു ചെറിയ ബസ് സ്‌റ്റാൻഡും ധാരാളം കടകളും ഒക്കെയുള്ള സ്ഥലം. ചിലർ ഇറങ്ങുകയും കയറുകയുമൊക്കെ ചെയ്തശേഷം വണ്ടി യാത്ര തുടർന്നു. സമയം ആറരയോട് അടുക്കുന്നു. മഴച്ചാറ്റൽ ചുറ്റുപാടുമുള്ള പ്രകൃതിയെ കൂടുതൽ മനോഹരിയാക്കുന്നു. കാട്ടിക്കുളത്തിനുശേഷം പാത കൂടുതൽ ഹരിതാഭമായി. തോട്ടങ്ങളും പറമ്പുകളും പിന്നിലാക്കി കുതിക്കുന്ന ബസ് ക്രമേണ കാണാൻ കൊതിച്ചിരിക്കുന്ന കാടിനുള്ളിലേക്ക് കടക്കുകയാണ്.

_C3R9984

മറ്റു പല കാനനപാതകളെയും അപേക്ഷിച്ച് ഇവിടെ റോഡ് നല്ല രീതിയിൽ സൂക്ഷിച്ചിട്ടുണ്ട്. വഴിയുടെ ഇരുവശവും ജലകണങ്ങൾ പൊഴിച്ചു നിൽക്കുന്ന മരങ്ങൾ. ഈ ഭാഗത്ത് ഇടതൂർന്ന കാടാണെന്ന് പറയാനാകില്ല. ചിലസ്ഥലങ്ങളിൽ മരങ്ങളെത്തന്നെ പകുതിയോളം മറയ്ക്കുന്നവിധം വളർന്ന വലിയ കാട്ടുപൊന്തകളും കുറ്റിച്ചെടികളും. പ്രഭാതത്തിന്റെ നിശ്ശബ്ദതയിൽ എവിടെനിന്നും പ്രത്യക്ഷപ്പെടാവുന്ന മൃഗങ്ങൾക്കായി കണ്ണും കാതും കൂർപ്പിച്ചിരുന്നു.

_C3R0070

അധികം വാഹനത്തിരക്കോ ബഹളമോ ഇല്ലാത്ത സമയമായതിനാൽ രാവിലെ ആദ്യത്തെ ട്രിപ്പിൽ മൃഗങ്ങളെ കാണാൻ സാധ്യത വളരെ കൂടുതലാണ്. ആന, കാട്ടുപോത്ത് തുടങ്ങി മാനുകളും കുരങ്ങൻമാരും വരെ പലപ്പോഴും വഴിയരികിൽ വന്നിട്ടുണ്ടത്രേ. ബസിലായാലും മറ്റ് സ്വകാര്യ വാഹനങ്ങളിലായാലും വയനാട്ടുകാരായ ഡ്രൈവവർമാർക്കൊന്നും ഇതുവരെ മൃഗങ്ങളിൽനിന്ന് ഒരുതരത്തിലുള്ള ഭീതിയും ഉണ്ടായിട്ടില്ല, കാരണം ഇവർ മൃഗങ്ങളെ കണ്ടാലും വലിയരീതിയിൽ മൈൻഡ് ചെയ്യാതെ ഓടിച്ചുപോകും അത്രതന്നെ. എന്നാൽ വിനോദ സഞ്ചാരികളായി വരുന്ന അന്യനാട്ടുകാരായ ഡ്രൈവർമാരും യാത്രക്കാരും മൃഗങ്ങളെ കാണുമ്പോൾ വാഹനം നിർത്തുകയോ ബഹളമുണ്ടാക്കുകയോ ചെയ്ത് അവയ്ക്ക് ഭീതി ഉണ്ടാക്കും, പ്രകോപനം സൃഷ്ടിക്കും. പലരും കുഴപ്പങ്ങളിൽ ചെന്നു ചാടുന്നത് ഇങ്ങനെയാണ്.

കാടിന്റെ ഇരുണ്ട അന്തരീക്ഷത്തിൽ കുറച്ചുകൂടി കാളിമ പടർത്തിക്കൊണ്ട് മഴമേഘങ്ങളുെട തണൽ വിശാലമായി. ഇടയ്ക്ക് വല്ലപ്പോഴും ഇരുചക്ര വാഹനങ്ങളും കാറുകളും ബസിനെ കടന്നുപോകുന്നു, അപൂർവമായി മാത്രം ചില വാഹനങ്ങൾ എതിർദിശയിലും.

_C3R9931

കാടിന്റെ കാഴ്ചകൾ

ഇടയ്ക്കൊരു വളവുതിരിഞ്ഞപ്പോൾ സ്കൂള്‍ ഗ്രൗണ്ടിൽ കളിക്കാനിറങ്ങിയ കുട്ടികളെപ്പോലെ തുള്ളിച്ചാടി നടക്കുന്ന പുള്ളിമാൻ കൂട്ടം... റോഡിനോട് വളരെ അടുത്തുനിന്ന ചിലത് നാണംകൊണ്ടോ പേടികൊണ്ടോ എന്നറിയാൻ ആകാത്തവിധം കാട്ടുപൊന്തയുടെ പിന്നിലേക്ക് ഓടി ഒളിച്ചു. മറ്റു ചിലത് ഇന്നെന്താ നിങ്ങൾ അൽപം വൈകിയോ? എന്ന് ചോദിക്കും വിധം വണ്ടിയിലേക്ക് സാകൂതം നോക്കിനിന്നു. ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ പുല്ലിനിടയിലേക്ക് കുറേക്കൂടി മുഖം താഴ്ത്തിനിന്നു മറ്റുചിലർ. മാനുകളൊന്നും കൈ നീട്ടി കാണിക്കാത്തതിനാലാണോ എന്തോ ആനവണ്ടി അതിന്റെ പ്രയാണം തുടർന്നു.

_C3R9962

മുന്നോട്ടുള്ള യാത്രയിൽ റോ‍ഡിന് ഇടത്തും വലത്തുമായി വേറെ രണ്ട് മാൻകൂട്ടങ്ങളെക്കൂടി കാണാനായി. ഇടയ്ക്ക് ഒരു ഭാഗത്തെത്തിയപ്പോൾ ഇവിടെ ആനകളെ പലപ്പോഴും കാണാറുണ്ട് എന്ന് ആരോ പറയുന്നതു കേട്ടു. അടുത്ത വളവ് തിരിഞ്ഞപ്പോൾ കരിവീരൻമാർ സാന്നിദ്ധ്യം അറിയിക്കാനായി ബാക്കിവച്ച അടയാളംപോലെ ആനപ്പിണ്ഡം വഴിയിൽ കിടക്കുന്നത് കണ്ടു. ഒരുപക്ഷേ, മുൻപിൽ പോയ കാറുകാരെയോ ബൈക്കുകാരെയോ ഒക്കെ കണ്ട് ഉൾക്കാടുകളിലേക്ക് കയറിയാതായിരിക്കും. തുടർയാത്രയിൽ ഒരുകൂട്ടം കുരങ്ങൻമാർ ഏറെ പ്രതീക്ഷയോടെ ബസിനെ നോക്കി ഇരിക്കുന്നതു കണ്ടു. മുതിർന്നവരും അമ്മമാരും കുട്ടികളും ഒക്കെ അടങ്ങുന്ന സാമാന്യം വലിയൊരു സംഘമായിരുന്നു അത്.

_C3R0074

തെറ്റ്‌റോഡിൽ തെറ്റാതെ

കാട്ടിനുള്ളിലെ ഒരേയൊരു ജങ്ഷനിലാണ് ബസ് പിന്നെ എത്തിച്ചേർന്നത്. തെറ്റ്‌റോഡ് എന്ന പേരുതന്നെ കൗതുകമുണർത്തും. സുൽത്താൻസ് ബാറ്ററി സുൽത്താൻ ബത്തേരി ആയതുപോലെ തെറ്റ്‌റോഡിനു പിന്നിലും എന്തെങ്കിലും കഥയുണ്ടോ എന്നായി അന്വേഷണം. മാനന്തവാടിയിൽനിന്നുള്ള വഴി ഇവിടെ തിരുനെല്ലിയിലേക്കും തോൽപെട്ടി വഴി മൈസൂരേക്കും രണ്ടായി പിരിയുകയാണ് ഇവിടെ. സഞ്ചാരികൾക്ക് പതിവായി വഴിതെറ്റിപ്പോകുന്ന സ്ഥലം എന്ന അർഥത്തിലാണ് ‘തെറ്റ്‌റോഡ്’ എന്ന് ഈ കവലയ്ക്ക് പേരു വീണതത്രേ. തെറ്റ്‌റോഡിൽ ഇടത്തേക്ക് പോയാൽ തിരുനെല്ലി ക്ഷേത്രത്തിലും വലത്തേക്ക് പോയാൽ തോൽപെട്ടി വന്യജീവി സംരക്ഷണകേന്ദ്രത്തിലും എത്തും. ഈ ജംങ്ഷനിലാണ് ഏറെ പ്രശസ്തമായ ഉണ്ണിയപ്പക്കടയും. മടങ്ങി വരുമ്പോഴേക്കും അവിടെ ചൂട് ഉണ്ണിയപ്പം തയാറാകും എന്ന പ്രതീക്ഷയിൽ തിരുനെല്ലിയിലേക്ക്...

thirunelli-temple

തെറ്റ്‌റോഡ് കഴിഞ്ഞാൽ ഇടതു വശത്ത് എസ്‌റ്റേറ്റാണ്. കാടുപോലെതന്നെ നമുക്ക് അനുഭവപ്പെടും. വലതുഭാഗത്ത് കാടിന്റെ ബാക്കിപത്രം തുടരുന്നു. ചന്നംപിന്നം പെയ്തിരുന്ന മഴ അൽപം ശക്തിപ്രാപിച്ചിട്ടുണ്ട്. തെറ്റ്‌റോഡ് കവലയിൽനിന്ന് 13 കി.മീ. ഉണ്ട് തിരുനെല്ലി ക്ഷേത്രം വരെ. ഇവിടെ വരെ ഏറക്കുറെ സമനിരപ്പിൽ സഞ്ചരിക്കുന്നതായിട്ടാണ് നമുക്ക് അനുഭവപ്പെടുന്നത്. ഇടയ്ക്കിടയ്ക്ക് നല്ല വളവുകളും ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും ഒക്കെ വഴിയില്‍ ഉണ്ട്. അങ്ങകലെ തൂവെള്ള ഷാൾ കഴുത്തിൽ ചുറ്റി നിൽക്കുന്ന കാരണവരെപ്പോലെ കോടമഞ്ഞണിഞ്ഞ് നിൽക്കുന്ന ബ്രഹ്മഗിരി. ബസ് അപ്പപാറ എത്തി, ഇവിടെനിന്ന് പനവല്ലിയിലേക്കുള്ള വഴി പിരിയുന്നുണ്ട്. ബസ്സിൽനിന്ന് കമ്പിളിക്കെട്ടുമായി കച്ചവടക്കാർ ഇവിടെ ഇറങ്ങി. ഈ ഭാഗത്ത് കാടിന്റെയും എസ്‌റ്റേറ്റിന്റെയുമൊക്കെ ഉള്ളിൽ താമസിക്കുന്ന ആദിവാസികളുടെ ഇടയിൽ കച്ചവടത്തിനു പോകുന്നവരാണ് ഇവർ.

thirunelli-temple-pillar

സമയം ഏഴുമണി കഴിഞ്ഞു, ബ്രഹ്മഗിരിയുടെ താഴ്‌വരയിൽ തിരുനെല്ലി എന്ന വനഗ്രാമത്തിലേക്ക് കടക്കുകയാണ് ബസ്. ഒന്നോ രണ്ടോ ചെറിയ നാടൻ കടകൾ, ആശ്രാമം സ്കൂളിലേക്കുള്ള വഴികാട്ടുന്ന ബോർഡ്, മുകളിൽ തിരുനെല്ലിക്ഷേത്രത്തിലേക്കുള്ള ഇന്റർലോക്ക് ഇഷ്ടിക പാകിയ റോഡ്...ഇതാണ് തിരുനെല്ലി ക്ഷേത്രം കവല. ആർ ഇ 852ന്റെ യാത്ര ഇവിടെ തീരുന്നു. ഇനി പത്തു പതിനഞ്ച് മിനിറ്റുകൾക്കുശേഷം ബസ് മാനന്തവാടിയിലേക്കു മടങ്ങും.

തിരുനെല്ലി

ബസ് സ്‌റ്റോപിൽനിന്ന് അൽപം നടന്നാൽ പ്രസിദ്ധമായ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രമായി. ക്ഷേത്രത്തിന്റെ അതിപുരാതനത്വം വിളിച്ചറിയിക്കുന്ന കരിങ്കൽ വിളക്കുമാടം, ഒറ്റപ്പെട്ട നിലയിൽ കാണപ്പെടുന്ന ചില ശിലാപ്രതിമകൾ... പടിഞ്ഞാറുവശത്ത് പടവുകളിറങ്ങി കാട്ടിലേക്ക് നടന്നാൽ പഞ്ചതീർത്ഥം, ഗുണ്ഡികാക്ഷേത്രം എന്ന ഗുഹാക്ഷേത്രം, ബ്രഹ്മഗിരിയിൽനിന്ന് ഒഴുകിയെത്തുന്ന പാപനാശിനി, ഭക്ത്യാദരവോടെ പിതൃതർപണം നടത്തുന്ന ബലിത്തറ, മലമുകളിൽനിന്ന് ക്ഷേത്രമതിൽകെട്ടിനുള്ളിലേക്ക് വെള്ളം എത്തിക്കാൻ നൂറ്റാണ്ടുകൾക്കു മുൻപ് പണിത കരിങ്കൽപാത്തി... സർവോപരി, പച്ചപ്പ് നിറഞ്ഞ മലകളുടെ പശ്ചാത്തലത്തിൽ നിലകൊള്ളുന്ന ക്ഷേത്രം... പ്രകൃതിയുടെ അനുപമമായ സൗന്ദര്യത്തെ മനസ്സിൽ നിറച്ച് ഉണർവും ഊർജവും പകരുന്നു മാനന്തവാടിയിൽനിന്ന് തിരുനെല്ലിയിലേക്കുള്ള യാത്ര.

_C3R9917
Tags:
  • Travel Stories
  • Manorama Traveller