Wednesday 12 August 2020 03:03 PM IST : By Easwaran Seeravally

ലോക ഗജദിനം, അറിയാം കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തെ

kottur1
Photos : Pradeep Soman

ഇന്നു ലോക ഗജദിനം. കരയിലെ ഏറ്റവും വലിയ സസ്തനിയുടെ സംരക്ഷണത്തിനും പരിപാലനത്തിനും അവ നേരിടുന്ന ഭീഷണികൾ ലോകസമൂഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിനും ആണ് എല്ലാവർഷവും ഓഗസ്റ്റ് 12 ഗജദിനമായി ആചരിച്ചു പോരുന്നത്. ലോകത്ത് ആഫ്രിക്കയിലും ഏഷ്യയുടെ തെക്കൻ പ്രദേശത്തും തെക്കുകിഴക്കൻ പ്രദേശത്തുമാണ് ആനകളെ കാണാൻ സാധിക്കുക. ഇന്ന് സ്വാഭാവിക വനപ്രദേശങ്ങൾക്കുണ്ടാകുന്ന കുറവും പരിസ്ഥിതി സന്തുലനത്തിന്റെ പോരായ്മയും ഒക്കെ ആനകളുടെ നിലനിൽപിനെ കാര്യമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലോകഗജദിനം എന്ന ആശയം കാനഡയിൽനിന്നുള്ള പാട്രിഷ്യ സിംസും തായ്‌ലൻഡിലെ എലഫന്റ് റി ഇൻട്രൊഡക്ഷൻ പ്രോഗ്രാമും ചേർന്ന് ലോക സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചത്. 2012 ൽ ആണ് ആദ്യ ലോകഗജദിനം ആഘോഷിച്ചത്.

ഇന്ത്യയിലെ ആദ്യ ആനപുനരധിവാസ കേന്ദ്രം

ഇന്ത്യയിലും ആനകളെ അവയുടെ സ്വാഭാവിക വാസസ്ഥാനങ്ങളിൽ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം പ്രകൃതിസ്നേഹികൾ വർഷങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു പ്രധാന നടപടി നമ്മുടെ സംസ്ഥാനത്താണ് നടപ്പായിട്ടുള്ളത്, കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം. ആനകളെ പ്രായഭേദമെന്യേ സംരക്ഷിക്കുന്ന, പുനരധിവസിപ്പിക്കുന്ന രാജ്യത്തെ ആദ്യ കേന്ദ്രം. സന്ദർശകർക്ക് ഇവിടെ ഏറക്കുറെ സ്വാഭാവിക പരിസ്ഥിതിയിലെന്നപോലെ ആനകളെ കാണാം, അറിയാം.

kottur3

അഗസ്ത്യമലയുടെ അടിവാരത്തിൽ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം ആരംഭിച്ചിട്ട് ഒരു വ്യാഴവട്ടം തികയുന്നു. തിരുവനന്തപുരം നഗരത്തിൽനിന്ന് വളരെ അകലെയല്ലാതെ, സ്വാഭാവിക വനത്തിന്റെ ഭാഗമായിട്ടുതന്നെയാണ് ആന പുനരധിവാസ കേന്ദ്രം പ്രവർത്തിക്കുന്നത്. സംസ്ഥാന വനം, വന്യജീവി വകുപ്പ് അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ച് ഇതിന്റെ ചുമതല വഹിക്കുന്നു. വനംവകുപ്പും കോട്ടൂർ ഇക്കോ ടൂറിസം ഡവലപ്മെന്റ് സമിതിയും സംയുക്തമായാണ് പുനരധിവാസ കേന്ദ്രത്തിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.

ആനകളുടെ പ്രദർശനത്തെക്കാൾ സംരക്ഷണത്തിനാണ് ഇവിടെ ഊന്നൽ നൽകുന്നത്. അതുകൊണ്ടുതന്നെ സന്ദർശകർക്കായി പ്രത്യേക കാഴ്ചകൾ ഒരുക്കുന്നതിനു പ്രാധാന്യമില്ല. എന്നാൽ ആനകളുടെ കുളി, ഭക്ഷണം അവസരങ്ങളിൽ ഇവിടെ എത്തിയാൽ ചില കൗതുക കാഴ്ചകൾ കാണാം. ശനി, ഞായർ ദിവസങ്ങളിൽ ആനകളുടെ പരേഡ് നടത്താറുണ്ട്. ഇതു സഞ്ചാരികൾക്ക് രസകരമായ ഒരു അനുഭവമാകും.

kottur2

അനാഥർ മുതൽ വിരമിച്ചവർ വരെ

ഏതെങ്കിലും സഹചര്യത്തിൽ കാട്ടിലെ ആനക്കൂട്ടത്തിൽനിന്നു വേർപെട്ട് പോയ ആനക്കുട്ടികളെ വനപാലകരുടെ ശ്രദ്ധയിൽപെട്ടാൽ അവർ അതിനെ തിരികെ കാടു കയറ്റി ആനക്കൂട്ടത്തിനൊപ്പം വിടാൻ ശ്രമിക്കും. പലപ്പോഴും ആനക്കൂട്ടങ്ങൾ ഇവയെ കൂട്ടത്തിൽ കൂട്ടില്ല. നാട്ടിൻ പുറത്തെ കൃഷി ഇടങ്ങളിലിറങ്ങുന്ന ആനക്കൂട്ടത്തെ നാട്ടുകാർ ഓടിക്കുമ്പോഴോ അല്ലങ്കിൽ കാട്ടിലെ കുഴികളിൽ വീണിട്ടോ രോഗങ്ങൾ കാരണമോ ഇങ്ങനെ ഒറ്റപ്പെടാറുണ്ട്. ഈ സാഹചര്യങ്ങളിൽ വനംവകുപ്പ് അവയുടെ സംരക്ഷണം ഏറ്റെടുക്കുകയും കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ എത്തിക്കും. ഇങ്ങനെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിൽനിന്നും ആനക്കുട്ടികൾ പലപ്പോഴായി വന്നിട്ടുണ്ട് ഇവിടെ.

kottur5

വനം വകുപ്പിൽ സേവനം അനുഷ്ഠിച്ച ശേഷം പ്രായമായി വിരമിക്കുന്ന ആനകളെ സംരക്ഷിക്കുന്നതിനും കോട്ടൂര് വ്യവസ്ഥയുണ്ട്. ഇപ്പോൾ ഇവിടെയുള്ള ആനകളിൽ ഏറ്റവും സീനിയർ ആയ എൺപതുകാരൻ സോമൻ ഇത്തരത്തിലുള്ള ‘പെൻഷണർ’ ആണ്. നാട്ടാനകളിൽ മതിയായ രേഖകളില്ലാതെ വനംവകുപ്പ് പിടിച്ചെടുക്കുന്ന ആനകളെ സംരക്ഷിക്കാനും ഇവിടം ഉപയോഗിക്കുന്നുണ്ട്.

കാണേണ്ട കാഴ്ച

കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ–സംസ്ഥാന സർക്കാറുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിൻവലിച്ചാൽ എല്ലാ മലയാളികളും സന്ദർശിക്കേണ്ട ഒരു ഡെസ്റ്റിനേഷനാണ് കോട്ടൂർ ആന പുനരധിവാസ കേന്ദ്രം. നെയ്യാർ ഡാമിലെ ആനകളുടെ നീരാട്ടും പിന്നെ ഭക്ഷവും ശനി, ഞായര്‍ ദിവസങ്ങളിലെ എലഫന്റ് പരേഡും അവിസ്മരണീയമായ കാഴ്ചകളാകും.

kottur4

ആനകൾ കുളിയും തീറ്റയും കഴിഞ്ഞ് പോയാലും ആനത്താവളത്തിലെ വിനോദം തീരുന്നില്ല. നെയ്യാർ ജലസംഭരണിയുടെ ഭാഗമായ തടാകത്തിൽ ബോട്ടിങ്ങിനും കുട്ടവള്ളത്തിൽ യാത്ര ചെയ്യാനും ഇക്കോ ടൂറിസം ഡവലപ്മെന്റ് കമിറ്റി അവസരം ഒരുക്കുന്നുണ്ട്. വലിയ മുളഞ്ചങ്ങാടത്തിലും യാത്ര ചെയ്യാം. മലകയറ്റവും നടത്തവും ഇഷ്ടപ്പെടുന്നവർക്ക് ഇഡിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ട് ട്രെക്കിങ് പാതകളുണ്ട്. കതിർമുടി ട്രെക്കിങ്ങും കിഴക്കുമല ട്രെക്കിങ്ങും.

കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ രസകരമായ കാഴ്ചകളുടെ വീഡിയോ കാണാം...

Tags:
  • Manorama Traveller
  • Travel Destinations
  • Kerala Travel