Wednesday 18 April 2018 02:16 PM IST : By പ്രവീൺ

ഡ്രൈവിങ് കംഫർട് നൽകും ഒാട്ടോമാറ്റിക് കാറുകളെ അടുത്ത് അറിഞ്ഞോളൂ..

amt-car

‘ക്ലച്ചമർത്തുമ്പോൾ ആക്സിലറേറ്റർ കൊടുക്കണോ മാഷേ? ഈ രണ്ടാം ഗിയർ എപ്പോഴാണ് ഇടേണ്ടത്? കയറ്റത്തിൽ നിർത്തിയശേഷം മുന്നോട്ടെടുക്കുമ്പോൾ കാർ പിന്നോട്ടുരുണ്ടു പോകാതിരിക്കാൻ എന്തു ചെയ്യണം?’ ഈ ചോദ്യങ്ങളൊന്നും ഇനി ചോദിക്കുകയേ വേണ്ട.  ഇങ്ങനെയൊക്കെ ചോദിച്ചതിന്റെ പേരിൽ ഇനി ആരും കളിയാക്കുകയുമില്ല. പുത്തൻ ഓട്ടോമാറ്റിക് കാറുകളിലൊരെണ്ണം സ്വന്തമാക്കുകയേ വേണ്ടൂ. വിപണിയിലെ ഓട്ടോമാറ്റിക് കാറുകൾ ഒന്നു കണ്ടു വരാം. ബജറ്റ് പത്തു ലക്ഷം.

ക്ലച്ചില്ലാ, ഗിയർ മാറ്റേണ്ട

ഓട്ടോമാറ്റിക് കാറുകളിൽ ക്ലച്ച് അമർത്തേണ്ട. ഗിയർ അടിക്കടി മാറ്റേണ്ടതില്ല. ഇതെല്ലാം കാർ താനേ ചെയ്തോളും. എൻജിന്റെ കറക്കം (ആർപിഎം, റൊട്ടേഷൻ പെർ മിനിറ്റ്), വാഹനത്തിന്റെ വേഗം,  ആക്സിലറേറ്റർ കൊടുക്കുന്നതിന്റെ തീവ്രത  എന്നിവ സെൻസറുകളാൽ  അളന്ന്  യോജിച്ച ഗിയർറേഷ്യോ  ഈ ഗിയർബോക്സുകൾ തിരഞ്ഞെടുക്കും. അതിനാൽ സ്റ്റിയറിങ്ങിൽ പൂർണ ശ്രദ്ധ നൽകി ഈസിയായി വണ്ടിയോടിക്കാം.

എന്താണ് ഡി?

സാധാരണ ഗിയർ നോബിൽ ഒന്ന് രണ്ട് തുടങ്ങി അഞ്ചുവരെ അക്കങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാകുമല്ലോ. ഇതിനു   പകരം ഡി, ആർ, എൻ എന്ന് കുറിക്കപ്പെട്ടിട്ടുണ്ടാകും ഓട്ടമാറ്റിക് ഗിയർ ലീവറുകൾക്കടുത്ത്.  ‘ഡി’ എന്നാൽ ഡ്രൈവ്. വാഹനം മുന്നോട്ടോടിക്കാൻ ഡിയിലേക്കു ഗിയർ ലീവർ മാറ്റുക. ‘ആർ’ എന്നാൽ റിവേഴ്സ്, ‘എൻ’ സൂചിപ്പിക്കുന്നത് ന്യൂട്രൽ.  അത്രേയുള്ളൂ. ഡി മോഡിലേക്കു മാറ്റിയാൽ പിന്നെ, ആക്സിലറേറ്റർ കൊടുത്താൽ മാത്രം മതി. അടിക്കടി ഗിയർ മാറ്റേണ്ട കാര്യമില്ല. ഈ ഡ്രൈവ് മോഡുകളിലേക്കു മാറാൻ ബ്രേക്ക് അമർത്തണം. എന്നുമാത്രം. വാഹനത്തിന്  ബ്രേക്കും ആക്സിലറേറ്ററും മാത്രമേ പെഡലുകളായുള്ളൂ. ക്ലച് പെഡൽ ഇല്ല. ഈ സ്ഥാനത്ത് ഡമ്മിപെഡൽ അഥവാ ഡെഡ് പെഡൽ ഉണ്ടായിരിക്കും. ഇടതുകാലിനു വിശ്രമിക്കാം.

മാന്വൽ കാറുകൾ ഓടിച്ചവർ ഓട്ടോമാറ്റിക്കുകളിലേക്കു മാറുമ്പോൾ പരിചയക്കുറവുകൊണ്ട് ആദ്യമൊക്കെ ചില അബദ്ധങ്ങൾ പറ്റാറുണ്ട്. അതിലൊന്നാണ് ഈ ക്ലച് അമർത്തുന്ന ശീലം. ഇടതുകാൽ കൊണ്ടാണല്ലോ ക്ലച് മുഴുവൻ ചവിട്ടിയമർത്തുക. ഓട്ടോമാറ്റിക് കാറുകളിൽ ഇടതുകാൽകൊണ്ട് ക്ലച് അമർത്തുന്ന അതേ ബലത്തിൽ ബ്രേക്ക് ചവിട്ടാറുണ്ട് പലരും. (ബ്രേക്ക് പെഡൽ ക്ലച് പെഡൽ ആണെന്ന ധാരണയിലാണിത്). ഫലമോ വേഗത്തിൽ ഓടുന്ന വാഹനം പെട്ടെന്നു നിൽക്കും. അതൊരു ഹൈവേയിലോ, നിറയെ വാഹനങ്ങളുള്ള റോഡുകളിലോ ആകുമ്പോൾ പിന്നിൽ മറ്റു വണ്ടികൾ ഇടിക്കാൻ സാധ്യതയുണ്ട്.

വേണമെങ്കിൽ ഡ്രൈവിങ്  മാന്വൽ ആക്കാം

നിങ്ങളൊരു മാന്വൽ ഗീയർബോക്സ് പ്രേമിയാണെങ്കിലും കുഴപ്പമില്ല. മിക്ക ഓട്ടോമാറ്റിക് കാറുകളിലും  മാന്വൽ ആയി ഗിയർമാറാനുള്ള വിദ്യകളുണ്ട്. അതും ക്ലച് ചവിട്ടാതെ തന്നെ. ചില മോഡലുകളിൽ സ്റ്റിയറിങ്ങിൽനിന്നു വിരലെത്താവുന്ന ദൂരത്തിൽ പാഡിൽ ഷിഫ്റ്റ് ഘടിപ്പിച്ചിട്ടുണ്ടാകും. ഇതുവഴി പ്ലസ്, മൈനസ് ഗിയറുകൾ  മാറ്റി മാറ്റി ഓടിക്കാം. വിലകുറഞ്ഞ ഓട്ടോമാറ്റിക് കാറുകളിൽ ഗിയർനോബ് തന്നെ മാന്വൽ മോഡിലേക്കു മാറ്റാം. പിന്നീട് കൂടിയ ഗിയറുകളിലേക്കു മാറാൻ പ്ലസ് ചിഹ്നത്തിനടുത്തേക്കു ഗിയർ നീക്കാം. വേഗം കുറയുമ്പോൾ ഓട്ടോമാറ്റിക് ആയി ആദ്യ ഗിയറുകളിലേക്ക് ഈ ഗിയർബോക്സുകൾ പോകും. അതുകൊണ്ടു ഗിയർ ഡൗൺ ചെയ്യാൻ മറന്നാലും കുഴപ്പമില്ല.  

Maruti DZire Auto Gear Shift

ഓട്ടോമാറ്റിക് എത്ര തരം?

നമ്മുടെ വിപണിയിൽ ഇപ്പോൾ മൂന്നുതരം ഓട്ടോമാറ്റിക് കാറുകൾ ഉണ്ട്.

1.  സാധാരണ ഓട്ടോമാറ്റിക്:

ഉദാ: ഫോർഡ് ഫിഗോ. പരമ്പരാഗതമായതും  വലിയ കാറുകളിലുള്ളതുമായ രീതിയാണിതിന്.  4 സ്പീഡ്, 5 സ്പീഡ് എ ന്നൊക്കെ ഗിയറുകളുടെ എണ്ണം ഇത്തരം ഓട്ടോമാറ്റിക് കാറുകളിൽ കുറിച്ചിട്ടുണ്ടാകും. എത്ര ഗിയർ കൂടുന്നുവോ അത്രയും മികവുറ്റ പ്രകടനം പ്രതീക്ഷിക്കാം. കരുത്തുറ്റ പ്രകടനമാണ് ഇ ത്തരം ഗിയർബോക്സുകളുടെ സവിശേഷതകളിലൊന്ന്.

2. സിവിടി:

നിസ്സാൻ മൈക്രയിലും മറ്റും കാണുന്ന തരം ഗിയർബോക്സ്. കണ്ടിന്യൂസ്‌ലി വേരിയിങ് ട്രാൻസ്മിഷൻ എന്നാണു മുഴുവൻ പേര്. ആദ്യത്തേതിൽനിന്നു  വ്യത്യാസം ഗിയർ റേഷ്യോയിൽ മാത്രമാണ്. ഉദാഹരണത്തിന് സാധാരണ ഗിയർബോക്സ് അഞ്ചുസ്പീഡ് ആണെന്നു നാം കേൾക്കാറില്ലേ? സിവിടിയിൽ ഇങ്ങനെ എണ്ണം പറയാനൊക്കില്ല.  ഗിയർറേഷ്യോ അനന്തമാണ്. പേടിക്കേണ്ട,  രണ്ടും തമ്മിൽ സാങ്കേതികവിദ്യയിൽ മാത്രം മാറ്റം. പ്രവർത്തനത്തിൽ പുറമേ  വലിയ വ്യത്യാസം അറിയില്ല. ഗിയർഷിഫ്റ്റ് കുറേക്കൂടി സ്മൂത്ത് ആണ് സിവിടിയിൽ.

3. എഎംടി:

ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ എന്നാണു മുഴുവൻ പേ ര്. സെമി ഓട്ടമാറ്റിക് ആണെന്നു പറയാം. സാധാരണ ഗിയർബോക്സിനു മുകളിൽ ഗിയർ ഓട്ടോമാറ്റിക് ആയി മാറാൻ ഒരു മെക്കാനിക്കൽ  സംവിധാനം ഘടിപ്പിച്ചതാണ് എഎംടി. ക്ലച് പ്രയോഗിക്കൽ മെക്കാനിക്കൽ സിസ്റ്റം തനിയെ ചെയ്തോളും. എജിഎസ് (ഓട്ടോ ഗിയർ ഷിഫ്റ്റ്) തുടങ്ങി പലപേരുകളിൽ എഎംടി അറിയപ്പെടുന്നുണ്ട്. സ്മൂത്ത്നെസ് കുറവാണ്. ഗിയർ മാറുന്നതിലെ കാലതാമസം പുറത്തറിയും എന്നതൊക്കെയാണ് പോരായ്മകൾ. എന്നാൽ ഇന്ധനക്ഷമത മാന്വൽ ഗിയർബോക്സുള്ള വാഹനങ്ങൾക്കു തുല്യമാണെന്നതു നേട്ടം. വിലക്കുറവുമുണ്ട്.  ഉദാ: മാരുതി സെലെറിയോ. ഫോക്സ് വാഗൻ കാറുകളിൽ കുറച്ചുകൂടി അഡ്വാൻസ്ഡ് ആയ ഡിഎസ്ജി (ഡയറക്ട് ഗീയർ ഷിഫ്റ്റ്, ഡ്യൂയൽ ക്ലച് ഗിയർബോക്സ് എന്നൊക്കെ അറിയപ്പെടുന്നു) എന്ന  പെർഫോമൻസ് കൂടിയ ഗിയർബോക്സ് ആണുള്ളത്.

ഗുണങ്ങൾ എന്തൊക്കെ?

ക്ലച്ചമർത്തി കാലുകഴയ്ക്കേണ്ട. അടിക്കടി ഗിയർമാറ്റി കഷ്ടപ്പെടേണ്ട. ട്രാഫിക്കിലോ ഇറക്കത്തിലോ നിർത്തിയശേഷം മുന്നോട്ടെടുക്കുമ്പോൾ പിന്നോട്ടുരുളുമെന്ന പേടി വേണ്ട (ചില എഎംടി മോഡലുകളിൽ ഈ സവിശേതയുണ്ടാകില്ല). വാഹനം കൃത്യമായ എൻജിൻ കറക്കം നോക്കി കൃത്യമായ ഗിയർ തിരഞ്ഞെടുക്കുന്നതുകൊണ്ട് പാർട്സുകളുടെ ആയുസ് വർധിക്കും.   

ഏത് എടുക്കണം?

∙വിലക്കുറവും ഇന്ധനക്ഷമതയും  നോക്കുന്ന,   മിതവേഗത്തി ൽ വണ്ടിയോടിക്കുന്നവർക്ക് – എഎംടി
∙ഗിയർബോക്സ് സ്മൂത്ത് ആകണം എന്നുള്ളവർക്ക് – സിവിടി
∙ഓട്ടോമാറ്റിക് ഗീയർബോക്സുകളിൽ  പെർഫോമൻസും വേണമെന്നുള്ളവർക്ക്– സാധാരണ ഓട്ടോമാറ്റിക്

മൈലേജ് കുറയുമോ?   

കുറയും. എന്നാൽ അതിഭയങ്കരമായ മാറ്റമൊന്നുമുണ്ടാകില്ല. ഉദാഹരണം ഓട്ടോമാറ്റിക് ആസ്പയറിനു കമ്പനി അവകാശപ്പെടുന്ന മൈലേജ് ലീറ്ററിന് 17 കിലോമീറ്റർ. മാന്വൽ മോഡലിന് 18.1 കിലോമീറ്റർ. അനായാസത നോക്കിയാണല്ലോ ഓട്ടമാറ്റിക് കാറുകൾ വാങ്ങുക. അതിനാൽ ഇന്ധനക്ഷമതയിലെ ഈ ചെറിയ കുറവ് മിക്കവരും  അവഗണിക്കുകയാണ് പതിവ്. എഎംടി കാറുകളിൽ ഇന്ധനക്ഷമതയിൽ  മാറ്റമുണ്ടാകില്ല. (വിപണിയിലെ വ്യതിയാനങ്ങളനുസരിച്ച് കാറുകളുടെ വിലയിൽ മാറ്റം വരാം.)

ടാറ്റ നാനോ

nano1

ലോകശ്രദ്ധ പിടിച്ചുപറ്റിയ നാനോയ്ക്ക് നന്നായി ചേരുന്നതാണ് എഎംടി ഗിയർബോക്സ്. ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് കാറാണ് നാനോ.
വേരിയന്റ് :  എക്സ് എംഎ, എക്സ് ടിഎ        .
ഗിയർബോക്സ്  :  എഎംടി
വില : 3.19 – 3.27  ലക്ഷം
ഇന്ധനക്ഷമത : 21.9 kmpL
എൻജിൻ :  624 സിസി, 37  ബിഎച്ച്പി
പ്ലസ്് : ഉയരമുള്ള ബോഡി. സ്ഥലസൗകര്യമുണ്ട്.
മൈനസ് : എഎംടി ശരാശരി പെർഫോമസ് മാത്രം.
ബോഡിയുടെ ഗുണമേന്മ കുറവ്.

സെലെറിയോ

CELERIO-

എഎംടി ഘടിപ്പിച്ച ആദ്യ വാഹനങ്ങളിലൊന്ന് . വാഗൺ ആറിനെക്കാൾ ആൾട്ടോയെക്കാൾ നല്ല പ്രകടനമാണ് സെലെറിയോ നൽകുന്നത്.
വേരിയന്റ് :  എൽ എക്സ് ഐ, വിഎക്സ് ഐ വേരിയന്റുകളിൽ എഎംടി ലഭ്യം.
ഗിയർബോക്സ്  : 5
വില : 4.63– 4.93
ഇന്ധനക്ഷമത : 23.1  kmpL
എൻജിൻ : 998 CC  . 67 ബിഎച്ച്പി
പ്ലസ് : സ്ഥലസൗകര്യമുണ്ട് എഎംടി നന്നായി ഇണങ്ങുന്ന മോഡലുകളിലൊന്ന്. യാത്രാസുഖം കൂടുതൽ.
മൈനസ് : ഫീച്ചറുകൾ കുറവ്.

റെനോ ക്വിഡ്

kwid1

കുട്ടി എസ്യുവിയായ ക്വിഡിന് എഎംടി ഗിയർബോക്സ് കൂടി നൽകാൻ റെനോ മറന്നിട്ടില്ല.
വേരിയന്റ് : ആർഎക്സ്ടി        .
ഗിയർബോക്സ് : എഎംടി
വില : 4.51 ലക്ഷം
ഇന്ധനക്ഷമത : 24.04  kmpL
എൻജിൻ : 999 CC ,  67 ബിഎച്ച്പി
പ്ലസ് :  മികച്ച        രൂപകൽപ്പന
മൈനസ്: എഎംടി ശരാശരി പ്രകടനമേ നൽകുന്നുള്ളൂ. ബോഡി കനംകുറഞ്ഞതാണ്.

വാഗൺ ആർ

WAGON-R-2

ഉയരക്കാർക്ക് നഗര യാത്രയ്ക്കു പറ്റിയ വാഹനം. ഉള്ളിലെ സ്പേസിന് വാഗൺ ആർ മികച്ചതാണ്.  
വേരിയന്റ് : വിഎക്സ് ഐ തൊട്ട് മൂന്നു വേരിയന്റുകളിൽ എഎംടി ലഭ്യം.
ഗിയർബോക്സ് :  5 സ്പീഡ്
വില  : 5.22– 5.33 ലക്ഷം
ഇന്ധനക്ഷമത :  20.5  kmpL
എൻജിൻ : 998 CC , 67 ബിഎച്ച്പി
പ്ലസ് :  യഥേഷ്ടം സ്ഥലസൗകര്യം, ഫീച്ചേഴ്സ്
മൈനസ് : കുലുക്കമുള്ള യാത്ര, ദീർഘദൂര ഓട്ടത്തിനു ചേർന്നതല്ല. എഎംടി ലാഗ് ആൾട്ടോയെക്കാൾ പ്രകടം.

ഇഗ്‌നിസ്

IGNIS-BEST

മാരുതി പ്രീമിയം ബ്രാൻഡ് നെക്സയിൽനിന്നുള്ള ഏറ്റവും ചെറിയ മോഡൽ. ഡീസൽ വേരിയന്റിലും ഓട്ടോമാറ്റിക് ഉണ്ടെന്നതു ശ്രദ്ധേയം.
വേരിയന്റ് : ഡെൽറ്റ പെട്രോൾ, സീറ്റ പെട്രോൾ        .
ഗിയർബോക്സ്  : 5 സ്പീഡ്
വില : 5.83–6.29 ലക്ഷം
ഇന്ധനക്ഷമത : 20.89  kmpL
എൻജിൻ :  1197 CC  82 ബിഎച്ച്പി
ഡീസൽ  വേരിയന്റ് :  ഡെൽറ്റ എഎംടി
സീറ്റ എഎംടി
ഗിയർബോക്സ് : 5 സ്പീഡ്
വില : 6.95-7.42  ലക്ഷം
ഇന്ധനക്ഷമത : 26.8 kmpl
എൻജിൻ : 1248 CC  74 ബിഎച്ച്പി
പ്ലസ് : കിടിലൻ ലുക്, ഫീച്ചേഴ്സ്.   
മൈനസ് : സ്ഥലസൗകര്യം കുറവ്. ശരാശരി പ്രകടനമാണ് എഎംടി നൽകുന്നത്.

ഹോണ്ട ബ്രിയോ

Honda-Brio

ഹോണ്ടയുടെ ചെറിയ വാഹനം. വലിയ കാറുകൾ ഉള്ളവർ തങ്ങളുടെ പ്രീമിയം ഫീലിൽത്തന്നെ രണ്ടാം വാഹനം വാങ്ങുമ്പോൾ ആദ്യം കണ്ണെത്തുക ബ്രിയോയിലാണ്.         
വേരിയന്റ് : വിഎക്സ് എടി
ഗിയർബോക്സ്് : 4 A‌
വില :  7.11 ലക്ഷം
ഇന്ധനക്ഷമത : 16.5 kmpl
എൻജിൻ :  1198 cc , 87 ബിഎച്ച്പി
ഉള്ളിൽ സ്ഥലമുള്ള കൊച്ചുകാർ.
പ്ലസ് :   യാത്രാസുഖം, ഒന്നാന്തരം രൂപകൽപന
മൈനസ് : പരിപാലനച്ചെലവ് കൂടുതലാണ്. ഡ്രൈവിങ് സുഖം മാന്വൽ മോഡലിന്റെയത്ര പോര.
ഗിയർ ബോക്സിന്  ലാഗ് ഉണ്ട്.

നിസാൻ മൈക്ര

nissan-micra

ജാപ്പനീസ് കമ്പനിയുടെ ഹാച്ച്ബാക്. സിവിടിയാണ് ഗിയർ ബോക്സ്.
വേരിയന്റ്  : എക്സ് എൽ        .
ഗിയർബോക്സ് : സിവിടി
വില : 6.09 ലക്ഷം
ഇന്ധനക്ഷമത : 18.44  kmpL
എൻജിൻ : 1461 CC,  75 ബിഎച്ച്പി
പ്ലസ് :  നല്ല ഗിയർബോക്സ്, ബോഡി കരുത്തുറ്റത്.
വില കുറവ്.
മൈനസ് : പുതുമയില്ലാത്ത രൂപം, ഫീച്ചേഴ്സ് കുറവ്.
യാത്രാസുഖം ശരാശരി.

ഫോഡ് ഫിഗോ ആസ്പയർ

Ford-Aspire-

ഏറ്റവും മികച്ച യാത്രാസ്ഥിരതയുള്ള സെഡാനുകളിലൊന്ന്. നല്ല ഓട്ടോമാറ്റിക് ഗിയറുമുണ്ട്.
വേരിയന്റ് : ടൈറ്റാനിയം എടി
ഗിയർബോക്സ്  : 6 സ്പീഡ്
വില : 8.34   ലക്ഷം
ഇന്ധനക്ഷമത : 18.27 kmpl
എൻജിൻ : 1499 CC  110.5  ബിഎച്ച്പി
പ്ലസ് : കിടിലൻ ലുക്ക്, കരുത്തുറ്റ എൻജിൻ, തൃപ്തികരമായ ഗിയർബോക്സ് പ്രകടനം   
മൈനസ് : ഫീച്ചേഴ്സ് കുറവ്.

ഹ്യൂണ്ടായ് എലീറ്റ് ഐ 20

hyundai-1-20-

കാണുന്നവരുടെ മനം കവരുന്ന രൂപകൽപനയാണ് എലീറ്റ് ഐ 20യുടെ സവിശേഷതകളിലൊന്ന്. ഓട്ടോമാറ്റിക് ഗിയർ കൂടി വരുമ്പോൾ ഇത് നല്ലൊരു ഫാമിലി കാർ ആകുന്നു.
വേരിയന്റ്  :  മാഗ്‍‍ന പെട്രോൾ   
ഗിയർബോക്സ്  : 4 സ്പീഡ് ഓട്ടോമാറ്റിക്.  
വില : 9.09  ലക്ഷം
ഇന്ധനക്ഷമത : 18.9 kmpl
എൻജിൻ : 1369 CC ,  98  ബിഎച്ച്പി
പ്ലസ് : സൂപ്പർ ഡിസൈൻ,  യഥേഷ്ടം സ്ഥലം.  
മൈനസ് : ഗിയർബോക്സ്  പ്രകടനം ശരാശരി.