Saturday 20 March 2021 03:01 PM IST : By Ratheesh R. Menon

ചോർത്തുമോ വാട്സ്ആപ്? വാട്സ്ആപ് ചാറ്റുകൾക്ക് സ്വകാര്യത ഉണ്ടോ എന്നറിയാം

vvdwwhh665

സ്വകാര്യതാ നയങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്ക് ‘ഐ എഗ്രീ’ കൊടുത്താൽ വാട്സ്ആപ് ‘ആപ്പാ’കുമോ എന്ന ഭീതിയിലാണ് പലരും. നയം അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി 8 നുശേഷം ആപ്ലിക്കേഷൻ ഉപയോഗിക്കാനാകില്ല എന്നാണ് വാട്സ്‌ആപ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴിത് മേയ് 15 വരെ നീട്ടി.

കഴിഞ്ഞ ആഴ്ചകളില്‍ രാവിലെ വാട്സ്ആപ് തുറന്നവര്‍ കണ്ടത് നയം അംഗീകരിക്കാന്‍ പറഞ്ഞുകൊണ്ടുള്ള ഒരു സന്ദേശമാണ്. പതിവുപോലെ വായിക്കാതെ മിക്കവരും I Agree അമര്‍ത്തി. അതിനെക്കുറിച്ച് ലേഖനങ്ങളും യൂട്യൂബ് വീഡിയോകളും വന്നപ്പോഴാണു കുടുങ്ങിയല്ലോ എന്നായത്. വാട്സ്ആപ്പ് ചാറ്റുകളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നും കളക്റ്റ് ചെയ്യുന്ന ഡാറ്റ മെയിന്‍ കമ്പനിയായ ഫെയ്സ്ബുക്കുമായും മാര്‍ക്കറ്റിങ് പാര്‍ട്ണര്‍മാരുമായും പങ്കുവയ്ക്കും എന്നായിരുന്നു സന്ദേശം.

2009 ല്‍ വാട്സ്ആപ് തുടങ്ങിയപ്പോള്‍ 100% സ്വകാര്യതയാണു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതെങ്കില്‍ 2014 ല്‍ വാട്സ്ആപ്പിനെ ഫെയ്സ്ബുക്ക് ഏറ്റെടുത്തതു മുതല്‍ സംശയ ദൃഷ്ടിയോടെയാണു പലരും ഓരോ നയംമാറ്റവും കണ്ടത്. അപ്പോഴാണു ഫെയ്സ്ബുക്കുമായി ഡാറ്റ പങ്കുവയ്ക്കും എന്നു പരസ്യമായി വാട്സ്ആപ് പറയുന്നത്. ഇതോടെ വാട്സ്ആപ്പിനു പകരക്കാരനെ തേടിയായി ചര്‍ച്ച. കേന്ദ്രസര്‍ക്കാര്‍ ഈ നയം മാറ്റം പിന്‍വലിക്കാന്‍ വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് എത്ര കണ്ട് പ്രാവർത്തികമാകും എന്നാണു സംശയം.

മറ്റു ആപ്പുകള്‍ പോലെ വാട്സ്ആപ്പില്‍ പരസ്യങ്ങള്‍ ഇല്ല. അതുകൊണ്ടുതന്നെ കോടിക്കണക്കിനു രൂപ ചെലവാക്കി ആ ആപ്പ് നമുക്കു തരുന്ന കമ്പനിക്ക് എന്താണു മെച്ചം? അതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മുതല്‍ വാട്സ്ആപ്പില്‍ പരസ്യങ്ങള്‍ വന്നു തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഹാക്കർമാരെ സൂക്ഷിക്കുക

ഉപയോക്താക്കളുടെ താൽപര്യങ്ങളും ആവശ്യങ്ങളും തിരിച്ചറിയാനായാണ് സ്വകാര്യവിവരങ്ങൾ വാട്സ്ആപ് ഉപയോഗിക്കുക. നിങ്ങള്‍ സ്ഥിരമായി വാട്സ്ആപ് ഉപയോഗിക്കുമ്പോൾ ടൈപ്പ് ചെയ്യുന്ന വാക്കുകളില്‍ നിന്നും സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെ ലൊക്കേഷന്‍ ഉപയോഗിച്ചും ഒക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഡാറ്റ ശേഖരിക്കുന്നത്. ഈ ഡാറ്റ ഫെയ്സ്ബുക്കുമായും മാര്‍ക്കറ്റര്‍മാരുമായും പങ്കുവയ്ക്കും എന്നു പറഞ്ഞപ്പോഴാണു സ്വകാര്യതാ നയം വിവാ‍ദമായത്. നിങ്ങള്‍ നടത്തുന്ന ചാറ്റിൽ നിന്നല്ല, ബിസിനസ് അക്കൗണ്ടുകളുമായി ചാറ്റ് ചെയ്യുകയും ഓര്‍ഡര്‍ ചെയ്യുകയും ചെയ്യുമ്പോഴാണ് ഡാറ്റ ശേഖരിക്കുക എന്നാണ് കമ്പനിയുടെ വിശദീകരണം.

ഏത് ആപ്ലിക്കേഷനായാലും ഇന്റര്‍നെറ്റിലൂടെ അയയ്ക്കുന്ന ഒരു ഡാറ്റയും 100 ശതമാനം സുരക്ഷിതമല്ല. നമ്മള്‍ അയയ്ക്കുന്ന ഡാറ്റ അയാള്‍ക്ക് കിട്ടും മുന്‍പും കിട്ടിയ ശേഷവും ചോര്‍ത്താന്‍ കെല്‍പുള്ള ഹാക്കര്‍മാര്‍ ഉണ്ട്.

അടുപ്പമുള്ളവരുടെ വാട്സ്‌ആപ് എങ്ങനെ ചോര്‍ത്താമെന്നുള്ള വിഡിയോ യൂട്യൂബിൽ സുലഭമാണ്. ഇസ്രയേൽ നിർമിച്ച Pegasus സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പ്രശസ്തരായ പലരുടെയും വാട്‌സ്ആപ് ചോര്‍ത്തിയ കാര്യം വാട്‌സ്ആപ്പും സമ്മതിച്ചിട്ടുണ്ട്.

100 ശതമാനം വിശ്വാസമര്‍പ്പിക്കുന്ന ആപ്ലിക്കേഷന്റെയും സെര്‍വർ സുരക്ഷയിലോ കോഡിങ്ങിലെ പിഴവിലോ ഉണ്ടാകുന്ന ചെറിയ ന്യൂനത മതി ഹാക്കര്‍ക്ക് അതു മുതലാക്കാൻ. സെര്‍വറില്‍ ഡാറ്റ സേവ് ചെയ്തു സൂക്ഷിക്കില്ല എന്നു പറയുന്ന ആപ്ലിക്കേഷനുകള്‍ പോലും ഒരു സെക്കൻഡ് എങ്കിലും ഡാറ്റ സേവ് ചെയ്ത്, കിട്ടേണ്ട ആള്‍ക്കു കിട്ടിയ ശേഷം മാത്രമാണു സെര്‍വറില്‍ നിന്നും ഡിലീറ്റാക്കുന്നത് എന്നതാണു സത്യം.

സിഗ്‌നൽ സുരക്ഷിതമോ ?

വാട്സ്ആപ്പിനു പകരക്കാരനെന്ന നിലയില്‍ സിഗ്‌നല്‍ ആപ്ലിക്കേഷനെ പലരും വാഴ്ത്തുന്നുണ്ട്. പ്രൈവസി കൂടുതലുണ്ട് എന്നു പറയുന്നുമുണ്ട്. സിഗ്‌നല്‍ ആപ്ലിക്കേഷൻ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ സോഴ്സ് ആണ്. അതായത് അതിന്റെ കോഡിങ് ആര്‍ക്കും വായിച്ചു നോക്കാന്‍ സാധിക്കും വിധം ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് എന്നർഥം.

കോഡിങ് ലഭ്യമാണ് എന്നതിനാല്‍ തന്നെ ഹാക്കര്‍മാര്‍ക്ക് ആക്രമിക്കാൻ എളുപ്പവുമാണ്. ഫോണ്‍ നമ്പറും ലൊക്കേഷനും സിഗ്‌നലും കളക്റ്റ് ചെയ്യുന്നുണ്ട് എന്നു പെര്‍മിഷന്‍ ഡീറ്റെയില്‍സ് നോക്കിയാല്‍ മനസ്സിലാ​‍ക്കാം. ഈ ഡാറ്റ അവര്‍ വില്‍ക്കില്ല എന്ന് ഒരു ഗ്യാരണ്ടിയുമില്ല.

ഡാറ്റ എങ്ങനെ ഉപയോഗിക്കണം എന്നത് തലപ്പത്തുള്ളവരുടെ ചിന്താഗതി പോലെയിരിക്കും. സ്വകാര്യതയുടെ കാര്യത്തിൽ സിഗ്‌നലും ടെലഗ്രാമും ഒന്നും 100 ശതമാനം വിശ്വാസ്യമല്ല.