Wednesday 09 September 2020 03:28 PM IST : By Ratheesh R. Menon

ഹാക്കിങ് പേടിയുണ്ടോ? വാട്സ്‌ആപ്പിലെ ഹാക്കിങ് തടയാൻ ഇതാ വഴികൾ...

1573290410698

വാട്സ്‌ആപ് ഹാക്ക് ചെയ്യുന്ന സംഘം ഉണ്ടോ... സോഷ്യൽ മീഡിയയിലെ പുതിയ സംശയത്തിന്റെ സത്യാവസ്ഥ എന്താണെന്നു നോക്കിയാലോ?

ചോരുന്നതെങ്ങനെ ?

വാട്സ്‌ആപ് ഹാക്ക് ചെയ്യണമെങ്കിൽ വാട്സ്‌ആപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പരിലേക്കു വരുന്ന ഒടിപി നമ്പർ ഹാക്കറുടെ കൈയിൽ എത്തിയിരിക്കണം. എന്തുകൊണ്ടാണ് വാട്സ്‌ആപ് ചതിക്കുഴികളിൽ വീഴുന്നത് എന്നു നോക്കാം.

∙ ഓൺലൈൻ കാണിക്കാതെയും ബ്ലൂ ടിക് വരാതെയും മെസേജുകൾ റീഡ് ചെയ്യാനുള്ള വഴികൾ പലരും പരീക്ഷിക്കാറുണ്ട്. വാട്സ്‌ആപ്പിന്റെ മോഡ് എഡിറ്റഡ് ആപ്പുകൾ ഇൻസ്റ്റോ ൾ ചെയ്ത് മെസേജുകൾ റീഡ് ചെയ്യുന്നതാണ് ഈ രീതി. ഈ ആപ്ലിക്കേഷനുകളൊന്നും വാട്സ്‌ആപ്പിന്റെ ഒഫിഷ്യൽ വേർഷൻ അല്ല. ഇവ ഉപയോഗിക്കുന്നത് ഹാക്കിങ് റിസ്ക് കൂട്ടും.

∙ 999 രൂപയ്ക്ക് മൊബൈൽ ഫോൺ, 1000 മിൽകിബാർ സൗജന്യം എന്നൊക്കെ കണ്ടാൽ ഏതു ലിങ്കിലും നമ്മൾ ക്ലിക്ക് ചെയ്യും. ഇതിന്റെ അടുത്ത സ്റ്റെപ് ആയി നമ്മുടെ നമ്പർ നൽകി രജിസ്റ്റർ ചെയ്യുക, കൂട്ടുകാർക്ക് ഈ മെസേജ് ഫോർവേഡ് ചെയ്യുക, ഒപ്പം നിങ്ങളുടെ നമ്പരിലേക്ക് വന്ന കോഡ് ENTER ചെയ്യുക എന്നൊക്കെ കാണും. നമ്മുടെ വാട്സ്‌ആപ് നമ്പരിന്റെ ഒടിപി ആകും ആ സമയത്ത് ചിലപ്പോൾ ലഭിക്കുക. ഹാക്കർമാരുടെ കൈയിലേക്ക് ഈ കോഡ് നമ്മൾ തന്നെ കൈമാറുമ്പോൾ പിന്നെയുള്ള കാര്യങ്ങൾ പറയേണ്ടല്ലോ.

∙ ചിലപ്പോൾ നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നോ പരിചയക്കാരിൽ നിന്ന ഇത്തരം ആവശ്യം വരാം. അവരുടെ ഫോണിൽ നിന്ന് എന്തെങ്കിലും രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ നിങ്ങളുടെ നമ്പരിലേക്കാണ് ഒടിപി വന്നിരിക്കുന്നത്, ദയവായി അതൊന്നു കോപ്പി ചെയ്ത് അയക്കാമോ എന്നാകും ആവശ്യം. ഒടിപി കോപ്പി ചെയ്യും മുൻപ് ഓർക്കുക, നിങ്ങളുടെ വാട്സ്‌ആപ് ഹാക്ക് ചെയ്യാനുള്ള കോഡ് തന്നെയാകും അത്.

∙ സിനിമകൾ ഡൗൺലോഡ് ചെയ്യാനും മറ്റും പ്ലേസ്റ്റോറിൽ ലഭ്യമല്ലാത്ത ആപ്ലിക്കേഷനുകൾ ഇൻസ്റ്റോൾ ചെയ്യുന്നവരുണ്ട്. ഇതിൽ രജിസ്റ്റർ ചെയ്ത് ആക്ടിവേറ്റ് ആക്കുന്ന സമയത്ത് നമ്മുടെ മെസേജ് റീഡ് ചെയ്യാനുള്ള പെർമിഷൻ കൂടി ചോദിക്കാറുണ്ട്. ഒന്നും ആലോചിക്കാതെ ALLOW ചെയ്താൽ ഹാക്കിങ് വഴി ഫോണിലെ മെസേജുകൾ ചോർത്തപ്പെടാം.

ശ്രദ്ധിക്കുക

∙ നിങ്ങളുടെ നമ്പരിലേക്ക് ഫോർവേഡ് ചെയ്തു കിട്ടുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്തു നോക്കാതിരിക്കുക. ഇത്തരം മെസേജുകൾ സുഹൃത്തുക്കൾക്ക് ഫോർവേഡ് ചെയ്യാതിരിക്കുക.

∙ ഏതെങ്കിലും ലിങ്കിലേക്കോ വെബ്സൈറ്റിലേക്കോ നിങ്ങ ളുടെ ഫോണിൽ വരുന്ന ഒടിപി ENTER ചെയ്യും മുൻപ് രണ്ടല്ല, മൂന്നുവട്ടം ചിന്തിക്കണം. ഒടിപിയിലൂടെ സ്വകാര്യതയിലേക്കുള്ള താക്കോൽ ആകും നിങ്ങൾ കൈമാറുന്നത്.

∙ ഒരു ഫോണിൽ തന്നെ രണ്ട് വാട്സ്‌ആപ് അക്കൗണ്ടുകൾ ഉപയോഗിക്കാനായി വാട്സ്‌ആപ്പിന്റെ ബിസിനസ് വേർഷർ ഉപയോഗിക്കാം. അതല്ലെങ്കിൽ മൊബൈൽ കമ്പനികൾ തന്നെ നൽകുന്ന ഇൻബിൽറ്റ് ഫീച്ചറുകളായ ഡ്യുവൽ ആപ്, ക്ലോൺ ആപ് തുടങ്ങിയവ ഉപയോഗിക്കാം.

∙ ഫോൺ സെറ്റിങ്സിലെ APPS MANAGERൽ നിങ്ങൾ ഇൻസ്റ്റാൾ ചെയ്തു രജിസ്റ്റർ ചെയ്ത ആപ്ലിക്കേഷനുകൾ കാണാനാകും. ഇവ രജിസ്റ്റർ ചെയ്യുന്ന സമയത്ത് പല PERMISSION നുകളും നമ്മൾ ALLOW ചെയ്ത് കൊടുത്തിട്ടുണ്ടാകും. അവ റിവ്യൂ ചെയ്ത് ക്യാമറ, മൈക്രോഫോൺ, എസ്എംഎസ് പോലുള്ള PERMISSION നുകൾ DENY ചെയ്യണം.

∙ വാട്സ്‌ആപ്പിലെ TWO STEP VERIFICATION ആക്ടിവേറ്റ് ചെയ്യാം. ഒരു വാട്സ്‌ആപ് ഉപഭോക്താവിന്റെ സിം കാർഡ് തന്നെ കിട്ടിയാലും ഹാക്ക് ചെയ്യാതിരിക്കാവുന്ന പൂട്ടാണ് ഇത്. TWO STEP VERIFICATION ആക്ടിവേറ്റ് ചെയ്ത നമ്പരിലുള്ള സിം മറ്റേതെങ്കിലും ഫോണിൽ ഇട്ട് വാട്സ്‌ആപ് ആക്ടിവേറ്റ് ചെയ്യാനുള്ള ഒടിപി നൽകിയാൽ പോലും TWO STEP VERIFICATION ന്റെ കോഡ് ENTER ചെയ്യാതെ പ്രോസസ് പൂർത്തിയാകില്ല. ഇതു പൂർത്തിയാകാത്ത പക്ഷം വാട്സ്‌ആപ് ചാറ്റുകൾ കാണാനോ മെസേജ് അയക്കാനോ സാധിക്കില്ല. ഇതിനായി വാട്സ്‌ആപ്പിന്റെ SETTINGS- ACCOUNT- TWO STEP VERIFICATION- ENABLE ആക്കണം. അതിനുശേഷം ആറക്ക നമ്പർ നൽകി TWO STEP VERIFICATION ആക്ടിവേറ്റ് ചെയ്യാം. ഇതിനു ശേഷം ഇമെയിൽ വിലാസം കൂടി നൽകണം. ഈ നമ്പർ മറന്നുപോയാൽ നിങ്ങൾക്കു പോലും അക്കൗണ്ട് മറ്റൊരു ഫോണിൽ ആക്ടിവേറ്റ് ചെയ്യാൻ പ്രയാസമാണെന്നും ഓർക്കണം.