Monday 05 November 2018 04:37 PM IST : By സ്വന്തം ലേഖകൻ

കൃഷിയുടെ പച്ചപ്പും നന്മയും അടുത്ത തലമുറയിലേക്ക്; പേരക്കുട്ടികള്‍ക്കായി ഒരു മുത്തച്ഛന്‍ എഴുതുന്ന കത്ത്!

letter

വീട്ടുപച്ചക്കറികൾ കൊണ്ട് ഓണസദ്യ എന്ന സന്ദേശവുമായുള്ള ‘വനിത ഓണം ചാലഞ്ചി’നെക്കുറിച്ച് വായിച്ചപ്പോള്‍ വളരെ സ ന്തോഷം തോന്നി. ഞാനപ്പോൾ ഒാർത്തത് പണ്ടൊരു ഞാലിപ്പൂവൻ വാഴവിത്തുമായി ഖത്തറിലേക്ക് എത്തിയതാണ്. ഖത്തറിലെ വരണ്ട മണ്ണില്‍ വാഴവിത്തു നട്ടു നനച്ചു വളര്‍ത്തിയതും ഇലത്തഴപ്പു കണ്ടും പുതിയ കൂമ്പ് വരുന്നതു കണ്ടും സന്തോഷിച്ചതുമൊക്കെ ഇന്നലത്തെ േപാലെ ഒാര്‍ക്കുന്നു.

വാഴ കുലച്ചപ്പോൾ അതു സമ്മാനിച്ചത് ഇവിടുത്തെ രാജകുടുംബത്തിനാണ്. വാഴയെന്തെന്നോ വാഴപ്പഴം എന്തെന്നോ അത്ര ധാരണയില്ലാത്ത അവർ അത് പഴുപ്പിച്ചു കഴിച്ചു. പിന്നീട് കൃഷിക്കു വേണ്ട എല്ലാ പ്രോത്സാഹനവും ചെയ്തു തന്നു.

ഫ്ലാറ്റിൽ നിന്നു വില്ലയിലേക്കു മാറിയപ്പോൾ കൃഷിക്കുള്ള സൗകര്യം കൂടി. കൂടുതല്‍ പച്ചക്കറികള്‍ നട്ടുവളര്‍ത്താന്‍ തുടങ്ങി. ഇപ്പോൾ നാട്ടിലുള്ള ഒരുവിധം എല്ലാ പച്ചക്കറികളും ഇവിടുത്തെ കൃഷിയിടത്തിലുണ്ട്.

കുട്ടിക്കാലത്ത് എന്‍റെ മനസ്സിൽ കൃഷിയുടെ വിത്തിട്ടത് മുത്തച്ഛനാണ്. ഞാനൊരു മുത്തച്ഛനായപ്പോൾ ആദ്യം മനസ്സിൽ വന്നതു പച്ചപ്പിന്റെ ഈ സന്ദേശം അടുത്ത തലമുറയിലേക്കും പകരണം എന്ന ചിന്തയാണ്. ഇതെന്റെ പേരക്കുട്ടികൾ മാത്രം അറിഞ്ഞാൽ പോര. അതുകൊണ്ട് എല്ലാ കുട്ടികള്‍ക്കും േവണ്ടി ‘വനിത’യിലൂടെ ഒരു കത്തെഴുതുകയാണ്.

എന്‍റെ േപരക്കുട്ടികളേ...

മുത്തശ്ശീമുത്തശ്ശന്മാരിൽ നിന്നാണു കൃഷി നമ്മളിലേക്കു വന്നത്. പണ്ട് വേനലവധിക്ക് അമ്മയുടെ നാട്ടിലേക്ക് ഞ ങ്ങൾ യാത്ര പോകുമായിരുന്നു. മാളയ്ക്കടുത്തുള്ള കുമ്പിടി എന്ന ആ ഗ്രാമത്തെ ലോകത്തിന്റെ അറ്റം എന്നാണു ഞങ്ങൾ വിളിച്ചിരുന്നത്. എന്തെന്നാൽ റോഡ് ചെന്നവസാനിക്കുന്നത് ഇവിടെയാണ്. അവിടുന്നങ്ങോട്ട് പച്ചപ്പു നിറഞ്ഞ പാടങ്ങളുടെ പരവതാനികൾ.

കൊല്ലപ്പരീക്ഷ കഴിഞ്ഞാൽ ഞങ്ങൾ മുത്തശ്ശന്റെ വരവും കാത്തിരിക്കും. അദ്ദേഹത്തിന്‍റെ ഒപ്പമാണു കുമ്പിടിയിലേക്കുള്ള യാത്ര. എറണാകുളത്തു നിന്ന് ട്രെയിനില്‍ കൊച്ചുവെളുപ്പാൻകാലത്തു കൊരട്ടി സ്റ്റേഷനിൽ വന്നിറങ്ങും. അമ്മയുെട േജ്യഷ്ഠസഹോദരിയുെടയും മാമ്പള്ളി മാസ്റ്ററുടെയും വീട്ടിൽ നിന്നു കാപ്പി കുടി കഴിഞ്ഞ് യാത്ര തുടരും. ബസ്സിൽ പുളിക്കൽ കടവ് പുഴവക്കിലേക്ക്. വേനലിൽ വെള്ളം കുറവായതു കൊണ്ട് കുട്ടികളെ നോക്കി മുത്തശ്ശൻ പറയും ‘എടാ, കളസം ഊരിക്കോളൂ, നമുക്ക് നടന്നു കയറാം.’

കളസം തലയില്‍ വച്ച്, ഷര്‍ട്ടിന്‍റെ നീളത്തില്‍ നാണം മറച്ച്, ഒറ്റ നടത്തം. കണ്ണീരു പോലെ തെളിഞ്ഞ പുഴയും കടന്ന് വെള്ളി നിറമുള്ള പരൽ മീനുകളെയും കണ്ട്, നടന്നു കയറുന്നത് അന്നമനട ഗ്രാമത്തിലേക്കാണ്. ആദ്യമായി ആ പ്രദേശത്തു തയ്യൽക്കാരനെ കൊണ്ടു വന്നത് എന്റെ മുത്തച്ഛൻ കുടിലുങ്ങൽ തോമൻ ചേട്ടനായിരുന്നു. മുത്തച്ഛന് തയ്യൽക്കടയും തുണിക്കടയുമുണ്ടായിരുന്നു. ആ കടയുടെ അടുത്തുള്ള നായർ വിലാസം ചായക്കടയാണ് ഞങ്ങളുടെ അടുത്ത ആശ്രയകേന്ദ്രം.അവിടുത്തെ തട്ടുദോശയുടേയും തേങ്ങാചമ്മന്തിയുടെയും സ്വാദ് ഇപ്പോഴും നാവിലുണ്ട്.

ഇനി കുമ്പിടിയിലേക്ക് 10 കിലോമീറ്റർ നടത്തമാണ്. ആദ്യം േറാഡുവഴി അഞ്ചു കിലോമീറ്ററും പിന്നെ, പാടവരമ്പിലൂടെയും. പാടത്തേക്കിറങ്ങും മുന്‍പ് േറാഡരികിലൊരു ‘നീര’ഷാപ്പ് ഉണ്ട്. മുത്തശ്ശൻ രാവിലത്തെ ഇളം കള്ളു വാങ്ങി ഞങ്ങൾക്ക് ഒരോ കവിൾ കുടിക്കാൻ തരും. ഒപ്പം തേങ്ങാക്കൊത്തിട്ട ബീഫ് കറിയും. ചുട്ട വെയിലത്തു നടക്കുമ്പോൾ ശരീരത്തില്‍ ജലാംശം കുറയാതിരിക്കാനാണ് ഇച്ചിരി ഇളം കള്ളു തന്നിരുന്നതെന്ന് പിന്നീട് ഡോക്ടറായപ്പോൾ മനസ്സിലായി. ഉച്ചയോടെ വീടെത്തും. അവിടെ വിഭവ സമൃദ്ധമായ ഊണ് ഒരുക്കി മുത്തശ്ശി കാത്തിരിക്കുന്നുണ്ടാകും.

പുരാതനമായ ഒരു വീടാണത്. പന്ത്രണ്ട് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന പറമ്പു നിറയെ കൃഷിയും എല്ലാത്തരം പഴങ്ങളുമുണ്ടായിരുന്നു. പിന്നെയുള്ള രണ്ടര മാസത്തേക്ക് ഞങ്ങൾ മുപ്പത് പേരക്കുട്ടികൾക്കും താണ്ഡവമാടാനുള്ള ഉൽസവവേദിയായിരുന്നു ആ സ്ഥലം.

അവിടുത്തെ പണികളിൽ പങ്കു ചേർന്നാണ് ഞങ്ങള്‍ കൃഷിയുടെ ബാലപാഠങ്ങൾ പഠിച്ചത്. ആ ജീവിത വികാരം ഞങ്ങളുടെ സിരകളിൽ ഇന്നും ഓടിക്കൊണ്ടിരിക്കുന്നു.

രാവിലെ ഉണരുമ്പോള്‍ ഞങ്ങള്‍ കാണുന്നത് അയ്യപ്പന്റെയും കാളിയുടെയും നേതൃത്വത്തിൽ ഏകദേശം നൂറിലധികം ജോലിക്കാർ പാടങ്ങളിലും പറമ്പിലും ജോലി ചെയ്യാൻ തയാറായി നിൽക്കുന്നതാണ്. ഒരുകൂട്ടം വാനരൻമാരെ പോലെ ഞങ്ങളും അവരോടൊപ്പം ചേർന്നു കൃഷിപ്പണികളിലും ചാലുകീറി വെള്ളം തിരിച്ചു വിടുന്ന ജോലിയിലും കൂടും. ഞാറ് നടീലും കലപ്പ കൊണ്ട് നിലമുഴുന്നതും ചക്രം ചവിട്ടി വെള്ളമിറക്കുന്നതുമൊക്കെ ആശ്ചര്യത്തോടെ േനാക്കി നില്‍ക്കും.

ഏകദേശം 11 മണിയോടെ ഉച്ചഭക്ഷണം. പണി നിര്‍ത്തി എല്ലാവരും ഒന്നിച്ചിരിക്കും. ഞങ്ങളും ഒപ്പമുണ്ടാകും. കഞ്ഞി, കപ്പ, അല്ലെങ്കിൽ ചക്കപ്പുഴുക്ക്. ഇവയാണു വിഭവങ്ങള്‍.

ഞങ്ങൾ അറിയാതെ തന്നെ ഞങ്ങളുടെ ഉള്ളിൽ ഒരു കർഷകനെ മുത്തച്ഛൻ വാർത്തെടുക്കുകയായിരുന്നു. പേരക്കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരവും രസകരവുമായ സമയം ആ സമ്മർ ക്യാംപ് ആയിരുന്നു.

കല്യാണശേഷം ഞാന്‍ ഭാര്യയുെട നാടായ കുട്ടനാട്ടിലെത്തി. നെല്‍കൃഷിയായിരുന്നു അവിെട പ്രധാനം. കായലിേനക്കാള്‍ താഴ്ന്ന പാടശേഖരങ്ങളും െനടുങ്കന്‍ പത്തായങ്ങളുമൊക്കെ കാണുന്നത് അവിെട വച്ചാണ്.

ഖത്തറിൽ വന്നിട്ടിപ്പോൾ 35 വർഷത്തോളമാകുന്നു. ഇവിെട കൃഷി ചെയ്തു വിജയം െകായ്തതിനു നന്ദി പറയാനുള്ളത് അടുക്കളത്തോട്ടം, കൃഷിയിടം എന്നീ സംഘടനകളോടാണ്. കൃഷിസ്ഥലം ഒരുക്കാനും വളങ്ങള്‍ തിരഞ്ഞെടുക്കാനും വിത്തിനങ്ങള്‍ അറിയാനുമൊക്കെ അവര്‍ സഹായിച്ചു. വിളകള്‍ പലതുണ്ട്. പടവലങ്ങ, മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക, വഴുതനങ്ങ, മണിത്തക്കാളി, മുളക്...

ഡോക്ടറെന്ന നിലയ്ക്ക് എനിക്കു തോന്നുന്നത് ഇന്ന് ഹൃദ്രോഗത്തേക്കാൾ കൂടുതൽ കാൻസർ ഉണ്ടെന്നാണ്. അതിന്റെ പ്രധാന കാരണം നമ്മുടെ ആഹാരരീതി മാറിയതാണ്. അമിതമായ കീടനാശിനികളും കൃത്രിമ വളങ്ങളും ചേ ർത്തുണ്ടാക്കുന്ന പച്ചക്കറികളും പഴങ്ങളും മാത്രം മതി ഇല്ലാത്ത രോഗങ്ങൾ ഉണ്ടാകാൻ. പാകം ചെയ്യുന്നതിലും മായം തന്നെ. ഇതൊക്കെ മാറ്റി ആരോഗ്യമുള്ള മനുഷ്യരായി മാറാൻ കൃഷിയിലേക്കു തിരിയുന്നതു തന്നെയാണു നല്ലത്. അവനവന് ആവശ്യമുള്ളതു കുറച്ചെങ്കിലും നട്ട് വളർത്താം.

അടുത്ത തലമുറയിലേക്കും പച്ചപ്പെത്തിക്കണം എന്നാണ് ആഗ്രഹം. ‘മുത്തച്ഛാ... ഞങ്ങളും മുത്തച്ഛനു വേണ്ടി കൃഷി ചെയ്യും.’ എന്നു നിങ്ങളെല്ലാവരും പ്രതിജ്ഞ എടുക്കണം. പച്ചപ്പിനെ തൊട്ടറിഞ്ഞും അനുഭവിച്ചും വളരാനുള്ള അവസരം എല്ലാ േപരക്കുട്ടികള്‍ക്കും ഉണ്ടാകണേയെന്നാണ് ഈ മുത്തച്ഛന്റെ പ്രാർഥന.

നിറയെ സ്നേഹത്തോടെ

നിങ്ങളുടെ മുത്തച്ഛൻ

‘കൃഷിക്കായ് നിയമങ്ങൾ വേണം’

ഖത്തറിലെ പ്രസിദ്ധ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ്, ബിർള പബ്ലിക് സ്കൂളിന്റെ സ്ഥാപക ചെയർമാൻ, ഐ.എം.എ, ഐ.സി.ബി.എഫ്, സംഘടനകളുടെ മുൻ പ്രസിഡന്റ് തുടങ്ങി ഒട്ടേറെ നിലകളിൽ പ്രശസ്തനാണ് ഡോ. മോഹൻ തോമസ്. ഭാര്യ, തങ്കം. മൂന്നു മക്കള്‍.

‘‘നാട്ടിലെ സമ്പന്നരായ മനുഷ്യർ എല്ലാവരും അവരുടെ സമ്പാദ്യത്തിന്റെ ഒരു ശതമാനമെങ്കിലും കൃഷിയിൽ നിക്ഷേപിക്കണം. അതിനു വേണ്ടി നിയമം െകാണ്ടുവരുന്നതിലും തെറ്റില്ല.’’ ഡോ. മോഹൻ തോമസ് പറയുന്നു. നേരിട്ട് കൃഷി ചെയ്തില്ലെങ്കിലും കൃഷി ചെയ്യുന്ന സംഘടനകളെ സഹായിക്കാനും ഭൂമി പാട്ടത്തിനു നൽകി കൃഷി പ്രോത്സാഹിപ്പിക്കാനും ആളുകൾ തയ്യാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഖത്തറിലെ കാര്‍ഷിക വിളകളെല്ലാം സുഹൃത്തുക്ക ൾക്കും അതിഥികൾക്കും കൊടുക്കും. വെള്ളം വാങ്ങി ടാങ്കിൽ സൂക്ഷിച്ചാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ഒരു തുള്ളി പോലും പാഴാക്കാതെ.

മറഞ്ഞു പോകുന്ന നാട്ടറിവുകള്‍ േതടിപ്പിടിക്കാനുള്ള ശ്രമത്തിലാണ് േഡാ. മോഹന്‍തോമസ് ഇപ്പോള്‍. ആദിവാസികൾക്കറിയാവുന്ന അപൂർവ ഒറ്റമൂലികളെ കണ്ടെത്തുകയും അതു ഭാവി തലമുറക്ക് പ്രയോജനപ്പെടും വിധം തിരികെ കൊണ്ടുവരികയുമാണ് ലക്ഷ്യം. ‘‘അ ത്ര എളുപ്പമല്ല എന്നറിയാം. എങ്കിലും സർക്കാർ സഹകരണം ലഭിച്ചാൽ ഒരുപാടു കാര്യങ്ങള്‍ അടുത്ത തലമുറകള്‍ക്കായി മായാതെ സൂക്ഷിക്കാന്‍ കഴിയും എന്നുറപ്പുണ്ട്...’’ ഡോ. മോഹന്‍തോമസ് പറയുന്നു.