നിത വീട് ആർക്കിടെക്ചർ അവാർഡിൽ റെസിഡൻസ് വിഭാഗത്തിൽ ഗോൾഡ് അവാർഡ് നേടിയ ‘അലരിൻ എർത് ഹോം’ എന്നു പേരുള്ള സ്വന്തം വീടിനെപ്പറ്റി ആർക്കിടെക്ട് സറിൻ ഹോഷാങ് ജംഷഡ്ജി പറയുന്നു.
ആദ്യമായി വീട്ടിലെത്തുന്നവർ പാടമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എവിടെ, എങ്ങനെ ജീവിക്കണം എന്ന ഞങ്ങളുടെ ആഗ്രഹം പ്രതിഫലിപ്പിക്കുന്ന സൈറ്റിനു വേണ്ടിയാണ് കാത്തിരുന്നത്. അത് കിട്ടിയതുംരൂപകൽപനാ ആശയം പൊടുന്നനെ അവിടെ നിന്നു തന്നെ ഉയർന്നു വന്നു. എല്ലാ അർഥത്തിലും പ്ലോട്ടിനോടും ലാൻഡ്സ്കേപ്പിനോടും ഇഴുകിച്ചേരുന്ന, ആരെയും ബുദ്ധിമുട്ടിക്കാത്ത വീടായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഞങ്ങളുടെ അയൽക്കാർക്ക് പാടശേഖരം ആസ്വദിക്കാൻ സാധിക്കണമെന്നതും കണക്കിലെടുത്തിരുന്നു.
ആർക്കിടെക്ചർ ഡിസൈൻ സംവേദനക്ഷമവും ചുറ്റുമുള്ളതിനെ പരിഗണിക്കുന്നതുമാകണം. പ്ലോട്ട് കിട്ടിക്കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് അവിടെ താമസിക്കാൻ തിടുക്കമായി. അങ്ങനെയാണ് സ്റ്റീരിയോഗ്രാമിന്റെ ഇന്നവേറ്റീവ് ബിൽഡിങ് ടെക്‌നോളജി (ഷ്െനൽ ത്രീഡി പാനൽ കൺസ്ട്രക്‌ഷൻ സിസ്റ്റം) തിരഞ്ഞെടുത്തത്. സ്ട്രക്ചറിന്റെ ശക്തി, ഉയർന്ന ഇൻസുലേഷൻ, നിർമാണ വേഗത, പ്രീഫാബ് തുടങ്ങി ഇതിനുള്ള സവിശേഷതകൾ മറ്റൊന്നിലും കാണാനാവില്ല. ഇന്റീരിയറും ലാൻഡ്സ്കേപ്പുമുൾപ്പെടെ നിർമാണത്തിന് വെറും ആറ് മാസമേ എടുത്തുള്ളൂ. ഇതിനായി ഒപ്പം നിന്നവരുടെയെല്ലാം തീവ്ര പങ്കാളിത്തത്തോടെയാണ് നിർമാണം സാധ്യമായത്. ചുമരും മേൽക്കൂരയും ഒരേ മെറ്റീരിയൽ കൊണ്ടു നിർമിച്ചു. വീട് തണുപ്പിക്കാനായി വേണ്ടി വരുമായിരുന്ന ഊർജനഷ്ടം 45 ശതമാനത്തോളം കുറയ്ക്കാൻ ഇതുവഴി സാധിച്ചു.
ഞങ്ങളുടെ ഒരു പ്രോജക്ടിലെ സിമന്റ് ഒഴിവാക്കിയുള്ള വലിയ മതിലിനു വേണ്ടി ചെങ്കല്ല് മുറിക്കുന്ന വർക്‌ഷോപ്പിൽ പങ്കെടുത്തിരുന്നു. അവിടെ ബാക്കി വന്ന ചെങ്കൽ മിശ്രിതം ചോദിച്ചു വാങ്ങി അതുകൊണ്ട് ഇവിടെ ചുമര് തേച്ചു. ഞങ്ങൾ തന്നെ ചെയ്ത, ലിവിങ് റൂമിലെ കന്റെംപ്രറി ആർട് വർക്കും ഇതു കൊണ്ടാണ്. അങ്ങനെ കാര്യക്ഷമതയ്ക്കായി ഉയർന്ന സാങ്കേതിക വിദ്യയിലുള്ള മെറ്റീരിയലും പ്രകൃതിയോടിണങ്ങാൻ കുറഞ്ഞ സാങ്കേതിക വിദ്യയിലുള്ള മെറ്റീരിയലും ഒന്നിച്ചു കൊണ്ടു വരികയാണ് ഇവിടെ ചെയ്തത്.
പരമ്പരാഗത വീടു പോലെ ഇവിടെ ഒരു പ്രധാന വാതിലില്ല. സൗരോർജ പാനലുകളുടെ നിരയ്ക്കു താഴെയുള്ള ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഉൾപ്പെടുന്ന ഒാപ്പൻ ഹാളിലേക്ക് നേരിട്ട് പ്രവേശിക്കുകയാണ് ചെയ്യുന്നത്. അവിടെ നിന്ന് തൂണുകളില്ലാത്ത വരാന്തയിലേക്കും. അത് ലാൻഡ്സ്കേപ്പും പാടശേഖരവുമായി തടസ്സങ്ങളൊന്നുമില്ലാതെ ഇഴചേരുന്നു.
ഉപയോഗശൂന്യമായ ഷ്നെൽ പാനൽ കൊണ്ട് കുറച്ച് ഫർണിച്ചറും ലൈറ്റ് ഫിറ്റിങ്സും ഉണ്ടാക്കി. സൈറ്റിൽ കണ്ടെത്തിയ പഴയ മരത്തിന്റെ വേര് വൃത്തിയാക്കി പുനരുപയോഗിച്ചു. പഴയ പമ്പിങ് ഷെഡിന്റെ പ്ലിന്ത് ലാൻഡ്സ്കേപ്പിലെ ഔട്ട്ഡോർ സീറ്റിങ് സ്പേസ് ആക്കി മാറ്റി.
പ്ലോട്ടിലെ പഴയ ഒരു കുഴി വലുതാക്കി കുളമാക്കി. നെൽപ്പാടം നനയ്ക്കാനുള്ള വെള്ളം ഇതിൽ നിന്നു ലഭിക്കും. മേൽക്കൂരയിൽ നിന്നുള്ള മഴവെള്ളം കൊണ്ടാണ് കുളം നിറയ്ക്കുന്നത്.കൃത്യമായ മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി ബയോ സെപ്റ്റിക് ടാങ്ക് ആണ് കൊടുത്തത്. അത് റീസൈക്കിൾ ചെയ്ത് ലാൻഡ്സ്കേപ്പിൽ ഉപയോഗിക്കുന്നു.
മേൽക്കൂരയിൽ രാമച്ചം നട്ടു. ഔഷധ ഗുണങ്ങളും പാടവുമായി ഇഴുകിച്ചേരാനുള്ള ഭംഗിയും കണക്കിലെടുത്താണ് രാമച്ചം തിരഞ്ഞെടുത്തത്. പ്ലോട്ടിലുണ്ടായിരുന്ന നശിക്കാറായ തേക്കിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നു.
ഒരു നല്ല ഡിസൈനർക്ക് ഏതു മെറ്റീരിയലും ഉപയോഗിച്ച് കാലത്തെ വെല്ലുന്ന സൗന്ദര്യം സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അതിന് ഒരു പ്രത്യേക രചനാ ഭാഷയെയോ ശൈലിയേയോ കൂട്ടുപിടിക്കേണ്ടതില്ല. വ്യത്യസ്തമായ സാഹചര്യങ്ങൾ പുതിയ ആർക്കിടെക്ചറിനു വഴി തെളിക്കുന്നു. കൂടുതൽ കാര്യക്ഷമമായ സുസ്ഥിര മാർഗങ്ങൾക്ക് അടുത്തേക്കെത്താൻ നമ്മൾ ശ്രമിച്ചു കൊണ്ടേയിരിക്കണം.
ഈ വീടിന്റെ കൂടുതൽ വിവരങ്ങൾ മാർച്ച് ലക്കം വനിത വീടിലുണ്ട്.