Saturday 25 March 2023 02:54 PM IST : By സ്വന്തം ലേഖകൻ

‘സൺ കോൺയൂർ തത്തകൾക്കു നിങ്ങളുടെ സാമീപ്യം മാത്രം മതി’; ബുദ്ധിവൈഭവമുള്ള, ആരോടും നന്നായി ഇണങ്ങുന്ന പക്ഷി ഇതാണ്

sun-conure ഡോ.അബ്ദുൾ ലത്തീഫ് .കെ, എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ, വെറ്ററിനറി സർജൻ

സൺ കോൺയൂർ തത്തകൾക്കു നിങ്ങളുടെ സാമീപ്യം മാത്രം മതി...

ബുദ്ധിവൈഭവമുള്ള, മുതിർന്നവരോടും കുട്ടികളോടും നന്നായി ഇണങ്ങുന്ന, ഏറെനാൾ ഒപ്പമുണ്ടാകുന്ന പക്ഷിയെ സ്വന്തമാക്കാനാണോ ആഗ്രഹിക്കുന്നത്. എങ്കിൽ തത്തകളുടെ വർഗത്തിൽ പെട്ട സൺകോൺയൂറുകളെ (sun conure) വീട്ടിലേക്കു ക്ഷണിച്ചോളൂ. 20 മുതൽ 30 വർഷം വരെ ആയുസ്സുണ്ട് ഇവർക്ക്. അറിയാം, പരിപാലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

∙ മനുഷ്യർ അടുത്തില്ലെങ്കിൽ ഇവർക്കു പെട്ടെന്നു ബോറടിക്കും. ദിവസവും അൽപസമയം പക്ഷിയുമായി സംസാരിക്കാനും ഇടപെടാനും സമയമുള്ളവർക്കു മാത്രമേ ഇവരെ നന്നായി പരിപാലിക്കാൻ കഴിയൂ.

∙ ഏകാന്തതയും ഒറ്റപ്പെടലും അതുമൂലം ഉണ്ടാകുന്ന ഡിപ്രഷനുമാണ് ഇവരെ സ്വയം തൂവൽ കൊത്തിപറിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. വീടു പൂട്ടി, അധികസമയത്തേക്കു പുറത്തുപോകുന്നവരുടെ വീട്ടിലെ വളർത്തുപക്ഷികളിലാണ് ഇത്തരം പെരുമാറ്റം പൊതുവേ കാണാറുള്ളത്. ചൊറിച്ചിൽ, ചെള്ള്, പോഷകാഹാരക്കുറവ് എന്നിവയും തൂവൽ കൊത്തിപറിക്കുന്നതിന്റെ കാരണമാകാറുണ്ട്.

∙ ഇടുങ്ങിയ കൂട് ഇവർക്ക് അനുയോജ്യമല്ല. ഏറ്റവും കുറഞ്ഞത് 30 ഇഞ്ച് നീളവും 30 ഇഞ്ച് വീതിയും 40 ഇഞ്ച് ഉയരവുമുള്ള കൂടു വേണം. മനസ്സിനെ ഉണർത്താനുള്ള ഉപാധികളും കൂട്ടിനുള്ളിൽ വേണം.

∙ രണ്ടു സൺ കോൺയുർ തത്തകളെ ഒരുമിച്ചു കൂട്ടിലിട്ടാൽ ഇവർക്കു മനുഷ്യരോടുള്ള അടുപ്പം കുറയുമെന്നു ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. മനുഷ്യരുടെ സാന്നിധ്യമില്ലാത്തപ്പോൾ ബോറടി മാറ്റാനും കൊക്കുകൾക്ക് ശക്തി വയ്ക്കാനും മറ്റും കളിപ്പാട്ടങ്ങൾ പെറ്റ്ഷോപ്പിൽ നിന്നു വാങ്ങിനൽകാം. കൊക്കും നഖവും കൊളുത്താൻ സാധ്യതയുള്ളതിനാൽ നൂൽ പൊങ്ങിനിൽക്കുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

Tags:
  • Vanitha Veedu