Wednesday 08 March 2023 03:36 PM IST : By സ്വന്തം ലേഖകൻ

‘ഈ മുഴയെങ്ങാനും അങ്ങേരു കണ്ടാലോ ഡോക്ടറേ... അതൊന്നും താങ്ങാൻ അദ്ദേഹത്തിനു കെൽപ്പില്ല’: പെണ്ണിന്റെ പോരാട്ടം

dr-deepthi-tr-womens-day

വനിത ദിനത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. ദീപ്തി ടിആർ. എല്ലാം സഹിച്ചും ക്ഷമിച്ചും കുടുംബത്തിനു വേണ്ടി ജീവിതം ഹോമിക്കുന്ന സുജാതയെന്ന (പേര് സാങ്കൽപികം) സ്ത്രീയെക്കുറിച്ചാണ് ദീപ്തിയുടെ കുറിപ്പ്. കാൻസറിന്റെ ഭയപ്പാടുകള്‍ ഉള്ളിലിട്ട് നീറി നീറി ജീവിക്കേണ്ടി വന്ന സുജാത പോരാടുന്ന സ്ത്രീയുടെ പ്രതീകം കൂടിയാണ്. അവർ അനുഭവിച്ച സമ്മദ്ദങ്ങളുടെയും വീർപ്പുമുട്ടലുകളുടെയും കഥ സമാനതകളില്ലാത്തതാണ്.

ഡോ. ദീപ്തി ടിആർ വനിത ഓൺലൈനുമായി പങ്കുവച്ച അനുഭവ കഥ:

തിരക്കുപിടിച്ച ക്യാമ്പ് ദിവസത്തിലാണ് സുജാതയെ ഞാൻ ആദ്യമായി കാണുന്നത്... ക്യാമ്പ് ആയതുകൊണ്ട് ഒരു രോഗിയുടെ അടുത്തും കുറെ നേരം സംസാരിക്കാനൊന്നും കഴിഞ്ഞെന്ന് വരില്ല..ഒരുപാടു മുഖങ്ങൾക്കിടയിൽ സുജാതയെ ഓർത്തിരിക്കാനും കാരണമുണ്ട്..

പേര് ചോദിച്ചപ്പോൾ വളരെ പതുക്കെ ചുറ്റുപാടും ശ്രദ്ധിച്ചാണ് അവൾ പേര് പറഞ്ഞത്..

"സുജാത "

ഒരുപക്ഷേ മറ്റാരും തന്നെ തിരിച്ചറിയാതിരിക്കാനുള്ള ഒരു പരുങ്ങൽ സുജാതയിലുണ്ടായിരുന്നു..അതുമാത്രമല്ല ഉള്ളിൽ ഒരുപാടു സങ്കടഭാരം ഉള്ളതുപോലെ സുജാതയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഒന്നും പുറത്ത് കാണിക്കേണ്ട എന്ന് വിചാരിച്ചിട്ടായിരിക്കണം മാസ്ക് മുഖത്തുനിന്ന് മാറ്റുന്നേയില്ല.. ആകെക്കൂടെ ഒരു വെപ്രാളവും പരവേശവും.. മാറ് കാണിച്ചു കിടക്കാൻ പറഞ്ഞപ്പോൾ ഡോക്ടറെ മാറിൽ മുഴയുണ്ട്.. തുടക്കത്തിൽ ചെറുതായിരുന്നു . ഇപ്പോൾ വലുപ്പം വെച്ച പോലെ.. എനിക്ക് പെട്ടെന്ന് തന്നെ വീട്ടിൽ എത്തേണ്ടതുണ്ടായിരുന്നു ...

ശരി.. ഞാൻ നോക്കട്ടെ.. എപ്പോഴാണ് ഇതു കണ്ടു തുടങ്ങിയത്? എന്നു ഞാൻ സുജാതയോടു ചോദിച്ചു.

സുജാത അതിനു ഉത്തരമെന്നോണം പറഞ്ഞു തുടങ്ങി..

"അഞ്ചുമണിക്ക് തുടങ്ങും ഒരു ദിവസത്തെ യുദ്ധം .. രാവിലെ എഴുന്നേറ്റ് ഭക്ഷണം ഉണ്ടാക്കി ഉച്ചയ്ക്കുള്ള ചോറും കറിയും തയ്യാറാക്കി കുട്ടികൾക്കുള്ള ടിഫിൻ ബോക്സ് നിറച്ചുവെച്ച് സ്കൂൾ ബസ്സിൽ അവരെ കയറ്റി അയക്കുമ്പോൾ ഏകദേശം 8.30 -9 മണിയാവും..9.30ആവുമ്പോൾ അദ്ദേഹവും ഇറങ്ങും.

ഒന്ന് റെസ്റ്റ് എടുക്കാം എന്ന് വിചാരിച്ച് തുടങ്ങുമ്പോഴേക്കും കുറച്ചു വയ്യായ്കയുള്ള അമ്മയുടെ വിളി വരും.. അമ്മയെ കുളിപ്പിച്ച് ഭക്ഷണം കൊടുത്തു കഴിഞ്ഞു പന്ത്രണ്ട് മണിയോടുകൂടി ഒന്നു കുളിക്കാൻ സമയം കിട്ടിയാൽ ആയി.. വല്ലപ്പോഴുമാണ് സമയമെടുത്ത് കുളിക്കാറ്.. മിക്കപ്പോഴും കാക്ക കുളി തന്നെ.. എന്തോ ആലോചിച്ചു സോപ്പ് തേക്കുമ്പോഴാണ് ആ മുഴ തടഞ്ഞത് . എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ ആരോടും പറയാനുള്ള ധൈര്യം വന്നില്ല..അദ്ദേഹം അറിയുമോ എന്നുള്ള പേടി വേറെയും..

രാത്രി ഭക്ഷണം എന്നും വൈകിയാണ് വിളമ്പാറ്.. ഒന്നുകൂടി വൈകിക്കാൻ ഞാൻ മനഃപൂർവം ശ്രമിച്ചു. അടുക്കളയിലെ മിച്ചമുള്ള പണികൾ കൂടുതൽ പതുക്കെയാക്കി തുടങ്ങി.

ഞാൻ കൂടെ കിടക്കുന്നില്ല എന്ന പരാതികൾ കൂടി കൂടി വന്നു..അങ്ങേരു നിർബന്ധിക്കുമ്പോഴും ഞാൻ ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിയും..

വേറൊന്നും കൊണ്ടല്ല ഡോക്ടറേ... ഈ മുഴയെങ്ങാനും അങ്ങേരു കണ്ടാലോ.. അതൊന്നും താങ്ങാൻ അദ്ദേഹത്തിനും കെൽപ്പില്ല എന്നിനിക്കുറപ്പാ..വളർന്നു വരുന്ന രണ്ടു പെൺകുട്ടികൾ അല്ലേ ഞങ്ങൾക്ക്..അദ്ദേഹത്തിൻ്റെ വരുമാനം കൊണ്ട് മാത്രമാണ് ഞങ്ങളുടെ കുടുംബം കഴിഞ്ഞു പോവുന്നത് മൂന്ന് മാസമായി ഇങ്ങനെ ഞാൻ തൊട്ടു നോക്കിക്കൊണ്ടിരുന്നു. മുഴ വലുതായി വരുന്നുണ്ട്..

അദ്ദേഹം ഇപ്പൊ എന്നെ ഒന്നിനും നിർബന്ധിക്കാറില്ല.

ഒന്ന് അടുത്ത് കിടക്കാൻ പറ്റിയിരുന്നെങ്കിൽ പറയാം എന്ന് മനസ്സിൽ ഉറപ്പിച്ചതാണ് ഞാൻ..ഇത് പറയാൻ തുടങ്ങുമ്പോൾ അദ്ദേഹം എന്നോട് ഇങ്ങോട്ട് പറഞ്ഞു തുടങ്ങിയത്..നീയിങ്ങനെ കെട്ടിപ്പൂട്ടി വെച്ചിട്ടല്ലെ ഞാൻ വേറൊരു പെണ്ണിനെ തേടി പോയത്..

ഒരു നിമിഷം പ്രതികരിക്കാൻ പോലും കഴിയാതെ,ചലനമറ്റ ശരീരമായി ഞാൻ മാറിയതായി എനിക്ക് തോന്നി..

സുജാത അതു പറഞ്ഞു നിർത്തുമ്പോൾ വാക്കുകൾ വിറങ്ങല്ലടിക്കുന്നുണ്ടായിരുന്നു...

ഒരുപാടുപേർ പുറത്ത് കാത്തുനിൽക്കുന്നുണ്ടെന്നറിയാമായിരുന്നിട്ടും സുജാതയുടെ കഥകൾക്ക് ഞാൻ മനസ്സോടെത്തന്നെ കേൾവിക്കാരിയായി മാറുകയായിരുന്നുന്നു..

സത്യത്തിൽ എന്തുപറഞ്ഞാണ് ഞാൻ സുജാതയെ ആശ്യസിപ്പിക്കേണ്ടതെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു..

ഞാൻ ആശ്വസിപ്പിക്കാണെന്നോണം കൈകൾ സുജാതയുടെ തോളിൽ തട്ടി..

സുജാത വീണ്ടും പറഞ്ഞു തുടങ്ങി..

ഡോക്ടറുടെ ക്യാമ്പിന്റെ കാര്യം ഇന്നലെ പത്രത്തിൽ കണ്ടാണ് ഞാനറിഞ്ഞത്..എന്നെ വേഗം നോക്കിയിട്ട് വിടണം..

വീട്ടിൽ അമ്മ ഒറ്റക്കാണ്..

പിന്നെയും പ്രാരാബ്ധത്തിന്റെ ഭാണ്ട കെട്ട്..

ഞാൻ പറഞ്ഞു ഒരു സ്കാൻ ചെയ്യണം.

എല്ലാ മുഴകളും പ്രശ്നക്കാരല്ല നമുക്ക് കുത്തി പരിശോധനയോ ബയോപ്സിയോ ചെയ്തു നോക്കാം.. അതിൽ ഉപരിയായി ഞാൻ സുജാതയോടു പറഞ്ഞത് സുജാത എന്താണെങ്കിലും ഭർത്താവിനെയും കൂട്ടി എന്നെ വന്നു കാണണം എന്നതാണ്..ഫോൺ നമ്പറും കുറിച്ചു കൊടുത്തു.. ഒരു കോൾ എങ്കിലും ചെയ്യാൻ പറയണം..ഞാൻ സംസാരിക്കാം..

രണ്ടു ദിവസം കഴിഞ്ഞു ഭർത്താവിനെയും കൂട്ടി സുജാത എന്നെ കാണാൻ വന്നു ..ഈ കഥകൾ ഒക്കെ കേട്ട് എൻ്റെ മനസ്സിൽ ഉള്ള ഒരു രൂപമെ ആയിരുന്നില്ല അയാൾക്ക്..വളരെ സൗമ്യമായി പെരുമാറുന്ന സാധാരണക്കാരൻ..ഞാൻ എന്തെങ്കിലും ഭർത്താവിനോട് ചോദിക്കുമോ എന്ന ഭയം സുജാതയുടെ കണ്ണുകളിൽ എനിക്ക് കാണാമായിരുന്നു.

സ്കാൻ റിപ്പോർട്ട് നോക്കി കാൻസറല്ലാത്ത സാധാരണ മുഴയാണെന്നു (ഫൈബ്രോഅഡിനോമ)കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കാൻ എനിക്ക് ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല.. അത് സർജറി ചെയ്തു നീക്കം ചെയേണ്ടതായിട്ടുണ്ടെന്നു പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് ഇങ്ങനെയാണ്

“ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ എന്റെ ഭാര്യക്ക് കിട്ടണം”

അയാൾ അതു പറഞ്ഞതിൽ എനിക്ക് അൽഭുതം ഒന്നും തോന്നിയില്ല..ബഹുമാനം മാത്രം..

ഒരു കയ്യിൽ ഭാര്യയെയും മറുകയ്യിൽ ഞാൻ കൊടുത്ത surgeon consultation prescription m പിടിച്ച് അവർ നടന്നകന്നു..

ഇത് ഒരു സുജാതയുടെ മാത്രം കഥയല്ല..ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒന്നാണ്..

സ്വയം എരിഞ്ഞു തീരണം എന്ന് പണ്ട് മുതലേ കേട്ട് വരുന്ന ചില പാഴ്ചൊല്ലുകളും അന്ധവിശ്വാസങ്ങളും ഇന്നും നിലനിൽക്കുന്നു.

സത്യത്തിൽ നമ്മൾ ആരാണെന്ന ബോധ്യം നമ്മുക്ക് തന്നെ ഉണ്ടായിരിക്കണം... നമ്മൾ നമ്മളെ സ്നേഹിച്ചു തുടങ്ങണം... നാലുചുമരുകൾക്കുളിൽ മാത്രമല്ല ലോകമെന്നു തിരിച്ചറിയണം..

ഈ വനിതാ ദിനത്തിൽ സ്ത്രീകൾ നമുക്ക് വേണ്ടി വേണ്ടി സമയം കണ്ടെത്താനും ആവശ്യമെങ്കിൽ മറ്റുള്ളവരുടെ സഹായം തേടാനും ശ്രമിക്കുക..

ഒറ്റക്ക് എറിഞ്ഞു തീരേണ്ടവർ അല്ല ഒരു സ്ത്രീയും..