Monday 16 May 2022 04:11 PM IST

‘വട്ടംകറക്കി’ വാരിക്കൂട്ടിയ ലോക റെക്കോര്‍ഡുകള്‍; ഹൂല ഹൂപ്പില്‍ വിസ്മയിപ്പിച്ച് ഏഴാം ക്ലാസുകാരി ദീക്ഷിത സുബ്രഹ്മണി, അഭിമാനം

Priyadharsini Priya

Senior Content Editor, Vanitha Online

deekshithaaa8000

അലസമായുടുത്ത സാരിയിൽ ഹൂല ഹൂപ്പ് ഡാന്‍സുമായി സോഷ്യല്‍ മീഡിയയെ ‘വട്ടംകറക്കിയ’ ഒരു ചുരുണ്ടമുടിക്കാരി ഉണ്ടായിരുന്നു, ഡല്‍ഹി സ്വദേശിയായ ഏഷ്ണ കുട്ടി. ജന്മം കൊണ്ട് മലയാളിയാണെങ്കിലും ഏഷ്ണ ജനിച്ചതും വളര്‍ന്നതുമെല്ലാം ഡല്‍ഹിയിലാണ്. എന്നാൽ ഇപ്പോൾ മലയാളികൾക്ക് പൂർണ്ണമായും അഭിമാനിക്കാൻ ഹൂല ഹൂപ്പില്‍ വിസ്മയം കാണിക്കുന്ന ഒരു കൊച്ചുമിടുക്കി തലസ്ഥാന നഗരിയിലുണ്ട്. ഹൂല ഹൂപ്പില്‍ ഗിന്നസ് ഉൾപ്പെടെ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ ഏഴാം ക്ലാസുകാരി ദീക്ഷിത സുബ്രഹ്മണി.

രണ്ടു വര്‍ഷം മുന്‍പ് സര്‍ക്കസ് കാണാന്‍ പോയപ്പോള്‍ തോന്നിയ മോഹമാണ് ദീക്ഷിതയെ ഹൂല ഹൂപ്പിലേക്ക് അടുപ്പിച്ചത്. കാൽമുട്ടുകളിൽ ഒരു മിനിറ്റിൽ 235 തവണ കറക്കിയാണ് ഹൂല ഹൂപ്പില്‍ ദീക്ഷിത ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സ് സ്വന്തമാക്കിയത്. കൂടാതെ മുട്ടുകളിൽ 277 കറക്കം നടത്തി യൂണിവേഴ്‌സൽ അച്ചീവേഴ്സ് ബുക് ഓഫ് റെക്കോർഡ്‌സും ഫ്യൂച്ചർ കലാംസ് ബുക് ഓഫ് റെക്കോര്‍ഡ്സും നേടിയിട്ടുണ്ട്. ഒപ്പം ഏറ്റവും പ്രയാസകരമായ ബ്രിഡ്ജ് പൊസിഷനില്‍ നടത്തിയ കറക്കമാണ് ദീക്ഷിതയെ ഗിന്നസ് റെക്കോര്‍ഡ് എന്ന നേട്ടത്തിലേക്ക് എത്തിച്ചത്. 

deekshiifammmm

"ആറ്റുകാല്‍ ക്ഷേത്രത്തിനടുത്തുള്ള ചിന്മയ വിദ്യാലയത്തിലാണ് മോള്‍ പഠിക്കുന്നത്. ഒരിക്കല്‍ ഷോപ്പിങ് മാളില്‍ പോയപ്പോഴാണ് അവള്‍ ഹൂല ഹൂപ്പ് റിങ് കാണുന്നത്. അത് വാങ്ങിച്ചു കൊടുത്തതോടെ യൂട്യൂബിൽ നോക്കി തനിയെ പഠനം ആരംഭിച്ചു. അത്യാവശ്യം നന്നായി തന്നെ മോള്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇതോടെ നല്ലൊരു ട്രെയിനിങ് കൊടുത്താലോ എന്ന് ചിന്തിച്ചു. 

തിരുവനന്തപുരത്ത് ട്രെയിനർക്ക് വേണ്ടി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ചെന്നൈ ഹൂപ്പേഴ്‌സിലെ ട്രെയിനർ വിജയലക്ഷ്മി ശരവണൻ ഓൺലൈൻ ക്ലാസ് വഴി ഹൂല ഹൂപ്പ് പഠിപ്പിക്കുന്നത് അറിഞ്ഞു. മോളിപ്പോൾ ഒരു വർഷമായി ആ ടീച്ചറുടെയടുത്ത് പഠിക്കുന്നു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ക്ലാസുകൾ ഉണ്ട്. നാല്പതോളം കുട്ടികളാണ് ഓൺലൈൻ ക്ലാസിലൂടെ പഠിക്കുന്നത്. ദിവസം നാലു മണിക്കൂറോളം മോൾ പ്രാക്റ്റീസ് ചെയ്യാറുണ്ട്.

deekshithaa77

ദീക്ഷിത വളരെ പെട്ടെന്ന് പഠിച്ചെടുക്കുന്നുണ്ട് എന്ന് ടീച്ചർ പറയുമ്പോൾ ഞങ്ങൾക്ക് സന്തോഷവും അഭിമാനവും തോന്നാറുണ്ട്. ഓരോ ദിവസവും വിഡിയോ എടുത്തു അയച്ചുകൊടുത്ത് അതിലെ തെറ്റുകളെല്ലാം ടീച്ചർ തിരുത്തി കൊടുക്കാറുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതും വിജയലക്ഷ്മി ടീച്ചർ തന്നെ."- അച്ഛൻ സുബ്രഹ്മണി പറയുന്നു.

ജോലി തിരക്കുകള്‍ക്കിടയിലും അച്ഛൻ സുബ്രഹ്മണിയും അമ്മ മാതംഗിയും മകളുടെ ഇഷ്ടങ്ങൾക്ക് പ്രോത്സാഹനം നല്‍കി ഒപ്പമുണ്ട്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുഞ്ഞനുജത്തി ഹര്‍ഷിതയും ചേച്ചിയെ മാതൃകയാക്കി കൂടുതല്‍ തവണ സിറ്റപ്പ് ചെയ്ത് ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സ് സ്വന്തമാക്കിയിട്ടുണ്ട്. 

deekshiii89