Thursday 23 November 2023 02:19 PM IST : By സ്വന്തം ലേഖകൻ

ചെറിയ ആരോഗ്യപ്രശ്നങ്ങൾക്കു പോലും വലിയ കാശാകും, ഒപ്പം ഈ ചെലവുകളും താങ്ങാനാകില്ല: മികച്ച ഇൻഷുറൻസും വിദേശ പഠനവും

nri-studies

മുൻപത്തേക്കാളും വിദേശയാത്രകൾ ചെയ്യുന്നവരായി മാറിയിരിക്കുന്നു മലയാളികൾ. പഠനത്തിനും തൊഴിലിനും കാഴ്ചകള്‍ കാണാനും മറ്റുമായി വിദേശ രാജ്യങ്ങളിലേക്കു പറക്കുന്നവരുെട എണ്ണം ഒന്നിെനാന്നു കൂടിവരികയാണ്. കുറച്ചു നാളത്തേക്കു മാത്രമായോ ദീർഘകാലത്തെ താമസത്തിനോ ഒക്കെ വിദേശത്തു പോകുന്നവരുമുണ്ട്. ഇത്തരം യാത്രകളില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട, ആ രാജ്യത്തെ നിയമ സംവിധാനങ്ങൾ, സംസ്കാരം, അപകട സാധ്യതകൾ, സുരക്ഷ തുടങ്ങി പല വിഷയങ്ങളെക്കുറിച്ചും മുൻ ലക്കങ്ങളിൽ എഴുതിയതു വായിച്ചുവല്ലോ.

യാത്രകളില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണു വിവിധ ഇൻഷുറൻസുകൾ. ഏതെങ്കിലും ലൈഫ് ഇൻഷുറൻസ് പോളിസികളോ പെൻഷൻ പ്ലാനുകളോ ഇല്ലാത്ത ആളുകൾ നമ്മുെട നാട്ടില്‍ വളരെ കുറവായിരിക്കും. അവയ്ക്ക് നമ്മുെട നാട്ടില്‍ മാത്രമേ സാധുതയുള്ളൂ. വിദേശയാത്രയ്ക്കൊരുങ്ങുമ്പോള്‍ മറ്റ് ഇന്‍ഷുറന്‍സുകള്‍ കൂടി എടുക്കണം. വിദേശത്തു കരുതലാകേണ്ട പലവിധ ഇൻഷുറൻസുകളെക്കുറിച്ച് ഈ ലക്കത്തിൽ വിശദമാക്കാം.

എന്തുകൊണ്ട് ഇൻഷുറൻസുകൾ?

അമിത െചലവുകള്‍: വിദേശയാത്ര പോകുമ്പോള്‍ ഇന്‍ഷുറന്‍സ് അത്യാവശ്യമായി മാറുന്നതിന്‍റെ പ്രധാനകാരണം അവിടുത്തെ ഉയർന്ന ചെലവുകൾ തന്നെയാണ്. അതിനാല്‍ തന്നെ പല രാജ്യങ്ങളിലും മിക്ക മേഖലകളിലും ഇൻഷുറൻസ് ഒരു അവശ്യ ഘടകമാണ്. നിത്യജീവിതത്തിലെ മിക്കവാറും എല്ലാ കാര്യങ്ങളും ഇ ൻഷുറൻസ് വഴി പരിരക്ഷ സാധ്യമായതു തന്നെയാണു പ്രധാന കാരണം. ഉദാഹരണമായി ചികിത്സാ ചെലവുകൾ. ചെറിയ ആരോഗ്യപ്രശ്നങ്ങൾക്കു പോലും പല രാജ്യങ്ങളിലും ചെലവു വളരെ കൂടുതലായിരിക്കും. കുറച്ചു ഗൗരവമുള്ള അവസ്ഥയാണെങ്കിൽ പറയുകയും വേണ്ട.

സ്ഥിരതയും സുരക്ഷയും: അപ്രതീക്ഷിതമായ സാമ്പത്തിക ആഘാതം ഒഴിവാക്കാം എന്നതാണ് ഇന്‍ഷുറന്‍സിന്‍റെ മറ്റൊരു നേട്ടം. വളരെ സുരക്ഷിതരായി സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ലാതെയിരിക്കുന്ന വ്യക്തികളാണെങ്കിലും ആകസ്മികമായി ഉണ്ടാകാവുന്ന അപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ ജീവിതത്തിന്റെ താളം തെറ്റിക്കാം. വാഹനാപകടങ്ങളോ, അറിഞ്ഞോ അറിയാതെയോ നമ്മൾ കാരണം മറ്റുള്ളവർക്ക് ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളോ ഒക്കെ ഇതിനുദാഹരണങ്ങളാണ്. ഇത്തരം സമ്മർദങ്ങളെ നേരിടാൻ പലപ്പോഴും ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ സാധിക്കും.

വസ്‌തുവകകളുെട സുരക്ഷിതത്വം: നിങ്ങളുടെ വസ്‌തുവകകൾക്കു നാശനഷ്ടം സംഭവിക്കുക, മോഷണത്തിന് ഇരയാകുക, കൈമോശം വരിക എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ അതുണ്ടാക്കുന്ന നഷ്ടം നികത്താൻ ഇൻഷുറൻസ് സഹായിക്കും. പുതിയ രാജ്യത്തേക്കു വിലകൂടിയ വസ്തുക്കൾ കൊണ്ടുവരുകയാണെങ്കിൽ ഇതു വളരെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ്. അടിയന്തര സാഹചര്യങ്ങളിൽ സാമ്പത്തികമായ ബാധ്യതകളിൽപെടില്ല എന്നറിയുന്നതു തന്നെ നിങ്ങൾക്കു മനസ്സമാധാനം നൽകുമെന്നതിൽ തർക്കമില്ല.

അറിയാം വിവിധ തരം ഇൻഷുറൻസുകൾ

സ്വന്തമായോ നമ്മൾ കാരണം മറ്റുള്ളവർക്കുണ്ടാകാനിടയുള്ളതോ ആയ നാശനഷ്ടങ്ങളോ എമർജൻസിയോ പരിഹരിക്കുക എന്നതാ ണല്ലോ ഇൻഷുറൻസുകളുടെ ഉദ്ദേശം. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ പരിചിതമായതും ആളുകൾ പണം മുടക്കുന്നതും ലൈഫ് ഇൻഷുറൻസിലാണ്.

എന്നാൽ ഓരോ നാടുകളിൽ ആ രാജ്യത്തെ സാഹചര്യങ്ങളനുസരിച്ചു പലതരം പോളിസികൾ ഉണ്ടാകും. പ്രകൃതി ദുരന്തങ്ങൾ ഏറെയുള്ള നാടുകളാണെങ്കിൽ അത്തരം സാഹചര്യങ്ങളെ നേരിടാനുള്ള ഇൻഷുറൻസുകൾ ഉണ്ടായിരിക്കും. സുരക്ഷാ പ്രശ്നങ്ങളുള്ള നാടുകളിൽ അതനുസരിച്ചുള്ള പ്ലാനുകൾ ആവശ്യമായി വരാം. പൊതുവെ മറ്റുരാജ്യങ്ങളിൽ ലഭ്യമായതും ആവശ്യമായതുമായ ചില ഇൻഷുറൻസ് പ്ലാനുകളെപ്പറ്റി അറിയാം.
ട്രാവൽ ഇൻഷുറൻസ്: യാത്ര ചെയ്യുന്നവർ ഏറ്റവും ആദ്യം പരിഗണിക്കേണ്ടത് ട്രാവൽ ഇൻഷുറൻസ് ആണ്. യാത്രയിൽ ആകസ്മികമായി ഉണ്ടാകാവുന്ന പ്രശ്നങ്ങൾ കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ലഘൂകരിക്കാൻ ഇതു സഹായിക്കും. യാത്രയ്ക്കിടയിൽ ഉണ്ടാകാവുന്ന മെഡിക്കൽ ചെലവുകൾ, യാത്ര റദ്ദാക്കൽ, ലഗേജുകൾ നഷ്ടമാകല്‍ തുടങ്ങിയവയൊക്കെ ഇത്തരത്തിലുള്ള ഇൻഷുറൻസുകൾ കവർ ചെയ്യും.

ആരോഗ്യ പരിരക്ഷ: വിദേശത്തേക്കു പോകുന്ന വിദ്യാർഥികൾക്കോ സ്ഥിര താമസക്കാർക്കോ മാത്രമല്ല വിനോദ യാത്രകൾക്കോ ബന്ധുസന്ദർശനത്തിനോ പോകുന്നവർക്കും അവശ്യം വേണ്ട ഒന്നാണ് ഹെൽത് ഇൻഷുറൻസ്. നിങ്ങൾ പോകുന്ന രാജ്യത്തു വച്ച് ഏതെങ്കിലും തരം ചികിത്സ ആവശ്യമായി വന്നാൽ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുന്നതു വളരെ ഗുണകരമായിരിക്കും. പലപ്പോഴും കണ്ടുവരുന്നത്, ചെറിയ കാലയളവിലേക്കുള്ള യാത്രകളിൽ പേരിനുമാത്രം ഏതെങ്കിലും ഹെൽത്ത് ഇൻഷുറൻസ് പാക്കേജ് എടുത്തു വയ്ക്കുന്ന പ്രവണതയാണ്. എന്നാൽ നിങ്ങൾ വാങ്ങുന്ന പ്ലാൻ എന്തെല്ലാം കവർ ചെയ്യുമെന്നും പോകുന്ന രാജ്യത്തു യഥാർഥത്തിൽ ഒരു ആരോഗ്യ പ്രശ്നം വ ന്നാൽ അതുപകരിക്കുമോ എന്നുമുള്ള എല്ലാ വിവരങ്ങളും ശ്രദ്ധിക്കണം. നിസ്സാരമായ അലർജി മുതൽ വീണുണ്ടാകുന്ന ഒടിവുകളോ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോ ഒക്കെ ഉണ്ടാകാവുന്നതേയുള്ളൂ. വിദേശത്തു താമസിക്കുന്നവർ അവരുടെ ബന്ധുക്കളെയും മാതാപിതാക്കളെയും ഒക്കെ സന്ദർശനത്തിനായി കൊണ്ടുവരുമ്പോഴും ഇക്കാര്യങ്ങൾ കണക്കിലെടുക്കണം. ഡെന്റൽ പരിശോധനകൾക്കും ചികിത്സയ്ക്കുമായി പ്രത്യേകം ഇൻഷുറൻസുകൾ ഉണ്ട്. അതേപോലെതന്നെ കാഴ്ച പ്രശ്നങ്ങൾക്കും നേത്രപരിശോധനയ്ക്കും ഇൻഷുറൻസ് പരിരക്ഷ നേടാം.
വസ്തുവകകൾ സംരക്ഷിക്കാൻ: നിങ്ങളുടേതായ വസ്തുക്കൾ, പ്രത്യേകിച്ചു വിലപിടിപ്പുള്ളവ സംരക്ഷിക്കുന്നതിനും ഇൻഷുറൻസ് ലഭ്യമാണ്. കാറുകൾ, ആഭരണങ്ങൾ തുടങ്ങിയവ ഇതുവഴി ഇൻഷ്വർ ചെയ്യാം. അവയ്ക്കു കേടുപാടുകൾ സംഭവിക്കുകയോ മോഷണം പോകുകയോ ചെയ്താൽ ഇൻഷുറൻസ് വഴി നഷ്ടപരിഹാരം നേടാം.

ജീവിതം, അതല്ലേ എല്ലാം: നമ്മുെട നാട്ടിലെ പോലെ തന്നെ വിദേശത്തും ലൈഫ് ഇൻഷുറൻസ് പ്രധാനമാണ്. വ്യക്തിയുടെ ജീവന് ആപത്തുണ്ടായാലുള്ള പരിരക്ഷയാണ് ഇതുവഴി ഉറപ്പുവരുത്തുന്നത്. കുടുംബത്തിന്‍റെ ആശ്രയമായവര്‍ക്ക് അപകടം പിണഞ്ഞാലുണ്ടാകാവുന്ന അവസ്ഥകള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ െെലഫ് ഇന്‍ഷുറന്‍സ് സഹായിക്കും. കുടുംബത്തിനു ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക അവരുെട സാമ്പത്തിക പ്രതിസന്ധികള്‍ക്കു വളരെ ആശ്വാസമാണ്. അന്ത്യകർമങ്ങൾ ഉൾപ്പെടുന്ന ചടങ്ങുകൾ നടത്താനും മറ്റും പ്രത്യേകം തുക ലഭ്യമാക്കുന്ന െെലഫ് ഇന്‍ഷുറന്‍സ് പോളിസികളുമുണ്ട്.

ടെനന്റ് ലയബിലിറ്റി ഇൻഷുറൻസ്: വിദേശത്തു വീടു വാടകയ്ക്കെടുക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം. പല രാജ്യങ്ങളിലും നിങ്ങൾ താമസിക്കുന്ന വീട്ടിൽ ഉണ്ടാകുന്ന കേടുപാടുകൾ നിങ്ങൾ തന്നെ പരിഹരിച്ചു കൊടുക്കണം. നിയമപരമായി അതു വാടകയ്ക്കു താമസിക്കുന്ന വ്യക്തിയുടെ ബാധ്യതയാണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളെ മുൻകൂട്ടി കണ്ട് ടെനന്റ് ലയബിലിറ്റി ഇൻഷുറൻസ് എടുക്കാവുന്നതാണ്. വാടകയ്‌ക്കെടുക്കുന്ന വീടിന് ആകസ്മികമായോ മനഃപൂർവമായോ വരുത്തുന്ന നാശനഷ്ടങ്ങൾ ഇത്തരത്തിലുള്ള ഇൻഷുറൻസ് കൊണ്ടു പരിഹരിക്കാം. ഇത്തരം ഇൻഷുറൻസുകൾ ഒരുപക്ഷേ, നിർബന്ധമായും എടുക്കേണ്ട ഒന്നാകില്ല. എന്നാൽ അതില്ലാത്തപക്ഷം സ്വന്തം പോക്കറ്റിൽ നിന്നും പണം ചെലവാക്കി കേടുപാടുകൾ തീർക്കേണ്ടതായി വരുമെന്നു മാത്രം. കൂടുതൽ കേടുപാടുകള്‍ ഉണ്ടാകുന്ന പക്ഷം അതൊരു സാമ്പത്തിക ബാധ്യതയായി തന്നെ മാറാം. മോഷണം, കൊള്ള, ഭവനഭേദനം, തീപിടിത്തം, വെള്ളം മൂലം ഉണ്ടാകാവുന്ന കേടുപാടുകൾ, ആരെങ്കിലും മനഃപൂർവം അതിക്രമിച്ചു കടന്ന് ഉണ്ടാക്കുന്ന കേടുപാടുകൾ തുടങ്ങിയവയൊക്കെ പൊതുവെ ഇത്തരം ഇൻഷുറൻസുകൾ കവർ ചെയ്യാറുണ്ട്.

2259995365

സ്വന്തം വീടും ഇൻഷുർ ചെയ്യാവുന്നതാണ്. തീപിടിത്തമോ വെള്ളപ്പൊക്കമോ മറ്റു പ്രകൃതി ദുരന്തമോ ഉണ്ടായാൽ നിങ്ങളുടെ വീടിനും സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചാൽ ഇത്തരത്തിലുള്ള ഇൻഷുറൻസ് പരിരക്ഷ നൽകും. വിദേശത്തു സ്വന്തമായി വീടുള്ള കുടിയേറ്റക്കാർക്ക് ഇതു വളരെ പ്രധാനമാണ്. ഇത്തരം അപ്രതീക്ഷിത ചെലവുകൾ മാത്രമല്ല, ചില ഇൻഷുറൻസുകൾ നിങ്ങളുടെ വീട് നന്നാക്കിയെടുക്കുന്നതുവരെ താൽകാലികമായി താമസത്തിനുള്ള ചെലവുകളും ലഭ്യമാക്കാറുണ്ട്. വീടിന്റെ മൂല്യം, നിർമാണ രീതി, നിങ്ങളുടെ വീടിന്റെ സ്ഥാനം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ഒരു ഹോം ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കേണ്ടത്.

ഇൻഷുർ ചെയ്യാം വാഹനങ്ങളും: നാട്ടിലെപ്പോലെതന്നെ വാഹനങ്ങൾ ഇൻഷുർ ചെയ്യേണ്ടതു മിക്ക രാജ്യങ്ങളിലും നിർബന്ധമാണ്. സ്വന്തം വാഹനത്തിനു മാത്രമല്ല, അപകടത്തിൽപ്പെട്ട മറ്റു വാഹനങ്ങൾക്കും പരിക്കുകൾക്കും ഇതു പരിരക്ഷ നൽകും. ചില രാജ്യങ്ങളിൽ ആലിപ്പഴം വീണു നിങ്ങളുടെ കാറിനു കേടുപാടുകളുണ്ടായാൽ പോലും അതിനു പ്രത്യേകം നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇൻഷുറൻസ് പദ്ധതികളുണ്ട്.

പെറ്റ് ഇൻഷുറൻസ്: വീടുകളിൽ വളര്‍ത്തുന്ന മൃഗങ്ങളുെട പരിചരണത്തിനും മറ്റുമായി ഇൻഷുറൻസുകള്‍ ഉണ്ട്. രോഗങ്ങൾ, പതിവ് ചെക്കപ്പ്, അപകടങ്ങൾ തുടങ്ങിയ കാര്യങ്ങളും ഇത്തരം ഇൻഷുറൻസുകളില്‍ കവർ ചെയ്യും. പല രാജ്യങ്ങളിലും 'ഡോഗ് ബൈറ്റ്' ഇൻഷുറൻസുകൾ ഉണ്ട്. വളർത്തുനായ മറ്റുള്ളവരെയോ ഏതെങ്കിലും മൃഗങ്ങളെയോ കടിക്കുകയോ മറ്റേതെങ്കിലും രീതിയിൽ അപകടം ഉണ്ടാക്കുകയോ ചെയ്താൽ 'ഡോഗ് ബൈറ്റ്' ഇൻഷുറൻസ് ഉണ്ടെങ്കിൽ വളരെ ഉപകാരപ്രദം ആയിരിക്കും. ഇത്തരം അത്യാഹിതങ്ങളെ തുടർന്നു നിയമനടപടികൾ നേരിടേണ്ടി വന്നാൽ അതിനും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

ലീഗൽ പ്രൊട്ടക്‌ഷൻ ഇൻഷുറൻസ്:വിദേശത്ത് ഏതെങ്കിലും കാരണവശാൽ നിയമപരമായ നടപടികൾ നേരിടേണ്ടി വരികയോ മറ്റോ ചെയ്താൽ വക്കീൽ ഫീസുൾപ്പെടെയുള്ള ചെലവുകൾ ഉൾക്കൊള്ളുന്ന ഇൻഷുറൻസ് പരിരക്ഷയാണ് ലീഗൽ പ്രൊട്ടക്‌ഷൻ ഇൻഷുറൻസുകൾ നൽകുന്നത്.

ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

ഇൻഷുറൻസ് എടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ആദ്യമായി നിങ്ങൾ പോകുന്ന സ്ഥലത്തിന്റെ പ്രത്യേകത അറിയണം. അവിടുത്തെ ഭൂപ്രകൃതിയും ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളും ദുരന്ത സാധ്യതകളും ഏതെല്ലാം എന്നു മനസ്സിലാക്കണം. ആ രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ഏതെല്ലാം ഇൻഷുറൻസുകളാണു നിർബന്ധമായി ഉണ്ടാവേണ്ടത് എന്നും അന്വേഷിക്കണം. കൂടാതെ നിങ്ങൾ ആ രാജ്യത്ത് എത്രകാലം താമസിക്കാൻ ഉദ്ദേശിക്കുന്നു, കുടുംബം ഒപ്പമുണ്ടാകുമോ, കുട്ടികളും വളർത്തുമൃഗങ്ങളും കൂടെ ഉണ്ടോ, നിങ്ങളുടെ ജോലിയുടെ ഭാഗമായി ഏതെങ്കിലും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണോ എന്നതൊക്കെ അനുസരിച്ചു വേണം തീരുമാനത്തിലെത്താൻ. കുട്ടികൾ ഒപ്പമുണ്ടെങ്കിൽ അവർക്കായി ആരോഗ്യ ഇൻഷുറൻസുകളും മറ്റും എടുക്കേണ്ടത് അത്യാവശ്യമാണ്.
ഓരോ രാജ്യത്തും ഇൻഷുറൻസ് വ്യവസ്ഥകളും നിയമങ്ങളും മറ്റും വ്യത്യസ്തമായിരിക്കും. അതെല്ലാം മനസ്സിലാക്കിയിട്ടു വേണം തീരുമാനമെടുക്കാൻ. ആവശ്യത്തിനും അനാവശ്യത്തിനുമുള്ള ഇൻഷുറൻസുകൾ ലോകത്തുണ്ട്. ഉദാഹരണത്തിന് അന്യഗ്രഹ ജീവികൾ നിങ്ങളെ തട്ടിക്കൊണ്ടുപോയാല്‍ (alien abduction insurance policy) പരിരക്ഷയും സാമ്പത്തികവും നല്‍കുന്നതായി വരെ ചില ഇന്‍ഷുറന്‍സുകളില്‍ കാണാം. അതിനാല്‍ അവ എത്രത്തോളം പ്രയോഗികമാണെന്നു ചിന്തിക്കാതെ ഇന്‍ഷുറന്‍സ് പോളിസികളില്‍ തീരുമാനം എടുക്കരുത്.

ജർമനി എന്നെ പഠിപ്പിച്ചത്

കൊല്ലം നെടുമ്പന സ്വദേശിനിയായ ഡോ. അർച്ചനയുെട പഠനഗ്രാഫ് വിസ്മയിപ്പിക്കുന്നതാണ്. യൂറോപ്യൻ യൂണിയൻ നൽകി വരുന്ന ഇറാസ്മസ് മുണ്ടസ് സ്കോളര്‍ഷിപ് േനടിയാണു വിദേശത്തേക്കു പറക്കുന്നത്. ബെർലിനിലെ പ്രശസ്തമായ ഹുംബോൾട് യൂണിവേഴ്സിറ്റി, ബെല്‍ജിയത്തിലെ ഗെന്‍റ് യൂണിവേഴ്സിറ്റി, സ്ലോവാക്യയിലെ നിത്ര യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ജോയിന്റ്മാസ്‌റ്റേഴ്‌സ്പ്രോഗ്രാം (International Masters in Rural Development) പൂർത്തിയാക്കി. പിന്നീട് ജര്‍മന്‍ അക്കാദമിക് എക്സ്ചേഞ്ച് സര്‍വീസ് (DAAD) സ്കോളര്‍ഷിപ്പോടു കൂടി ജർമനിയിലെ ജെസ്റ്റസ് ലീബസ് യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റും സ്വന്തമാക്കി.

െവള്ളായണി അഗ്രികള്‍ചര്‍ കോളജിന്‍റെ അഗ്രികള്‍ച്ചറല്‍ എക്സ്റ്റഷന്‍ എജ്യുക്കേഷന്‍ ഡിപാര്‍ട്മെന്‍റില്‍ അസിസ്റ്റന്‍റ് പ്രഫസറായ അര്‍ച്ചന ജര്‍മന്‍ വിദ്യാഭ്യാസകാലത്തെക്കുറിച്ചു സംസാരിക്കുന്നു.

െവല്ലുവിളികള്‍ എന്തെല്ലാം

നാട്ടിൽ ഒതുങ്ങി ജീവിച്ച ഒരു വ്യക്തി എന്ന നിലയിൽ ഞാന്‍ നേരിട്ട പ്രധാന വെല്ലുവിളി കള്‍ച്ചറല്‍ ഡിഫറന്‍സ് ആണ്. ജർമനിപോലെ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഭാഷയും ഒരുപ്രശ്നമാണ്. എങ്കിലും ഇതുമായിട്ടൊക്കെ പൊരുത്തപ്പെടാൻ എനിക്ക് ആറു മാസമേ വേണ്ടി വന്നുള്ളൂ. ഓൺലൈനായി ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവിസ് (DAAD) നടത്തുന്ന രണ്ടു മാസത്തെ ഭാഷാപരിശീലനം ഉണ്ട്. നാട്ടില്‍വച്ച് അതു പൂര്‍ത്തിയാക്കി, പിന്നീടു ജർമനിയിലെത്തി നാലുമാസത്തെ ഫുൾടൈം പരിശീലനവും നേടിയിരുന്നു. അതല്ലാതെ പഠനസംബന്ധമായോ ജോലി സംബന്ധമായോ ബുദ്ധിമുട്ടുകളൊന്നും നേരിട്ടിരുന്നില്ല.

മാറ്റങ്ങള്‍ പല തരം

വ്യക്തിപരമായ കാര്യങ്ങള്‍, ജോലി എന്നിവയിലൊക്കെ എന്തു മാറ്റങ്ങള്‍ ഉണ്ടായി എന്നു പലരും ചോദിക്കാറുണ്ട്. എന്റെ പേഴ്സനൽ ഡവലപ്മെന്റ്, കരിയർ-റിസർച് ഒാറിയന്റേഷന്‍ എന്നിവയിലാണു പ്രധാന മാറ്റം തോന്നിയത്. വാസ്തവത്തിൽ ജർമൻ സിസ്റ്റത്തിൽ എത്തിപ്പെട്ടാൽ ജോലിയിൽ കൃത്യത ഉണ്ടായി വരും. കൂടുതൽ പ്രഫഷനലിസം, കൊളാബറേറ്റിവ് ആയി ജോലി ചെയ്യുക, കൂടുതൽ പ്ലാനിങ്ങോടെ കാര്യങ്ങൾ ചെയ്യുക, കൃത്യമായ ടൈം മാനേജ്മെന്‍റ് എന്നിവ നമ്മുടെ ശീലത്തിന്റെ ഭാഗമാകും. ഒരു മീറ്റിങ്ങോ മറ്റോ സംഘടിപ്പിച്ചാൽ അതു കൃത്യ സമയത്തു തുടങ്ങണം. നാട്ടിലെ പോലെ വൈകി വന്ന് ഒഴിവുകൾ പറയുന്ന രീതി അവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. പലയിടത്തും ഇന്ത്യക്കാരുടെ സമയനിഷ്ഠക്കുറവിനെക്കുറിച്ചു ചില തമാശകൾ പോലും കേട്ടിട്ടുണ്ട്. റിസർച്ചിനോടുള്ള അർപ്പണബോധം, ജോലിയിലുള്ള പെർഫക്‌ഷൻ, സ്വയംപര്യാപ്തത എന്നിവ ശീലത്തിന്റെ ഭാഗമായി എന്നതു പ്രധാന മാറ്റമാണ്.

സ്ത്രീയെന്ന നിലയിലും ചില മാറ്റങ്ങളുണ്ടായി. എല്ലാ കാര്യങ്ങളും സ്വയം ചെയ്യുമ്പോൾ അത് എത്രത്തോളം സൗകര്യപ്രദമാണെന്നു മനസ്സിലായത് ഇവിടെ വന്നതിനു ശേഷമാണ്. പ്രഫഷനും പേഴ്സനൽ കാര്യങ്ങളും കൃത്യമായി ബാലൻസ് ചെയ്യാനും യൂറോപ്പിന്റെ വിവിധഭാഗങ്ങളിൽ യാത്ര ചെയ്യാനുമുള്ള സാഹചര്യങ്ങളും ഉണ്ടായി.
സാമൂഹിക പ്രതിബദ്ധതയും ഒപ്പം സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജീവിതത്തെ കാണാനും എന്നെ പഠിപ്പിച്ചതും ജര്‍മനിയിലെ ജീവിതമാണ്. ജർമൻ അക്കാദമിക് എ ക്സ്ചേഞ്ച് സർവീസിന്‍റെ (DAAD) സൗത്ത് ഏഷ്യ റിസർച് അംബാസഡർ ആയി പ്രവർത്തിക്കാനുള്ള അവസരവും ഇതിനിടയില്‍ എനിക്കുണ്ടായി. അതും ഒരു ഭാഗ്യം.

വിവരങ്ങൾക്ക് കടപ്പാട്:

1. ഡോ. മുരളി തുമ്മാരുകുടി

യുെെണറ്റഡ് േനഷന്‍സ്, ബോണ്‍

2. നീരജ ജാനകി

കരിയര്‍ െമന്‍റര്‍,

Mentorz4u, ബെംഗളൂരു