Thursday 28 June 2018 11:28 AM IST

അന്നങ്ങനെ ഇന്നിങ്ങനെ! എന്നിട്ടും കിരൺ ലോകത്തോടു വിളിച്ചു പറഞ്ഞു, തോൽക്കാൻ എനിക്കു മനസ്സില്ല, കൂട്ടായി ആതിരയും

Binsha Muhammed

kiran-cvr

ജീവിതം തന്നെ തകർത്തു കളയുമായിരുന്ന ആ ഇരുണ്ട രാത്രിയെ പാഴ്ക്കിനാവെന്ന് വിളിക്കാനാണ് കിരണിനിഷ്ടം. കാരണം കിനാവുകൾക്ക് അത് സന്തോഷമായാലും സങ്കടമായാലും സെക്കന്റിന്റെ ഒരംശം മാത്രമല്ലേ ആയുസ്സുള്ളൂ. വിധിയുടെ രൂപത്തിൽ വന്ന അപകടം ആ ചെറുപ്പക്കാരന് എന്തെങ്കിലും നഷ്ടപ്പെടുത്തിയോ’?

‘മനസിലാഗ്രഹിച്ച ജോലി, കുടുംബം, പ്രണയം തന്റെ സ്വപ്നങ്ങൾ, എന്തെങ്കിലും? ഒന്നും നഷ്ടപ്പെട്ടില്ല’. വിധി നൽകിയ പരിമിതിയും പേറി മുന്നോട്ടു പോകുമ്പോഴും ബാലൻസ് ഷീറ്റിൽ എല്ലാം കിറുകൃത്യം. ജീവിതം മുൻപത്തെ പോലെയല്ലായിരിക്കാം. പക്ഷേ ചേർത്തു വച്ച സ്വപ്നങ്ങൾ, സാക്ഷാത്കരിച്ച ആഗ്രഹങ്ങൾ... എല്ലാം പത്തരമാറ്റിന്റെ തിളക്കത്തോടെ കിരൺ എന്ന ചെറുപ്പക്കാരനൊപ്പം കൂട്ടായുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പരിമിതികൾ പേറിയുള്ള ജീവിത യാത്രയിൽ പാതിയറ്റു പോയ കരംപിടിക്കാൻ കടന്നു വന്ന ആതിരയെന്ന പെൺകുട്ടി.

ഒരു വർഷം മുമ്പ് നടന്ന ബസപകടം പാലക്കാട് യാക്കര സ്വദേശിയായ കിരണിന് നഷ്ടപ്പെടുത്തിയത് രണ്ട് കൈകളാണ്. ഒരുപക്ഷേ ജീവിതത്തിൽ കടന്നു വരുന്ന മറ്റ് വലിയ വേദനകളുടെയും നഷ്ടങ്ങളുടെയും തുടക്കമായിരുന്നു അതെന്ന് കിരണിന് ഉത്തമ ബോധ്യമുണ്ടായിരുന്നു. ആദ്യം ജോലി നഷ്ടമായി, ഐ.ടി മേഖലയിൽ തിളങ്ങാമെന്നുള്ള സ്വപ്നം അവിടെ അവസാനിച്ചു. അങ്ങനെ ഒന്നൊന്നായി പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നു ആ ചെറുപ്പക്കാരന്. വേദനകളിൽ മനസ്സ് ഉരുകുമ്പോൾ കിരൺ ഇടയ്ക്ക് നോക്കും, അപകടം ഉണ്ടായ ദിവസത്തിന് തലേന്ന് എടുത്ത ആ ചിത്രത്തിലേക്ക്. ഒരുനിമിഷം കൊണ്ടു സംഭവിച്ച നഷ്ടത്തിലേക്ക്.

kiran5

ദൈന്യതയുടെ, അനുകമ്പയുടെ ഒരു നോട്ടം പോലും തന്റെ മേൽ പതിക്കരുത് എന്ന് ആഗ്രഹിച്ച കിരൺ തന്റെ ആത്മാർത്ഥ പ്രണയത്തിൽ നിന്നും പതിയെ പതിയെ പിൻവാങ്ങിത്തുടങ്ങി. പക്ഷേ പ്രണയം നേരമ്പോക്കായി കാണാൻ ആഗ്രഹിക്കാത്ത ആ പെൺകുട്ടി കിരണിനെ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. പാതിയറ്റുപോയ ആ കൈപിടിക്കാൻ നിഴലായി അവൾ അവന്റെ കൂടെയുണ്ട്. നഷ്ടപ്പെട്ടതെല്ലാം തിരികെപ്പിടിക്കാമെന്ന ഉറച്ച ബോധ്യത്തിൽ നിന്നും കിരൺ ഇന്ന് വിധിയെ പരാജയപ്പെടുത്തി അതിന് കുറുകേ നടക്കുകയാണ്. ആ യാത്രയിൽ നല്ലപാതിയായി ആതിരയുമുണ്ട്. വിധി തട്ടിയെടുത്ത സ്വപ്നങ്ങളെ തിരികെ പിടിച്ചു വാങ്ങിയ കഥ കിരൺ പങ്കുവയ്ക്കുകയാണ് ‘വനിത ഓൺലൈനു’മായി.

സ്വപ്നങ്ങൾക്കൊപ്പം പറന്നു തുടങ്ങിയ നാളുകൾ’

‘കുറച്ചു നിമിഷങ്ങൾ ഒരായുഷ്ക്കാലത്തിന്റെ മുഴുവൻ ഗതി നിർണയിക്കുമെന്ന് കേട്ടിട്ടുണ്ടോ? എന്റെ ജീവിതത്തിൽ സംഭവിച്ചത് അതാണ്. ദൈവം എഴുതിയ തിരക്കഥയിൽ അന്നത്തെ രാത്രിയിലെ ആ ഏഴ് മിനിട്ട് എന്റെ ജീവിതത്തെ മാറ്റി മറിക്കാൻ പോന്നതായിരുന്നു’– കിരൺ പറഞ്ഞു തുടങ്ങുകയാണ്. ‘പാലക്കാട്ടെ ഒരു സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛന്‍ കണ്ണൻ നായരും അമ്മയും ചേച്ചി കാർത്തികയും അടങ്ങുന്ന ഒരു കൊച്ചു കുടുംബം. ഏതൊരു സാധാരണക്കാരനായ ചെറുപ്പക്കാരനെയും പോലുള്ള ആഗ്രഹങ്ങളേ എനിക്കുമുണ്ടായിരുന്നുള്ളൂ. നല്ലൊരു ജോലി നേടണം. അച്ഛനെയും അമ്മയെയും പോറ്റണം. സ്വന്തം കാലിൽ നിൽക്കണം. പോളി ടെക്നിക്ക് പഠനം കഴിഞ്ഞ ഉടനെ ജോലി കിട്ടി. പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ സിസ്റ്റം എഞ്ചിനീയറായിട്ടായിരുന്നു നിയമനം.’– കിരൺ ഓർമ്മകളിലേക്ക് ഊളിയിട്ടു.

kiran6

ഒരു ഇരുണ്ട രാത്രിയുടെ ഓർമ്മയ്ക്ക്

‘നാടകീയതകളും ഫ്ളാഷ്ബാക്കുകളും സിനിമയിൽ മാത്രമേയുള്ളുവെന്ന് ആരു പറഞ്ഞു. വിധിയുടെ കണക്കു പുസ്തകത്തിലെ ചില നാടകീയ നിമിഷങ്ങളാണ് എന്റെ ജീവിതത്തിന്റെയും തിരക്കഥ പൊളിച്ചെഴുതിയത്’– കിരൺ ജീവിതത്തിലെ ആ ഇരുണ്ട നിമിഷങ്ങൾ ഓർത്തെടുക്കുയാണ്.

കഴിഞ്ഞ വർഷം ഫെബ്രുവരി ആറിന് ജോലി സംബന്ധമായ ഒരു യാത്രയ്ക്ക് മൈസൂരുലേക്കുള്ള പോയതായിരുന്നു. സമയം പുലർച്ചെ മൂന്ന് മണിയായിക്കാണും. വലിയൊരു ശബ്ദം കേട്ടു ഞെട്ടിയുണർന്നു. എന്താണ് സംഭവിച്ചതെന്ന് പെട്ടെന്നു മനസ്സിലായില്ല. പിന്നെ തിരിച്ചറിഞ്ഞു, വണ്ടി തകിടം മറിയുകയാണെന്ന്. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അലർച്ചയും പൊട്ടിക്കരച്ചിലുകളും ചേർന്ന അന്തരീക്ഷം. ശരീരം നുറുങ്ങുന്ന വേദനയുണ്ട്. ചോരയൊഴുകുന്നുണ്ടെന്ന് ആ ഇരുട്ടിലും മനസ്സിലായി. ബോധം നശിച്ചിട്ടില്ല. എങ്ങനെയെങ്കിലും വണ്ടിയുടെ അടിയിൽ നിന്ന് പുറത്തു കടക്കണമെന്ന് തീരുമാനിച്ചു. കൈകൾ കുത്താൻ ശ്രമിച്ചപ്പോൾ എന്തോ ഒരു ഭാരക്കുറവ്. വീണ്ടും ശ്രമിച്ചെപ്പോഴാണ് ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞത്. കൈകൾ അറ്റുതൂങ്ങിയിരിക്കുകയാണ്. അലറിക്കരഞ്ഞു അവൻ. കൂട്ടക്കരച്ചിലുകൾക്കിടയിൽ എന്റെ ശബ്ദവും അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നു. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നിമിഷങ്ങൾ എണ്ണിക്കഴിയുന്നതിനിടെ എപ്പോഴോ ബോധം നഷ്ടമായി.– കിരൺ കണ്ണീർ തുടച്ചു.

kiran7

മനസ് മരവിപ്പിച്ച് ഡോക്ടറുടെ വാക്കുകൾ’

ബോധം തെളിയുമ്പോൾ ആശുപത്രിയിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അച്ഛനും കൂട്ടുകാരുമുണ്ട്. അറ്റുപോയ കൈ തുന്നിച്ചേർക്കാനാകുമെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനാകുമെന്നും അവർ പറഞ്ഞു. എന്നാൽ അവർക്കും മുമ്പേ ഡോക്ടർ എന്നോട് ആ സത്യം പറഞ്ഞിരുന്നു, ‘നിങ്ങളുടെ രണ്ടു കൈകളും നഷ്ടമായിരിക്കുന്നു. വൈകിയെത്തിയ ഈ സാഹചര്യത്തിൽ തുന്നിച്ചേർക്കൽ അസാധ്യമാണ്’. – ആ ആശുപത്രി വരാന്തയിൽൽ അസ്തമിച്ചു എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം.

അനുകമ്പയുടെ നോട്ടങ്ങൾ

ജീവിതം മുമ്പത്തെപ്പോലെയാകില്ല, പഴയ ജോലിയിൽ എനിക്ക് സജീവമാകാൻ കഴിയില്ല എന്ന ചിന്തയിൽ നിന്നാണ് തിരിച്ചു വരവിന്റെ തുടക്കം. വേദനകൾക്കിടയിലും കരുണയുടെ ഉറവ വറ്റാത്ത കുറച്ചു പേരെങ്കിലുമെത്തിയെന്നുള്ളതാണ് സത്യം. മറ്റൊരാൾക്ക് ബാധ്യതയാകാൻ ഞാൻ ഒരുക്കമല്ലായിരുന്നു. മറ്റ് പലയിടത്തും അവസരങ്ങൾ തേടി പോയി. അവയെല്ലാം എന്റെ പരിതിമിതികൾക്കു മുന്നിൽ കൊട്ടിയടക്കപ്പെട്ടു.

ഇതിനിടെ ചില കോസ്മെറ്റിക്സ് പ്രോഡക്ടുകൾ വിൽക്കുന്ന ബിസിനസിലേക്ക് തിരിഞ്ഞു. എന്നാൽ സാധനം വാങ്ങുന്നവരുടെ നോട്ടം മുഴുവൻ എന്റെ അറ്റു പോയ കൈകളിലേക്കായിരുന്നു. എന്റെ അവസ്ഥ കണ്ട് ഒന്നോ രണ്ടോ സാധനങ്ങൾ എടുത്തേക്കാം എന്നതായിരുന്നു പലരുടെയും ഭാവം. പക്ഷേ ലാഭത്തിനൊപ്പം എനിക്ക് വേണ്ടിയിരുന്നത് പ്രോത്സാഹനമായിരുന്നു. അത് കിട്ടില്ല എന്നു കണ്ടപ്പോൾ ആ ജോലിയും ഉപേക്ഷിച്ചു. നമ്മളാൽ ആവുന്ന വിധം ചെറിയ മുതൽ മുടക്കിൽ ചെറിയ ബിസിനസ് നടത്താം എന്ന ആശയം ചങ്ങാതിമാരാണ് മുന്നോട്ടു വച്ചത്. ഇന്ന് ചെറിയ രീതിയിൽ സിമെന്റ് ബിസിനസുമായി ഞാൻ മുന്നോട്ട് പോകുകയാണ്.

kiran-9

സ്വപ്നങ്ങൾ തിരികെ വരികയാണ്’

അതിജീവനത്തിന്റെയും തിരിച്ചു വരവുകളുടെയും മെസേജുകൾ വാട്സ് ആപ്പിൽ ഫോർവേഡ് ചെയ്യാനുള്ളതല്ല മറിച്ച് ജീവിതത്തിൽ പ്രവർത്തിച്ചു കാണിച്ചു കൊടുക്കാനുള്ളതാണെന്ന നിശ്ചയദാർഢ്യമാണ് ഇപ്പോള്‍ എന്നെ മുന്നിലേക്ക് നയിക്കുന്നത്. സ്വന്തമായി ചെറിയ രീതിയിൽ ബിസിനസ് ആരംഭിച്ചു. സിസ്റ്റം എഞ്ചിനീയറിംഗ് മേഖലയുമായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കാനും സംശയങ്ങളോ ദൂരീകരിക്കാനും ഇന്ന് പല പ്രമുഖ സ്ഥാപനങ്ങൾക്കും ഞാനാണ് ആദ്യ ഓപ്ഷൻ. അപകടത്തോടെ ഒരു മൂലയ്ക്കാക്കിയ ഡ്രൈവിംഗും ബൈക്ക് റൈഡിംഗും തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരാനുള്ള ശ്രമമായി പിന്നീട്. ചങ്ങാതിമാര്‍ ആത്മവിശ്വാസവുമായി പിന്നാലെയുണ്ടായിരുന്നു. അച്ഛന്റെ മോപ്പഡ് ടൂ വീലർ എന്റെ പരിമിതിയ്ക്കിണങ്ങും വിധം ചില മാറ്റങ്ങൾ വരുത്തി പതിയെ പതിയെ നിരത്തിലിറക്കി.

തുരുമ്പെടുത്ത് പോകുമായിരുന്നു ബൈക്കിലും ഈ പരീക്ഷണം സാധ്യമാകില്ലേ എന്നതായി പിന്നുള്ള ചിന്ത. ആക്സിലേറ്ററും ബ്രേക്കും ഇരുകാലുകളിലും ലഭിക്കത്തക്ക വിധം ക്രമീകരിക്കുകയായിരുന്നു ആദ്യത്തെ ലക്ഷ്യം. ചില എക്സ്ട്രാ ഫിറ്റിങ്ങുകളും കൂടി ബൈക്കിലെത്തിയപ്പോൾ എന്റെ പഴയ ബൈക്ക് എനിക്കു മുന്നിൽ വഴങ്ങി. ഡ്രൈവിംഗിന്റെ കാര്യത്തിലുമുണ്ടായി സമാനമായ ചില പരീക്ഷണങ്ങൾ. പാലക്കാട് മുതൽ കോഴിക്കോട് വരെയുള്ള ദൂരം എന്റെ പരിമിതിക്ക് മുന്നിൽ എത്രയോ തവണ വഴിമാറിയിരിക്കുന്നു. ഒന്നും അവസാനിക്കുന്നില്ല താണ്ടാൻ ഇനിയുമുണ്ട് എനിക്കേറെ ദൂരം.– കിരണിന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരി.

kiran3

പ്രണയം തിരികെ നൽകിയതും അതേ വിധി...’

എന്റെ വേദനകളിലേക്ക് ആരെയും ബോധപൂർവ്വം വലിച്ചിഴയ്ക്കുക എന്നത് എന്നെത്തന്നെ കൊല്ലുന്നതിന് തുല്യമായിരുന്നു. എല്ലാ സൗഭാഗ്യങ്ങളുടെയും നടുവിൽ നിന്നപ്പോൾ എന്നെ തേടി വന്ന പ്രണയത്തിന്റെ കാര്യത്തിലും അങ്ങനെ ചിന്തിക്കാനായിരുന്നു എനിക്കിഷ്ടം. നഷ്ടപ്പെടുലകളുടെ കണക്കെടുപ്പിൽ മൂന്ന് വർഷം നീണ്ട പ്രണയവും ഒരു പക്ഷേ നഷ്ടപ്പെട്ടേക്കുമെന്ന് വേദനയോടെയാണ് മനസിലാക്കിയത്. മറ്റൊരാൾക്ക് ബാധ്യതയാകേണ്ട എന്ന ചിന്ത മാത്രമായിരുന്നു ആ തകർച്ചയിൽ നിന്നും രക്ഷ നേടാനുള്ള ആശ്വാസം. എന്നാൽ അങ്ങനെ ചിന്തിക്കാൻ ആതിര ഒരുക്കമല്ലായിരുന്നു.

മൂന്ന് വർഷം മുമ്പ് ആശുപത്രിയിൽ വച്ചാണ് ഞാൻ അവളെ പരിചയപ്പെടുന്നത്. അവിടെ എക്സ്റേ ടെക്നീഷ്യനായിരുന്നു. എനിക്ക് സംഭവിച്ചു എന്നറിഞ്ഞിട്ടും, ഞാൻ ബോധപൂർവ്വം ഒഴിവാക്കിയിട്ടും അവള്‍ എന്നെ വിട്ടു പോകാൻ തയ്യാറായില്ല. വേദനയും വിഷമവും എല്ലാം നമുക്ക് ഒരുമിച്ച് നേരിടാമെന്ന അവളുടെ വാക്കുകളായിരുന്നു എന്റെ കരുത്ത്. വീട്ടുകാർ കൂടി സമ്മതം മൂളിയപ്പോൾ വിവാഹം മംഗളമായി നടന്നു. പരിമിതികളെ പാട്ടിനു വിട്ടുള്ള യാത്രയിൽ നല്ലപാതിയായി, ഉത്തമ ഭാര്യയായി അവൾ ഇന്നെന്നോടൊപ്പമുണ്ട്.

kiran-10

ദൈവം എഴുതി ചേർത്ത ദുരന്ത തിരക്കഥയിലെ നായകനല്ല കിരണിന്ന്. വിധിക്കെതിരെ തുഴഞ്ഞ് വിജയ തീരമണഞ്ഞ അതിജീവനത്തിന്റെ പ്രതീകം. സ്വപ്നങ്ങൾ തേടിയുള്ള യാത്രയിൽ കൈവെള്ളയിൽ നിന്നും വഴുതിപ്പോകുമായിരുന്ന ജീവിതത്തെ തിരിച്ചു പിടിച്ച ഒന്നാന്തരം ഹീറോ. സ്വപ്നങ്ങൾക്ക് പരിധികളില്ലാത്ത ഈ ലോകത്ത് കിരണും ആതിരയും മുന്നോട്ടു പോകുകയാണ്. ഫീനിക്സ് പക്ഷികളെ പോലെ.

kiran4