Wednesday 21 February 2024 03:50 PM IST

സൂപ്പർഹിറ്റായി മീൻ മാങ്ങാക്കറിയും പോർക്കും കൂർക്കയും: വീട്ടിലെ രഹസ്യക്കൂട്ടിൽ നിന്നും നിമ്മിയുടെ ബിസിനസ് വിജയഗാഥ

Merly M. Eldho

Chief Sub Editor

nimmy-chef

ഒരു സ്പൂൺ ആത്മവിശ്വാസം, രണ്ടു തവി ആത്മാർഥത, ഒരു കൊട്ട നിറയെ സ്നേഹം, പിന്നെ കൈ നിറയെ കൈപ്പുണ്യവും.. ഇവയെല്ലാം കൈമുതലായി ഉണ്ടെങ്കിൽ സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നു തന്നെ വരുമാനമുണ്ടാക്കാം എന്നു തെളിയിച്ചൊരു വനിത. അവരുടെ വേറിട്ട രുചിവിഭവങ്ങളും വിജയരഹസ്യവും പങ്കുവയ്ക്കുന്നു വനിത.

പുതിയ വിഭവങ്ങൾ പരീക്ഷിക്കാൻ ഇഷ്ടം: നിമ്മി, തൃശൂർ

പുതിയ വിഭവങ്ങൾ പരീക്ഷിക്കുന്നതു നിമ്മി പോൾ കാട്ടുക്കാരന് എന്നും ഒരു ഹരം തന്നെ ആയിരുന്നു. ഭർത്താവ് പോളിനും മക്കൾ ത്രേസ്യയ്ക്കും മിയയ്ക്കും ഔ സേപ്പിനും നിമ്മിയുടെ പാചകപരീക്ഷണങ്ങളോടു വല്ലാത്ത ഇഷ്ടവും. തൃശൂര്‍ പറവട്ടാനിയിലെ വീട്ടിൽ മാത്രമായി ഒതുങ്ങിയില്ല ആ രുചിക്കൂട്ടുകൾ. സ്പെഷൽ വിഭവങ്ങൾ ഉണ്ടാക്കിയാൽ അതു കൂട്ടുകാരുടെ വീടുകളിലേക്കും എത്തും. തൃശൂരിൽ തന്നെ സുഹൃത്ത് അനിയ്ക്കൊപ്പം ‘റൊസ്സാൻ ഹൗസ് ഓഫ് ഐഡിയാസ്’ എന്ന ബിസിനസ് സ്ഥാപനം നടത്തുന്നതിന്റെ തിരക്കിനിടയിലായിരുന്നു ഓരോ പാചകപരീക്ഷണവും.

‘‘കുട്ടികൾ വലുതായി പഠിക്കാനായി പോയപ്പോൾ ഞാ ൻ പാചകം ചെയ്ത് ആർക്കു കൊടുക്കാനാ എന്ന തോന്നലായി. അങ്ങനെയാണ് വീട്ടിൽ നിന്നു തന്നെ കേറ്ററിങ് തുടങ്ങിയാലോ എന്ന ഐഡിയ തോന്നിയത്.’’ ആറു വർഷം മുന്‍പു തുടങ്ങിയ നിംസ് കിച്ചണിന്റെ കഥ പറഞ്ഞു തുടങ്ങി നിമ്മി.

രണ്ടുപേർക്കു മുതൽ 40 പേർക്കു വരെ വിഭവങ്ങൾ നിമ്മിയുടെ അടുക്കളയിൽ നിന്നു വിളമ്പിയിട്ടുണ്ട്. തൃശൂ ർകാരുടെ സ്വന്തം വിഭവങ്ങളായ മീൻ മാങ്ങാക്കറിയും പോ ർക്കും കൂർക്കയുമെല്ലാം സൂപ്പർ ഹിറ്റായി. അപ്പമാണു നിമ്മിയുടെ സ്പെഷൽ. ആവശ്യക്കാർക്ക് അപ്പത്തിനുള്ള മാവു നൽകുന്നുണ്ട്. പോർക്ക്, ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾ, ഡിസേർട്ട്, കേക്ക് എന്നു വേണ്ട കസ്റ്റമറിന്റെ ആവശ്യത്തിന് അനുസരിച്ചുള്ള വിഭവങ്ങളെല്ലാം നിമ്മി തയാറാക്കും.

‘‘ബിസിനസും കൂടി ഉള്ളതു കൊണ്ടു നേരത്തെ തന്നെ ഓർഡർ തരണമെന്നു മാത്രം.’’ നിമ്മി മീൻകറിയുടെ ഉപ്പു നോക്കുന്നതിനിടെ ചിരിയോടെ പറയുന്നു.

വിജയമന്ത്രം

നിങ്ങളുണ്ടാക്കുന്ന ഭക്ഷണം കഴിച്ചിട്ടു മറ്റുള്ളവർ നല്ലതാണെന്നു പറയുന്നുണ്ടെങ്കിൽ, നന്നായി പാചകം ചെയ്യാനുള്ള ഇഷ്ടം നിങ്ങളുടെ ഉള്ളിലുണ്ടെങ്കിൽ ഉറപ്പായും വീട്ടിൽ തന്നെ ഒരു ഫൂഡ് ബിസിനസ് ആരംഭിക്കാം.

മീൻ മാങ്ങാക്കറി

1. മീൻ – കാൽ കിലോ

2. ചുവന്നുള്ളി – 13–14

ഇഞ്ചി – ഒന്നരയിഞ്ചു കഷണം

പച്ചമുളക് – മൂന്ന്–നാല്

3. തേങ്ങ – ഒന്ന്

4. വെളിച്ചെണ്ണ – പാകത്തിന്

5. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

6. കറിവേപ്പില – രണ്ട്–മൂന്നു തണ്ട്

7. പച്ചമാങ്ങ – രണ്ട്, കനം കുറച്ചു നീളത്തിൽ അരിഞ്ഞത്

8. ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ മീൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ ചതച്ചു വയ്ക്കുക.

∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും പാൽ എടു ത്തു വയ്ക്കുക.

∙ മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ചതച്ച ചേരുവ ചേർത്തു നന്നായി വഴറ്റണം.

∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു മൂപ്പിച്ച ശേഷം കറിവേപ്പിലയും ചേർത്തു വഴറ്റുക.

∙ ഇതിനു മുകളിലേക്കു മീനും മാങ്ങാക്കഷണങ്ങളും നിരത്തിയ ശേഷം അതിനു മുകളിലേക്കു രണ്ടാംപാ ൽ ഒഴിക്കണം.

∙ പാകത്തിനുപ്പും ചേർത്തു തിളപ്പിക്കുക. ഇടയ്ക്ക് ചട്ടി ചുറ്റിച്ചു കൊടുക്കണം.

∙ മീനും മാങ്ങയും നന്നായി വെന്തു ഗ്രേവി കുറുകി വരുമ്പോൾ ഒന്നാംപാൽ ചേർത്തിളക്കി വാങ്ങി ചൂ ടോടെ വിളമ്പാം.

∙ ഒന്നാംപാൽ ചേർത്ത ശേഷം തിളപ്പിച്ചാൽ ഗ്രേവി പിരിഞ്ഞുപോകാൻ സാധ്യതയുണ്ട്.