Wednesday 21 February 2024 11:10 AM IST

ചമ്മന്തിപ്പൊടിയും, ഉണ്ണിയപ്പവും വിറ്റു തുടക്കം, ഇന്ന് 30ൽപരം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ബിസിനസ്: സ്വപ്നയുടെ സ്വപ്നം

Merly M. Eldho

Chief Sub Editor

swapna-s

ഒരു സ്പൂൺ ആത്മവിശ്വാസം, രണ്ടു തവി ആത്മാർഥത, ഒരു കൊട്ട നിറയെ സ്നേഹം, പിന്നെ കൈ നിറയെ കൈപ്പുണ്യവും.. ഇവയെല്ലാം കൈമുതലായി ഉണ്ടെങ്കിൽ സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നു തന്നെ വരുമാനമുണ്ടാക്കാം എന്നു തെളിയിച്ച വനിതകൾ. കാസർകോടു മുതൽ തിരുവനന്തപുരം വരെ 10 സ്ഥലങ്ങളിൽ നിന്നു തിരഞ്ഞെടുത്ത ഹോം ഷെഫുമാരുടെ രുചിവിഭവങ്ങളും വിജയരഹസ്യവും പങ്കുവയ്ക്കുന്നു വനിത.

കഠിനാധ്വാനത്തിലൂടെ നേടിയ വിജയം : സ്വപ്ന, പത്തനംതിട്ട

ആത്മാര്‍ഥതയും പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ടു പോകാനുള്ള ആത്മവിശ്വാസവുമായിരുന്നു സ്വപ്ന ഫിലിപ്പിന്റെ ഡ്രീംസ് ബേക്കേഴ്സ് എന്ന സംരം ഭത്തിന്റെ കൈമുതല്‍. പത്തനംതിട്ട ജില്ലയിലെ മൈലപ്ര മീന്‍മൂട്ടിക്കലുള്ള വീട്ടിൽ നിന്നാണ് 2019ൽ ഈ സ്വപ്നസംരംഭം തുടങ്ങുന്നത്.

‘‘ആദ്യമൊക്കെ പത്തനംതിട്ട ടൗണിലെ ബേക്കറികളിലേക്കു ചമ്മന്തിപ്പൊടി, കുഴലപ്പം, മാവുണ്ട, ഉണ്ണിയപ്പം എ ന്നിവ ആയിരുന്നു വിതരണം ചെയ്തിരുന്നത്. അതു വിജയിച്ചു. സാധനങ്ങൾ എളുപ്പം വിറ്റുതീരുകയും ആവശ്യക്കാരേറി വരികയും ചെയ്തപ്പോൾ ബിസിനസ് വിപുലപ്പെടുത്തിയാലോ എന്നു ചിന്തിച്ചു. ഇപ്പോള്‍ മുപ്പതിൽപ്പരം ഉല്‍പന്നങ്ങള്‍ ഡ്രീംസ് ബേക്കേഴ്സ് വിതരണം ചെയ്യുന്നുണ്ട്.’’ സ്വപ്ന പറയുന്നു.

മാസത്തിലൊരിക്കല്‍ തന്റെ ഉൽപന്നങ്ങൾ പരിചയപ്പെടുത്താനും കസ്റ്റമേഴ്സിന്റെ അഭിപ്രായം അറിയാനുമായി സ്വപ്ന തന്റെ ഉൽപന്നങ്ങൾ വിൽക്കുന്ന കടകളിൽ പോകാറുണ്ട്. സ്വപ്നയ്ക്കു പിന്തുണയായി ഭര്‍ത്താവ് ഫിലിപ്പ് സി. സാമുവേലും മക്കളായ ആരോണും അല്‍ഫോന്‍സും അ ലോഷിയും സ്വപ്നയുടെയും ഫിലിപ്പിന്റെയും മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളും ഒപ്പമുണ്ട്.

‘‘എന്റെ കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം എത്ര കരുതലോടെയാണോ തയാറാക്കുന്നത്, അതുപോലെ തന്നെയാണ് ഞങ്ങളുടെ ഓരോ വിഭവവും തയാറാക്കുന്നത്. പ്രിസര്‍വേറ്റിവ്സ് ചേര്‍ക്കാത്തതുകൊണ്ട് ബ്രെഡ്, ബണ്‍, കേക്ക് തുടങ്ങിയവയ്‍ക്ക് ചുരുങ്ങിയ ദിവസത്തെ കാലാവധിയേ ഉണ്ടാവുകയുള്ളൂ. എന്നാലും അനാരോഗ്യകരമായ ഒന്നും തന്നെ ചേര്‍ക്കില്ല എന്ന തീരുമാനത്തില്‍ ഞങ്ങള്‍ ഉറച്ചു നിന്നു. ക്രമേണ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം തിരിച്ചറിഞ്ഞ് ആളുകള്‍ കൂടുതല്‍ ഓര്‍ഡര്‍ നല്‍കാന്‍ തുടങ്ങി.’’

പത്തനംതിട്ട ജില്ലയ്ക്കും കേരളത്തിനും പുറത്തേക്കു വിതരണം ചെയ്യണം. പിന്നെ കഴിയുന്നത്ര കാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണം. ഇവയാണ് സ്വപ്നയുടെ ഇപ്പോളുള്ള സ്വപ്നങ്ങള്‍.

വെട്ടുകേക്ക്

1. പഞ്ചസാര – രണ്ടു കിലോ + 200 ഗ്രാം

മുട്ട – 30

2. ഏലയ്ക്ക, ജീരകം – പാകത്തിന്

3. മൈദ – അഞ്ചു കിലോ

4. എണ്ണ – വറുക്കാനാവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ പഞ്ചസാരയും മുട്ടയും നന്നായി അടിക്കുക.

∙ ഇതിലേക്ക് ഏലയ്ക്കയും ജീരകവും ചേര്‍ത്തു ന ന്നായി അടിക്കണം.

∙ ഇതിലേക്കു മൈദ ചേര്‍ത്തു യോജിപ്പിച്ചു നന്നായി കുഴച്ചെടുക്കുക. ഇത് ചപ്പാത്തിക്കുള്ള ഉരുളകളുടെ വലുപ്പത്തില്‍ ഉരുട്ടി വയ്ക്കണം.

∙ ഇതൊരു നനഞ്ഞ തുണി കൊണ്ടു മൂടി അരമണിക്കൂര്‍ മാറ്റി വയ്ക്കുക.

∙ ഉരുളകള്‍ നീളത്തില്‍ പരത്തിയ ശേഷം ചെറിയ സ്ക്വയറുകളായി മുറിച്ചെടുക്കണം.

∙ ഇനി ഓരോ സ്ക്വയറിന്റെയും മുകളില്‍നിന്ന് കാ ല്‍ഭാഗം വരെ കത്തി കൊണ്ടു മുറിക്കുക. അധികം മുറിച്ചാല്‍ കേക്ക് രണ്ടായി പോകും.

∙ ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കേക്ക് കഷണങ്ങള്‍‍ ചേര്‍ത്ത് തീരെ ചെറുതീയില്‍ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കണം.