Wednesday 04 January 2023 04:56 PM IST

ഓമന മൃഗത്തിന്റെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വിരല്‍ത്തുമ്പില്‍; ബിസിനസ് കുടുംബത്തില്‍ നിന്ന് വരയെ പ്രൊഫഷനാക്കി മാറ്റിയ ലാഞ്ചന അനൂപ്, വിജയകഥ

Priyadharsini Priya

Senior Content Editor, Vanitha Online

petpics66

ബിസിനസ് കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടി അതേ മേഖലയിലേക്കു തന്നെ പോകുമെന്ന് കുരുതുന്നുവെങ്കില്‍ തെറ്റി, മെഡിമിക്സ് എംഡിയുടെ മകള്‍ ലാഞ്ചന ഒരല്‍പം വ്യത്യസ്തയാണ്. നിയമം പഠിച്ചെങ്കിലും ലാഞ്ചനയ്ക്ക് ഇഷ്ടം മനോഹരമായ പോര്‍ട്രെയ്റ്റുകള്‍ വരയ്ക്കാനാണ്. സാധാരണ വരയല്ല, ഓമന മൃഗങ്ങളുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തുകയാണ് ആര്‍ട്ടിസ്റ്റായ ലാഞ്ചന അനൂപ്. ചലച്ചിത്ര നിര്‍മാണരംഗത്തും ബിസിനസ് രംഗത്തും സജീവമായ എവിഎ ഗ്രൂപ്പ് എംഡി ഡോ. എ വി അനൂപിന്റെ മകളാണ് ലാഞ്ചന. പാഷനെ പ്രൊഫഷനാക്കി മാറ്റിയ വിശേഷങ്ങള്‍ വനിതാ ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് ലാഞ്ചന അനൂപ്.

അനുഗ്രഹം പോലെ ലോക്ഡൗണ്‍..

കുട്ടിക്കാലത്ത് ‍ഡ്രോയിങ് പഠിക്കാനൊക്കെ ഞാന്‍ പോയിട്ടുണ്ട്. പക്ഷെ, പ്രൊഫഷനലായി ചിത്രരചന പഠിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം കോവിഡ് കാലത്താണ് വീണ്ടും വരയ്ക്കാനുള്ള ഒരവസരം കിട്ടിയത്. അതൊരു അനുഗ്രഹമായി ഇപ്പോള്‍ തോന്നുന്നു. അന്ന് ലോക്ഡൗണ്‍ ആയതു കൊണ്ട് ധാരാളം സമയമുണ്ടായിരുന്നു. കസിന്റെ പെറ്റിന്റെ ചിത്രമാണ് ആദ്യം വരച്ചുകൊടുത്തത്. അതെല്ലാവര്‍ക്കും ഇഷ്ടമായി. പിന്നീട് സു‍ഹൃത്തുക്കളുടെ പെറ്റ്സിന്റെ ചിത്രങ്ങള്‍ വരച്ചു. വ്യത്യസ്തമായ ബ്രീഡുകളെ വരയ്ക്കാന്‍ ആദ്യം തൊട്ടേ എനിക്ക് താത്പര്യമുണ്ടായിരുന്നു.

ആളുകള്‍ ആവശ്യപ്പെട്ടു തുടങ്ങിയതോടെയാണ് പെറ്റ്‌സ് പോര്‍ട്രെയ്റ്റുകള്‍ സീരിയസായി വരച്ചുതുടങ്ങുന്നത്. പോര്‍ട്രെയ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു തുടങ്ങിയതോടെ ഒരുപാടുപേര്‍ അഭിനന്ദനം അറിയിച്ചു. ചിലരൊക്കെ അവരുടെ പെറ്റ്‌സിന്റെ ചിത്രങ്ങള്‍ അയച്ചുതന്നു. അങ്ങനെയാണ് മറ്റുള്ളവര്‍ക്കും വരച്ചുകൊടുക്കാന്‍ തുടങ്ങിയത്. ഞാന്‍ നിയമം ആണ് പഠിച്ചത്. ഇതുവരെ ആ ജോലിക്ക് പോയിട്ടില്ല. ഒന്നര വര്‍ഷം ആയിട്ട് ഫുള്‍ ടൈം വരയിലേക്ക് മാറുകയായിരുന്നു. 

pets-pro777

പാഷന്‍ പ്രൊഫഷന്‍ ആയപ്പോള്‍...

അച്ഛനും അമ്മയും നല്ല സപ്പോര്‍ട്ടാണ്. ഇതുതന്നെ ചെയ്യണം എന്നാരും നിര്‍ബന്ധിച്ചിട്ടില്ല. ഭര്‍ത്താവിനാണെങ്കിലും ഞാന്‍ വരയ്ക്കുന്നത് ഇഷ്ടമാണ്. ആദ്യമൊക്കെ അവര്‍ക്കൊപ്പം ഞാന്‍ ബിസിനസില്‍ പങ്കാളിയായിരുന്നു. വീട്ടില്‍ ബിസിനസ് ആയതുകൊണ്ട് അതു മാത്രമേ ചിന്തിക്കാവൂ എന്ന ടിപ്പിക്കല്‍ ചിന്താഗതിയില്‍ ആയിരുന്നു ഞാനും. അതില്‍നിന്നു മാറി നമുക്ക് മറ്റെന്തു ചെയ്യാന്‍ പറ്റും എന്ന് നമ്മള്‍ ആലോചിക്കാറില്ല. 

കോവിഡ് കാലത്താണ് എന്റെയിഷ്ടം തിരിച്ചറിഞ്ഞത്. പിന്നീടാണ് വര പ്രൊഫഷന്‍ ആക്കിയാലോ എന്ന ചിന്തയുണ്ടായത്. എത്രനേരം വേണമെങ്കിലും വരയ്ക്കാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. എന്റെ പാഷന്‍ ആയതുകൊണ്ടാണ് എനിക്കിതില്‍ നിന്ന് സന്തോഷം കിട്ടുന്നത്. അതൊരു പ്രത്യേകതരം ഫീലാണ്. മുന്‍പൊക്കെ പെറ്റ്സിനെ എനിക്ക് പേടിയായിരുന്നു. വരയ്ക്കാന്‍ തുടങ്ങിയശേഷം ആ പേടി മാറി. ഇപ്പോള്‍ ഏഴു മാസം പ്രായമുള്ള ലാബ്രഡോറിനെ വാങ്ങി വളര്‍ത്തുന്നുണ്ട്. മുന്‍പത്തേക്കാള്‍ പെറ്റ്സിനോട് സ്നേഹവും ഇഷ്ടവും കൂടിയിട്ടുണ്ട്. ഭാവിയില്‍ അരുമ മൃഗങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും തുടങ്ങണം എന്നാഗ്രഹമുണ്ട്. 

pets-por2

ഓര്‍മയ്ക്കായി ഒരു പോര്‍ട്രെയ്റ്റ്

വരയ്ക്കാന്‍ ലൈറ്റ്ഫാസ്റ്റ് കളര്‍ പെന്‍സില്‍ ആണ് ഞാന്‍ ഉപയോഗിക്കുന്നത്. വരച്ചു തുടങ്ങിയ സമയത്ത് മോന് നാലു വയസ്സേ ഉണ്ടായിരുന്നുള്ളൂ.. അവന്‍ അതെല്ലാം തൊട്ടു നോക്കുമായിരുന്നു. അവന്റെ സേഫ്റ്റി കൂടി കരുതിയാണ് കളര്‍ പെന്‍സിലില്‍ വരച്ചു തുടങ്ങിയത്. പിന്നെ എനിക്ക് കളര്‍ പെന്‍സിലില്‍ വരയ്ക്കാന്‍ ഒരുപാട് ഇഷ്ടമായി. കുറേ ഡിറ്റൈലിങ് ഒക്കെ ചെയ്യാന്‍ അത് ഉപകരിച്ചു. 

ജര്‍മ്മന്‍ ഷെപേര്‍ഡ്, പഗ്, പോമെറേനിയന്‍, സൈബീരിയന്‍ ഹസ്‌കി, ബീഗിള്‍, ബേര്‍ഡ്സ്, പേര്‍ഷ്യന്‍ കാറ്റ്, കുതിര തുടങ്ങി ഒട്ടേറെ ഓമനമൃഗങ്ങളെ കാന്‍വാസില്‍ പകര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ ഓര്‍ഡറുകള്‍ വരുന്നത് ഡോഗ്സിന്റെ ചിത്രങ്ങള്‍ വരയ്ക്കാനാണ്. ഏതു ഇനത്തില്‍പ്പെട്ട പെറ്റ്സ് ആണെങ്കിലും എനിക്ക് വരയ്ക്കാന്‍ ഇഷ്ടമാണ്.

pets-por445

ഇന്‍സ്റ്റഗ്രാം വഴിയാണ് കൂടുതലും ഓര്‍ഡറുകള്‍ ലഭിക്കാറ്. അഡ്രസ് നല്‍കി ഓര്‍ഡര്‍ ചെയ്താല്‍ ലോകത്തെവിടെയാണെങ്കിലും എത്തിച്ചുകൊടുക്കും. അയച്ചുതരുന്നത് ക്വാളിറ്റിയുള്ള ഫോട്ടോകളാകണം എന്നു മാത്രമേ നിബന്ധനയുള്ളൂ. മൂന്നു മാസത്തേക്ക് ബുക്ഡ് ആയിരിക്കും. ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്താല്‍ മൂന്നു മാസം കഴിഞ്ഞേ ചിത്രം തരാന്‍ പറ്റുകയുള്ളൂ.. യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നൊക്കെ ഓര്‍ഡറുകള്‍ ലഭിക്കാറുണ്ട്. ഈ വര്‍ഷം തൊട്ടാണ് വിദേശത്തു നിന്ന് ഓര്‍ഡറുകള്‍ ലഭിച്ചു തുടങ്ങിയത്. 

വിദേശങ്ങളില്‍ പെറ്റ്‌സ് പോര്‍ട്രെയ്റ്റുകള്‍ക്ക് വലിയ ഡിമാന്റാണ്. ഇന്ത്യയില്‍ അതത്ര പോപ്പുലറല്ല. കുറച്ചു വര്‍ഷങ്ങളായി അതിനൊരു മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. ഇവിടെയും ഓമനമൃഗങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നവരുണ്ട്. അതുകൊണ്ടുതന്നെ ഓമനമൃഗത്തിന്റെ ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കൂടുതല്‍ ഓര്‍ഡറുകള്‍ വരാറുണ്ട്. ഇവിടെ പെറ്റ്സിനെ സ്വന്തം കുട്ടികളെ പോലെയാണ് നോക്കുന്നത്. മൃഗങ്ങളുടെ ലൈഫ് ടൈം കുറവാണല്ലോ, ഓര്‍മയ്ക്കായി വയ്ക്കാന്‍ ഒരു പോര്‍ട്രെയ്റ്റ് വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതലും.