Friday 24 December 2021 03:44 PM IST

'കറുപ്പടിക്കാന്‍ സമ്മതിക്കില്ല, എന്റെ നര അവള്‍ക്കിഷ്ടമാണ്': മനസ് നരച്ചിട്ടില്ല: ഞാനൊരു 'നര'നില്‍ ഷെബീര്‍

Binsha Muhammed

Senior Content Editor, Vanitha Online

shabeer-cover

മാധ്യമ ലോകത്തെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായ വാൻ ഇഫ്രയുടെ സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ പുരസ്കാരത്തിന്റെ നിറവിലാണ് വനിത ഓൺലൈൻ. ഏറ്റവും മികച്ച ഓഡിയൻസ് എൻഗേജ്മെന്റിനുള്ള വെങ്കല മെ‍ഡലിനാണ് ‘വനിത ഓൺലൈൻ’ അർഹമായത്. #ഞാനൊരു നരൻ ക്യാംപെയ്നാണ് വനിത ഓൺലൈനെ (www.vanitha.in) പുരസ്കാരത്തിന് അർഹമാക്കിയത്.

നരയെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റാക്കി മാറ്റിയ പുതുതലമുറയുടെ പൾസ് അറിഞ്ഞുകൊണ്ടാണ് ‘വനിത ഓൺലൈൻ’ ഞാനൊരു നരൻ എന്ന ക്യാംപെയ്ന് തുടക്കം കുറിച്ചത്. കൃത്രിമത്വത്തിന്റെയും ചമയങ്ങളുടെയും മേക്കോവറുകളുടേയും പിന്നാലെ പോകാതെ നരയെ വ്യക്തിത്വത്തിന്റെ അടയാളമാക്കിയവരുടെ ആത്മവിശ്വാസത്തിന്റെ കഥ വനിത ഓൺലൈൻ പങ്കുവച്ചപ്പോൾ വായനക്കാരും അതേറ്റെടുക്കുകയായിരുന്നു. വായനക്കാർ ഹൃദയത്തിലേറ്റുവാങ്ങിയ ‘നരൻമാരുടെ’ കഥ ഒരിക്കൽ കൂടി വായനക്കാർക്കു മുന്നിലേക്ക്... മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി ഷെബീര്‍ കളിയാട്ടമുക്ക് പങ്കുവച്ച അനുഭവം...

––––––

കറുത്തിരുണ്ട മുടിയിഴകള്‍ക്കു നടുവില്‍ കള്ളനെപ്പോലെ എത്തിനോക്കുന്ന നര. ഗസ്റ്റ്റോളില്‍ വരുന്ന ആ ഒരേയൊരു 'കഥാപാത്രം' മാത്രം മതി, മാനംമുട്ടെ ഉയര്‍ത്തി വച്ചിരിക്കുന്ന ചിലരുടെ ആത്മവിശ്വാസത്തെ തകര്‍ത്തു തരിപ്പണമാക്കാന്‍. നേര്‍ത്ത വരപോലെ ഒളിഞ്ഞും തെളിഞ്ഞും പാറിക്കളിക്കുന്ന നരച്ച മുടിയുടെ പേരില്‍ ഉണ്ണാത്തവരേറെ... ഉറങ്ങാത്തവരേറെ. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെ നായകനെ സ്‌ക്രീനില്‍ കാണാനൊക്കെ പൊളിയാണെന്ന് അവര്‍ പറയും. പക്ഷേ നര സ്‌റ്റൈല്‍ സ്റ്റേറ്റ്മെന്റിനപ്പുറം കൂടെക്കൂടിയാല്‍ പലരും ടെന്‍ഷനടിക്കും, ഡിപ്രഷന്റെ കൂട്ടിലൊളിക്കും.

എന്നാല്‍ ഇവിടെയിതാ കുറച്ചു പേര്‍ നരയെ ആഘോഷമാക്കുകയാണ്. കൃത്രിമത്വത്തിന്റെയും ചമയങ്ങളുടെയും മേക്കോവറുകളുടേയും പിന്നാലെ പോകാതെ നരയെ വ്യക്തിത്വത്തിന്റെ അടയാളമാക്കുകയാണ്. തലയിലും താടിയിലും വെള്ളിവിതാനിച്ചു നീണ്ടുകിടക്കുന്ന നരയില്‍ ഞങ്ങള്‍ 'പെര്‍ഫെക്ട് ഓകെയാണെന്നു' പറയുന്നവരുടെ ആത്മവിശ്വാസത്തിന്റെ കഥയ്ക്ക് വനിത ഓണ്‍ലൈന്‍ നല്‍കിയ പേര് 'ഞാനൊരു നരന്‍.'  മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി ഷെബീര്‍ കളിയാട്ടമുക്കാണ് നരയ്ക്കു മേല്‍ പടര്‍ന്നു കയര്‍ന്നു കയറിയ ആത്മവിശ്വാസത്തിന്റെ കഥ പറയാനെത്തുന്നത്. 

മനസ് നരച്ചിട്ടില്ല മനുഷ്യമ്മാരേ...

എന്റെ താടി രോമങ്ങള്‍ വെള്ള സോക്‌സ് ഇടാന്‍ തുടങ്ങുന്നത് എനിക്ക് 22 വയസുള്ള സമയത്താണ്. എങ്ങനെ വന്നുവെന്നറിയില്ല. ഉപ്പയ്ക്ക് നല്ല നരയുണ്ട്, ചിലപ്പോള്‍ പാരമ്പര്യം കൊണ്ടു തന്നതായിരിക്കും. 

യൗവനകാലത്ത് വെളുത്ത രോമങ്ങള്‍ ആദ്യം എത്തി നോക്കിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ ആ പ്രശ്‌നക്കാരനെ ബാര്‍ബറെ കൊണ്ട് കശാപ്പ് ചെയ്തതാണ്. ലാലേട്ടന്‍ പറയും പോലെ ആ അതിഥിയെ എന്നന്നേക്കുമായി അങ്ങ് മടക്കാന്‍ നോക്കി. പക്ഷേ ശക്തിയായി നര തിരിച്ചു വന്നു. പിന്നീടുള്ള എന്റെ ജീവിതകഥയില്‍ ആ കഥാപാത്രം ഒപ്പം കൂടി എന്നതാണ് സത്യം.- ഷെബീര്‍ പറഞ്ഞു തുടങ്ങുകയാണ്.

ഡിഗ്രിക്ക് പഠിക്കുമ്പോഴേ താടി വച്ചു തുടങ്ങിയതാണ്. ഡിഗ്രി ബിരുദ പഠനത്തിന്റെ ഇടയില്‍ മേല്‍പ്പറഞ്ഞ വെള്ള സോക്‌സുകാരുടെ അംഗസംഖ്യ കൂടി. അത് തലയിലേക്കും പടര്‍ന്നു കയറി. വെട്ടിക്കളയാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. ഒരു ഘട്ടത്തില്‍ പോലും ഡൈ ചെയ്യാനോ മൈലാഞ്ചി കൊണ്ട് നിറം പകരാനോ ശ്രമിച്ചിട്ടില്ല.  

ഡിഗ്രിയൊക്കെ കഴിഞ്ഞ് പാരലല്‍ കോളജില്‍ അധ്യാപകനായി ജോലിക്കു കയറി. നമ്മുടെ തന്നെ സുഹൃത്തുക്കളാണ് മാനേജ്‌മെന്റിലുണ്ടായിരുന്നത്. കാലം കുറച്ചു കഴിഞ്ഞു പോകേ ഇതേ കോളജില്‍ പ്രിന്‍സിപ്പലിന്റെ ഒഴിവു വന്നു. അന്ന് ആരെ പ്രിന്‍സിപ്പലാക്കും എന്ന കൊണ്ടുപിടിച്ച ചര്‍ച്ച എത്തി നിന്നത് എന്റെ മുന്നിലാണ്. നര മൂടിയ താടിയും മുടിയുമുള്ള ഷെബീറിനെ പ്രിന്‍സിപ്പലാക്കിയാല്‍ അല്‍പ സ്വല്‍പം പക്വതയൊക്കെ തോന്നിക്കും എന്നതായിരുന്നു സുഹൃത്തുക്കളുടെ കണ്ടുപിടുത്തം. നോക്കണേ... ഇത്രയും ചെറുപ്രായത്തില്‍ പ്രിന്‍സിപ്പലാകാനും വേണം ഒരു ഭാഗ്യം. ശരിക്കും പറഞ്ഞാല്‍ നരയുടെ പേരില്‍ നേരത്തെ കിട്ടിയ പ്രമോഷന്‍- ചിരിയോടെ ഷെബീറിന്റെ കമന്റ്.

മനസു നിറച്ച അനുഭവങ്ങളുമുണ്ട്. കാഴ്ചയില്‍ സുന്ദരനും സുന്ദരിമാരുമുള്ള ടീച്ചര്‍മാരുള്ള കോളജില്‍ ഏറ്റവും ലൗവബിള്‍ ആന്‍ഡ് റെസ്‌പെക്ടട് ആയ ടീച്ചറായി തിരഞ്ഞെടുത്തത് എന്നെയാണ്. ചിലര്‍ മനസു നിറഞ്ഞു അംഗീകരിച്ചപ്പോള്‍ വിഷമിപ്പിച്ച സംഗതികളും ഉണ്ടായിട്ടുണ്ട്.

എനിക്ക് നാട്ടില്‍ ഒരു ഫുഡ് വെയര്‍ ഷോപ്പ് ഉണ്ടായിരുന്നു.  ഷോപ്പിലുള്ളപ്പോള്‍ എനിക്കൊപ്പം പഠിച്ച ഒരു പെണ്‍കുട്ടി മുന്നിലൂടെ കടന്നുപോയി.  കണ്ടമാത്രയില്‍ ഞാന്‍ എന്നെ അറിയോ എന്നു ചോദിച്ചു. ഇല്ലല്ലോ.. എന്ന് പൊടുന്നനെ മറുപടി.' ഞാന്‍ ഷബീര്‍...കളിയാട്ടമുക്കിലുളള..ഡിഗ്രിക്ക് നമ്മളൊന്നിച്ച് പഠിച്ചിരുന്നു..' എന്ന് ആവര്‍ത്തിച്ചിട്ടും. ഓര്‍മ്മ കിട്ടുന്നില്ലെന്ന് പെണ്‍കുട്ടി തറപ്പിച്ചു പറയുന്നു.

അവളുടെ അമ്മായിയമ്മയും ഒപ്പമുണ്ടായിരുന്നു. എന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കികൊണ്ടിരുന്ന അമ്മായിയമ്മയെ നോക്കി ഞാന്‍ ഒരു വളിഞ്ഞ ചിരി പാസ്സാക്കി....അവര്‍ക്കെന്നെ തീരേ ഇഷ്ടമായിട്ടില്ല..എന്റെ അടുത്ത ചോദൃത്തിന് കാത്തു നില്‍ക്കാതെ പെട്ടെന്ന് അവര്‍ പോയി. അത് ചിലപ്പോള്‍ അവളുടെ അനിയത്തിയായിരിക്കുമെന്ന് സ്വയം സമാധാനിച്ച് ഞാന്‍ ഊണ് കഴിക്കാന്‍ പോയി.

പക്ഷേ മറ്റൊരു ദിവസം അവള്‍ വീണ്ടും വന്നിരിക്കുന്നു..ഒരു പത്തു മണിയോടു കൂടി...അമ്മായിയമ്മ കൂടെയില്ല... ചെരുപ്പ് മാറ്റിവാങ്ങാക്കാനാണ് ഓള് വന്നത്. എന്തെങ്കിലും പറയും മുന്നേ' ഷബീറല്ലേ...അന്നെനിക്ക് പെട്ടെന്ന് പറഞ്ഞപ്പോ മനസ്സിലായില്ലാട്ടോ....നീ ആകെ നരച്ചിരിക്കുന്നല്ലൊ..? നല്ല പ്രായം തോന്നിക്കുന്നുണ്ട്..' എന്ന ആമുഖമെത്തി. പിന്നീട അവള്‍ ചെരുപ്പ് നോക്കുന്ന സമയത്തിന് ഞാന്‍ എസ്‌കേപ്പ് ആയി. ഒടുവില്‍ കടയിലുണ്ടായിരുന്ന ബാവാക്കയാണ് പഴയ കഥയുടെ ഗുട്ടന്‍സ് വെളിപ്പെടുത്തിയത്. താടിയും മുടിയും നരച്ച നിങ്ങളും അവളും ഒരുമിച്ച് പഠിച്ചതാണെന്നറിഞ്ഞാല്‍...അമ്മായിയമ്മ ഓളെ വയസ്സളക്കും...അത് മോശമല്ലേയെന്ന്. ഒരു നിമിഷം കിളിപറന്നു പോയി. പക്ഷേ അപ്പോഴും മനസ് മന്ത്രിച്ചു. മനസ് നരച്ചിട്ടില്ല പെണ്ണേ...

shabeer-3

എന്റെ വീട്ടില്‍ ഞങ്ങള്‍ അഞ്ചു പേരാണ്. രണ്ട് ഇത്താത്തമാരും രണ്ട് ഇക്കമാരും. ഒരിക്കല്‍ ഞാനും ഇത്താത്തയുമായി പുറത്തു പോയ സമയത്ത്. പഴയൊരു കൂട്ടുകാരി അടുത്തെത്തി. അന്ന് എന്നെ ചൂണ്ടിയിട്ട് ഭര്‍ത്താവാണോ എന്ന് അവര്‍ ചോദിച്ചു. ഞാനും ഇത്താത്തയുമായി 15 വയസിന്റെ വ്യത്യാസമായിരുന്നു ഉള്ളത് എന്നോര്‍ക്കണേ... സത്യം തിരിച്ചറിഞ്ഞപ്പോള്‍ അന്ന് ശരിക്കും ചമ്മിയത് ഞാനായിരുന്നില്ല. ചോദിക്കുന്നത് ശരിക്കും അവരായിരുന്നു. 

സൗദിയിലേക്ക് ജോലി തേടി പോയപ്പോഴുമുണ്ടായി ഒരു 'നരയനുഭവം.' ഇന്റര്‍വ്യൂ പാനലില്‍ താടിയിലെ നര കണ്ട് നെറ്റിചുളിച്ച പാനലിസ്റ്റ്  ഷേവ് ചെയ്യണം എന്ന് പറഞ്ഞു. കഴിഞ്ഞ് 10 കൊല്ലത്തിലേറെയായി താടിയും നരയും കൂടെയുണ്ടെന്നും ഇനിയും ഉണ്ടാകുമെന്ന് നിലപാട് അറിയിച്ചപ്പോള്‍ അവര്‍ ഇംപ്രസ്ഡ് ആയി. ജോലി ലഭിച്ചുവെന്നു മാത്രമല്ല നല്ല സാലറിയും ലഭിച്ചു. 

shabeer-4

നരയില്‍ നല്ലപാതി ഹാപ്പി

നരയുടെ പേരില്‍ അസ്വസ്ഥമാകണമെങ്കില്‍ ആദ്യം അത് ഉണ്ടാകേണ്ടത് എന്റെ ഭാര്യ ജമീലയ്ക്കാണ്. പക്ഷേ ഒരിക്കല്‍ പോലും അവള്‍ക്ക് എന്നോട് നീരസം കാട്ടിയിട്ടില്ല. നര ഡൈ ചെയ്താലേ വീട്ടില്‍ കയറ്റൂ എന്ന് പറഞ്ഞിട്ടുമില്ല. പോയ് ഡൈയ്യോ... മൈലാഞ്ചിയോ തേക്ക് മനുഷ്യാ... എന്ന് ചട്ടം കെട്ടിയിട്ടുമില്ല. പക്ഷേ പ്രവാസ ലോകത്തിന് അവധിയെടുത്ത് നാട്ടിലെത്തുമ്പോള്‍ ആകെ നരച്ചല്ലോ എന്ന് വീട്ടുകാര്‍ സഹതാപത്തോടെ ചോദിക്കും. അവരോടൊക്കെ മനസ് നരച്ചിട്ടില്ലെന്ന് ചിരിയോടെ പറയും.  

മുടി നീട്ടി വളര്‍ത്തി ലീവിനെത്തിയപ്പോള്‍ നീട്ടി വളര്‍ത്തിയ മുടി വെട്ടിക്കളയാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ തടിതപ്പാന്‍ പറഞ്ഞു. ഉപ്പാ... മുടി നീട്ടി വളര്‍ത്തിയിട്ട് കാന്‍സര്‍ രോഗികള്‍ക്ക് കൊടുക്കാനാണെന്ന് ഞാന്‍ തിരിച്ചടിച്ചു. അതിന് കാന്‍സര്‍ രോഗികള് നരച്ച മുടിയൊക്കെ എടുക്കോ എന്നാണ് ഉപ്പ തിരികെ ചോദിതച്ചത്. ആ മറുപടി ഞാന്‍ പ്രതീക്ഷിച്ചതായിരുന്നില്ല. ഒടുവില്‍ ഉപ്പയെ അനുസരിക്കേണ്ടി വന്നു. 

ഒരു ടിപ് കൂടി പറഞ്ഞു തരാം. നരയുള്ളവര്‍ ഡ്രസ് എടുക്കുമ്പോള്‍ അല്‍പം കളര്‍ഫുള്‍ പരീക്ഷണങ്ങള്‍ നടത്തി നോക്കൂ നോക്കൂ. മഞ്ഞയിലും നീലയും ചുവപ്പുമൊക്കെ കിടിലം ഔട്ട്ഫിറ്റായിരിക്കും നിങ്ങള്‍ക്ക് നല്‍കുന്നത്.എനിക്കിപ്പോള്‍ വയസ് 39 ആകുന്നു. ഇതുവരെയും നരയുടെ പേരില്‍ സങ്കടപ്പെട്ടിട്ടില്ല. കുട്ടിനര കണ്ട് നെടുവീര്‍പ്പിടുന്ന ചെറുപ്പക്കാരോടും എനിക്ക് അതാണ് പറയാനുള്ളത്. നമ്മള്‍ നമ്മളായിരിക്കുക എന്നതിലാണ് കാര്യം. കറുപ്പിന്റെ കൃത്രിമത്വങ്ങള്‍ അതിനു പുറത്തു വേണ്ട.  കളിയാക്കുവരുടെ മുഖത്തു നോക്കി തന്നെ പറയണം. മുടിയേ നരച്ചിട്ടുള്ളു, മനസ് നരച്ചിട്ടില്ലടോ എന്ന്- ഷെബീര്‍ പറഞ്ഞു നിര്‍ത്തി.

shabeer-2