ഹിമാലയൻ ഗ്രാമങ്ങളുടെ ഭംഗിയും ശാന്തിയും ആസ്വദിക്കാം; ചുരുങ്ങിയ ചിലവില് ഭൂട്ടാനിലേക്കു പുറപ്പെടാം Discover the Serenity of Bhutan
Mail This Article
ലോകത്തിലെ ഏക സജീവ ബുദ്ധ രാജ്യമാണു ഭൂട്ടാൻ. ഹിമാലയൻ ഗ്രാമങ്ങളുടെ ഭംഗിയും ശാന്തിയും ആസ്വദിക്കാനായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തുന്ന യാത്രികർ സുരക്ഷിതരായി ഭൂട്ടാനിൽ സഞ്ചരിക്കുന്നു. സ്വസ്ഥമായും സന്തോഷമായും യാത്ര ചെയ്യാൻ കഴിയുന്ന രാജ്യം എന്ന പേര് ടൂറിസം ഭൂപടത്തിൽ ഭൂട്ടാനു പണ്ടേ സ്വന്തം. തിരക്കുകളെല്ലാം മാറ്റി വച്ചു പ്രകൃതിഭംഗിയിൽ അലിയാനുള്ള മനസ്സുമായി വേണം ഭൂട്ടാനിലേക്കു പുറപ്പെടാൻ.
ഈ കുഞ്ഞു രാജ്യത്ത് 70 ശതമാനമാണു വനാവരണം. അതുകൊണ്ടു തന്നെ ലോകത്തിലെ ആദ്യത്തെ കാർബൺ നെഗറ്റീവ് രാജ്യമെന്നും ഭൂട്ടാൻ വിശേഷിപ്പിക്കപ്പെടുന്നു. ലെസ്സർ ഹിമാലയ ഭാഗങ്ങളിലാണു ഭൂട്ടാന്റെ പ്രധാന സ്ഥലങ്ങൾ. മഞ്ഞുമൂടിക്കിടക്കുന്ന ഗ്രേറ്റർ ഹിമാലയ ഭാഗങ്ങളും ഭൂട്ടാന്റെ ഭാഗമായുണ്ട്. ഏതാണ്ടു കേരളത്തിന്റെ വിസ്തൃതി തന്നെയാണു ഭൂട്ടാനുമുള്ളത്. തലസ്ഥാനം - തിംഫു.
കാഴ്ചകൾ
ബുദ്ധ ആരാധനാലയങ്ങൾ, പച്ചപ്പാർന്ന ഗ്രാമങ്ങൾ എന്നിവയാണു പ്രധാന കാഴ്ചകൾ. ടൈഗർനെസ്റ്റ് മൊണാസ്ട്രി (പാരോ ജില്ല)- ഭൂട്ടാന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന മൊണാസ്ട്രി. മലഞ്ചെരിവിലെ ഈ ധ്യാനകേന്ദ്രത്തെ പാരോ ടാക്സാങ് എന്നു വിളിക്കപ്പെടുന്നു.
Punakha Dzong പുനഖ സോങ്– മഹാസന്തോഷത്തിന്റെ കൊട്ടാരം എന്നറിയപ്പെടുന്നു (പുനഖ ജില്ല), ബുദ്ധ ഡോർഡെൻമാ പ്രതിമ, നാഷനൽ ലൈബ്രറി, ഭൂട്ടാൻ ടെക്സ്റ്റൈൽ മ്യൂസിയം, ഭൂട്ടാൻ നാഷനൽ മ്യൂസിയം എന്നിവയാണ് മറ്റു പ്രധാന ആകർഷണങ്ങൾ.
ട്രാവൽ പ്ലാൻ
ഭൂട്ടാനിലെത്തിയതിനു ശേഷം ചുരുങ്ങിയതു നാലു പകലെങ്കിലും വേണം കാഴ്ചകൾ കണ്ടൂതീർക്കാൻ. ഇന്ത്യൻ ടൂർ ഓപറേറ്റേഴ്സ് നല്ല പാക്കേജുകളുമായി രംഗത്തുണ്ട്.
നാലു പകൽ, അഞ്ചു രാത്രി യാത്രാ പദ്ധതിക്ക് ഭൂട്ടാനിലെ മാത്രം ചെലവ് ശരാശരി 20,000-30,000 രൂപ വരെയാകും. ഒരു രാത്രിക്കു സുസ്ഥിര വികസന ഫീ ആയി ഒരാൾക്ക് 1200 രൂപ അടയ്ക്കണം. കുടുംബസമേതവും ഒറ്റയ്ക്കുമുള്ള യാത്രകൾക്ക് ഇന്ത്യക്കാരായ സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. ഗൈഡിന്റെ സേവനത്തോടെയാണ് ഭൂട്ടാനിലെ യാത്രയെന്നതും കുടുംബമായി പോകുന്ന സഞ്ചാരികൾക്ക് സഹായകരമാണ്.
ടൂറിസം പ്രധാന വരുമാനമാർഗമായതിനാൽ സഞ്ചാരികളുടെ ക്ഷേമത്തിലും സന്തോഷത്തിലും പ്രത്യേക ശ്രദ്ധ പുലർത്തുന്നവരാണ് ഇവിടെയുള്ളവരിൽ അധികവും.
പാരോ ആണു ഭൂട്ടാനിലെ ഇന്റർനാഷനൽ എയർപോർട്ട്. കൊച്ചിയിൽനിന്നു പാരോയിലേക്കു നേരിട്ടു വിമാനമില്ല. ഡൽഹി, കൊൽക്കത്ത, ഗുവാഹത്തി എന്നിടങ്ങളിലൂടെയുള്ള കണക്‌ഷൻ ഫ്ലൈറ്റുകൾ ഉണ്ട്.
ചുരുങ്ങിയത് 23,000 രൂപയാകും ഒരു ദിശയിലേക്കുള്ള ടിക്കറ്റിന്. ഇന്ത്യക്കാർക്ക് വീസ ആവശ്യമില്ല. പക്ഷേ, എൻട്രി പെർമിറ്റ് വേണം.
കൈവശം വയ്ക്കേണ്ട രേഖകൾ
∙ ആറുമാസം വാലിഡിറ്റിയുള്ള ഇന്ത്യൻ പാസ്പോർട്ട് അല്ലെങ്കിൽ ഒറിജിനൽ വോട്ടർ ഐഡി കാർഡ്.
∙ 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഒറിജിനൽ ജനനസർട്ടിഫിക്കറ്റ്.
∙ രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോകൾ.
∙ ട്രാവൽ ഇൻഷൂറൻസ്.
∙ ഓൺലൈനായി എൻട്രി പെർമിറ്റിന് അപേക്ഷിക്കാൻ ഈ വെബ്സൈറ്റ് സന്ദർശിക്കാം. (www.bhutan.travel)