‘പല ചികിത്സകളും നടത്തി, വിരൽ മുറിച്ചു മാറ്റേണ്ടിവരും എന്നു കരുതി, ഇപ്പോൾ വ്യത്യാസമുണ്ട്’: രോഗികള് മനസ്സുരുകി പ്രാർഥിക്കുന്ന ധന്വന്തരീ ക്ഷേത്രത്തിലേക്ക്... Nelluvai Dhanwantari Temple: A Haven for Healing and Health
Mail This Article
ആലിലകൾ നെയ്ത തണലിലേക്കാണു കാലെടുത്തു വച്ചത്. വെയിൽ കുളിച്ചൊരുങ്ങി വന്നിട്ടേയുള്ളൂ. അതാകാം മീനപ്പുലരിക്കും കുഞ്ഞു തണുപ്പുണ്ട്. ചുറ്റമ്പലത്തിനുള്ളിലേക്കു കയറും മുൻപ് ആ തണുപ്പിൽ ഒരു നിമിഷം നിന്നു.
അപ്പോഴേക്കും കൊയ്ത്തു കഴിഞ്ഞു നരച്ച പാടത്തു നിന്നൊരു കാറ്റ് ധന്വന്തരീ മൂർത്തിയെ തൊഴാനെത്തി. അരയാലിലകൾക്കു നാമം ചൊല്ലിക്കൊടുത്തു ധൃതിയിൽ മതിൽക്കെട്ടിനുള്ളിലേക്ക് കയറി. കാറ്റിന്റെ വിരൽ തൊട്ടതും ഇലകൾ ധന്വന്തരീ മന്ത്രജപം തുടങ്ങി
‘‘ഒാം നമോ ഭഗവതേ വാസുദേവായ
ധന്വന്തരയേ അമൃതകലശ ഹസ്തായ
സർവാമയവിനാശായ
ത്രൈലോക്യനാഥായ
മഹാവിഷ്ണുവേ നമഃ’’
നിൽക്കുന്നത് കഥകളുറങ്ങുന്ന തൃശൂർ നെല്ലുവായ് ധന്വന്തരീ ക്ഷേത്രമുറ്റത്താണ്. ചികിത്സയിൽ കൈപ്പിഴ വരാതിരിക്കാൻ ആയുർവേദ ആചാര്യന്മാരും അസുഖങ്ങൾ സുഖപ്പെടുത്താൻ രോഗികളും ഒരുപോലെ മനസ്സുരുകി പ്രാർഥിക്കുന്ന ക്ഷേത്രം. കുട്ടിക്കാലത്തു കേട്ട കഥയുടെ പേജുകൾ മനസ്സിൽ മറിഞ്ഞു.
ദുർവാസാവിന്റെ ശാപത്താൽ ദേവന്മാർക്കു ജരാനര ബാധിച്ചു. ശാപമോക്ഷത്തിനായി അപേക്ഷിച്ചപ്പോൾ പാലാഴി കടഞ്ഞു കിട്ടുന്ന അമൃത് കഴിച്ചാൽ ഭേദമാകും എന്ന ഉപദേശവും കിട്ടി.
മന്ദരപർവതം കടകോലാക്കി വാസുകിയെ ക യറാക്കി പാലാഴി കടഞ്ഞു തുടങ്ങി. പല തരം ദിവ്യ വസ്തുക്കൾ ഉയർന്നു തുടങ്ങി.
ഒടുവിൽ ധന്വന്തരീ മൂർത്തിയും. ചതുർബാഹുവായ ധന്വന്തരിയുടെ കൈകളിലൊന്നിൽ അമൃതകുംഭം ഉണ്ടായിരുന്നു. മഹാവിഷ്ണുവിന്റെ അംശമായ ധന്വന്തരി ആയുർവേദത്തിന്റെ ഉപജ്ഞാതാവാണ്.
മനസ്സില്‍ കൊളുത്തിയ നെയ് വിളക്ക്
ചുറ്റമ്പലത്തിനുള്ളിലേക്കു കയറി. വട്ട ശ്രീകോവിലിനുള്ളി ൽ ചതുർബാഹുവായ ഭഗവാന്റെ വെണ്ണ ചാർത്തിയ രൂപം. കയ്യിൽ സ്വർണകുഭത്തിൽ അമൃത്. തിളങ്ങുന്ന നാളത്തിൽ ചിരിതൂകി നിൽക്കുന്ന രൂപം നോക്കി മിഴികൾ പൂട്ടി. പ്രദക്ഷിണം കഴിഞ്ഞു വന്നതു മേൽശാന്തി ചിത്രകുമാറിനു മുന്നിലേക്കാണ്. കൈക്കുമ്പിളിലേക്കു പകർന്ന തീർഥത്തണുപ്പ് ഉള്ളില്‍ നിറഞ്ഞു.
‘‘ രോഗദൂരിതങ്ങൾ മായ്ച്ചു കളയുന്ന ഭഗവാൻ ആണു ധന്വന്തരി . മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് ആയുസ്സും ആരോഗ്യവും ആണല്ലോ. രണ്ടര വർഷം ആയി ഞാനിവിടെ എത്രയോ മുഖങ്ങൾ കാണുന്നു. ദുഃഖങ്ങൾ കേൾക്കുന്നു. വേദനകൾ ഭഗവാനു മുന്നിൽ അർപ്പിച്ചു തിരിച്ചിറങ്ങുമ്പോൾ ആ മുഖങ്ങളിൽ ആത്മവിശ്വാസം തെളിയുന്നതു കാണാം.’’ കൈ കൂപ്പി ചിത്രകുമാർ പുഞ്ചിരിച്ചു.
നെറ്റിയിൽ കളഭത്തണുപ്പുമായി പുറത്തേക്കിറങ്ങി. ക്ഷേത്രത്തിനു വലം വച്ചു. പ്രദക്ഷിണ വഴിയിൽ വലിയ കരിങ്കൽ പാതയാണുള്ളത്. ചെറുതേവരും അയ്യപ്പനും വിഘ്നേശ്വരനും വരാഹമൂർത്തിയും ഉപദൈവങ്ങളാണ്.
ഗുരുവായൂരും നെല്ലുവായും
ഗുരുവായൂർ ക്ഷേത്രവും നെല്ലുവായ്ക്ഷേത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും െഎതിഹ്യമുണ്ട്. നന്ദഗോപർ പൂജിച്ച വിഗ്രഹം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചപ്പോൾ വസുദേവർ പൂജിച്ചതു നെല്ലുവായിലുമെത്തി എ ന്നാണു സങ്കൽപം. രണ്ടും മഹാവിഷ്ണു സങ്കൽപത്തിലുള്ള വിഗ്രഹങ്ങൾ. രണ്ടു ക്ഷേത്രങ്ങളും മുഖത്തോടുമുഖം നോക്കുന്ന നിലയിലുമാണ്.
വാതരോഗത്തിന്റെ കഷ്ടപ്പാട് അനുഭവിച്ച മേൽപത്തൂ ർ നാരായണ ഭട്ടതിരി ഗുരുവായൂർ അമ്പലത്തിൽ ഭജനം ഇരുന്നു. അവിടെ വച്ചാണു നാരായണീയം പൂർത്തിയാക്കി ഭഗവാനു സമർപ്പിച്ചത്. സമാനമായ സന്ദർഭം നെല്ലുവായ് ക്ഷേത്രത്തിനുമുണ്ട്. ശക്തൻ തമ്പുരാന്റെ രാജസദസ്സിൽ പ്രധാനിയായിരുന്നു മച്ചാട്ട് ഇളയത്. അദ്ദേഹത്തിന്റെ കാലിൽ വ്രണമുണ്ടായി. ഭിഷഗ്വരന്മാരെ കാണിച്ചിട്ടും മാറാതെ വന്നപ്പോൾ നെല്ലുവായ് ക്ഷേത്രത്തിൽ വന്ന് പതിനൊന്നു ദിവസം ഭജനമിരുന്നു. ആ കാലത്താണ് അദ്ദേഹം സ്തോത്രപഞ്ചാശിക എന്ന കാവ്യം രചിച്ചത്. മച്ചാട്ടിളയതിന്റെ രോഗം ഭേദമായി. കുംഭം ഒന്നാം തീയതി അദ്ദേഹം കാവ്യം ഭഗവാനു മുന്നിൽ സമർപ്പിച്ചു. ഇന്നും കുംഭം ഒന്നാം തീയതി സ്തോത്ര പഞ്ചാശിക ദിനമായി ആചരിക്കുന്നു
പ്രദക്ഷിണം പൂർത്തിയാക്കി എത്തിയപ്പോഴാണു ഭൈ ഷജ്യം എന്ന ബോർഡ് കണ്ടത്. അതിനെക്കുറിച്ചു പറഞ്ഞതു ക്ഷേത്രം എക്സിക്യൂട്ടിവ് ഒാഫിസർ പി.ബി. ബിജു.
‘‘അഷ്ടവൈദ്യന്മാരിൽ പ്രധാനിയായ കുട്ടഞ്ചേരി മൂസിന്റെ ഉപാസനാ മൂർത്തിയാണ് ഈ ക്ഷേത്രത്തിലുള്ളത്. ആയുർവേദവും ഈ ക്ഷേത്രവുമായി ഒരുപാടു ബന്ധങ്ങളുണ്ട്. നെല്ലുവായിന് നല്ല വായു എന്ന് അർഥമുണ്ട്. അ തുപോലെ സംസ്കൃത ഗ്രന്ഥങ്ങളിലൊക്കെ വാപ്രപുരാലയം (നെല്ലിന്റെ ആലയം) എന്നാണു ക്ഷേത്രത്തെകുറിച്ചു പറഞ്ഞിരിക്കുന്നത്. ഭാരതത്തിലെ തന്നെ ആദ്യ ധന്വന്തരീ ക്ഷേത്രം ഇതാണെന്നു കരുതപ്പെടുന്നു. അങ്ങനെ ചരിത്രത്തിലും പുരാണത്തിലും വലിയ പ്രാധാന്യമാണു ക്ഷേത്രത്തിനുള്ളത്.
ഒരുപാടു ഡോക്ടർമാരും രോഗികളും ഇന്ത്യയുടെ പല ഭാഗത്തു നിന്നും ഭഗവാനെ കണ്ടുവണങ്ങാനെത്തുന്നുണ്ട്. ഒരു വർഷം ഇവിടെ എത്തിയ ഡോക്ടർമാരുടെ എണ്ണം പരിശോധിച്ചു. ഏതാണ്ടു രണ്ടായിരത്തിലേറെപേർ. അത് വ ലിയ അറിവായിരുന്നു. രോഗപീഢയുടെ കനൽചൂട് മാറ്റാൻ ആത്മീയമായ കാര്യങ്ങൾ ഭഗവാൻ ചെയ്യുന്നുണ്ട്. ഒപ്പം ഭൗതീകമായി ചിലതു കൂടി ചെയ്യാൻ ഒരു വർഷം മുൻപ് തീരുമാനിച്ചു. അതാണ് ഭൈഷജ്യം.
എല്ലാ വ്യാഴാഴ്ചയും ഇവിടെ എത്തുന്ന രോഗികൾക്കു സൗജന്യ ചികിത്സയും മരുന്നും ഒരു നേരത്തെ അന്നവും നൽകും. ക്ഷേത്രത്തിന് അകത്തു തന്നെയാണു ചികിത്സ. 40 ഡോക്ടർമാരുടെ പാനലുണ്ട്.’’ രോഗികൾക്ക് ആശ്വാസമാകുന്ന ചികിത്സയുടെ അനുഗ്രഹം.
ചികിത്സ ആരംഭിക്കുന്നതിനു മുൻപു ഭജനമിരിക്കുന്നതും പതിവുണ്ട്. കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപകനായ ഡോ. പി.എസ്. വാരിയരും പിന്നീട് ഡോ.പി.കെ വാരിയരും ഡോ. മാധവൻകുട്ടി വാരിയരുമെല്ലാം ഇവിടെ ഭജനം നടത്തിയ ശേഷമാണു ചികിത്സ തുടങ്ങിയതെന്നു ബിജു ഒാർമിക്കുന്നു.
മുക്കുടി എന്ന ഒൗഷധ നിവേദ്യം
മുക്കുടിയാണു ഭഗവാന്റെ ഇഷ്ട നിവേദ്യം. ആമാശയരോഗങ്ങൾ ഉൾപ്പെടെ പല അസുഖങ്ങളുമായി വരുന്ന ഭക്തർ മുക്കിടി സേവിക്കാറുണ്ട്. കുളിച്ചു ശുദ്ധിയോടെ വന്നു ഭഗവാനെ പ്രാർഥിച്ചശേഷം സേവിക്കുന്നതു വിശേഷമാണത്രെ. മോരും മഞ്ഞളും കുരുമുളകും പിന്നെ, ക്ഷേത്രത്തിലുണ്ടാക്കുന്ന ഒൗഷധവുമാണു മുക്കുടിയിലുള്ളത്.
പ്രധാന വഴിപാടുകളിലൊന്നായ ധന്വന്തരീഹോമം മ റ്റു ഹോമങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. അത്തി ഇത്തി അരയാൽ പേരാൽ തുടങ്ങി പന്ത്രണ്ടു ദ്രവ്യങ്ങളാണു സമർപ്പിക്കുന്നത്. ആർക്കുവേണ്ടിയാണോ ഹോമം നടത്തുന്നത് അവർക്കും പ്രാധാന്യമുണ്ട്. തന്ത്രി ചില ദ്രവ്യങ്ങൾ കയ്യിൽ കൊടുത്തു മന്ത്രങ്ങൾ ജപിച്ചുകൊടുക്കും. അവരതു ജപിച്ച ശേഷം സമർപ്പണം നടത്തും.
വൈകുണ്ഡ ഏകാദശിയാണു പ്രധാനം. അതിനോടനുബന്ധിച്ചു നൂറുദിവസത്തോളം നീണ്ടു നിൽക്കുന്ന വിശേഷാൽ പൂജകളുണ്ട്. ഈ ദിവസങ്ങളിലല്ലാത്തപ്പോഴെല്ലാം വെണ്ണചാർത്തിയ രൂപത്തിലാണു ഭഗവാനെ ദർശിക്കാനാകുക. വെണ്ണചാർത്തലും പ്രധാനവഴിപാടാണ്.
നടയടച്ചു. ഇടയ്ക്ക പാടിത്തുടങ്ങി. വേണുഗോപാൽ മാരാർ ഭഗവാനു നാദം നേദിക്കുകയാണ്. നാലുവയസ്സു മുതൽക്ക് അദ്ദേഹം കൊട്ടിപ്പാടിത്തുടങ്ങിയതാണ്. ‘‘കുട്ടിക്കാലത്തു ഭഗവാനു മുന്നിൽ ഇടയ്ക്ക കൊട്ടിയിട്ടേ സ്കൂളിലേക്കു പോകൂ. തിരിച്ചു വന്നാലും കളി അമ്പലമുറ്റത്താണ്. അന്നും ഇന്നും നാടിന്റെ കാവലാണു ഭഗവാൻ. ’’
കണ്ണടച്ചു തൊഴുതു മുക്കുടി നിവേദ്യം കഴിച്ചു. എരിവും പുളിയും മനസ്സിലാണു തൊട്ടത്. നടയ്ക്കു നേരെയുളള വലിയ വിളക്കിനരികിൽ പറ വയ്ക്കുന്നതിനുള്ള തിരക്ക്. മലർ പറയ്ക്കും മഞ്ഞൾ പറയ്ക്കുമൊക്കെ പുറമേ െഎശ്വര്യസമൃദ്ധിയ്ക്കായി നാണയപ്പറയുമുണ്ട്.
ഭഗവാനെ തൊഴുതു നിന്ന കലാമണ്ഡലം നാരായണൻ പറഞ്ഞതും ധന്വന്തരീ മൂർത്തി മനസ്സിൽ തണലായി നിന്ന കാലത്തെക്കുറിച്ചാണ്. ‘‘അതിശയോക്തിയായി കരുതരുത്. ഒരു അനുഭവം പറയാം. 1972ലാണു ഞാനീ നാട്ടിലെത്തുന്നത്. വലതുകാലിന് ഒരു ശോഷിപ്പു വന്നു. അതു കൂടി നടക്കാൻ ബുദ്ധിമുട്ടുണ്ടാകാമെന്ന് ഡോക്ടർമാർ പറഞ്ഞു. വാതസംബന്ധമായ അസുഖമാണല്ലോ. അതുകൊണ്ട് ഏഴു ദിവസം ഇവിടെ ഭജനമിരുന്നു.
തിരിച്ചു പോയപ്പോള്‍ മുതൽ എന്റെ മനസ്സിൽ ധന്വന്തരീമൂർത്തിയായിരുന്നു. കാലിന്റെ സ്വാധീനക്കുറവുണ്ടായതുകൊണ്ട് ഒരു പ്രോഗ്രാം പോലും ഉപേക്ഷിക്കേണ്ടി വന്നില്ല. 28 പ്രാവശ്യത്തോളം വിദേശ രാജ്യങ്ങൾ സന്ദർശിച്ചു. നെല്ലുവായ് ധന്വന്തരീ മൂർത്തി തുണച്ചു എന്നാണു വിശ്വാസം. എന്നെപ്പോലെ അനുഭവമുള്ള ഒരുപാടു പേർ. അവരുടെയൊക്കെ കരുത്താണ് ഭഗവാൻ’’... മനസ്സിലുള്ള നാരായണമൂർത്തിയെക്കുറിച്ചു നാരായണൻ.
പുറത്തു വെയിൽ കത്തുന്ന ഉച്ചയാണ്. നടയടച്ചു കഴിഞ്ഞു. എങ്കിലും ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും ദേവന് ഉറക്കമില്ലല്ലോ. പുറത്തപ്പോഴും ആലിലകൾ ധന്വന്തരീ മന്ത്രം ജപിക്കുന്നുണ്ടായിരുന്നു.
ചികിത്സയുള്ള ക്ഷേത്രം
2006 നവംബറിലാണു നെല്ലുവായ് ക്ഷേത്രത്തിനോട് അനുബന്ധിച്ച് ആശുപത്രി തുടങ്ങിയത്. ഡോ.അരുൺ കൈമൾ പറയുന്നു. ‘‘ ക്ഷേത്രവുമായി ബന്ധപ്പെട്ടാണു ചികിത്സാരീതികൾ. രാവിലെ മുക്കുടി നിവേദ്യം രോഗികൾക്കു നൽകും. ചരകസംഹിതയിലെ ഒരു യോഗമാണ് മുക്കുടി. വിരേചനവും വസ്തിയും എല്ലാം ക്ഷേത്രവുമായി ബന്ധപ്പെട്ടു ചെയ്യുന്നു. ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭജനമിരുന്നു ചികിത്സ തേടുന്നവരുണ്ട്.’’
ക്ഷേത്രത്തിനടുത്തുള്ള മുറിയിൽ ചികിത്സയിലിരുന്ന ലക്ഷദ്വീപ് സ്വദേശിയായ ഖസാലിയ്ക്കരികിലേക്ക് ഡോക്ടർ അരുൺ പോയി. കവരത്തി സ്വദേശിയായ ഖസാലിയുടെ കാലിൽ ആണി കുത്തി അണുബാധയേറ്റിരുന്നു. ‘‘പല ചികിത്സകളും നടത്തി. വിരൽ മുറിച്ചു മാറ്റേണ്ടി വരും എന്നു കരുതിയതാണ്. മറ്റൊരു ഡോക്ടറുടെ നിർദേശപ്രകാരമാണ് ഇവിടെ എത്തുന്നത്. ഇപ്പോൾ വളരെ വ്യത്യാസമുണ്ട്’’ ഖസാലി പറയുന്നു. മൂന്നു ഡോക്ടർമാരും ഫിസിയോതെറപ്പിസ്റ്റുകളും ആശുപത്രിയിലുണ്ട്.
