യാത്രാപ്രേമം തലയ്ക്കു പിടിച്ചാൽ പിന്നെ അങ്ങു പൊയ്ക്കളയും, ആരും സഞ്ചരിക്കാത്ത വഴികളിലൂടെ. അത്ര കേട്ടു പരിചയമില്ലാത്ത, കണ്ടാൽ മതിവരാത്ത ചില കാഴ്ചകളായാലോ.
ഇറങ്ങും മുൻപു രണ്ടു കാര്യങ്ങൾ. കുടുംബവുമൊത്തു യാത്ര ചെയ്യുമ്പോൾ ചെന്നെത്തുന്ന ഇടത്തെ താമസസൗകര്യവും മറ്റും മുൻകൂട്ടി ഉറപ്പാക്കണം. അത്ര പരിചയമില്ലാത്ത ഇടത്തേക്കു യാത്ര തിരഞ്ഞെടുക്കുമ്പോൾ അടിയന്തര സാഹചര്യം മുൻകൂട്ടി കണ്ട് കരുതലെടുക്കുക, എമർജൻസി നമ്പരുകൾ കൈവശം വയ്ക്കുക. ഇനി പുറപ്പെട്ടോളൂ.
ഇതാ ആമസോൺ വ്യൂ പോയിന്റ്
കൺമുന്നിൽ കരിമ്പച്ച നിറമുള്ള കാട്. നടുവിലൂടെ കലങ്ങിക്കറുത്ത്, വളഞ്ഞൊഴുകുന്ന പുഴ. ആമസോൺ കാടുകളുടെ ആകാശദൃശ്യം ഈ വ്യൂ പോയിന്റിനു മുന്നിൽ തോറ്റുപോകും. ഇതാണ് ഒതായി എന്ന് ഒറിജിനൽ പേരുള്ള എടവണ്ണയിലെ കുന്നിൻപുറക്കാഴ്ച. കയറ്റവും നടപ്പും ത്രില്ലായി കൊണ്ടുനടക്കുന്നവർക്ക് അവധിക്കാലത്തെ മികച്ച അനുഭവമാക്കി മാറ്റാവുന്ന യാത്രയാകുമിത്.
മൂന്നുവശവും ഇരുണ്ട കാട്, മറുവശത്തു ചാലിയാറിന്റെ നീരൊഴുക്ക്. അതാണ് ഒതായിയിലെ പ്രധാന കാഴ്ച. പശ്ചിമഘട്ടത്തിൽ നിന്നൊഴുകിയെത്തുന്ന ചാലിയാർ പു ഴ ഒതായിയിൽ വച്ചു ‘യു ടേൺ’ എടുക്കും. ആ അതിമനോഹര ദൃശ്യമാണ് ആമസോൺ മഴക്കാടുകളെ അനുസ്മരിപ്പിക്കുന്ന വ്യൂ നൽകുന്നത്.
ആകാശനീലയ്ക്കും കാട്ടുപച്ചയ്ക്കും ഇടയിലൂടെ മേഘങ്ങൾ പാറിനടക്കുമ്പോൾ സ്വർഗത്തിന്റെ പടിവാതിൽക്കലാണോ നിൽക്കുന്നതെന്നു തോന്നിയാൽ തികച്ചും സ്വാഭാവികം. ആ നിമിഷത്തിൽ തന്നെ കുളിരുള്ള ഒരു കാറ്റു വന്നു കവിളിൽ തൊടും. അപ്പോൾ മലകയറ്റത്തിന്റെ ക്ഷീണമൊക്കെ ‘ആമസോൺ’ കടക്കും.
കണ്ടുകണ്ടങ്ങനെ നിൽക്കുമ്പോൾ ചിലപ്പോൾ കോടമഞ്ഞു വന്നു കാഴ്ച മറഞ്ഞേക്കാം. പക്ഷേ, നിരാശപ്പെടേണ്ട. കോടയുടെ പുകമറയകലുമ്പോൾ മെല്ലെ തെളിഞ്ഞുവരുന്ന ചാലിയാറിന്റെ ഭംഗിയുണ്ട്. അതങ്ങനെ വാക്കുകളാൽ വർണിക്കാവുന്നതല്ല.
മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂരിലെ മൂന്നുകല്ലു മലയുടെ മുകളിൽ നിന്നാണ് ഈ കാഴ്ച കാണേണ്ടത്. എ ടവണ്ണയിൽ നിന്ന് ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ ചാത്തല്ലൂരിലെത്താം. വാഹനത്തിൽ തന്നെ വ്യൂ പോയിന്റിനടുത്തു വരെയെത്താനാകില്ല, കുറച്ചു ട്രെക്കിങ് വേണ്ടിവരും. അതിനാൽ വെള്ളവും മറ്റും കയ്യിൽ കരുതണം.
കുന്നുകയറി ക്ഷീണിച്ചിറങ്ങുന്നവരെ കാത്ത് അടുത്തു തന്നെ പ്രകൃതിയൊരുക്കിയ ഒരു സ്വിമ്മിങ് പൂളുണ്ട്, കേരളാംകുണ്ടിൽ. നിലമ്പൂരിലേക്കു യാത്ര ചെയ്യാനിഷ്ടമുള്ളവർക്കു കുറുമ്പാലക്കോട്ടെ ആഢ്യൻപാറ വെള്ളച്ചാട്ടത്തിലും പ്രകൃതിയൊരുക്കിയ വാട്ടർ തീം പാർക്കിലെന്ന പോലെ കളിച്ചു തിമിർക്കാം.
കാണാം ഓയ്സ്റ്റർ ഓപ്പറ
സത്യമായിട്ടും ഇതൊരു നാടകത്തിന്റെ പേരല്ല, കാണാക്കാഴ്ചകൾ നിറച്ചുവച്ചു കാത്തിരിക്കുന്ന ഒരു തനി നാടൻ ഗ്രാമത്തിന്റെ കാഴ്ചകൾക്കു വെറുതേ ഒരു വിശേഷണം നൽകിയെന്നു മാത്രം. ഈ രംഗമൊന്നു സങ്കൽപിച്ചു നോക്കൂ. ഇരുകര കാണാനാകാത്ത പുഴയിലൂടെ വള്ളം തുഴഞ്ഞു ചെല്ലുമ്പോൾ പുഴയിൽ അങ്ങിങ്ങായി തുഴച്ചിൽക്കാരില്ലാത്ത ചെറുവള്ളങ്ങൾ. അടുത്തേക്കു തുഴയുമ്പോഴാകും കൈനിറയെ ചിപ്പിയും കക്കയും ഉള്ളുനിറയെ സന്തോഷവുമായി നിധി കിട്ടിയതു പോലൊരാൾ ജലപ്പരപ്പിലേക്കു പൊങ്ങിവരുന്നത്. ഉള്ളതെല്ലാം വള്ളത്തിലേക്കു കുടഞ്ഞിട്ട് പിന്നെയും ആഴങ്ങളിലേക്കു മുങ്ങാങ്കുഴിയിടും.
കണ്ണെത്താ ദൂരത്തോളം പച്ചപ്പും ഹരിതാഭയും, തെളിഞ്ഞ പുഴയും കൈത്തോടും, തണുപ്പും കാറ്റും പലവിധ രുചികളും ഒന്നിക്കുന്ന ഈ നാട് അങ്ങു കാസർകോടാണ്. ചെറുവത്തൂരിലെ പടന്നയുടെ അഴകും മോടിയുമെല്ലാം ഈ ഗ്രാമത്തെ ചുറ്റിയൊഴുകുന്ന നദികളിലാണ്. അവയി ൽ മുങ്ങിത്തപ്പി കക്കയും ചിപ്പിയും വാരുന്ന ഗ്രാമത്തിന് ഓയ്സ്റ്റർ വില്ലേജ് എന്നു പേരിട്ടയാൾ മിടുക്കൻ തന്നെ.
വെള്ളവും വള്ളവും ഗ്രാമക്കാഴ്ചകളും മോഹിക്കുന്നവർക്കു തിരഞ്ഞെടുക്കാവുന്ന ഒരു പാക്കേജ് കേട്ടോളൂ. ക വ്വായിയും വലിയപറമ്പയും പടന്നയും ചേരുന്ന റിവർ ടൂർ. അങ്ങു പശ്ചിമഘട്ട മലനിരകൾക്കു കീഴെ തേജസ്വിനിപ്പുഴ ഏറ്റവും സുന്ദരിയായി ഒഴുകുന്ന കാഴ്ച കാണാൻ ഹൗസ് ബോട്ടുകളെ കൂട്ടുപിടിക്കാം. സ്വയം തുഴയണമെന്ന് ആഗ്രഹിക്കുന്നവർക്ക് ചെറുബോട്ടുകളിൽ ഒറ്റയ്ക്കും ജോടിയായും തുഴയാം.
തോടുകളിലൂടെ കണ്ടൽക്കാടുകൾക്കിടയിലൂടെ കറങ്ങിവരുമ്പോൾ മനസ്സു കൊണ്ടെങ്കിലും ഒരു കുട്ടിയാകും. ഗ്രാമക്കാഴ്ചകൾക്കു കൂട്ടുപിടിക്കാൻ ഉടുമ്പൻതലയിലെ കയർപിരി യൂണിറ്റുകളിലോ ഇടയിലേക്കാട് കാവിലോ ക യറാം. ഗ്രാമത്തിന്റെ തനിമ നിറഞ്ഞ ഇടമായതിനാൽ ഇവിടെ സ്വകാര്യതയ്ക്ക് ഒട്ടും ഭംഗം വരില്ല.
കാപ്പിൽ കാഴ്ചയുടെ വേലിയേറ്റം
ഒരു വശത്ത് ഒഴുകിയൊഴുകി അന്ത്യമെത്തുമ്പോൾ തിരക്കൊഴിഞ്ഞ കായൽപ്പരപ്പ്. മറുവശത്ത് ഇരമ്പിയാർത്തു കരയിലേക്കു തിരമാലകളുടെ പുതപ്പുനീട്ടുന്ന കടൽ. കടലും കായലും ഒന്നിച്ചൊരുക്കുന്ന കാഴ്ചകളുടെ ഇരട്ടിസന്തോഷമാണു കാപ്പിലിൽ കാത്തിരിക്കുന്നത്. കൊല്ലം തിരുവനന്തപുരം ജില്ലകളുടെ തീരദേശ അതിർത്തിയാണു കാപ്പിൽ. ഇടവ–നടയറക്കായൽ അറബിക്കടലിൽ ചേരുന്ന ഇടം.
കുടുംബവുമൊത്തു യാത്ര ചെയ്യുന്നവർക്ക് മറക്കാനാകാത്ത കടൽക്കാഴ്ച സമ്മാനിക്കുന്ന ഒരു തീരദേശ ഡ്രൈവ് ആയാലോ. തുടങ്ങേണ്ടത് കൊല്ലം, തട്ടാമലയിൽ നിന്നാണ്. മയ്യനാടു റോഡിൽ താന്നി ജംഗ്ഷനിലെത്തിയാൽ വ ലത്തേക്കു തിരിഞ്ഞു പാലം കയറിയാൽ മുന്നിൽ കടലും കായലും സംഗമിക്കുന്ന കാഴ്ചകൾ തുടങ്ങും. പരവൂർ കായലിന്റെ ഒരു നീർച്ചാൽ അറബിക്കടലിൽ ചേരുന്നത് ഇവിടെ വച്ചാണ്. ഇനി ഇടവും വലവും വെള്ളമാണ്.
താന്നി ബീച്ച് പിന്നിടുമ്പോൾ പൊഴിക്കര ബീച്ചെത്തും. അവിടെ വച്ചാണ് പരവൂർ കായലിന്റെ രണ്ടാമത്തെ നീർച്ചാല് അറബിക്കടലിൽ ചേരുന്നത്. പിന്നെയും പോകുമ്പോൾ പരവൂർ ബീച്ചും തെക്കുംഭാഗം ബീച്ചും കടന്നു കാപ്പിൽ പാലമേറാം. ഇതിനിടയിൽ പലയിടത്തും നിങ്ങളൊരു കാഴ്ച കാണാം. ഒത്തുപിടിച്ചാൽ കടലും പോരുമെന്നു പാടി കരയിലേക്കു വല വലിച്ചുകയറ്റുന്ന മത്സ്യത്തൊഴിലാളികളെ. അവർക്കൊപ്പം കൂടിക്കോളൂ, രസമുള്ള വർത്തമാനങ്ങളും പിടയ്ക്കുന്ന മീനും കിട്ടും.
ശാന്തമായ ഈ സ്വർഗത്തിലേക്കു വരുന്നവരെ കാത്തു ബോട്ടുസവാരിയുണ്ട്. സ്വർണമണൽത്തരികൾ നിറഞ്ഞ ബീച്ചിന്റെയും തെളിഞ്ഞ കായലിന്റെയും കാഴ്ചകൾ ഒരുപോലെ ആസ്വദിച്ച് സവാരി നടത്തുമ്പോൾ കടൽക്കാറ്റിലുലയുന്ന തെങ്ങോലകൾ തണൽവിരിക്കും.
സാഹസികത ഇഷ്ടപ്പെടുന്നവർക്കു പാരാഗ്ലൈഡിങ്ങിനും അവസരമുണ്ട്. എട്ടുകിലോമീറ്റർ അപ്പുറത്താണു വർക്കല ബീച്ച്. ഇരമ്പിയാർക്കുന്ന കടലിലേക്കു വർണച്ചിറകു വിരിച്ചു പറന്നിറങ്ങാൻ പാരാഗ്ലൈഡിങ്ങിനും പാരാസെയിലിങ്ങിനും ഇവിടെ അവസരമുണ്ട്. കടലിൽ സർഫിങ്ങിനും ഡൈവിങ്ങിനുമൊക്കെ തിരക്കാണിവിടെ.
കുമാരിയുടെ കൊച്ചരീക്കൽ ഗുഹ
ഗാരിദേവനെ തോൽപ്പിക്കാനായി കുമാരി, ചാത്തനെ തിരക്കിയിറങ്ങിയ കാട് ഓർമയില്ലേ. ഇലപ്പടർപ്പും മരച്ചുവടുകളും താണ്ടിച്ചെന്ന കുമാരിക്കു വേരുകൾ ചുറ്റിപ്പിണഞ്ഞ ഗുഹയ്ക്കുള്ളിൽ വ ച്ചു ചാത്തൻ ഉറപ്പുനൽകി, മകനെ കാത്തോളാം. കുമാരി സിനിമയിലെ ചാത്തൻഗുഹ തേടി ദൂരേക്കെങ്ങും പോകേണ്ട. എറണാകുളം ജില്ലയിലെ കൊച്ചരീക്കൽ ആണിത്.
കാടിനുള്ളിലെ ഗുഹയും ഉറവയും കുളവുമെല്ലാം കൂടിച്ചേർന്നു പഴങ്കഥകളെ ഓർമപ്പെടുത്തുന്ന സുന്ദരമായൊരിടം. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന പ്രകൃതിയാണിവിടെ. മരത്തിലും വള്ളിപ്പടർപ്പുകളിലും വലിഞ്ഞുകയറാനും ഗുഹയ്ക്കുള്ളിൽ നൂഴ്ന്നിറങ്ങാനും പറ്റുന്ന, കുറച്ച് അഡ്വഞ്ചറസായ ഇടം. എറണാകുളത്തു നിന്ന് ഒന്നര മണിക്കൂർ മതി കൊച്ചരീക്കൽ ഗുഹയിലെത്താൻ.
അധികം അറിയപ്പെടാത്ത ഇടമായതു കൊണ്ട് താരതമ്യേന തിരക്കു കുറവാണിവിടെ. കാർ പാർക്ക് ചെയ്തു ന ടന്നു തുടങ്ങുമ്പോൾ തന്നെ മുത്തശ്ശി മരങ്ങളുടെ വേരുപടർപ്പിനുള്ളിലെ ഗുഹാമുഖം കാണാനാകും. താഴേക്കിറങ്ങുമ്പോൾ ചുറ്റും കാടാണ്. രണ്ടു ഗുഹകളാണ് ഇവിടെയുള്ളത്. ആദ്യത്തെ ഗുഹയിൽ നിന്ന് ഒഴുകിയിറങ്ങുന്ന തെളിനീരുറവ ചെറുഅരുവിയായി താഴേക്ക് ഒഴുകും. തൊട്ടടുത്തു തന്നെയാണ് അടുത്ത ഗുഹ.
താഴെ കൽക്കെട്ടുകൾക്കുള്ളിൽ തെളിനീരു നിറഞ്ഞ കൊച്ചുകുളം. പാറക്കുന്നിൽ നിന്നു ചിന്നിച്ചിതറിയൊഴുകുന്ന വെള്ളച്ചാട്ടവും വേരുകൾ ചുറ്റിപ്പിണഞ്ഞ ഗുഹയും ചേർന്ന് സൃഷ്ടിക്കുന്ന മാജിക്കൽ ലുക്ക് തന്നെയാണു ഹൈലൈറ്റ്. പിറവത്തു നിന്ന് 12 കിലോമീറ്റർ ദൂരമുണ്ട് പിറമാടത്തെ കൊച്ചരീക്കലിലേക്കെത്താൻ.
കാവും കുളവും പേടിപ്പെടുത്തുന്ന കഥകൾ ഓർമപ്പെടുത്തുമ്പോൾ ദിവസത്തിന്റെ അടുത്ത പകുതി ഭൂതത്താൻകെട്ടിലേക്കാകാം. കാടും തണുപ്പും നിറഞ്ഞ കുട്ടമ്പുഴ വനമേഖല ഉള്ളിൽ കുളിരു നിറയ്ക്കും.
ഒളിച്ചിരിക്കാൻ ആമപ്പാറ
കെജിഎഫിന്റെ തീം മ്യൂസിക് ഇട്ടുവേണം ആമപ്പാറയിലെ ‘നുഴഞ്ഞുകയറ്റം’ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാൻ. അത്ര ത്രില്ലാണ് ഈ യാത്ര. ‘ഓടിച്ചെന്നിട്ടിങ്ങു’ പോരാൻ പറ്റുന്ന ഇടമല്ല ആമപ്പാറ. ഞെരുങ്ങിയിരിക്കുന്ന രണ്ടു പാറകൾക്കിടയിലൂടെ മീറ്ററുകൾ നീളുന്ന സാഹസിക നടത്തം, അതും ചരിഞ്ഞ്. ആ ടാസ്ക് പൂർത്തിയാക്കിയാൽ ചെന്നെത്തുന്നതു പച്ചപുതച്ച പ്രകൃതിഭംഗിയിലേക്കാണ്.
കഴിഞ്ഞു എന്നു കരുതല്ലേ, തിരിച്ചിറങ്ങാനുള്ള ടാസ്ക് അതിലും ത്രില്ലിങ് ആണ്. പാറകൾക്കിടയിലൂടെ ഇരുന്നും ഇഴഞ്ഞും മീറ്ററുകൾ പിന്നിട്ടു വേണം പാറയ്ക്കുള്ളിൽ നിന്നു പുറത്തെത്താൻ.
അങ്ങകലെ തമിഴ്നാട്ടിലെ കാർഷികവിളകളുടെ കളർ കോൺട്രാസ്റ്റും, ചൂളമേട്ടിലെ കാറ്റാടികളുമൊക്കെയായി കാഴ്ചകളുടെ ‘ഹൈ’റേഞ്ചു തന്നെയാണ് രാമക്കൽ മേടിനടുത്തുള്ള ഈ ആമപ്പാറ.
സീതാന്വേഷണ യാത്രയിൽ ശ്രീരാമചന്ദ്രനും ലക്ഷ്മണനും ഈ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നാണു വിശ്വാസം. സമുദ്രനിരപ്പിൽനിന്നു 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രാമക്കൽമേട്, ടോപ് സ്റ്റേഷൻ, ആമപ്പാറ പ്രദേശങ്ങളിൽ നിന്നു നോക്കിയാണ് ഇന്നത്തെ തമിഴ്നാട് അടക്കമുളള ഭൂപ്രദേശം അവരുടെ ശ്രദ്ധയിൽപെടുന്നതും സ മുദ്രഭാഗത്തേക്കു പോകാനുള്ള വഴി കണ്ടെത്തുന്നതുമെന്ന് ഐതിഹ്യം.
ഇതു മനസ്സിലാക്കിയ രാവണൻ രാമനെ തടയാൻ അ സുരന്മാരെ അയച്ചു. ആ യുദ്ധത്തിൽ പരാജയപ്പെട്ട കൂർമാസുരനെ ആമയുടെ രൂപത്തിൽ പാറയാക്കിയെന്നും, മറ്റ് അസുരന്മാരെ പാറക്കൂട്ടങ്ങളാക്കിയെന്നുമാണ് ഐതിഹ്യം. അതാണത്രേ ഇന്നു കാണുന്ന ആമപ്പാറ. നെടുങ്കണ്ടം – രാമക്കൽമേട് റോഡിൽ തൂക്കുപാലത്തുനിന്നു നാലു കിലോമീറ്റർ സഞ്ചരിച്ചാൽ തോവാളപ്പടി ജംക്‌ഷനായി. (കോട്ടയത്തു നിന്ന് 130 കിലോമീറ്റർ). കാർ അവിടെ പാർക് ചെയ്യണം. പിന്നെ, നാലു കിലോമീറ്റർ കുത്തനെ കയറ്റമാണ്.
അരുവിയും പാറക്കെട്ടുമൊക്കെ ചാടിക്കടക്കടന്നുള്ള ഓഫ് റോഡ് ജീപ്പ് സഫാരിയാണ് പിന്നെ. ഈ യാത്ര ഉൾക്കിടിലം ഉണ്ടാക്കുന്നതാണ്.
മലയിറങ്ങി കഴിഞ്ഞാൽ ഉള്ളു തണുപ്പിക്കാൻ ഇരച്ചിൽ പാറ വെള്ളച്ചാട്ടത്തിലേക്കു പോകാം. മറയൂരിൽ നിന്നു കാന്തല്ലൂരിലേക്കുള്ള വഴിയിൽ കോവിൽക്കടവിലാണ് ഇത്. വാഹനത്തിൽ തന്നെ വെള്ളച്ചാട്ടത്തിനു അരികിൽ വരെയെത്താം. പൊതുവെ അധികം തിരക്കുണ്ടാകാറില്ല.
പുഴയോരത്തെ അടവി
പുഴയുടെ തീരത്തു ചെറുകാറ്റേറ്റ് ആ കാറ്റിലുലയുന്ന തൂവൽ പോലെ എല്ലാം മറന്നിരിക്കാൻ മോഹമുണ്ടോ. എങ്കിൽ അടവിയിലേക്കു ബാഗ് പാക്ക് ചെയ്തോളൂ. കല്ലാറിന്റെ കരയിലൂടെ പുഴ യെ തൊട്ടുതൊട്ടില്ലെന്ന മട്ടിലുള്ള സവാരിയും കുട്ട സവാരിയും കാടിന്റെ കുളിരുമൊക്കെയായി അടവി തുറക്കുന്ന ലോകം മായക്കാഴ്ചകളുടേതാണ്.
പുഴവെള്ളത്തില്‍ തെന്നിത്തെന്നി തണ്ണിത്തോട്ടിലൂടെ കുട്ട സവാരിയാണ് അടവിയിലെ എടുത്തു പറയേണ്ട പ്രത്യേകത. തണുത്ത വെള്ളത്തിൽ കൈ നനച്ചും കരകളിലെ കാഴ്ചകൾ ആസ്വദിച്ചും ദീര്‍ഘയാത്ര ചെയ്യാം. വേനലിൽ വെള്ളം കുറയുമെങ്കിലും കാഴ്ചയ്ക്കും രസങ്ങൾക്കും ഒട്ടും കുറവുണ്ടാകില്ല. യാത്ര കഴിഞ്ഞു കരകയറുമ്പോള്‍ ചൂടുകപ്പയും മീന്‍കറിയും ആവി പറക്കുന്ന ചായയും കൂട്ടിയൊരു പിടുത്തം പിടിക്കാം.
കാനനഭംഗിയും കല്ലാറിന്റെ സൗന്ദര്യവും അടുത്തറിയുന്നതിനൊപ്പം അപൂർവ പക്ഷിയിനങ്ങളെയും വന്യമൃഗങ്ങളെയും അടുത്തുകാണുന്നതിനുമായി മരത്തിൽ ഒരുക്കിയ ട്രീ ഹട്ടുകളുമുണ്ട്. മുളയരി, കാട്ടുതേന്‍, ഇഞ്ച, കുന്തിരിക്കം തുടങ്ങിയ വനവിഭവങ്ങള്‍ വാങ്ങാൻ മോഹിക്കുന്നവരെ അടവി നിരാശപ്പെടുത്തില്ല. തൊട്ടടുത്തായുള്ള മീനറ വെള്ളച്ചാട്ടവും കുളിരുള്ള കാഴ്ചകൾ സമ്മാനിക്കും. വള്ളക്കടവിൽ മിനി വൈല്‍ഡ് ലൈഫ് മ്യൂസിയവുമുണ്ട്.
പത്തനംതിട്ട, കോന്നിയില്‍ നിന്നു 14 കിലോമീറ്റർ സഞ്ചരിച്ചാല്‍ അടവിയിലെത്താം. കോന്നി ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി ആനസവാരി, കോന്നി- അടവി- ഗവി ടൂ ര്‍ പാക്കേജ്, കാട്ടിലൂടെ തുറന്ന ജീപ്പില്‍ വനയാത്ര തുടങ്ങിയവ ഒരേസമയം ത്രില്ലും വിനോദവും നൽകും. വനംവകുപ്പിന്റെ നേതൃത്വത്തില്‍ അടവിയിലൂടെ യാത്രാ പാക്കേജുമുണ്ട്. കോന്നി ആനത്താവളവും ആങ്ങാമൂഴിയും മൂഴിയാറുമൊക്കെ ചുറ്റിയുള്ള കാനനയാത്രയാണിത്. ഉള്ളിൽ കുളിരു നിറയ്ക്കുന്ന മണ്ണീറ വെള്ളച്ചാട്ടവും ചുട്ടിപ്പാറയും ഒക്കെയായി അടവിയിലെ ദിനങ്ങൾ ബോറടിപ്പിക്കില്ല, ഉറപ്പ്.
മനം നിറയ്ക്കും മറവൻതുരുത്ത്
തെന്നിത്തെളിഞ്ഞ് ഒഴുകുന്ന കൈത്തോട്. അതിലൂടെ കുഞ്ഞുവള്ളത്തിൽ തുഴഞ്ഞു പോകുമ്പോൾ മുന്നിലെ മീൻകൂട്ടത്തിനു മുകളിലേക്കു പറന്നിറങ്ങുന്ന വീശുവല. കാഴ്ചകളവസാനിക്കാത്ത തോണിയാത്രകളാണു മറവൻതുരുത്തിലേത്. മൂവാറ്റുപുഴയാറിന്റെ കൈവഴികളായ പുഴകളും വേമ്പനാട് കായലും അതിരിടുന്ന കൊച്ചുദ്വീപാണ് കോട്ടയം ജില്ലയിലെ മറവൻതുരുത്ത്. വള്ളവും വെള്ളവും പച്ചപ്പും തുരുത്തിന്റെ സ്വകാര്യതയുമായി സഞ്ചാരികളുടെ സ്വർഗമായ ഇവിടേക്കെത്തിയാൽ മനസ്സു വെള്ളിച്ചില്ലു പോലെ തെളിയും.
ഗ്രാമത്തിന്റെ ജീവനാഡികളായ മൂന്നു പുഴകളും 18 ക നാലുകളാണ് മറവൻതുരുത്ത് വാട്ടർ സ്ട്രീറ്റിനെ രാജ്യാന്തര പ്രശസ്തിയിലേക്കുയർത്തിയത്.
ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഇന്റർനാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസത്തിന്റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ള പുരസ്‌കാരത്തിലാണ് മറവൻതുരുത്തിന് പ്രത്യേക പരാമർശം ലഭിച്ചത്. വിനോദസഞ്ചാര പ്രവർത്തനങ്ങളിലൂടെ ജ ലാശയങ്ങളെ സംരക്ഷിക്കാനാകുമെന്നതിന്റെ ഉദാഹരണമാണു മറവൻതുരുത്ത് വാട്ടർസ്ട്രീറ്റ് എന്നു ജൂറി പറഞ്ഞതിന്റെ കാരണം അനുഭവിച്ചറിയണമെങ്കിൽ ഇവിടേക്കു ത ന്നെ വരണം.
ഈ തുരുത്തിന്റെ ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായിരുന്ന 18 കനാലുകളാണു ടൂറിസം വകുപ്പിന്റെ പ്രത്യേക പ്രോജക്ടിനു കീഴിൽ വാട്ടർ സ്ട്രീറ്റാക്കി മാറ്റിയത്. വൈക്കം താലൂക്കിലാണ് ഈ ഗ്രാമമെന്നതിനാൽ വൈക്കത്തമ്പലവും കാഞ്ഞിരമറ്റം പള്ളിയുമൊക്കെ യാത്രാ മാപ്പിൽ ചേർക്കാം. തലയോലപ്പറമ്പാണ് അടുത്ത പട്ടണം.
ശിക്കാര ബോട്ടുകളാണ് വാട്ടർ സ്ട്രീറ്റിന്റെ പ്രധാന ആ കർഷണം. ഹൗസ് ബോട്ടുകളും ചെറുവള്ളങ്ങളുമൊക്കെ ലഭ്യമാണ്. കയാക്കിങ്ങിനും അവസരമുണ്ട്. വെള്ളത്തിനു മുകളിൽ കെട്ടിനിർത്തിയ ഫ്ലോട്ടിങ് റസ്റ്ററന്റുകളിൽ നിന്നു ഭക്ഷണം കഴിക്കുന്നതും ചൂണ്ടയിട്ടു മീൻപിടുത്തവുമൊക്കെ കുട്ടികൾക്കു ഹരമാകുന്ന അനുഭവങ്ങളാണ്.
കാഴ്ചകൾ കാണാനെത്തുന്ന സഞ്ചാരികൾക്കായി ഇ വിടുത്തെ ഗ്രാമാന്തരീക്ഷവും ഒരുങ്ങിയിട്ടുണ്ട്. വീടുകളുടെ പുറംചുവരുകളൊക്കെ ഓരോ കലാകേന്ദ്രമാണ്. ഇവിടെ തുരുത്തിന്റെ കലയും സംസ്കാരവും ജീവിതരീതിയും ഉത്സവങ്ങളും ചിത്രങ്ങളായി വരച്ചുചേർത്തിട്ടുണ്ട്.
‘ചിട്ടി’യാക്കുന്ന ചിറ്റിപ്പാറ
പന്ത്രണ്ടേക്കർ നീണ്ടുപരന്നു കിടക്കുന്ന തരിശായ പാറക്കുന്ന്. അതും സമുദ്രനിരപ്പിൽ നിന്നു 1600 അടി ഉയരത്തിൽ. റോക്ക് ക്ലൈംബിങ്ങിനും ട്രക്കിങ്ങിനും പറ്റിയ തിരുവനന്തപുരം ജില്ലയിലെ ഈ സ്ഥലമേതെന്ന് ഗൂഗിളിൽ തിരയേണ്ട, ഇതാണു ചിറ്റിപ്പാറ. ഇവിടെയെത്തിയാൽ നിങ്ങൾ ഉറപ്പായും ‘യന്തിരനി’ലെ ചിട്ടിയാകും, അങ്ങനെ അടിവച്ച് അടിവച്ചു വേണം പാറയുടെ മുകളിലെത്താൻ. കൈകോർത്തു പിടിച്ചോ പരസ്പരം സഹായിച്ചോ ഒക്കെ കുന്നു കയറാം. മലമുകളിൽ കാത്തിരിക്കുന്ന കാഴ്ചകൾ കണ്ടു തന്നെ അറിയണം.
നെടുമങ്ങാട് താലൂക്കിലാണ് ഈ ചിറ്റിപ്പാറ. തൊളിക്കോട് പഞ്ചായത്തിലെ മലയടിയാണ് ഇതിന്റെ അടിവാരം. നെടുമങ്ങാട്ടുനിന്ന് 17 കിമീ സഞ്ചരിച്ചുവേണം മലയടിവാരത്തെത്താൻ. അവിടെ നിന്ന് ഒന്നര മണിക്കൂർ സാവധാനമുള്ള മലകയറ്റമുണ്ട്. നടന്നും കുന്നുകയറിയും ഇടയ്ക്ക് ഇരുന്നു വിശ്രമിച്ചും പാറയുടെ നെറുകയിലെത്താം. ശാന്തമായി കാറ്റുകൊണ്ടിരുന്ന് കാഴ്ചകളാസ്വദിക്കാവുന്ന ഇടമാണിത്.
ഇതിനോടു ചേർന്നു തന്നെ ആദിവാസി വിഭാഗത്തിന്റെ ഒരു ക്ഷേത്രവുമുണ്ട്.
മലയിറങ്ങി പോകുമ്പോൾ ഇനിയും കുറച്ചുകൂടി എന്നു മനസ്സു പറയും. അപ്പോൾ വണ്ടി നേരേ പൂവാറിലേക്കു വിട്ടോളൂ. കായലും കടലും നദിയും സംഗമിക്കുന്ന ദ്വീപുപോലുള്ള ഈ സ്ഥലം കാഴ്ചയിലും ത്രില്ലിലും മാലിദ്വീപിനോടു കിടപിടിക്കും. പണ്ടുകാലത്തു ചന്ദനം, ആനക്കൊമ്പ് തുടങ്ങിയവയുടെ വൻവ്യാപാര കേന്ദ്രമായിരുന്നു ഈ തീരം. സോളമൻ രാജാവിന്റെ ചരക്കുകപ്പലുകൾ അടുത്തിരുന്ന ഓഫീർ തുറമുഖം പൂവാറാണെന്നും ചരിത്രകാരന്മാർ പറയുന്നു. നഗരത്തിലെ തിരക്കിൽ നിന്നകന്ന്, ഒരു ദിനം ശാന്തമായി ചെലവഴിക്കാൻ മോഹിച്ചെത്തുന്നവരെ ഇവിടുത്തെ സ്വർണ മണൽത്തരികൾ നിരാശരാക്കില്ല. ഫ്ലോട്ടിങ് റിസോർട്ടുകളും ബാക്ക്‌വാട്ടർ പാക്കേജുകളുമൊക്കെയുണ്ട് ഇവിടെ. ഒപ്പം മീനിന്റെ രുചിവൈവിധ്യവും.
പൊന്നിൽകുളിച്ചു പൊൻകുന്ന്
സൂര്യോദയമാണു സാറേ, ഇവിടുത്തെ മെയി ൻ. ഉദിച്ചുയരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ പതിക്കുമ്പോൾ ഓരോ പുൽനാമ്പും സ്വർണകിരീടമണിയും.
പൊന്നിൽ കുളിച്ചു നിൽക്കുന്ന ഈ മലനിരകളെ പൊ ൻകുന്ന് എന്നു വിളിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. മെല്ലെ വീശുന്ന കാറ്റിന്റെ തണുപ്പിലലിഞ്ഞ് ആ ഉദയക്കാഴ്ച ആസ്വദിക്കാൻ കോഴിക്കോടിന്റെ മീശപ്പുലിമല എന്നു പേരുകേട്ട പൊൻകുന്നിലേക്കു പോകാം.
കോഴിക്കോട് ടൗണിൽ നിന്നു 22 കിലോമീറ്റർ ദൂരമുണ്ട് പൊൻകുന്ന് മലയിലേക്ക്. ബാലുശ്ശേരി റൂട്ടിൽ കാക്കൂർ, സംസ്കൃതം കോളജ് റോഡിലൂടെ വന്നാൽ ഇവിടെയെത്താം. സമുദ്രനിരപ്പിൽ നിന്നു 1500 അടി ഉയരത്തിലാണു പൂക്കുന്ന് എന്നുകൂടി അറിയപ്പെടുന്ന പൊൻകുന്ന്.
മരങ്ങൾ തിങ്ങിനിറഞ്ഞ ഈ കുന്നിൻ ചെരിവുകളിൽ ധാരാളം ഔഷധ സസ്യങ്ങളുണ്ട്. സ്വാഭാവിക ഗുഹകളും ചെങ്കൽപ്പാറകളുമൊക്കെ മൃഗങ്ങൾക്കും പക്ഷികൾക്കും ആവാസമൊരുക്കുന്നു. ചിത്രശലഭങ്ങളും ധാരാളമുണ്ട്. കേരളത്തിൽ ഏറ്റവുമധികം പക്ഷിയിനങ്ങളെ കാണുന്ന സ്ഥലങ്ങളിലൊന്നാണ് ഇവിടം. കാക്കൂർ, നന്മണ്ട, തലക്കളത്തൂർ പഞ്ചായത്തുകളിലായി ഏക്കറുകളോളം പടർന്നുകിടക്കുന്ന ഈ കുന്ന് നീരുറവകളാലും സമ്പന്നമാണ്.
ചെങ്കുത്തായ മലയുടെ മുകളിൽ നിന്നാൽ അറബിക്കടലിന്റെ നീലിമയും പശ്ചിമഘട്ട മലനിരകളുടെ ഹരിതവർണവും ഒന്നിച്ചാസ്വദിക്കാം. കോഴിക്കോടു ജില്ലയുടെ ഭൂരിഭാഗവും ഇവിടെ നിന്നാൽ കാണാം. കുന്നിറങ്ങിക്കഴിഞ്ഞാ ൽ വണ്ടി വിടേണ്ടത് അരിപ്പാറ വെള്ളച്ചാട്ടത്തിലേക്കാണ്. തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയിൽ വഴിയിൽ 15 കിമീ ദൂരമുണ്ട് ഇവിടേക്കെത്താൻ. മൊയ്തീന്റെ സ്വന്തം കാഞ്ചനമാലയുടെ ഇരുവഴിഞ്ഞിപ്പുഴയുടെ ഒരു കൈവഴിയാണിത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസലിന്റെ മേൽനോട്ടത്തിൽ ഇൻഫർമേഷൻ സെന്ററും ഗാർഡുകളുടെ സേവനവുമൊക്കെ ഇവിടെയുണ്ട്.
കക്കയം ഡാമിന്റെ ഭാഗമായ ഉരക്കുഴി വെള്ളച്ചാട്ടവും സ ഞ്ചാരികളുടെ പറുദീസയാണ്. മരക്കൂട്ടങ്ങളും വേരുപടർപ്പും കടന്നുവേണം വെള്ളച്ചാട്ടത്തിനരികിലെത്താൻ. മറ്റു വെള്ളച്ചാട്ടങ്ങൾ താഴെ നിന്നു മുകളിലേക്കു നോക്കി കാണുമ്പോൾ ഈ വെള്ളച്ചാട്ടം മുകളിൽ നിന്നു താഴേക്കാണ് നോക്കിക്കാണേണ്ടത്.
താഴേക്കു പതിക്കുന്ന വെള്ളം പാറകൾക്കിടയിലേക്കു മറയുന്ന കാഴ്ചയാണിവിടെ ഉള്ളത്. കക്കയം ഡാം റിസർവോയറിൽ ബോട്ടുയാത്രയ്ക്കും സൗകര്യമുണ്ട്.
അസ്തമയഭംഗിക്കു കാക്കത്തുരുത്ത്
ഭൂമിയിലെ ഏറ്റവും മനോഹരമായ അസ്തമയകാഴ്ച ഈ തുരുത്തിലാണെന്നു പറഞ്ഞതു നാഷനൽ ജ്യോഗ്രഫിക് ചാനലാണ്. നമ്മുടെ സ്വന്തം ആലപ്പുഴയിലെ കാക്കത്തുരുത്താണ് അസ്തമിക്കാത്ത പെരുമയുടെ കാഴ്ചയൊരുക്കുന്നത്. നീണ്ടുപരന്ന വേമ്പനാട്ടു കായലാണു ചുറ്റും. അതിനു നടുവിൽ അതിമനോഹരമായ പച്ചത്തുരുത്ത്. വെള്ളത്താൽ ചുറ്റപ്പെട്ട അഴകിന്റെ കുഞ്ഞുദ്വീപാണ് കാക്കത്തുരുത്ത്.
അസ്തമയത്തിന്റെ ചുവപ്പുനിറത്തിനു മോടി കൂട്ടുന്ന ദൃശ്യങ്ങൾ പലതുണ്ടിവിടെ. ചെറുവള്ളങ്ങളിൽ വീടുകളിലേക്കു തുഴഞ്ഞു പോകുന്നവർ, ചീനവലകളിൽ മീൻപിടുത്തക്കാർ തെളിച്ചു വയ്ക്കുന്ന വിളക്കുകൈത്തിരി. ഇവയെല്ലാം ചേർത്ത അതിശയമാണ് ഇവിടുത്തെ ഓരോ അസ്തമയവും എന്നാണ് നാഷനൽ ജ്യോഗ്രഫിക് കാക്കത്തുരുത്തിലെ സായാഹ്നത്തെ വിശേഷിപ്പിച്ചത്.
ആലപ്പുഴയുടെ വടക്കേ അറ്റത്തുള്ള എഴുപുന്ന പഞ്ചായത്തിലാണു കാക്കത്തുരുത്ത്. മൂന്നു കിലോമീറ്റർ നീളവും ഒന്നര കിലോമീറ്റർ വീതിയും മാത്രമാണ് തുരുത്തിന്റെ ആകെ വിസ്തീർണം. വലിയ റോഡുകളോ വാഹനപ്പെരുപ്പമോ ഇല്ല. മൺപാതകളിൽ സൈക്കിളാണു താരം. കണ്ടൽകാടുകളും ചതുപ്പുനിലങ്ങളും തെങ്ങിൻതോപ്പു കളും തൊങ്ങൽ ചാർത്തുന്ന തുരുത്തിലെത്തിയാൽ കായലിന്റെ സൗന്ദര്യം ആവോളം നുകരാം.
മദ്യപാനം ആരോഗ്യത്തിനു ഹാനികരമെന്ന മുന്നറിയിപ്പോടെ പറയട്ടെ. ഇവിടത്തെ മധുരക്കള്ളിന് ആരാധകരേറെയാണ്. തുരുത്തിലെ തെങ്ങിൽ നിന്നു ചെത്തിയിറക്കുന്ന നാടൻ കള്ളിനു കൂട്ടായി അപ്പവും പുട്ടും കരിമീനും ഞണ്ടും ചെമ്മീനും കോഴിയും താറാവും പോർക്കുമെല്ലാം വരിവരിയായി നിൽക്കും. തുരുത്തിന്റെ പേരു കാക്കയുടെ ക്രെഡിറ്റിലാണെങ്കിലും ഇവിടെ പെരുമ നിറയ്ക്കുന്ന മറ്റു പക്ഷികളുമുണ്ട്. നിരവധി അപൂർവ പക്ഷികളുടെ സങ്കേതം കൂടിയായ കാക്കത്തുരുത്ത് പക്ഷിനിരീക്ഷകരുടെ ഇഷ്ട ഇടം കൂടിയാണ്.
വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് : കേരള ടൂറിസം വകുപ്പ്