ADVERTISEMENT

അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സിനിമ–ജീവിതാനുഭവങ്ങളെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് പത്രപ്രവർത്തകനും എഴുത്തുകാരനുമായ വിനു ഏബ്രഹാം തയാറാക്കിയ ‘ശ്രീനിവാസൻ ഒരു പുസ്തകം’. ഇപ്പോഴിതാ, ശ്രീനിവാസന്റെ വിയോഗദിനത്തിൽ ഈ പുസ്തകം തയാറാക്കിയതുമായി ബന്ധപ്പെട്ടുള്ള തന്റെ ഓർമകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് വിനു ഏബ്രഹാം.

‘പ്രിയപ്പെട്ട കൂട്ടുകാരെ, പണ്ട് വടക്കുനോക്കി യന്ത്രം സിനിമ വന്നപ്പോൾ ശ്രീനിവാസൻ തന്നെ എഴുതിയ ആ പരസ്യവാചകം, ലോക സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമായി തളത്തിൽ ദിനേശന്റെ കഥ അവതരിപ്പിക്കുന്നു, കടമെടുത്ത് പറഞ്ഞാൽ ലോകത്ത് ആദ്യമായി ശ്രീനിവാസനെക്കുറിച്ച് വന്ന പുസ്തകം ആയിരുന്നു ശ്രീനിവാസൻ ഒരു പുസ്തകം.

ADVERTISEMENT

ശ്രീനിവാസൻ എന്ന മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഒരു ജീനിയസിന്റെ ജീവിതവും എഴുത്തും കലയും അഭിനയവും എല്ലാം വിവിധ വീക്ഷണകോണുകളിൽ പലർ എഴുതി, ഞാൻ എഡിറ്റ് ചെയ്ത്, നൗഷാദ് സാരഥിയായ ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ച കൃതി. ഈ പുസ്തകത്തിൽ ശ്രീനിവാസൻ നടത്തുന്ന ആത്മഭാഷണത്തിലാണ്

ഇങ്ങനെ ഒരു പുസ്തകം ഉണ്ടെന്ന് മുന്നേ അറിഞ്ഞിരുന്നെങ്കിൽ തന്റെ ജീവിതം കുറേക്കൂടി സംഭവബഹുലം ആക്കാമായിരുന്നു എന്ന ആ ഗംഭീര പ്രസ്താവം കടന്നു വരുന്നത്. മദിരാശിയിലെ ഒരു ഹോട്ടൽ മുറിയിലിരുന്ന് ശ്രീനിയേട്ടന്റെ വാക്കുകൾ കേട്ടെഴുതുന്ന പ്രദീപ്‌ പനങ്ങാടും ഞാനും അത് കേട്ട് ചിരിച്ച് മറിഞ്ഞത് ഇപ്പോഴും ഓർമ്മയിൽ.

ADVERTISEMENT

തമ്പി ആന്റെണി നിർമ്മിച്ച് എന്റെ രചനയിൽ ആർ ശരത്ത് സംവിധാനം ചെയ്ത പറുദീസ സിനിമയിൽ, ആദ്യം ഒരു പുരോഹിതനും പിന്നെ ബിഷപ്പും ആകുന്ന മുഖ്യ കഥാപാത്രത്തെ ശ്രീനിയേട്ടന് വേണ്ടി സൃഷ്ടിക്കാൻ കഴിഞ്ഞത് മറ്റൊരു പുളകം കൊള്ളിക്കുന്ന ഓർമ്മ. അദ്ദേഹത്തിന്റെ അഭിനയ പർവ്വത്തിലെ തികച്ചും വേറിട്ട ഒരു കഥാപാത്രം..ഇങ്ങനെ നിരവധി മധുര അനുഭവങ്ങൾ നിറഞ്ഞ ശ്രീനിവാസൻ എന്ന മഹാ പ്രതിഭയുമായും പച്ച മനുഷ്യനുമായും ഉള്ള ബന്ധം എന്റെ ജീവിതത്തിലെ വലിയ സുകൃതമായി ഹൃദയത്തിൽ സൂക്ഷിക്കുന്നു..എത്ര ഓർത്താലും പറഞ്ഞാലും തിളക്കം വാർന്നു പോകാത്ത ഓർമ്മകൾ...’.– വിനു സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

The Legacy of Sreenivasan: A Tribute:

Sreenivasan oru pusthakam is a book that chronicles the life and cinematic experiences of the late actor, screenwriter, and director Sreenivasan. Vinu Abraham shares his memories of creating the book on the anniversary of Sreenivasan's passing, highlighting their close relationship and Sreenivasan's impact on Malayalam cinema.

ADVERTISEMENT
ADVERTISEMENT