‘പിന്നെ എന്തുണ്ടായി എന്നു ചോദിക്കുന്ന ഒരു കുഞ്ഞിന്റെ ആകാംക്ഷയാവാം സുരേന്ദ്രനെ ഈ കഥാടനത്തിലേക്കു നയിച്ചത്’: റഫീക്ക് അഹമ്മദ് എഴുതുന്നു Exploring 'Paravakal Nakshathrangal': P. Surendran's Buddhist Tales
Mail This Article
മലയാളത്തിലെ പ്രിയങ്കരനായ എഴുത്തുകാരൻ പി. സുരേന്ദ്രന്റെ കൊച്ചു കഥകളാണ് ‘പറവകൾ നക്ഷത്രങ്ങൾ’ എന്ന സമാഹാരത്തിലുള്ളത്. ഈ പുസ്തകത്തിന് ‘ബുദ്ധമഴത്തുള്ളികള്‍’ എന്ന പേരിൽ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് എഴുതിയ അവതാരിക വായിക്കാം –
ബുദ്ധന്‍ ജനിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മരിച്ചിട്ടുമില്ല. അതുകൊണ്ട്, ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നുവോ, മഹാബലി ശരിക്കും ഉണ്ടായിരുന്നുവോ തുടങ്ങിയ യുക്തിവാദ പര്യവേക്ഷണങ്ങള്‍ ബുദ്ധന്റെ കാര്യത്തില്‍ പരിഹാസ്യമാവും. എന്നാല്‍ കോസലരാജാവായ ശുദ്ധോദനന്റെയും മായാദേവിയുടെയും പുത്രനായി ലുംബിനിയില്‍ ജനിച്ച സിദ്ധാര്‍ഥ ഗൗതമന്‍ എന്ന ഒരാള്‍ ഉണ്ടായിരുന്നതായി ചരിത്രം സാക്ഷ്യംപറയുന്നുണ്ട്. അയാളെ നമ്മള്‍ ബുദ്ധന്‍ എന്നു വിളിക്കുന്നു. അയാള്‍ ഒരിക്കലും ദൈവമോ പ്രവാചകനോ, ചുരുങ്ങിയപക്ഷം ആള്‍ദൈവമോ ഗുരുവോ ആയി വേഷം കെട്ടിയിട്ടില്ല. മഹാപരിനിര്‍വാണത്തിന്റെ സമയത്ത് അയാള്‍ തന്റെ ഏറ്റവുമടുത്ത സഹചാരിയായ ആനന്ദനോട് പറഞ്ഞത്, നീ തന്നെ നിന്റെ വഴിയും വിളക്കുമാകുന്നു എന്നത്രെ. അതുകൊണ്ട് ബുദ്ധന്‍ എന്നോ മുതല്‍ ചിന്തകരെയും കവികളെയും എഴുത്തുകാരെയും പ്രലോഭിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തുപോരുന്നു. പി. സുരേന്ദ്രന്‍ എന്ന മലയാളത്തിലെ പ്രിയങ്കരനായ എഴുത്തുകാരന്റെ സര്‍ഗാത്മകതയ്ക്കകത്ത് ബഡവാഗ്നിയായെരിയുന്നത് ബൗദ്ധമായ ഈയൊരുള്‍ക്കാഴ്ചയാണ്. സുരേന്ദ്രന്റെ രാഷ്ട്രീയവും ലോകവീക്ഷണവും പ്രപഞ്ചദര്‍ശനവുമെല്ലാം ഈ ബുദ്ധപൂര്‍ണിമയിലേക്കുള്ള എത്തിച്ചേരലായി സൂക്ഷ്മവായനയില്‍ കാണാനാവും.
ബുദ്ധത്വം എന്നത് ഏകവചനത്തില്‍ നിര്‍വചിക്കാവുന്ന ഒന്നല്ല. ബോധിവൃക്ഷം പോലെ ചക്രവാളം നിറയെ തഴച്ചുപടരുന്ന ഒരു ജൈവികതയാണത്. ഈ നൂറ്റാണ്ടിലും ബുദ്ധദര്‍ശനങ്ങള്‍ അപ്രായോഗികമോ കാല്‍പ്പനികമോ ആയി തോന്നുന്നത് ബുദ്ധന്റെ കുഴപ്പമല്ല. എന്തെന്നാല്‍ അത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനുപോലും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരു പുരാതനനവീനതയാകുന്നു. ഹിംസാത്മകതയുടെ ഏറ്റവും പൈശാചികരൂപമായ ആണവായുധപരീക്ഷണത്തിന് ‘ബുദ്ധന്റെ ചിരി’ എന്നു പേരിട്ട ഒരു സംസ്‌കൃതിയുടെ ഭാഗമാണ് നമ്മള്‍ ഇന്ത്യക്കാര്‍ എന്ന് ഓര്‍ക്കാം, അഭിമാനിക്കാം. ഇതില്‍ക്കൂടുതലായി ഒരു മഹാവതാരത്തെ ആദരിക്കാന്‍ മറ്റൊരു ജന്മനാടിനും കഴിഞ്ഞിട്ടുണ്ടാവുകയില്ലല്ലോ. ബുദ്ധനും ബുദ്ധത്വവും നിര്‍വചനങ്ങളിലൊതുക്കുവാനാവില്ല എന്നു പറഞ്ഞു. സൗകര്യത്തിനുവേണ്ടി ബുദ്ധമതം, ബോധോദയം തുടങ്ങിയ സംജ്ഞകള്‍ നമുക്ക് ഉപയോഗിക്കാം. എന്നാല്‍ യഥാര്‍ഥത്തില്‍ അതൊരു അനിർവചനീയതയാണ്. പരമശാന്തിയില്‍ അയവെട്ടിക്കിടക്കുന്ന പശുവിന്റെ കണ്ണുകളില്‍ ബുദ്ധനുണ്ട്. അവധൂതനിലും സൂഫിയിലും സെന്‍ഗുരുവിലും ഉണ്ട്. ചായക്കടയിലോ ക്ഷുരകപ്പുരയിലോ വെച്ച് നമ്മെ ഞെട്ടിക്കുന്ന ഒരു ഉള്‍ക്കാഴ്ച നാട്ടുമൊഴിയില്‍ പറഞ്ഞ് ജീവിതത്തിന്റെ ഭീകരമായ പ്രാരാബ്ധങ്ങളിലേക്ക് തുഴയെറിഞ്ഞുപോകുന്ന ഒരു അതിസാധാരണക്കാരനിലും അതുണ്ട്. ഈ നിമിഷത്തില്‍ ജീവിക്കുക എന്നതില്‍ ഉണ്ട്. സമകാലീനതയുടെ ചതിക്കുഴികള്‍ക്കു പുറത്തു സഞ്ചരിക്കുക എന്നതിലും ഉണ്ട്. വ്യര്‍ഥമായ ഏതോ മോക്ഷത്തിനായി ക്ലേശിക്കുന്ന ധ്യാനിയില്‍ അതുണ്ടാവണമെന്നില്ല, തൊഴിലാളിയില്‍ അതുണ്ടാവാം. ഒരു മരച്ചുവട്ടില്‍ ഭക്ഷണവും ജലപാനവുമില്ലാതെ ധ്യാനിച്ചു ധ്യാനിച്ച് ക്ലേശിച്ചു കിട്ടുന്നതു മാത്രമല്ല ബോധോദയം. അത് ഒരാള്‍ തന്റെ നിസ്സാരതയും സാരവും ഒരുമിച്ച് തിരിച്ചറിയുന്ന ഒരപൂര്‍വനിമിഷമാണ്. അനന്തവും അപ്രമേയവുമായ പ്രകൃതി തന്നെയാണ് താനും എന്ന തിരിച്ചറിവു നല്‍കുന്ന അത്യന്തം വിമോചകമായ ഒരു ആനന്ദമാണ്. ബുദ്ധത്വത്തിലേക്ക് എളുപ്പവഴികളില്ല. സഹജവാസനകളിലൂടെ അവിടെ ചെന്നുചേരാനായി എന്നു വരാം. അല്ലെങ്കില്‍ ധ്യാനവും മനനവും അന്വേഷണവുമാണ് വഴി. കരുണ ഉള്ളില്‍ നിറയണം. സ്‌നേഹം നഖശിഖാന്തം പടരണം.
സുരേന്ദ്രന്റെ കഥാസാഹിത്യം മലയാളിക്ക് പരിചിതമാണ്. ആധുനികത മലയാളത്തെ ഒരട്ടിമറിയിലൂടെ നവീകരിക്കുകയും ഭാവുകത്വത്തെ മാറ്റിപ്പണിയുകയുമൊക്കെ ചെയ്ത ഒരു കാല ഘട്ടത്തിനൊടുവില്‍ കൃത്രിമത്വവും സബോധമായ ദുര്‍ഗ്രഹ വല്‍ക്കരണവും സമൂഹനിരപേക്ഷതയും കൂടിക്കൂടി സാഹിത്യവായന ചില പ്രിവിലജ്ഡ് ഗ്രൂപ്പുകളിലേക്കു മാത്രമൊതുങ്ങാന്‍ തുടങ്ങിയിരുന്ന സന്ദര്‍ഭത്തിലാണ് ഉറൂബും എംടിയും അക്കിത്ത വുമുള്‍പ്പെടെയുള്ള മൗലികപ്രതിഭകളുടെ കളരിയില്‍ നിന്ന് സുരേന്ദ്രന്‍ എന്ന എഴുത്തുകാരന്‍ വരുന്നത്. സുരേന്ദ്രനും അദ്ദേഹത്തിന്റെ തലമുറയിലെ ചെറുപ്പക്കാരും ചേര്‍ന്ന് മലയാളിയെ വീണ്ടും വായനയുടെ മലയാളപ്പശിമയുള്ള നെടുവരമ്പുകളിലേക്ക് തിരിച്ചുകയറ്റി. ഈ പുസ്തകത്തിലുള്ളത് കൊച്ചു കൊച്ചു കഥകളാണ്. അധികവും ബുദ്ധകഥകളുമായി ബന്ധപ്പെട്ടവ. എന്നാല്‍ അത്തരം കഥകളുടെ കേവലമായ ആവര്‍ത്തനങ്ങളല്ല. കഥ നിന്നിടത്തുനിന്ന് സുരേന്ദ്രന്റെ ഭാവന പിന്നെയും സഞ്ചരിക്കുന്നു. പിന്നെ എന്തുണ്ടായി എന്നു ചോദിക്കുന്ന ഒരു കുഞ്ഞിന്റെ ആകാംക്ഷയാവാം സുരേന്ദ്രനെ ഈ കഥാടനത്തിലേക്കു നയിച്ചത്. അതേറെ നന്നായി എന്ന് ഈ സമ്പുടത്തിലെ ഓരോ കഥയും പറയും. ബോധിവൃക്ഷം പോലെ കഥകള്‍ ശാഖോപശാഖകളായി പടരുകയാണ്. കവിതയായി എഴുതിയിരുന്നെങ്കില്‍ എന്നു കൊതിപ്പിക്കുന്നു ‘ബോധിയിലേക്കുള്ള യാത്രകള്‍’ എന്ന കഥ. അന്നപാനീയങ്ങളുപേക്ഷിച്ച് കഠിനതപസ്സിന്റെ ആഴങ്ങളിലേക്കു മുങ്ങിമരണത്തോളമെത്തിയ ഗൗതമനെ പാല്‍ക്കഞ്ഞിയൂട്ടി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഒരു സുജാതയുണ്ട് ബുദ്ധചരിതത്തില്‍. ആ സുജാതയെ നാം പിന്നീടെവിടെയും കാണുന്നില്ല. മഹാപരിനിര്‍വാണത്തിന്റെ വേളയില്‍ ബുദ്ധന്‍ അവസാനമായി ഉച്ചരിച്ച വാക്കുകളിൽ സുജാത എന്ന പേരുമുണ്ടായിരുന്നു എന്നാണ് കഥാകാരന്‍ പറയുന്നത്. അത് സത്യമോ കഥയോ ഭാവനയോ എന്തായിരുന്നാലും അഗാധമായ മനുഷ്യസ്പര്‍ശമുള്ള ഒന്നാകുന്നു. ‘ആജീവകന്റെ വഴി’യും ‘വിഷാദബുദ്ധനു’മെല്ലാം ഇങ്ങനെയുള്ള ബോധ-അഥവാ ബോധിപ്പടര്‍പ്പുകളാണ്. കണ്ടതില്‍ നിന്ന് കാണേണ്ടതിലേക്കുള്ള സൂക്ഷ്മസഞ്ചാരങ്ങള്‍. കുറഞ്ഞവാക്കുകളില്‍ ആറ്റിക്കുറുക്കി എഴുതിയിട്ടുള്ള ഈ കഥകള്‍ക്ക് ദീര്‍ഘമായ ഒരു മുഖവുര അനുചിതമാണ്. കഥകളിലേക്കു സാദരം ക്ഷണിക്കുന്നു. അടഞ്ഞുപോയ ധ്യാനസിരകളെ അവ പുനരുജ്ജീവിപ്പിച്ചേക്കാം. സ്വയം തെളിയേണ്ട ഹൃദയവിളക്കിലേക്ക് ഒരിത്തിരി എണ്ണ പകര്‍ന്നേക്കാം. വായിച്ചാലും. നന്ദി.